അങ്ങു മുകളിൽ മേഘങ്ങൾക്കിടയിലെവിടെയോ
എന്റെ മരണത്തെ ഞാൻ കണ്ടുമുട്ടുമെന്നെനിക്കറിയാം.
ഞാൻ പൊരുതുന്നവരോടൊരു വെറുപ്പുമെനിക്കില്ല,
ഞാൻ സംരക്ഷിക്കുന്നവരോടെനിക്കു സ്നേഹവുമില്ല..
കിൽട്ടാർട്ടൻ ക്രോസ്സാണെന്റെ ജന്മദേശം,
കിൽട്ടാർട്ടനിലെ പാവങ്ങളാണെന്റെ ദേശക്കാർ.
എന്റെ മരണം കൊണ്ടവർക്കൊരു നഷ്ടവുമുണ്ടാവില്ല,
ഉള്ളതിലധികം സന്തോഷമവർക്കുണ്ടാവുകയുമില്ല.
നിയമമല്ല, എന്നെ പടയ്ക്കു പറഞ്ഞയച്ചതു കടമയല്ല,
നേതാക്കളല്ല, ആർത്തട്ടഹസിക്കുന്ന ജനക്കൂട്ടവുമല്ല.
ഒരേകാന്തനിമിഷത്തിൽ പൊടുന്നനേയൊരു പ്രചോദനം-
മേഘങ്ങളിലെ വിക്ഷുബ്ധതയിലേക്കെന്നെപ്പായിച്ചതതായിരുന്നു.
എല്ലാം ഞാനോർത്തുനോക്കി, എല്ലാം ഞാൻ കണക്കു കൂട്ടി:
വ്യർത്ഥമാണിനി വരാനുള്ള കാലമെന്നെനിക്കു തോന്നി,
വ്യർത്ഥമായിരുന്നു, കഴിഞ്ഞ കാലവുമെന്നെനിക്കു തോന്നി.
ഈ ജീവിതത്തിനു നിരക്കുന്നതു തന്നെ, ഈ മരണവും.
(1919)
No comments:
Post a Comment