എനിക്കു പ്രായത്തിൽ വിശ്വാസമില്ല.
എല്ലാ കിഴവന്മാരും
കണ്ണുകളിൽ
കൊണ്ടുനടക്കുന്നുണ്ട്
ഒരു കുട്ടിയെ,
കുട്ടികൾ
ചിലനേരം
നമ്മെ നിരീക്ഷിക്കുന്നതോ
ജ്ഞാനവൃദ്ധന്മാരുടെ കണ്ണുകളോടെ.
ജീവിതത്തെ
നാമളക്കേണ്ടത്
മീറ്ററിലോ,കിലോമീറ്ററിലോ,
മാസങ്ങളിലോ?
നിങ്ങൾ പിറന്ന നാളെത്രയകലെ?
ഇനിയുമെത്രകാലമലയണം നിങ്ങൾ
ഭൂമിയ്ക്കു മുകളിലെ നടപ്പു നിർത്തി
അതിനടിയിൽ ചെന്നുകിടന്നൊന്നു വിശ്രമിക്കാൻ?
ഊറ്റം,നന്മ,ബലം,
രോഷം,പ്രണയം,കനിവ്
ഒക്കെയെടുത്തു പെരുമാറിയ
സ്ത്രീകൾ,പുരുഷന്മാർ,
അസലായി ജീവിച്ചു പുഷ്പിച്ചവർ,
ഇന്ദ്രിയസുഖങ്ങളിൽ കായ്ച്ചവർ,
മറ്റൊന്നായ കാലയളവു കൊ-
ണ്ടളക്കരുതവരെ നാം,
ഒരു പുഷ്പം,സൗരപ്പക്ഷി,
ലോഹച്ചിറകാണെന്നു പറഞ്ഞോളൂ
അവരുടെ ജീവിതം,
എന്നാലുമളവിൽപ്പിടിക്കരുതവരെ നാം.
കാലമേ,
മനുഷ്യജീവിതത്തിൽ നീണ്ടുകിടക്കുന്നു
കൊലുമ്പൻ ഞെട്ടിനറ്റത്തൊരു പൂവ്,
ലോഹം,പക്ഷി,
പൂക്കളും തെളിനീരും പതിഞ്ഞ വെയിലും കൊ-
ണ്ടതവനെ കുളിപ്പിക്കുന്നു.
ശവക്കോടിയല്ല,
പാതയത്രേ നീ,
വായുവിന്റെ പടി വച്ച
നിർമ്മലമായൊരു ഗോവണി,
ലോകമെങ്ങും
വസന്തങ്ങളരുമയോടെ പുതുക്കുന്ന
ഉടയാട.
ഇനി,
കാലമേ,
നിന്നെ ചുരുട്ടിയെടുക്കുന്നു ഞാൻ,
എന്റെ ചൂണ്ടപ്പെട്ടിയിൽ നിക്ഷേപിക്കുന്നു നിന്നെ,
എന്നിട്ടിറങ്ങിപ്പോകുന്നു ഞാൻ
നിന്റെ ചൂണ്ടച്ചരടു കൊണ്ട്
പ്രഭാതമത്സ്യങ്ങളെ പിടിയ്ക്കാൻ.
image-http://commons.wikimedia.org/wiki/File:Nature_Clock.gif
No comments:
Post a Comment