വാതിൽക്കലവൾ കാത്തുനിൽക്കെ
അവളെപ്പിരിഞ്ഞു പോയി ഞാൻ,
അകന്നകന്നു പോയി ഞാൻ.
മടങ്ങിവരാനല്ല ഞാനെന്ന്
അറിയുമായിരുന്നില്ലവൾക്ക്.
ഒരു നായ വന്നുപോയി,
ഒരു ഭിക്ഷുകി വന്നുപോയി,
ഒരാഴ്ച,ഒരു വർഷം വന്നുപോയി.
മഴ കഴുകിക്കളഞ്ഞു എന്റെ കാൽപ്പാടുകൾ,
തെരുവിൽ പുല്ലു വളർന്നു,
ഒന്നിനു പിമ്പൊന്നായി
കല്ലുകളെപ്പോലെ,
അവളുടെ തലയ്ക്കു മേൽ വന്നുവീണു
വർഷങ്ങൾ.
പിന്നെ വരവായി യുദ്ധം
ചോര തുപ്പുന്ന തീമല പോലെ.
കുഞ്ഞുങ്ങളും വീടുകളും ചത്തു.
അവൾ മരിച്ചില്ല.
ദേശത്താകെ തീപ്പിടിച്ചു.
സൗമ്യരായ മഞ്ഞദൈവങ്ങൾ,
ആയിരം കൊല്ലം ധ്യാനത്തിലമർന്നവർ,
തുണ്ടങ്ങളായിട്ടവർ പുറത്തേക്കു പതിച്ചു,
അവർക്കു സ്വപ്നം മുറിഞ്ഞു.
വീടുകളുടെ സുഖങ്ങൾ,
തുണിത്തൊട്ടിലിൽ ഞാൻ കിടന്നു മയങ്ങിയ വരാന്ത,
റോജാക്കാടുകൾ,
പെരുംകൈകൾ പോലത്തെ ഇലകൾ,
ചിമ്മിനികൾ, മാരിംബാകൾ,
ഒക്കെ തകർന്നുഞെരിഞ്ഞു,കത്തിത്തീർന്നു.
നഗരം നിന്നിടത്തു ബാക്കിയായത്
പിരിഞ്ഞുകോടിയ കമ്പികൾ,
മരിച്ച പ്രതിമകളുടെ വികൃതശിരസ്സുകൾ,
ചോരയുടെ കറുത്ത പാടും.
കാത്തിരിക്കുന്ന ഒരു സ്ത്രീയും.
No comments:
Post a Comment