Monday, June 30, 2014

റഫായെൽ ഗിയേൻ - ഞാൻ പറയുന്നു

b_rafael_guillen_efespfive455839-4079761.jpg_1306973099

 


പ്രണയം എന്നു ഞാൻ പറയുന്നു.
ഒരു പെൺകുട്ടി പെപ്പെർമിന്റ് കടിച്ചുപൊട്ടിച്ച്
പാതി എനിക്കു തരുന്നു.

ജീവിതം എന്നു ഞാൻ പറയുന്നു.
അതൊരു പിഴയാവരുതെന്നുറക്കെപ്പറഞ്ഞുപറഞ്ഞ്
ഒരു നൂറായിരം മനുഷ്യർക്കു തൊണ്ട കാറുന്നു.

അമ്മ എന്നു ഞാൻ പറയുന്നു.
പഴയൊരു പാട്ടെനിക്കായിപ്പാടിത്തരുന്ന ഒരു സ്ത്രീ
ഞാൻ കരയുമ്പോൾ എന്റെ മൂക്കു തുടച്ചുതരുന്നു.

എന്റെ നാടെന്നു ഞാൻ പറയുന്നു.
നീട്ടിപ്പിടിച്ച കൈക്കുമ്പിളിൽ ചോരയുമായി ഒരു ചെറുപ്പക്കാരൻ
അതു തുടങ്ങിവച്ചതു താനല്ലെന്നു പറയുന്നു.

മരണം എന്നു ഞാൻ പറയുന്നു.
പാതിരയ്ക്കാളൊഴിഞ്ഞ തെരുവുകളിലൂടെ
നോട്ടറിയെത്തേടി ഒരാളോടിപ്പോകുന്നു.

വിശ്വാസം എന്നു ഞാൻ പറയുന്നു.
ഒരു മുന്തിയ ശവഘോഷയാത്ര കടന്നുപോകുമ്പോൾ
പുരോഹിതൻ ശിരോവസ്ത്രം മാറ്റി ദൈവത്തിലേക്കു കണ്ണുയർത്തുന്നു.

ദൈവം എന്നു ഞാൻ പറയുന്നു.
സർവതും മൌനമായി എന്നെ നിരീക്ഷിക്കുന്നു.


 

 

Sunday, June 29, 2014

നിക്കോളാസ് ഗിയേൻ - ഘടികാരം


images



ചില സമയങ്ങൾ എനിക്കേറെയിഷ്ടമാണ്‌,
രണ്ടേമുക്കാൽ മണി ഉദാഹരണത്തിന്‌:
ഘടികാരത്തിന്റെ മുഖത്തന്നേരം കാണാം,
വാരിയെടുക്കാൻ വരുന്നൊരു സഹോദരന്റെ
ഊഷ്മളസൌഹൃദം.
പീഡാനുഭവത്തിലെ ക്രിസ്തുവത്രേ, കാലവും:
ഭൂതത്തിനും ഭാവിക്കുമിടയിൽ കിടന്ന്
പാർശ്വത്തിലെ മുറിവിൽ നിന്നതു ചോര വാർക്കുന്നു.

മാനുവൽ ബന്ദയ്‌ര - ഗിനിപ്പന്നി

manuel bandeira

 


ആറു വയസ്സായപ്പോൾ
എനിക്കൊരു ഗിനിപ്പന്നി സമ്മാനം കിട്ടി.
എന്തൊരു നെഞ്ചുരുക്കമാണെന്നോ
എനിക്കതു കൊണ്ടുവന്നത്-
അടുപ്പിന്മൂട്ടിലൊളിക്കണമെന്നല്ലാതെ
ആ കുഞ്ഞുജീവിക്കൊന്നും വേണ്ട!
ഞാനതിനെ സ്വീകരണമുറിയിലേക്കു കൊണ്ടുവന്നു,
വീടിന്റെ ഏറ്റവും വൃത്തിയുള്ള,
ഏറ്റവും ഭംഗിയുള്ള ഭാഗത്തു കൊണ്ടുവച്ചു,
അതിനു പക്ഷേ, അടുപ്പിന്മൂട്ടിലിരുന്നാൽ മതി.
എന്റെ ലാളനകളൊന്നും അതിലേശിയില്ല.

ആ ഗിനിപ്പന്നിയായിരുന്നു എന്റെ ആദ്യപ്രണയം.


 

When I was six years old,
they gave me a guinea pig.
What heartache it brought me –
all the little beast wanted to do was hide under the stove!
I brought it into the living room,
into the nicest, neatest parts of the house,
yet all it wanted was to hide under the stove.
It didn’t pay the slightest attention to any of my caresses.
.
That guinea pig was my first romance.

Saturday, June 28, 2014

ബോർഹസ് - കുരിശേറിയ ക്രിസ്തു

images

 


കുരിശേറിയ ക്രിസ്തു; അവന്റെ പാദം മണ്ണു തൊടുന്നില്ല.
മൂന്നു കുരിശുകൾക്കും ഒരേ ഉയരം.
അവൻ നടുവിലല്ല. അവൻ മൂന്നാമൻ മാത്രം.
കറുത്ത താടി അവന്റെ നെഞ്ചുരുമ്മുന്നു.
ചിത്രങ്ങളിൽ കണ്ടു പരിചയമായതല്ല അവന്റെ മുഖം.
നിശിതമാണത്, ജൂതന്റേതാണത്. ഞാനവനെ കാണുന്നില്ല.
ഈ മണ്ണിൽ എന്റെ കാലടി പതിയുന്ന അവസാനനാൾ വരെയും
ഞാനവനെ തേടിനടക്കും.
ആ തകർന്ന മനുഷ്യൻ വേദന തിന്നുകയാണ്‌,
അവൻ മിണ്ടുന്നില്ല.
തറച്ചിറങ്ങിയ മുൾക്കിരീടം അവനെ പീഡിപ്പിക്കുന്നു.
ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ അവനിലേക്കെത്തുന്നില്ല.
അവരവന്റെ യാതനകൾ പലവേളകളിൽ കണ്ടിരിക്കുന്നു.
അവന്റെ അല്ലെങ്കിൽ മറ്റൊരാളിന്റെ. രണ്ടും ഒന്നു തന്നെ.
കുരിശേറിയ ക്രിസ്തു. കലങ്ങിയ മനസ്സോടെ അവനോർക്കുന്നു
ഒരുപക്ഷേ തന്നെ കാത്തിരിക്കുന്ന ദൈവരാജ്യത്തെപ്പറ്റി,
തന്റേതാകാതെപോയ സ്ത്രീയെപ്പറ്റി.
അവനു കാണാൻ വിധിച്ചിട്ടുള്ളതല്ല, ദൈവശാസ്ത്രം,
പൊരുളു തിരിയാത്ത ത്രിത്വം, നോസ്റ്റിക്കുകൾ,
ഭദ്രാസനപ്പള്ളികൾ, ഒക്കാമിന്റെ ഖഡ്ഗം,
പട്ടവും തൊപ്പിയും കുർബാനമുറകളും,
വാളിന്മേൽ ഗത്രമിന്റെ മാനസാന്തരം,
മതദ്രോഹവിചാരണകൾ, രക്തസാക്ഷികളുടെ ചോര,
കിരാതമായ കുരിശുയുദ്ധങ്ങൾ, ജൊവാൻ ഒഫ് ആർക്,
സൈന്യങ്ങളെ ആശീർവദിച്ചുവിടുന്ന വത്തിക്കാൻ.
അവനറിയാം, താൻ ദേവനല്ലെന്ന്,
ആ പകലിനൊപ്പം മരിക്കുന്ന മനുഷ്യനാണെന്ന്.
രണ്ടായാലും അവനതു പ്രശ്നമല്ല.
അവന്റെ പ്രശ്നം ആ കാരിരുമ്പാണികളാണ്‌.
അവൻ റോമാക്കാരനല്ല. അവൻ ഗ്രീക്കുകാരനല്ല.
അവൻ വിതുമ്മിക്കരയുന്നു.
അവൻ നമുക്കു തന്നിട്ടു പോയത്
ഉജ്ജ്വലമായ ചില ഉപമകളും
ഭൂതകാലത്തെ റദ്ദു ചെയ്യാൻ സമർത്ഥമായ
ഒരു മാപ്പുകൊടുക്കൽ സിദ്ധാന്തവും
(ഒരു ഐറിഷുകാരൻ തന്റെ തടവറയുടെ ചുമരിൽ
കുറിച്ചിട്ടതാണ്‌ മേല്പറഞ്ഞ വാചകം.)
ആത്മാവു തിടുക്കത്തോടെ അതിന്റെ അന്ത്യം തേടുന്നു.
ഇരുട്ടു വീണുകഴിഞ്ഞു. അവൻ മരിച്ചുകഴിഞ്ഞു.
അനക്കമറ്റ ഉടലിൽ ഒരീച്ച ഇഴഞ്ഞുകേറുന്നു.
ഈ മനുഷ്യൻ യാതനപ്പെട്ടുവെങ്കിൽ
ഈ നിമിഷം യാതനപ്പെടുന്ന എനിക്കതുകൊണ്ടെന്തു ഗുണം?

(1984)



നോസ്റ്റിക്കുകൾ Gnostics)- അന്തഃപ്രജ്ഞയാണ്‌ ആത്മാവിന്റെ മോക്ഷത്തിനുള്ള വഴിയെന്നു വാദിച്ചിരുന്ന രണ്ടാം നൂറ്റാണ്ടിലെ ദാർശനികർ. ആ പ്രജ്ഞ ഭൂമിയിൽ അവതരിച്ചതാണ്‌ ക്രിസ്തു എന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു.

ഒക്കാമിന്റെ ഖഡ്ഗം (Ockam’s Razor) -പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രൻസിസ്കൻ പാതിരിയും താർക്കികനുമായ ഒക്കാമിലെ വില്ല്യമിന്റേതായി കരുതപ്പെടുന്ന സിദ്ധാന്തം. ആധുനികശാസ്ത്രത്തിൽ അതിങ്ങനെയാണ്‌: “ ഒരേ പ്രവചനം നല്കുന്ന രണ്ടു സിദ്ധാന്തങ്ങളുണ്ടെങ്കിൽ അതിൽ ലളിതമായതിനെ സ്വീകരിക്കുക.” ശാസ്ത്രത്തിൽ നിന്ന് അനാവശ്യമായ ദാർശനികവിവക്ഷകൾ ഒഴിവാക്കാൻ ഈ പ്രമാണം ഉപയോഗപ്പെടും.

ഗത്രം (Guthrum)- ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാനിഷ് രാജാവ്; വെസെക്സിലെ ആല്ഫ്രഡ് രാജാവുമായുള്ള യുദ്ധത്തിൽ തോറ്റതിനെത്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചു.


Friday, June 27, 2014

സെസർ വയെഹോ - മരണം എന്ന ആവശ്യകത

cesar-vallejo-3-800x600

മാന്യരെ,

മരണം മനുഷ്യനു മേൽ ചുമത്തപ്പെട്ട ഒരു ശിക്ഷയോ പിഴയോ പരിമിതിയോ അല്ല, അതിനെക്കാളുപരി അതൊരു ആവശ്യകതയാണെന്ന്, മനുഷ്യന്റെ ആവശ്യകതകളിൽ വച്ചേറ്റവും അനുപേക്ഷ്യവും നീക്കുപോക്കില്ലാത്തതുമായ ആവശ്യകതയാണെന്ന് ഈ വരികളിലൂടെ നിങ്ങളെ അറിയിക്കാൻ എനിക്കു സന്തോഷമുണ്ട്. ജനിക്കാനും ജീവിക്കാനുമുള്ള നമ്മുടെ ആവശ്യത്തെ കവച്ചുവയ്ക്കുന്നതാണ്‌ മരിക്കാനുള്ള നമ്മുടെ ആവശ്യം. ജനിക്കാതിരിക്കാൻ നമുക്കായെന്നു വന്നേക്കാം, പക്ഷേ മരിക്കാതിരിക്കാൻ നമുക്കാവില്ല. ഇന്നേ വരെ ആരും പറഞ്ഞിട്ടില്ല: “എനിക്കു ജനിക്കാൻ തോന്നുന്നു.” എന്നാൽ പലരും പറഞ്ഞു നാം കേൾക്കാറുണ്ട്: “ എനിക്കു മരിക്കാൻ തോന്നുന്നു.” നേരേ മറിച്ച് ജനിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യവുമാണ്‌; എന്നു നമുക്കു തോന്നുകയെങ്കിലും ചെയ്യും; കാരണം താൻ കുറേ കഷ്ടപ്പെട്ടുവെന്നും ഒരു പാടു പണിപ്പെട്ടിട്ടാണു താൻ ഈ ലോകത്തെത്തിയതെന്നും ഇതുവരെയും ആരും പറഞ്ഞിട്ടില്ല. അതേ സമയം മരണമാകട്ടെ, നാം വിചാരിക്കുന്നതിലും വിഷമം പിടിച്ചതാണ്‌. ഇതിൽ നിന്നു തെളിയുകയാണ്‌, മരിക്കാനുള്ള നമ്മുടെ തിടുക്കം എത്ര വലുതും തടുക്കരുതാത്തതുമാണെന്ന്; എന്തെന്നാൽ, ഒരു സംഗതി എത്രയ്ക്കു ദുഷ്കരമാകുന്നുവോ, അത്രയ്ക്കു വലുതായിട്ടാണു നാമതു കണ്മുന്നിൽ കാണുക എന്നതു സുവിദിതവുമാണല്ലോ. എത്രയ്ക്കപ്രാപ്യമാണോ, അത്രയ്ക്കാണതിനോടുള്ള നമ്മുടെ ദാഹവും.

ഒരാൾ മറ്റൊരാൾക്കു കത്തെഴുതുമ്പോൾ അയാളുടെ അമ്മ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു എന്നാണ്‌ എന്നും അയാൾ എഴുതുന്നതെങ്കിൽ കത്തു കിട്ടുന്നയാൾക്ക് ഒടുവിൽ നിഗൂഢമായ ഒരസ്വസ്ഥത തോന്നിയെന്നു വരാം; തന്നോടു നുണ പറയുകയാണെന്ന് അയാൾ വിശ്വസിക്കുന്നില്ലെങ്കിലും, തന്റെ അമ്മ മരിക്കേണ്ടതാണെന്ന പുറമേ കാണാത്ത, പുറത്തു പറയാത്ത ആവശ്യത്തിന്റെ ഉത്കടമായ ഭാരത്തിൻ കീഴിൽ അയാൾ സംശയിച്ചേക്കാം, അമ്മ മരിച്ചിരിക്കാനാണു സാദ്ധ്യതയെന്ന്. ആ മനുഷ്യൻ കണക്കുകൂട്ടലുകൾ നടത്തിയിട്ട് തന്നോടു തന്നെ പറഞ്ഞുവെന്നു വരാം:“അങ്ങനെയാവാൻ വഴിയില്ല. ഇതിനകം എന്റെ അമ്മ മരിച്ചില്ലെന്നു പറയുന്നതിൽ ഒട്ടും യുക്തിയില്ല.” ഒടുവിൽ, അമ്മ മരിച്ചു എന്നറിയുക ഉത്കണ്ഠ നിറഞ്ഞ ഒരാവശ്യമായി മാറുകയാണയാൾക്ക്. ഇല്ലെങ്കിൽ അതൊരു വസ്തുതയായി ഒടുവിൽ അയാൾ അംഗീകരിച്ചുവെന്നു വരും.

ഏറ്റവും കൂടിയത് അമ്പതു വയസ്സെത്തുമ്പോൾ ആയുസ്സവസാനിക്കുന്ന ഒരു ജനവിഭാഗത്തിൽ മുന്നൂറെത്തിയ ഒരു മകനെക്കുറിച്ച് പുരാതനമായൊരു ഇസ്ലാമികാഖ്യാനം വിവരിക്കുന്നുണ്ട്. പ്രവാസത്തിനിടയിൽ ഇരുന്നൂറു വയസ്സായ മകൻ അച്ഛനെക്കുറിച്ചന്വേഷിക്കുമ്പോൾ കിട്ടിയ മറുപടി ഇതായിരുന്നു: “അദ്ദേഹം നല്ല ആരോഗ്യത്തോടിരിക്കുന്നു.” പക്ഷെ അമ്പതു കൊല്ലം കൂടി കഴിഞ്ഞ് സ്വദേശത്തെത്തുമ്പോൾ അയാൾ അറിയുന്നത് തന്റെ ദിവസങ്ങളുടെ രചയിതാവ് ഇരുന്നൂറു കൊല്ലം മുമ്പേ മരിച്ചുപോയെന്നാണ്‌; പ്രശാന്തഭാവത്തോടെ അയാൾ മന്ത്രിച്ചു: “എത്രയോ കൊല്ലമായി അതെനിക്കറിയാമായിരുന്നു.” തീർച്ചയായും. സ്വന്തം അച്ഛൻ മരിക്കണമെന്നുള്ള മകന്റെ ആവശ്യം അതു നടക്കേണ്ട മുഹൂർത്തത്തിൽ നീക്കുപോക്കില്ലാത്തതാണ്‌, മാരകവുമാണ്‌; യഥാർത്ഥത്തിലും, അതിന്റെ മുഹൂർത്തത്തിൽ മാരകമായി അതിനു നിവൃത്തിയും വന്നിരിക്കുന്നു.


മരണത്തിലേക്കെത്തുന്നില്ല എന്നതാണു ദേവകളുടെ ശോകത്തിനാസ്പദമെന്ന് റുബെൻ ദാരിയോ പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ കാര്യമാണെങ്കിൽ, തങ്ങളുടെ മരണം തീർച്ചയായെന്നു ബോധവാന്മാരാകുന്ന നിമിഷം മുതൽ അവർ പിന്നെയെന്നും സന്തുഷ്ടരായേനെ. നിർഭാഗ്യത്തിനു പക്ഷേ, മരണം മനുഷ്യർക്കൊരിക്കലും തീർച്ചയുള്ളതൊന്നല്ല: മരിക്കാൻ അവ്യക്തമായ ഒരാഗ്രഹം, ഒരു ദാഹം അവർക്കുണ്ട്; എന്നാൽ തങ്ങൾ മരിക്കുമെന്നതിൽ അവർക്കുറപ്പുമില്ല. മരണത്തെക്കുറിച്ചു തീർച്ചയില്ലാത്തതാണ്‌ മനുഷ്യന്റെ ശോകത്തിനാസ്പദമെന്ന് ഇതിനാൽ നാം പ്രഖ്യാപിക്കുന്നു.


Thursday, June 26, 2014

സെസർ വയെഹോ - എന്റെ സഹോദരൻ മിഗുവേലിന്‌

 

vallejo

 


(ഓർമ്മക്കായി)

സഹോദരാ, വീട്ടുപടിക്കലെ കല്ലുബഞ്ചിൽ ഞാനിരിക്കുന്നു,
എത്ര അഗാധമായൊരു ഗർത്തമാണു നീയവിടെ വിട്ടുപോയത്!
ഈ നേരത്തു നാമോടിക്കളിക്കാറുള്ളതു ഞാനോർക്കുന്നു,
തലയിൽ തലോടിക്കൊണ്ടു മമ്മ പറയാറുള്ളതും: “മതി, പിള്ളേരെ...”

അന്നെന്നപോലെ ഞാനൊളിച്ചിരിക്കാൻ പോകുന്നു,
ഈ സായാഹ്നപ്രാർത്ഥനകളിൽ നിന്നും,
നീയെന്നെ കണ്ടുപിടിക്കില്ലെന്നു ഞാനാശിക്കുന്നു.
വരാന്തയിൽ, കോണിക്കടിയിൽ, ഇടനാഴിയിൽ.
പിന്നെ, നീ ഒളിച്ചിരിക്കുന്നു, ഞാൻ നിന്നെ കണ്ടുപിടിക്കുന്നുമില്ല.
ആ ഒളിച്ചുകളിയിൽ, സഹോദരാ,
നാമന്യോന്യം കരയിച്ചിരുന്നുവെന്നും ഞാനോർക്കുന്നു.

മിഗുവേൽ, ഒരാഗസ്റ്റുമാസരാത്രിയിൽ, പുലരാൻ നേരത്ത്
നീ ഒളിച്ചിരിക്കാൻ പോയി;
ചിരിച്ചും കൊണ്ടൊളിക്കുന്നതിനു പകരം പക്ഷേ,
അന്നു നീ വിഷാദവാനായിരുന്നു...
കഴിഞ്ഞുപോയ ആ സായാഹ്നങ്ങളിൽ
നിന്റെ ഇരട്ടഹൃദയമായിരുന്ന ഒരാൾ
ഇന്നു നിന്നെ തേടിത്തേടി തളർന്നുപോയിരിക്കുന്നു.

നോക്ക്, സഹോദരാ, പുറത്തു വരാൻ ഇനി വൈകരുതേ,
മമ്മായുടെ മനസ്സു വിഷമിക്കില്ലേ?


(മരിച്ചുപോയ ജ്യേഷ്ഠൻ മിഗുവേലിന്റെ ഓർമ്മക്കായി എഴുതിയത്)


Tuesday, June 24, 2014

ഗുസ്താവ് അഡോൾഫോ ബക്വെർ - നിഴലുകൾ വാഴുന്ന രാത്രിയിൽ...

 

Ernst_Ludwig_Kirchner_-_Der_Kuss_-1930


നിഴലുകൾ വാഴുന്ന രാത്രിയിൽ
നീയറിഞ്ഞുകാണുമോ,
ഒച്ച താഴ്ത്തിയൊരു ഗാനം,
തേങ്ങുന്നൊരു വിപുലശോകം?

നിന്റെ കാതിലെങ്ങാനും പെട്ടുവോ,
കമ്പി പൊട്ടിയ വീണയിന്മേൽ
എന്റെ മരിച്ച കൈകൾ തുടങ്ങിവച്ച
ഒരു മൌനവിഷാദത്തിന്റെ സ്വരങ്ങൾ?

നിന്റെ ചുണ്ടിൽ നീയറിഞ്ഞുവോ,
ഒരു കണ്ണീർത്തുള്ളി നനവു പകരുന്നതായി,
മഞ്ഞു പോലെന്റെ വിരലുകൾ
നിന്റെ പനിനീർപ്പൂവിരലുകളെ കവരുന്നതായി?

സ്വപ്നങ്ങളിൽ നീ കണ്ടിരുന്നില്ലേ,
വായുവിലൊരു നിഴലലയുന്നതായി?
കിടപ്പറയിലൊരു സ്ഫോടനം പോലെ
ചുണ്ടുകളിലൊരു ചുംബനം നീയറിഞ്ഞില്ലേ?

എന്റെ പ്രാണനേ, ഞാനാണയിട്ടു പറയട്ടെ,
കാതരയായി നിന്നെ ഞാനെന്റെ കൈകളിൽ കണ്ടു;
മുല്ലപ്പൂ മണക്കുന്ന നിന്റെ നിശ്വാസം ഞാൻ കൊണ്ടു,
എന്റെ ചുണ്ടിൽ നിന്റെ ചുണ്ടമരുന്നതും ഞാനറിഞ്ഞു.

(റീമ-91)


Monday, June 23, 2014

റോബർട്ടോ സോസ - പാവങ്ങൾ

 

roberto-sosa


പാവങ്ങൾ അത്രയധികമാണ്‌,
അതിനാൽ,
അവരെ മറക്കാൻ അസാദ്ധ്യവുമാണ്‌.

ഓരോ പ്രഭാതത്തിലും അവർ കാണുന്നുണ്ട്
പുത്തൻ പുത്തൻ കെട്ടിടങ്ങൾ;
തങ്ങളുടെ കുട്ടികളുമായി
അതിൽ താമസിക്കാൻ
അവർക്കു മോഹവുമുണ്ട്.

ഒരു നക്ഷത്രത്തിന്റെ ശവപേടകത്തെ
ചുമലിലേറ്റി നടക്കാൻ
അവർക്കു കഴിവുണ്ട്.
ഭ്രാന്തൻ പക്ഷികളെപ്പോലെ
ആകാശത്തെ തകർക്കാനും
സൂര്യനെ തുടച്ചുമാറ്റാനും അവർക്കു കഴിയും.

തങ്ങളുടെ സിദ്ധികളറിയാതെ പക്ഷേ,
ചോരയുടെ കണ്ണാടികളിലൂടെ
അവർ കടന്നുവരുന്നു, കടന്നുപോകുന്നു;
അവർ നടക്കുന്നതു സാവധാനം,
അവർ മരിക്കുന്നതും സാവധാനം.

അതുകൊണ്ടു തന്നെയാണ്‌
അവരെ മറക്കാൻ അസാദ്ധ്യമായതും.


റോബർട്ടോ സോസ(1930-2011)- ഹോണ്ടുറാസിൽ ജനിച്ച സ്പാനിഷ് കവി.


Roberto Sosa – The Poor

_____________________

The poor are many

and so—

impossible to forget.

No doubt,

as day breaks,

they see the buildings

where they wish

they could live with their children.

They

can steady the coffin

of a constellation on their shoulders.

They can wreck

the air like furious birds,

blocking out the sun.

But not knowing these gifts,

they enter and exit through mirrors of blood,

walking and dying slowly.

And so,

one cannot forget them.

(Translated from the Spanish by Spencer Reece)

Sunday, June 22, 2014

സെസർ വയെഹോ - ഒരപ്പക്കഷണം പൊതിഞ്ഞുപിടിച്ചുകൊണ്ടൊരാള്‍...


vallejo



ഒരപ്പക്കഷണം പൊതിഞ്ഞുപിടിച്ചുകൊണ്ടൊരാള്‍ നടന്നുപോകുന്നു.
എന്നിട്ടു ഞാനെന്റെ അപരനെക്കുറിച്ചെഴുതാൻ പോവുകയാണോ?


മറ്റൊരാള്‍ കക്ഷം ചൊറിഞ്ഞുകൊണ്ട് പേനെടുത്തു കൊല്ലുന്നു.
മാനസികാപഗ്രഥനത്തെക്കുറിച്ചു സംസാരിച്ചിട്ടെന്തുപയോഗം?


ഇനിയൊരാൾ ഒരു വടിയുമായി എന്റെ നെഞ്ചിലേക്കു കയറിവന്നിരിക്കുന്നു.
ഡോക്ടറോടു പിന്നെ ഞാൻ സോക്രട്ടീസിനെക്കുറിച്ചു സംസാരിക്കാനോ?


ഒരു മുടന്തൻ ഒരു കുട്ടിയുടെ കൈയും പിടിച്ചു നടന്നുപോകുന്നു.
എന്നിട്ടാണോ ഞാൻ ആന്ദ്രേ ബ്രെട്ടണെ വായിക്കുക?


തണുത്തു വിറയ്ക്കുന്നൊരാൾ ചുമച്ചു ചോര തുപ്പുന്നു.
ഇനിയെനിക്കു മനസ്സിന്റെ ആഴങ്ങളെക്കുറിച്ചു പരാമർശിക്കാൻ കഴിയുമോ?


മറ്റൊരാൾ കുപ്പക്കൂനയിൽ എല്ലും പഴത്തൊണ്ടും തിരയുന്നു.
എന്നിട്ടു
ഞാൻ പോയി അനന്തതയെക്കുറിച്ചെഴുതാനോ?

ഒരു കല്പണിക്കാരൻ പുരപ്പുറത്തു നിന്നു വീണ്‌ ഉച്ചയൂണു ബാക്കിയാക്കി മരിച്ചുപോകുന്നു.
അതു കഴിഞ്ഞും ഞാൻ രൂപകങ്ങളിൽ പുതുമ വരുത്താൻ പോകണോ?


ഒരു കടക്കാരൻ തൂക്കത്തിൽ ഒരു ഗ്രാം കുറവു വരുത്തുന്നു.
എങ്ങനെ ഞാൻ പിന്നെ നാലാം മാനത്തെക്കുറിച്ചെഴുതും?


ഒരു ബാങ്കർ വരവുചെലവുകണക്കിൽ തട്ടിപ്പു കാണിക്കുന്നു.
ഏതു മുഖം വച്ചു ഞാനിനി നാടകം കണ്ടു കണ്ണീരൊലിപ്പിക്കും?


സമൂഹം ഭ്രഷ്ടനാക്കിയ ഒരാൾ മലർന്നുകിടന്നുറങ്ങുന്നു.
ഇനിയെനിക്കു പിക്കാസോയെക്കുറിച്ചു സംസാരിക്കാൻ പറ്റുമോ?


തേങ്ങിക്കരഞ്ഞും കൊണ്ടൊരാൾ ഒരു ശവമടക്കിൽ സംബന്ധിക്കുന്നു.
എങ്ങനെ പിന്നെ ഞാന്‍ അക്കാദമിയിൽ അംഗമാകാൻ?


ഒരാൾ മുറിക്കുള്ളിലിരുന്നു തോക്കു തുടച്ചു മിനുക്കുന്നു.
മരണാനന്തരജീവിതത്തെക്കുറിച്ചു സംസാരിക്കുന്നതിലെന്തു കാര്യം?


വിരലിൽ എണ്ണമെടുത്തുകൊണ്ടൊരാൾ നടന്നുപോകുന്നു.
അലറിക്കരഞ്ഞുകൊണ്ടല്ലാതെ ഞാനല്ലാത്തവരെക്കുറിച്ചെങ്ങനെ പറയും?

(1937 നവംബർ 5)





Tuesday, June 17, 2014

ഗബ്രിയേൽ സെയ്ദ് - സർസി


1280px-Greek_-_One_of_Odysseus'_Men_Transformed_Into_a_Pig_-_Walters_541483_-_Profilelink to image



നിന്റെ കണ്ണുകളിലാണെന്റെ ജന്മദേശം,
നിന്റെ ചുണ്ടുകളിലാണെന്റെ ജന്മോദ്ദേശ്യം;
എന്നിൽ നിന്നെന്തും നിനക്കു ചോദിക്കാം,
നിന്നെപ്പിരിയണമെന്നു മാത്രം പറയരുതേ.
നിന്റെ കടലോരത്തു കപ്പൽ തകർന്നെത്തിയവൻ,
നിന്റെ മണല്പരപ്പിൽ തിരയെടുത്തെറിഞ്ഞവൻ,
സന്തുഷ്ടനായൊരു പന്നിയാണിന്നു ഞാൻ:
നിന്റേതാണു ഞാൻ: അതില്പരമൊന്നുമെനിക്കറിയില്ല.
നിന്റെ സൂര്യനാണെന്റെ ജന്മി;
നിന്റെ വളപ്പിൽ ഞാൻ കുടിയാൻ.
എന്റെ കീർത്തികൾ നിന്റെയാനന്ദങ്ങൾ,
എന്റെ കുടിയിടം നിനക്കു ജന്മാവകാശം.



സർസി - യുളീസസിന്റെ പടയാളികളെ പന്നികളാക്കി മാറ്റിയ മന്ത്രവാദിനി. അവരെ അവളുടെ വശീകരണത്തിൽ നിന്നു മോചിപ്പിച്ച യുളീസസ് പിന്നെ ഒരു കൊല്ലം അവൾക്കൊപ്പം കഴിയുകയുമുണ്ടായി.

Monday, June 16, 2014

ഓസിപ് മാൻഡെൽഷ്ടാം - ഞാനിനിയും മരിച്ചിട്ടില്ല...

 

Osip_Mandelstam_Russian_writer


ഞാനിനിയും മരിച്ചിട്ടില്ല, ഇനിയും ഞാനൊറ്റയായിട്ടില്ല,
ഒരു പിച്ചക്കാരിയുണ്ടെനിക്കു കൂട്ടായി.
എനിക്കാഹ്ളാദിക്കാൻ വിപുലസമതലങ്ങളുണ്ട്,
വിശപ്പുണ്ട്, മഞ്ഞുകാറ്റും മൂടലുമുണ്ട്.

ഏകനായി, ശാന്തനായി, തൃപ്തനായി ഞാൻ ജീവിക്കുന്നു,
ദാരിദ്ര്യത്തിന്റെ സൌന്ദര്യവുമായി, ഇല്ലായ്മയുടെ സമൃദ്ധിയുമായി.
ധന്യമാണീ പകലുകൾ, ഈ രാത്രികളും;
പാപക്കറ പറ്റാത്തതാണെന്റെ മധുരിക്കുന്ന പ്രവൃത്തിയും.

അസന്തുഷ്ടനാണു പക്ഷേ, സ്വന്തം നിഴലിന്റെ തണുപ്പറിയുന്നവൻ,
നായയുടെ കുര കേട്ടു പേടിക്കുന്നവൻ,
വൈക്കോലു പോലെ കാറ്റടിച്ചുപായിക്കുന്നവൻ,
ജീവച്ഛവം പോലെ നിഴലിനോടെച്ചിലിരക്കുന്നവൻ.


Saturday, June 14, 2014

ആല്ബെർട്ടോ ദെ ലാസെർദ - തടാകം

a.baa-beautiful-calm-lake


തടാകത്തെ തൊടരുത്;
അതിൽ കല്ലെറിയരുത്;
കടലാസ്സുവഞ്ചികളും കരിയിലകളുമരുത്.


ജലത്തിനലകളാവുകയരുത്.


Friday, June 13, 2014

വിസേന്തേ ഹുയിഡോബ്രോ - കാവ്യകല

Vicente_huidobro


ഒരായിരം വാതിലുകൾ തുറക്കുന്ന
ചാവി പോലെയാവട്ടെ കവിത.
ഒരില കൊഴിയുന്നു; ഇനിയൊന്നു പറന്നുപോകുന്നു.
കണ്ണുകൾ കാണുന്നതെന്തും സൃഷ്ടിയാവട്ടെ.
കേൾവിക്കാരന്റെ ഹൃദയം പിടയട്ടെ.

നവലോകങ്ങൾ കണ്ടെത്തുക,
വാക്കുകളിൽ ജാഗ്രത പാലിക്കുക.
ജീവൻ നല്കാനല്ലെങ്കിൽ പിന്നെ
വിശേഷണങ്ങൾ ജീവനെടുക്കും.

ഞരമ്പുകളുടെ കാലത്താണു
നാം ജീവിക്കുന്നത്.
മാംസപേശികൾ
കാഴചബംഗ്ളാവുകളിൽ തൂങ്ങിക്കിടക്കുന്നു,
ഓർമ്മകളെപ്പോലെ.
അതുകൊണ്ടു പക്ഷേ,
നാം ബലം കെട്ടവരായി എന്നല്ല.
ഓജസ്സ് തലയ്ക്കുള്ളിലത്രെ.

കവികളേ,
എന്തിനു നിങ്ങൾ പനിനീർപ്പൂക്കളെക്കുറിച്ചു പാടുന്നു?
നിങ്ങളുടെ വരികളിൽ അവ വിരിയട്ടെ.

സൂര്യനു ചുവട്ടിലുള്ളതെല്ലാം
നമുക്കുള്ളതല്ലേ.

കവി ഒരു ചെറുകിടദൈവമാണ്‌.


Vicente Huidobro (1893-1948)- ചിലിയൻ കവി. വസ്തുക്കളെ വിവരിക്കുകയല്ല, അവയ്ക്കു ജീവൻ നല്കുകയാണു കവിതയിൽ ചെയ്യേണ്ടതെന്ന “സൃഷ്ടിവാദം” എന്ന കാവ്യസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.


Thursday, June 12, 2014

അൽബേർ കമ്യു - സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷികൾ

imagesd

 


ഇരയോ വേട്ടക്കാരനോ- ഇതിലൊന്നല്ലാതെ മറ്റൊന്നു തിരഞ്ഞെടുക്കാനില്ലാത്ത ഒരു ലോകത്താണ്‌ (1945) നാം ജീവിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് എളുപ്പവുമല്ല. വാസ്തവത്തിൽ വേട്ടക്കാരില്ല, ഇരകളേയുള്ളു എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്. എന്നു പറഞ്ഞാൽ, കണക്കെടുപ്പിന്റെ ഒടുവിൽ. ഈ സത്യം പക്ഷേ പരക്കെ അറിയപ്പെടുന്നതല്ല.

