Thursday, March 4, 2010

നെരൂദ-ഗീതകം,സൈക്കിളിന്‌


തിളയ്ക്കുന്ന പാതയിലൂടെ
നടന്നുപോവുകയാണു ഞാൻ:
കത്തുന്ന ചോളപ്പാടം പോലെ
സൂര്യൻ പൊന്തിനിന്നിരുന്നു,
പഴുത്ത ഭൂമി,
തലയ്ക്കു മേൽ
ഒഴിഞ്ഞ നീലവാനവുമായി
അനന്തമായൊരു വൃത്തം.

ചില സൈക്കിളുകൾ
എന്നെക്കടന്നുപോയി,
ആ വരണ്ട വേനൽനേരത്ത്
ആകെയുള്ള ചില പ്രാണികൾ,
നിശ്ശബ്ദം,
ശീഘ്രം,
അര്‍ദ്ധതാര്യം;
വായുവിനെ
ഒന്നനക്കിയതുമില്ലവ.

പണിശാലകളിലേക്കു പോവുകയാണ്‌
തൊഴിലാളികളും യുവതികളും,
അവരുടെ കണ്ണുകൾ
വേനലിലേക്കു തുറന്നത്‌,
അവരുടെ തലകൾ
മാനത്തേക്കു തുറന്നത്‌,
മൂളിക്കറങ്ങുന്ന സൈക്കിളുകളുടെ
പരുത്ത വണ്ടിൻതോടുകളിലിരുന്ന്
അവർ കടന്നുപോയി
പാലങ്ങൾ, പനിനീർപ്പൂക്കാടുകൾ,
മുൾച്ചെടികൾ, നട്ടുച്ചയും.

ഞാനപ്പോൾ സായാഹ്നത്തെക്കുറിച്ചോർത്തു:
ചെറുപ്പക്കാർ കുളി കഴിഞ്ഞ്‌
പാട്ടും തീറ്റയുമായിട്ടിരിക്കും,
പ്രണയത്തിനും ജീവിതത്തിനുമായി
അവർ വീഞ്ഞിൻ്റെ കോപ്പയുയർത്തും,
 സൈക്കിൾ വാതിൽക്കൽ കാത്തുകിടക്കും,
അനക്കമറ്റ്‌;
ഇളക്കമുള്ളപ്പോഴേ
അതിനാത്മാവുള്ളു,
വീണുപോയാൽ
വേനലിൽ മുരണ്ടുപായുന്നൊരു
പ്രാണിയല്ല അത്‌, File:Bici-paint.jpg
വെറുമൊരസ്ഥികൂടം,
അതിനു ജീവൻ തിരിച്ചുകിട്ടാൻ
അതിനാവശ്യക്കാരുണ്ടാവണം,
വെളിച്ചമുണ്ടാവണം,
എന്നതിനർത്ഥം
ഓരോ പകലും
അതു  പുനർജ്ജനിക്കണം.

No comments: