ഞാനാരെന്നു കണ്ടെത്തുന്നവൻ
താനാരെന്നും കണ്ടെത്തും,
എന്തിനെന്നും എവിടെയെന്നും കണ്ടെത്തും.
അനീതിയുടെ വ്യാപ്തികൾ
പണ്ടേ ഞാൻ കണ്ടറിഞ്ഞിരിക്കുന്നു.
വിശപ്പെന്നാൽ വിശപ്പെന്നു തന്നെയല്ല,
മനുഷ്യനെ അളക്കാനുള്ളൊരളവുമാണ്.
കാറ്റും തണുപ്പും അളവുകൾ തന്നെ.
അഭിമാനിയായ ഒരാൾ ഒരുനൂറു വിശപ്പുകൾ കടിച്ചമർത്തി,
പിന്നെ നിലംപറ്റി.
പെഡ്രോ മണ്ണിനടിയിലായത്
നൂറാമത്തെ മഞ്ഞുവീഴ്ചയ്ക്ക്.
ഒരു കാറ്റടിച്ചപ്പോഴേ പാവം കുടിൽ തറപറ്റി.
പിന്നെ ഞാൻ പഠിച്ചു,
ഗ്രാമും സെന്റീമീറ്ററും നാവും കരണ്ടിയും
ആർത്തിയുടെ അളവുകളാണെന്ന്;
ക്ലേശങ്ങൾ സഹിച്ച ഒരു മനുഷ്യൻ
വൈകാതെയൊരു കുഴിയിലേക്കു വീഴുന്നു,
സർവ്വതും മറക്കുകയും ചെയ്യുന്നു.
അത്രേയുള്ളു.
അതാണത്രേ അരങ്ങ്,
വരം,വെളിച്ചം, ജീവിതം.
വിശപ്പും തണുപ്പും സഹിയ്ക്കുക,
ചെരുപ്പില്ലാതെ നടക്കുക,
ജഡ്ജിയുടെ മുന്നിൽ, അന്യന്റെ മുന്നിൽ,
വാളോ പേനയോ കൈയിലെടുത്ത അന്യജീവിയുടെ മുന്നിൽ
പേടിച്ചുനിൽക്കുക,അതാണു സംഗതി;
കുഴിച്ചും മുറിച്ചും,
തുന്നിയും, അപ്പമുണ്ടാക്കിയും,
ഗോതമ്പു വിതയ്ച്ചും,
തടിയ്ക്കു വേണ്ടത്ര ആണികൾ അടിച്ചുകയറ്റിയും,
ഭൂമിയുടെ കുടലുകളിൽ തുരന്നുകേറി
വെടിയ്ക്കുന്ന കൽക്കരിയെ കണ്ണു കാണാതെ
വലിച്ചു പുറത്തിട്ടും,
പുഴകളും മലകളും കയറിയും,
കുതിരകളെ ഓടിച്ചും, കപ്പലോട്ടിയും,
ഓടു ചുട്ടും, ഗ്ലാസ്സൂതിയും,
പുതിയൊരു രാഷ്ട്രം സ്ഥാപിക്കും പോലെ,
കുല കുത്തിയ മുന്തിരിപ്പഴങ്ങൾ പോലെ,
തുണികൾ അലക്കിവിരിച്ചും
തൃപ്തിയടയാൻ മനുഷ്യൻ മനസ്സു വയ്ക്കുമ്പോൾ
അങ്ങനെ വരുന്നില്ല കാര്യങ്ങൾ.
കണ്ടെത്തുകയായിരുന്നു ഞാൻ
ദുരിതത്തിന്റെ നിയമങ്ങൾ,
ചോരക്കറ പറ്റിയ സ്വർണ്ണസിംഹാസനം,
സ്വാതന്ത്ര്യമെന്ന വ്യഭിചാരം,
മേലുടുപ്പില്ലാത്തൊരു ദേശം,
മുറിപ്പെട്ട, തളർന്ന ഹൃദയം,
പിന്നെ,ചരൽക്കല്ലുകൾ പോലെ വീഴുന്ന
മരിച്ചവരുടെ ശബ്ദങ്ങളും,
വരണ്ടും, കണ്ണീരില്ലാതെയും.
എന്റെ ജനതയ്ക്കു പറഞ്ഞിട്ടുള്ളതല്ല
ജീവിതമെന്നു ഞാൻ പഠിച്ചു,
അവർക്കു വിലക്കിയിരിക്കുന്നു ശവക്കുഴിയെന്നും:
എന്റെ ബാല്യം തീർന്നതങ്ങനെ.
image-http://commons.wikimedia.org/wiki/File:NO_SUCH_LUCK1870Punch.jpg
1 comment:
എന്റെ ജനതയ്ക്കു പറഞ്ഞിട്ടുള്ളതല്ല
ജീവിതമെന്നു ഞാൻ പഠിച്ചു,
അവർക്കു വിലക്കിയിരിക്കുന്നു ശവക്കുഴിയെന്നും:
എന്റെ ബാല്യം തീർന്നതങ്ങനെ
Post a Comment