Tuesday, March 9, 2010

നെരൂദ-സ്തുതിഗീതം,വസ്ത്രത്തിന്‌


എന്നും കാലത്ത്‌, കുപ്പായമേ,
കസേരയിൽ എന്നെയും കാത്തു
നീ  കിടക്കുന്നു,
എന്റെ ഗർവ്വം, എന്റെ പ്രണയം,
എന്റെ മോഹം, എന്റെ ദേഹം
കൊണ്ടു നിറയാൻ.
ഉറക്കച്ചടവു മാറാതെ ഞാൻ
കുളിമുറി വിട്ടുവരുന്നു
നിന്റെ കൈകളിലേക്കു കടക്കുന്നു,
എന്റെ കാലുകൾ
നിന്റെ കാലുകളുടെ
പൊത്തുകൾ തേടുന്നു,
നിന്റെ തളരാത്ത കൂറിനാൽ
ഈവിധമാശ്ലേഷിതനായി ഞാൻ
പ്രഭാതസവാരിക്കിറങ്ങുന്നു,
കവിതയിലേക്കു കടക്കുന്നു;
എന്റെ ജനാലയിലൂടെ
ഞാൻ  കാണുന്നുണ്ട്
വസ്തുക്കൾ,
ആണുങ്ങൾ, പെണ്ണുങ്ങൾ,
സംഭവങ്ങൾ, സംഘർഷങ്ങൾ
രൂപപ്പെടുത്തുകയാണെന്നെ,
നേരിടുകയാണെന്നെ,
വേലചെയ്യിക്കുകയാണെന്റെ കൈകളെ,
തുറക്കുകയാണെന്റെ കണ്ണുകൾ,
ഉപയോഗപ്പെടുത്തുകയാണെന്റെ ചുണ്ടുകൾ,
അതേവിധം
കുപ്പായമേ,
നിന്നെ ഞാനും രൂപപ്പെടുത്തുന്നു,
നിന്റെ മുട്ടുകൾ  ഞാൻ നീർക്കുന്നു,
നിന്റെയിഴകൾ പൊട്ടിക്കുന്നു,
അങ്ങനെ
എന്റെ ഛായയിൽ വളരുന്നു
നിന്റെ ജീവിതവും.
കാറ്റൂതുമ്പോൾ
നീ പാറുന്നു, ഒച്ചപ്പെടുന്നു
നീയാണെൻ്റെ ആത്മാവെന്നപോലെ;
കഷ്ടകാലങ്ങളിൽ
എന്റെയെല്ലിൽ
ഒട്ടിപ്പിടിക്കുന്നു നീ,
രാത്രിയിൽ
ഇരുട്ടും കിനാവും
മനുഷ്യരും
തങ്ങളുടെ ഭൂതങ്ങളെക്കൊണ്ടു നിറയ്ക്കുന്നു
നിന്റെ പക്ഷങ്ങളെ,
എന്റെ പക്ഷങ്ങളെ.
ഒരുനാൾ
ശത്രുവിന്റെ
ഒരു വെടിയുണ്ട
നിന്നിൽ   
എന്റെ ചോര വീഴ്ത്തുമോ?
എങ്കിൽ
എന്നോടൊപ്പം
നീയും മരിക്കുമല്ലോ;
ഇനിയൊരുനാളഥവാ,
ഇത്രയ്ക്കു നാടകീയമാകാതെ,
എന്നോടൊപ്പം,
കുപ്പായമേ,
നീ  രോഗിയാവും,
നീ കിഴവനാവും 
എന്നോടൊപ്പം,
എന്റെ ദേഹത്തിനൊപ്പം;
ഒരുമിച്ചു നമ്മെ
കുഴിയിലേക്കു വയ്ക്കും.
അതിനാലത്രേ ഒരോ നാളും
ആദരത്തോടെ 
നിനക്കു ഞാൻ കുശലം പറയുന്നു,
നിന്നെയാശ്ലേഷിക്കുന്നു,
പിന്നെ മറക്കുന്നു;
ഒന്നാണു നമ്മൾ,
കാറ്റിനെതിരെ,
ഇരുട്ടത്ത്‌,
തെരുവിൽ,
സമരത്തിലും
ഒരേയൊരുടൽ,
ഒരുനാൾ,
ഒരുനാൾ,
ഏതോ ഒരുനാൾ
ചലനമറ്റതും.
File:Firma Pablo Neruda.svg

2 comments:

ഒറ്റവരി രാമന്‍ said...

Wow!!

സോണ ജി said...

Wonderfull Reviyetta....
ee udyamam valare upakarapradam....:)

Pinne , kazhiyumenkil English version koode kodukkamo???