Monday, June 30, 2014

റഫായെൽ ഗിയേൻ - ഞാൻ പറയുന്നു

b_rafael_guillen_efespfive455839-4079761.jpg_1306973099

 


പ്രണയം എന്നു ഞാൻ പറയുന്നു.
ഒരു പെൺകുട്ടി പെപ്പെർമിന്റ് കടിച്ചുപൊട്ടിച്ച്
പാതി എനിക്കു തരുന്നു.

ജീവിതം എന്നു ഞാൻ പറയുന്നു.
അതൊരു പിഴയാവരുതെന്നുറക്കെപ്പറഞ്ഞുപറഞ്ഞ്
ഒരു നൂറായിരം മനുഷ്യർക്കു തൊണ്ട കാറുന്നു.

അമ്മ എന്നു ഞാൻ പറയുന്നു.
പഴയൊരു പാട്ടെനിക്കായിപ്പാടിത്തരുന്ന ഒരു സ്ത്രീ
ഞാൻ കരയുമ്പോൾ എന്റെ മൂക്കു തുടച്ചുതരുന്നു.

എന്റെ നാടെന്നു ഞാൻ പറയുന്നു.
നീട്ടിപ്പിടിച്ച കൈക്കുമ്പിളിൽ ചോരയുമായി ഒരു ചെറുപ്പക്കാരൻ
അതു തുടങ്ങിവച്ചതു താനല്ലെന്നു പറയുന്നു.

മരണം എന്നു ഞാൻ പറയുന്നു.
പാതിരയ്ക്കാളൊഴിഞ്ഞ തെരുവുകളിലൂടെ
നോട്ടറിയെത്തേടി ഒരാളോടിപ്പോകുന്നു.

വിശ്വാസം എന്നു ഞാൻ പറയുന്നു.
ഒരു മുന്തിയ ശവഘോഷയാത്ര കടന്നുപോകുമ്പോൾ
പുരോഹിതൻ ശിരോവസ്ത്രം മാറ്റി ദൈവത്തിലേക്കു കണ്ണുയർത്തുന്നു.

ദൈവം എന്നു ഞാൻ പറയുന്നു.
സർവതും മൌനമായി എന്നെ നിരീക്ഷിക്കുന്നു.


 

 

No comments: