ഒരപ്പക്കഷണം പൊതിഞ്ഞുപിടിച്ചുകൊണ്ടൊരാള്‍ നടന്നുപോകുന്നു.
എന്നിട്ടു ഞാനെന്റെ അപരനെക്കുറിച്ചെഴുതാൻ പോവുകയാണോ?
മറ്റൊരാള്‍ കക്ഷം ചൊറിഞ്ഞുകൊണ്ട് പേനെടുത്തു കൊല്ലുന്നു.
മാനസികാപഗ്രഥനത്തെക്കുറിച്ചു സംസാരിച്ചിട്ടെന്തുപയോഗം?
ഇനിയൊരാൾ ഒരു വടിയുമായി എന്റെ നെഞ്ചിലേക്കു കയറിവന്നിരിക്കുന്നു.
ഡോക്ടറോടു പിന്നെ ഞാൻ സോക്രട്ടീസിനെക്കുറിച്ചു സംസാരിക്കാനോ?
ഒരു മുടന്തൻ ഒരു കുട്ടിയുടെ കൈയും പിടിച്ചു നടന്നുപോകുന്നു.
എന്നിട്ടാണോ ഞാൻ ആന്ദ്രേ ബ്രെട്ടണെ വായിക്കുക?
തണുത്തു വിറയ്ക്കുന്നൊരാൾ ചുമച്ചു ചോര തുപ്പുന്നു.
ഇനിയെനിക്കു മനസ്സിന്റെ ആഴങ്ങളെക്കുറിച്ചു പരാമർശിക്കാൻ കഴിയുമോ?
മറ്റൊരാൾ കുപ്പക്കൂനയിൽ എല്ലും പഴത്തൊണ്ടും തിരയുന്നു.
എന്നിട്ടു ഞാൻ പോയി അനന്തതയെക്കുറിച്ചെഴുതാനോ?
ഒരു കല്പണിക്കാരൻ പുരപ്പുറത്തു നിന്നു വീണ് ഉച്ചയൂണു ബാക്കിയാക്കി മരിച്ചുപോകുന്നു.
അതു കഴിഞ്ഞും ഞാൻ രൂപകങ്ങളിൽ പുതുമ വരുത്താൻ പോകണോ?
ഒരു കടക്കാരൻ തൂക്കത്തിൽ ഒരു ഗ്രാം കുറവു വരുത്തുന്നു.
എങ്ങനെ ഞാൻ പിന്നെ നാലാം മാനത്തെക്കുറിച്ചെഴുതും?
ഒരു ബാങ്കർ വരവുചെലവുകണക്കിൽ തട്ടിപ്പു കാണിക്കുന്നു.
ഏതു മുഖം വച്ചു ഞാനിനി നാടകം കണ്ടു കണ്ണീരൊലിപ്പിക്കും?
സമൂഹം ഭ്രഷ്ടനാക്കിയ ഒരാൾ മലർന്നുകിടന്നുറങ്ങുന്നു.
ഇനിയെനിക്കു പിക്കാസോയെക്കുറിച്ചു സംസാരിക്കാൻ പറ്റുമോ?
തേങ്ങിക്കരഞ്ഞും കൊണ്ടൊരാൾ ഒരു ശവമടക്കിൽ സംബന്ധിക്കുന്നു.
എങ്ങനെ പിന്നെ ഞാന്‍ അക്കാദമിയിൽ അംഗമാകാൻ?
ഒരാൾ മുറിക്കുള്ളിലിരുന്നു തോക്കു തുടച്ചു മിനുക്കുന്നു.
മരണാനന്തരജീവിതത്തെക്കുറിച്ചു സംസാരിക്കുന്നതിലെന്തു കാര്യം?
വിരലിൽ എണ്ണമെടുത്തുകൊണ്ടൊരാൾ നടന്നുപോകുന്നു.
അലറിക്കരഞ്ഞുകൊണ്ടല്ലാതെ ഞാനല്ലാത്തവരെക്കുറിച്ചെങ്ങനെ പറയും?
(1937 നവംബർ 5)
No comments:
Post a Comment