എന്റെ പുസ്തകത്തെ തൊട്ടു ഞാൻ:
അതൊതുങ്ങിയതായിരുന്നു,
കനത്തതായിരുന്നു,
ഒരു വെൺയാനം പോലെ
കമാനരൂപമായിരുന്നു,
പുതുപനിനീർപ്പൂ പോലെ
പാതിവിടർന്നതായിരുന്നു,
എന്റെ കണ്ണുകൾക്കതൊരു
മില്ലായിരുന്നു,
ഓരോ താളിൽ നിന്നും
വിരിഞ്ഞുപൊന്തി
അപ്പത്തിന്റെ പൂവുകൾ;
എന്റെ രശ്മികൾ കൊണ്ടുതന്നെ
എന്റെ കണ്ണു മഞ്ഞളിച്ചു,
എന്നെക്കൊണ്ടാകെ-
തൃപ്തനായിരുന്നു ഞാൻ,
എന്റെ കാലുകൾ നിലം വിട്ടുപൊന്തി,
മേഘങ്ങൾക്കിടയിൽ യാത്രപോയി ഞാൻ,
ഈ നേരത്തത്രേ
സഖാവു വിമർശനമേ,
നിങ്ങളെന്നെ മണ്ണിലേക്കെത്തിച്ചു,
ഒരു വാക്കെന്നെ പഠിപ്പിച്ചു
എത്ര ഞാൻ ബാക്കി വച്ചുവെന്ന്,
എന്റെയൂറ്റവും എന്റെയാർദ്രതയും വച്ച്
എത്ര ദൂരം പോകാമെനിക്കെന്ന്,
എന്റെ ഗീതത്തിന്റെ യാനത്തിൽ
എത്ര തുഴഞ്ഞുപോകാമെന്ന്.
മടങ്ങിവന്നു ഞാൻ
അൽപ്പംകൂടസലുള്ളൊരാളായി,
അറിവുള്ളവനായി,
എന്റെ കൈയിലുള്ളതെടുത്തു ഞാൻ,
നിങ്ങൾക്കുള്ളതുമെടുത്തു ഞാൻ,
നിങ്ങളുടെ ലോകസഞ്ചാരങ്ങൾ,
നിങ്ങൾ കണ്ട കാഴ്ചകൾ,
നിങ്ങളുടെ ദൈനന്ദിനയുദ്ധങ്ങൾ
എന്റെ പക്ഷം ചേർന്നു,
എന്റെ പാട്ടിന്റെ പൊടി ഞാനുയർത്തുമ്പോൾ
അപ്പത്തിന്റെ പൂക്കൾക്കു മണമേറുന്നു.
നന്ദി പറയട്ടെ,
നിങ്ങൾക്കു ഞാൻ, വിമർശനമേ,
ലോകത്തിന്റെ ദീപ്തചാലകമേ,
ശുദ്ധശാസ്ത്രമേ,
വേഗത്തിന്റെ ചിഹ്നമേ,
നിലയ്ക്കാത്ത മനുഷ്യചക്രത്തിനെണ്ണ നീ,
സുവർണ്ണഖഡ്ഗം നീ,
എടുപ്പിന്റെ മൂലക്കല്ലു നീ.
വിമർശനമേ,
അസൂയയുടെ
കൊഴുത്ത,കെട്ട തുള്ളിയുടെ
വാഹകനല്ല നീ,
നിന്റെ കൈയിലില്ല
തനിക്കായൊരു കൊയ്ത്തുവാൾ,
കയ്ക്കുന്ന കാപ്പിക്കുരുവിൽ
കണ്ണിൽപ്പെടാതെ,ചുരുണ്ടുകൂടിയ
പുഴുവുമില്ല നിന്റെ കൈയിൽ;
പണ്ടുകാലത്തുണ്ടായിരുന്നു
വാൾ വിഴുങ്ങുന്ന ഇന്ദ്രജാലക്കാർ,
അവരിൽപ്പെട്ടവനല്ല നീ,
സുന്ദരമായ ശിരസ്സിൽ പിണഞ്ഞുകിടക്കുന്ന
മാടമ്പിസർപ്പത്തിന്റെ
കുടിലമായ വാലുമല്ല നീ.
വിമർശനമേ,
തുണയ്ക്കുന്ന കൈ നീ,
തുലാസ്സിന്റെ സൂചി നീ,
അളവുകോലിലെ പുള്ളി നീ,
കണ്ണിൽപ്പെടുന്ന സ്പന്ദനം.
ഒറ്റജീവിതത്താൽ
എല്ലാം പഠിക്കുകയില്ല ഞാൻ.
അന്യജീവിതങ്ങളുടെ വെട്ടത്തിൽ
എന്റെ ഗീതത്തിൽ ജീവിക്കും
പലജീവിതങ്ങൾ.
No comments:
Post a Comment