എത്രയും കടുത്ത ഒരാർത്തിയാണ്‌ സ്വാതന്ത്ര്യത്തിനോട് എനിക്കുള്ളത്. പക്ഷേ ഏതു ബുദ്ധിജീവിക്കും സ്വാതന്ത്ര്യമെന്നാൽ അഭിപ്രായസ്വാതന്ത്ര്യമെന്നേയുള്ളു. എന്നാൽ വലിയൊരു വിഭാഗം യൂറോപ്പുകാർക്കും ആ ഉത്ക്കണ്ഠയല്ല പ്രഥമപരിഗണനയിൽ വരുന്നതെന്ന് എനിക്കു നന്നായറിയാം; എന്തെന്നാൽ നീതിക്കേ കഴിയൂ, അവർക്കെത്രയും ആവശ്യമായ ഏറ്റവും ചുരുങ്ങിയ ഭൌതികസാഹചര്യങ്ങൾ നല്കാൻ; തെറ്റോ ശരിയോ ആവട്ടെ, ആ പ്രാഥമികനീതിക്കായി അവർ സ്വമേധയാ സ്വാതന്ത്ര്യം വേണ്ടെന്നു വയ്ക്കുകയും ചെയ്യും.

ഏറെക്കാലമായി എനിക്കറിവുള്ളതാണിത്. സ്വാതന്ത്ര്യവും നീതിയും തമ്മിലുള്ള അനുരഞ്ജനത്തെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്കു തോന്നുന്നുവെങ്കിൽ പാശ്ചാത്യലോകത്തിന്റെ അവസാനത്തെ പ്രതീക്ഷ അതിലാണ്‌ ഞാൻ കാണുന്നത് എന്നതു കൊണ്ടാണത്. പക്ഷേ ആ അനുരഞ്ജനം നടക്കാനാവശ്യമായ കാലാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ സ്വപ്നമായി അവശേഷിക്കും എന്നാണ്‌ എന്റെ അഭിപ്രായം. ആ മൂല്യങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നിനെ നാം ബലി കഴിക്കേണ്ടി വരുമോ? അങ്ങനെ വേണ്ടിവന്നാൽ എങ്ങനെയായിരിക്കണം നമ്മുടെ ആലോചനകൾ?

ജനങ്ങൾക്കു വേണ്ടി സംസാരിക്കുക നിയോഗമായി ഏറ്റെടുത്തവർ സ്വാതന്ത്ര്യത്തെ കാര്യമായി പരിഗണിച്ചിട്ടേയില്ല എന്നിടത്തു നിന്നാണ്‌ സർവതിന്റെയും തുടക്കം. ആർജ്ജവമുള്ളവരാണെങ്കിൽ തങ്ങൾ അതിനെതിരാണെന്ന് അവർ വീമ്പു പറയുകയും ചെയ്യും. പക്ഷേ അതിനൊരു പരിഗണന കൊടുത്തിരുന്നെങ്കിൽ അതു തന്നെ മതിയാകുമായിരുന്നു...

അതിനാൽ, ഈ കുറ്റബോധവുമായി ജീവിക്കുന്നവർ , അവർ വളരെ വിരളവുമാണ്‌, ഇന്നല്ലെങ്കിൽ നാളെ സ്വജീവൻ കൊടുക്കേണ്ടിവരും. (ഇക്കാര്യം വരുമ്പോൾ മരണത്തിനു പല വഴികളുണ്ട്.) അഭിമാനികളാണവരെങ്കിൽ ഒന്നു പൊരുതാൻ നില്ക്കാതെ അവർ കീഴടങ്ങുകയില്ല. പക്ഷേ, സ്വന്തം സഹോദരങ്ങൾക്കെതിരെ, നീതി എന്ന സങ്കല്പത്തിനെതിരെ എങ്ങനെയാണവർ പൊരുതുക? അവർ സാക്ഷികളാവും, അത്രമാത്രം. രണ്ടായിരം കൊല്ലം കഴിഞ്ഞാൽ സോക്രട്ടീസിന്റെ ബലി പിന്നെയും പിന്നെയും നമുക്കു കണ്ടുനില്ക്കാം. നാളത്തെ പരിപാടി: സ്വാതന്ത്ര്യത്തിനു സാക്ഷി പറഞ്ഞവരുടെ ഭവ്യവും സാർത്ഥകവുമായ വധശിക്ഷ കാണാൻ പോവുക.

(നോട്ടുബുക്കുകൾ- 1942-51)


ബോർഹസ് - കാവ്യകല

jorge-luis-borges

ജലവും കാലവുമൊഴുകുന്ന പുഴയെ നോക്കിനില്ക്കുമ്പോൾ
കാലം തന്നെയും മറ്റൊരു പുഴയാണെന്നോർക്കുക,
നാം നിലയ്ക്കും, ഒഴുക്കു നിലയ്ക്കുമ്പോലെയെന്നും
മുഖങ്ങളലിയും, ജലം പോലെയെന്നുമറിയുക.

ഉറങ്ങുകയല്ലെന്നു സ്വപ്നം കാണുന്ന മറ്റൊരുറക്കമാണുണർച്ചയെന്നും
നമ്മുടെയുടലിനെ കിടിലം കൊള്ളിയ്ക്കുന്ന മരണം
എന്നും രാത്രിയിൽ വന്നുപോകുന്ന അതേ മരണമാണെന്നും
ഉറക്കമെന്നാണതിനു പേരെന്നും ബോധവാനാവുക.

ഒരു ദിവസത്തെ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ
 
മനുഷ്യന്റെ ദിവസങ്ങളുടെയും അവന്റെ വർഷങ്ങളുടെയും പ്രതീകമായി കാണുക,
ഒരു സംഗീതമായി, ഒരു മന്ത്രണമായി, ഒരു പ്രതീകമായി
കാലം ചെയ്യുന്ന കൊടിയ ദ്രോഹത്തെ രൂപം മാറ്റുക.

മരണത്തിൽ നിദ്രയെ കാണുക, അസ്തമയത്തിൽ
വിഷാദം പുരണ്ട പൊൻനിറവും- അതാണു കവിത.
ചിരന്തനവും ദരിദ്രവുമാണത്, കവിത;
ഉദയം പോലെ, അസ്തമയം പോലെ അതു മടങ്ങുകയും ചെയ്യുന്നു.

സായാഹ്നങ്ങളിൽ ചിലനേരം നമുക്കു കാണാം,
ഒരു കണ്ണാടിയുടെ കയത്തിൽ നിന്നൊരു മുഖം നമ്മെ നോക്കുന്നു;
ആ കണ്ണാടി പോലെയാവണം കവിത,
അതു നമ്മെ നമ്മുടെ തന്നെ മുഖം കാണിച്ചുതരുന്നു.

അത്ഭുതങ്ങൾ ചെടിച്ച യുളീസസിനെക്കുറിച്ചു പറയാറില്ലേ,
തന്റെ ഇത്താക്ക, വിനീതവും ഹരിതവുമായ ഇത്താക്ക,
അതു കാഴ്ചയിൽ വന്നപ്പോളയാൾ കരഞ്ഞുപോയെന്ന്;
അത്ഭുതങ്ങളുടേതല്ല, ഹരിതനിത്യതയുടെ ഇത്താക്ക- അതാണു കല.

ഒഴുകുമ്പോഴും ശേഷിക്കുന്ന പുഴയെപ്പോലനന്തവുമാണു കല,
ഒന്നായിരിക്കെ മറ്റൊന്നാകുന്ന ഹെറാക്ളിറ്റസിന്റെ കണ്ണാടിയാണത്,
താനായിരിക്കെത്തന്നെ മറ്റൊരാളാകുന്ന ഹെറാക്ളിറ്റസ്,
അന്തമെന്നതില്ലാതൊഴുകുന്ന പുഴയെപ്പോലെ തന്നെ.

