Wednesday, March 31, 2010

കാഫ്ക-കത്തെഴുത്തിനെക്കുറിച്ച്‌

 

ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട്‌ ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഒരു സംഭവം നടന്നതിന്റെ പേരിലല്ലായിരുന്നുവെങ്കിൽ ഇന്ന് ഈ കത്തുപോലും ഞാനയക്കുകയും ചെയ്യുമായിരുന്നില്ല. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത്‌ എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്‌- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്‌; അതിനെക്കുറിച്ച്‌ ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത്‌ അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത്‌ പ്രേതങ്ങൾ തമ്മിലുള്ള ഒരിടപെടലത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടുമാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്‌; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്‌; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും. ഒരു കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട്‌ ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ്‌ അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്‌, അതിനെതിരെ പൊരുതുന്നുണ്ട്‌; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി,സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ്‌ കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ്‌ കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.