Wednesday, June 11, 2014

ലോർക്ക - കിഴക്കൻ പാട്ട്

 

A-Pomegranate

 


വാസനിക്കുന്ന മാതളം
പരലുരൂപമായ ഒരാകാശം.
(ഓരോ കുരുവും ഒരു നക്ഷത്രം,
ഓരോ പാളിയും ഒരസ്തമയം.)
കാലത്തിന്റെ വളർനഖങ്ങൾ ഞെരുക്കിച്ചുരുക്കിയ
വരണ്ടുണങ്ങിയ ആകാശം.

ഒരു മുല പോലെയാണു മാതളം,
പ്രായം ചെന്നതും ചുളിഞ്ഞതും.
നാട്ടുപാടങ്ങൾക്കു വെളിച്ചമേകാൻ
അതിന്റെ മുലക്കണ്ണൊരു നക്ഷത്രം.

അതൊരു കുഞ്ഞുതേൻകൂട്,
സ്ത്രീകളുടെ ചുണ്ടുകൾ കൊണ്ടാണു
തേനീച്ചകളതു കൂട്ടിയതെന്നതിനാൽ
ചോരച്ചുവപ്പായ തേനറകളുമായി.
അതുകൊണ്ടല്ലേ, പൊട്ടിത്തുറക്കുമ്പോൾ
ഒരായിരം ചുണ്ടുകളുടെ ചുവപ്പുമായി
അതു പൊട്ടിച്ചിരിക്കുന്നതും.

മാതളം, വിത കഴിഞ്ഞ പാടത്തു തുടിക്കുന്ന ഹൃദയം,
കിളികൾ കൊത്താൻ മടിക്കുന്ന
അവജ്ഞ നിറഞ്ഞ ഹൃദയം,
മനുഷ്യന്റെ തൊലിക്കട്ടിയുള്ള ഹൃദയം,
എന്നാലതു തുളച്ചുകേറുന്നവനതു നല്കുന്നു,
മേയ്മാസത്തിന്റെ പരിമളവും ചോരയും.
പാടത്തെ കിഴവൻ ഭൂതം കാക്കുന്ന
നിധിയാണു മാതളം,
കാടിന്റെ ഏകാന്തതയിൽ വച്ചു
റോസപ്പെണ്ണിനോടു സംസാരിച്ച ഭൂതം,
വെള്ളത്താടിയും ചുവന്ന അങ്കിയുമുള്ള ഭൂതം.
മരത്തിന്റെ പച്ചിലകൾ കാത്തുവയ്ക്കുന്ന
നിധിയാണത്,
നിറം കെട്ട പൊന്നിന്റെ ഗർഭപാത്രത്തിൽ
അനർഘരത്നങ്ങളുടെ ഒരു ഖജാന.

ഗോതമ്പുകതിർ അപ്പമാണ്‌.
ജീവിതവും മരണവും കൊണ്ടു
തൊട്ടറിയാവുന്നവനായ ക്രിസ്തു.

ഒലീവുമരം ദാർഢ്യമാണ്‌,
ബലത്തിന്റെയും യത്നത്തിന്റെയും.

ആപ്പിൾ മാംസളമായ കാമം,
പാപത്തിന്റെ സ്ഫിങ്ക്സ് ഫലം,
സാത്താന്റെ സ്പർശം മാറാത്ത
യുഗങ്ങൾ പഴകിയ ഒരു തുള്ളി.

ഓറഞ്ച് മലിനപ്പെട്ട പൂവിന്റെ വിഷാദം,
മുമ്പു നിർമ്മലവും വെണ്മയുമായതൊന്ന്
പിന്നെ സുവർണ്ണവും ആഗ്നേയവുമായതല്ലേ അത്.

വേനലിൽ സാന്ദ്രമാകുന്ന ആസക്തിയാണ്‌
മുന്തിരിപ്പഴങ്ങൾ;
അവയെ ആശീർവദിച്ചിട്ടല്ലോ,
തിരുസഭ അതിൽ നിന്നും
ഒരു വിശുദ്ധപാനീയം വാറ്റിയെടുക്കുന്നതും.

ചെസ്റ്റ്നട്ടുകൾ കുടുംബസമാധാനം.
കാലപ്പഴക്കം ചെന്ന വസ്തുക്കൾ.
കത്തുന്ന വിറകിന്റെ പൊട്ടലും വെടിക്കലും.
വഴി തെറ്റിയ തീർത്ഥാടകർ.

ഓക്കിൻകായ പഴമയുടെ സൌമ്യകാവ്യം,
ആരോഗ്യത്തിന്റെ പൊൻനിറം തടവിയ വൃത്തിയും വെടിപ്പും.

മാതളം പക്ഷേ, രക്തമാണ്‌,
ആകാശത്തിന്റെ വിശുദ്ധരക്തം.
വെള്ളച്ചാലിന്റെ സൂചി തുളച്ചുകേറിയ മണ്ണിന്റെ രക്തം.
പരുക്കൻമലകൾ വീശിവരുന്ന കാറ്റിന്റെ രക്തം.
അലയടങ്ങിയ കടലിന്റെ രക്തം,
മയങ്ങുന്ന തടാകത്തിന്റെ രക്തം.
നമ്മുടെ ധമനികളിലൊഴുകുന്ന രക്തത്തിന്റെ പ്രാഗ്ചരിത്രം,
രക്തത്തിന്റെ പ്ലേറ്റോണിക് ആദിരൂപം.

പിളർന്ന മാതളമേ!
മരത്തിലൊരു തീനാളമാണു നീ,
വീനസിന്റെ നേർപെങ്ങൾ,
കാറ്റു വീശുന്ന തോപ്പിന്റെ ചിരി.
പൂമ്പാറ്റകൾ നിന്നെ വലം വയ്ക്കുന്നു,
അവർ കരുതുന്നു ഭ്രമണം നിലച്ച സൂര്യനാണു നീയെന്ന്,
എരിഞ്ഞുപോകുമെന്ന ഭീതിയാൽ
പുഴുക്കൾ നിന്നെ വിട്ടു പായുന്നു.

ജീവന്റെ വെളിച്ചമാണു നീ,
കനികളിൽ പെൺജാതി.
ചോലയെ പ്രേമിക്കുന്ന കാട്ടിൽ
ദീപ്തമായ സാന്ധ്യതാരം.

ഞാനും നിന്നെപ്പോലായിരുന്നെങ്കിൽ, കനിയേ,
നാട്ടുപാടം നിറയ്ക്കുന്നൊരുത്കടവികാരം!imagesb

(1920)


 

 

Saturday, June 7, 2014

വില്ല്യം ബട്ളർ യേറ്റ്സ് - ഒരു ഐറിഷ് വൈമാനികൻ തന്റെ മരണം മുൻകൂട്ടി കാണുന്നു

sopwith_triplane

 

അങ്ങു മുകളിൽ മേഘങ്ങൾക്കിടയിലെവിടെയോ
എന്റെ മരണത്തെ ഞാൻ കണ്ടുമുട്ടുമെന്നെനിക്കറിയാം.
ഞാൻ പൊരുതുന്നവരോടൊരു വെറുപ്പുമെനിക്കില്ല,
ഞാൻ സംരക്ഷിക്കുന്നവരോടെനിക്കു സ്നേഹവുമില്ല..
കിൽട്ടാർട്ടൻ ക്രോസ്സാണെന്റെ ജന്മദേശം,
കിൽട്ടാർട്ടനിലെ പാവങ്ങളാണെന്റെ ദേശക്കാർ.
എന്റെ മരണം കൊണ്ടവർക്കൊരു നഷ്ടവുമുണ്ടാവില്ല,
ഉള്ളതിലധികം സന്തോഷമവർക്കുണ്ടാവുകയുമില്ല.
നിയമമല്ല, എന്നെ പടയ്ക്കു പറഞ്ഞയച്ചതു കടമയല്ല,
നേതാക്കളല്ല, ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടവുമല്ല.
ഒരേകാന്തനിമിഷത്തിൽ പൊടുന്നനേയൊരു പ്രചോദനം-
മേഘങ്ങളിലെ വിക്ഷുബ്ധതയിലേക്കെന്നെപ്പായിച്ചതതായിരുന്നു.
എല്ലാം ഞാനോർത്തുനോക്കി, എല്ലാം ഞാൻ കണക്കു കൂട്ടി:
വ്യർത്ഥമാണിനി വരാനുള്ള കാലമെന്നെനിക്കു തോന്നി,
വ്യർത്ഥമായിരുന്നു, കഴിഞ്ഞ കാലവുമെന്നെനിക്കു തോന്നി.
ഈ ജീവിതത്തിനു നിരക്കുന്നതു തന്നെ, ഈ മരണവും.

(1919)

 

Thursday, June 5, 2014

മരീന സ്വെറ്റായേവ - രാത്രിയിൽ ആരുറങ്ങുന്നു...


 

രാത്രിയിൽ ആരുറങ്ങുന്നു? ആരുമുറങ്ങുന്നില്ല.
ഒരു കുഞ്ഞ് തൊട്ടിലിൽ കിടന്നു കാറിക്കരയുന്നു.
ഒരു വൃദ്ധൻ തന്റെ മരണത്തിനുമേൽ അടയിരിക്കുന്നു,
ഒരു യുവാവ് കാമുകിയുമായി സംസാരിച്ചിരിക്കുന്നു,
അവളുടെ ചുണ്ടിലേക്കു നിശ്വസിക്കുന്നു,
അവളുടെ കണ്ണുകളിലേക്കുറ്റുനോക്കുന്നു.

ഉറങ്ങിപ്പോയാൽ- പിന്നെ നാമുണരുമെന്നാരു കണ്ടു?
നമുക്കു നേരമുണ്ട്, നമുക്കു നേരമുണ്ട്,
ഉറങ്ങാൻ വേണ്ടത്ര നേരം നമുക്കുണ്ട്.

വീട്ടിൽ നിന്നു വീട്ടിലേക്കു കാവല്ക്കാരൻ നടക്കുന്നു,
തീക്ഷ്ണദൃഷ്ടിയുമായി, ചുവന്ന റാന്തലുമായി.
അയാൾ വന്നു വാതിലിൽ മുട്ടുമ്പോൾ
തലയിണയ്ക്കു മേലതിന്റെ കടകടപ്പു ചിതറുന്നു.

ഉറങ്ങരുത്! പിടിച്ചിരിക്കൂ! ജാഗ്രത!
ഇല്ലെങ്കിൽ- നിത്യനിദ്ര!
ഇല്ലെങ്കിൽ- നിത്യഗേഹം!

(1916 ഡിസംബർ 12)

Wednesday, June 4, 2014

മരീന സ്വെറ്റായേവ - വേർപിരിയാനുള്ള ഈ ജിപ്സിവികാരം...


 
വേർപിരിയാനുള്ള ഈ ജിപ്സിവികാരം!
കണ്ടുമുട്ടിയതും അകന്നുപോകാനുള്ള തിടുക്കം!
ഇരുകൈകളിൽ ശിരസ്സും താങ്ങി
രാത്രിയിലേക്കു നോക്കിയിരിക്കെ ഞാനോർക്കുന്നു:

 
നമ്മുടെ കത്തുകൾ മറിച്ചുനോക്കുന്നൊരാൾക്കും പിടികിട്ടില്ല,
അന്യോന്യമെത്ര വഞ്ചന കാണിച്ചു നാമെന്ന്,
എന്നു പറഞ്ഞാൽ,
ആത്മവഞ്ചന തെല്ലുമില്ലായിരുന്നു നമുക്കെന്ന്.

(1915)



Tuesday, June 3, 2014

മരീന സ്വെറ്റായേവ - ഒന്നുകിൽ പ്രഭാതത്തിൽ...


 

ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും;
ഇതിലേതാണെന്റേതെന്നു കല്പനയിൽ നിന്നറിയുന്നുമില്ല.
ഹാ, രണ്ടു തവണയണയാനെന്റെ വിളക്കിനു ഭാഗ്യമുണ്ടായെങ്കിൽ!
പുലരുന്ന വെളിച്ചത്തിലൊരിക്കൽ, പിന്നെയതു കെടുമ്പോൾ!

നൃത്തച്ചുവടുകൾ വച്ചു സ്വർഗ്ഗപുത്രി കടന്നുപോകുന്നു:
മടിത്തട്ടിൽ പൂക്കളുമായി! ഒരിതളു പോലും ചതയാതെ!
ഒന്നുകിൽ പ്രഭാതത്തിൽ, അല്ലെങ്കിലസ്തമയത്തിൽ ഞാൻ മരിക്കും!
എന്റെ മാടപ്രാവിനു പിന്നാലെ രാപ്പുള്ളിനെ അയക്കരുതേ, ദൈവമേ!

ചുംബിക്കാത്ത കുരിശ്ശിനെ സൌമ്യമായി ഞാൻ തള്ളിമാറ്റും,
കരുണയുറ്റ മാനത്തു ഞാനന്ത്യോപചാരങ്ങൾ തേടും:
അവിടെ വെളിച്ചം വിടരുമ്പോൾ എന്നിലൊരു പുഞ്ചിരി വിടരും:
പ്രാണൻ  കുറുകുമ്പോഴും ഞാനതുതന്നെയായിരിക്കും - കവി !

Monday, June 2, 2014

മരീന സ്വെറ്റായേവ - ഞാൻ ചിന്തിക്കുന്നില്ല...


ഞാൻ ചിന്തിക്കുന്നില്ല, വാദിക്കുന്നില്ല, പരാതിപ്പെടുന്നില്ല,
ഞാനുറങ്ങുന്നുമില്ല.
എനിക്കാഗ്രഹമില്ല സൂര്യനായി, ചന്ദ്രനായി, കടലിനായി,
കടലിൽ കപ്പലിനായി.

ഈ ചുമരുകൾക്കുള്ളിലെ ഊഷ്മളത ഞാനറിയുന്നില്ല,
പുറത്തു പുല്ലിന്റെ പച്ചപ്പുമറിയുന്നില്ല.
ഞാനത്രമേൽ കാത്തിരുന്നൊരുപഹാരം
ഇതാ വന്നുചേർന്നുവെന്നാശിക്കുന്നില്ല.

പ്രഭാതവും ട്രാമിന്റെ മണിനാദവും
മുമ്പെന്നപോലെന്നെ ആഹ്ളാദിപ്പിക്കുന്നില്ല.
കാലമോർമ്മയില്ലാതെ ഞാൻ ജീവിക്കുന്നു,
നൂറ്റാണ്ടും തീയതിയുമെനിക്കോർമ്മയില്ല.

ഞാൻ- മുറിഞ്ഞുപോയ കമ്പക്കയറിൽ
നൃത്തംവയ്ക്കുന്നവൾ.
ഞാൻ - മറ്റേതോ നിഴലിന്റെ നിഴൽ;
ഞാൻ - ഒരു നിദ്രാടക,
രണ്ടിരുണ്ട ചന്ദ്രന്മാർക്കു ചോടെ.

(1914 ജൂലൈ 13 )