Saturday, June 28, 2014

ബോർഹസ് - കുരിശേറിയ ക്രിസ്തു

images

 


കുരിശേറിയ ക്രിസ്തു; അവന്റെ പാദം മണ്ണു തൊടുന്നില്ല.
മൂന്നു കുരിശുകൾക്കും ഒരേ ഉയരം.
അവൻ നടുവിലല്ല. അവൻ മൂന്നാമൻ മാത്രം.
കറുത്ത താടി അവന്റെ നെഞ്ചുരുമ്മുന്നു.
ചിത്രങ്ങളിൽ കണ്ടു പരിചയമായതല്ല അവന്റെ മുഖം.
നിശിതമാണത്, ജൂതന്റേതാണത്. ഞാനവനെ കാണുന്നില്ല.
ഈ മണ്ണിൽ എന്റെ കാലടി പതിയുന്ന അവസാനനാൾ വരെയും
ഞാനവനെ തേടിനടക്കും.
ആ തകർന്ന മനുഷ്യൻ വേദന തിന്നുകയാണ്‌,
അവൻ മിണ്ടുന്നില്ല.
തറച്ചിറങ്ങിയ മുൾക്കിരീടം അവനെ പീഡിപ്പിക്കുന്നു.
ആൾക്കൂട്ടത്തിന്റെ ആർപ്പുവിളികൾ അവനിലേക്കെത്തുന്നില്ല.
അവരവന്റെ യാതനകൾ പലവേളകളിൽ കണ്ടിരിക്കുന്നു.
അവന്റെ അല്ലെങ്കിൽ മറ്റൊരാളിന്റെ. രണ്ടും ഒന്നു തന്നെ.
കുരിശേറിയ ക്രിസ്തു. കലങ്ങിയ മനസ്സോടെ അവനോർക്കുന്നു
ഒരുപക്ഷേ തന്നെ കാത്തിരിക്കുന്ന ദൈവരാജ്യത്തെപ്പറ്റി,
തന്റേതാകാതെപോയ സ്ത്രീയെപ്പറ്റി.
അവനു കാണാൻ വിധിച്ചിട്ടുള്ളതല്ല, ദൈവശാസ്ത്രം,
പൊരുളു തിരിയാത്ത ത്രിത്വം, നോസ്റ്റിക്കുകൾ,
ഭദ്രാസനപ്പള്ളികൾ, ഒക്കാമിന്റെ ഖഡ്ഗം,
പട്ടവും തൊപ്പിയും കുർബാനമുറകളും,
വാളിന്മേൽ ഗത്രമിന്റെ മാനസാന്തരം,
മതദ്രോഹവിചാരണകൾ, രക്തസാക്ഷികളുടെ ചോര,
കിരാതമായ കുരിശുയുദ്ധങ്ങൾ, ജൊവാൻ ഒഫ് ആർക്,
സൈന്യങ്ങളെ ആശീർവദിച്ചുവിടുന്ന വത്തിക്കാൻ.
അവനറിയാം, താൻ ദേവനല്ലെന്ന്,
ആ പകലിനൊപ്പം മരിക്കുന്ന മനുഷ്യനാണെന്ന്.
രണ്ടായാലും അവനതു പ്രശ്നമല്ല.
അവന്റെ പ്രശ്നം ആ കാരിരുമ്പാണികളാണ്‌.
അവൻ റോമാക്കാരനല്ല. അവൻ ഗ്രീക്കുകാരനല്ല.
അവൻ വിതുമ്മിക്കരയുന്നു.
അവൻ നമുക്കു തന്നിട്ടു പോയത്
ഉജ്ജ്വലമായ ചില ഉപമകളും
ഭൂതകാലത്തെ റദ്ദു ചെയ്യാൻ സമർത്ഥമായ
ഒരു മാപ്പുകൊടുക്കൽ സിദ്ധാന്തവും
(ഒരു ഐറിഷുകാരൻ തന്റെ തടവറയുടെ ചുമരിൽ
കുറിച്ചിട്ടതാണ്‌ മേല്പറഞ്ഞ വാചകം.)
ആത്മാവു തിടുക്കത്തോടെ അതിന്റെ അന്ത്യം തേടുന്നു.
ഇരുട്ടു വീണുകഴിഞ്ഞു. അവൻ മരിച്ചുകഴിഞ്ഞു.
അനക്കമറ്റ ഉടലിൽ ഒരീച്ച ഇഴഞ്ഞുകേറുന്നു.
ഈ മനുഷ്യൻ യാതനപ്പെട്ടുവെങ്കിൽ
ഈ നിമിഷം യാതനപ്പെടുന്ന എനിക്കതുകൊണ്ടെന്തു ഗുണം?

(1984)



നോസ്റ്റിക്കുകൾ Gnostics)- അന്തഃപ്രജ്ഞയാണ്‌ ആത്മാവിന്റെ മോക്ഷത്തിനുള്ള വഴിയെന്നു വാദിച്ചിരുന്ന രണ്ടാം നൂറ്റാണ്ടിലെ ദാർശനികർ. ആ പ്രജ്ഞ ഭൂമിയിൽ അവതരിച്ചതാണ്‌ ക്രിസ്തു എന്ന് അവരിൽ ചിലർ വിശ്വസിച്ചിരുന്നു.

ഒക്കാമിന്റെ ഖഡ്ഗം (Ockam’s Razor) -പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രൻസിസ്കൻ പാതിരിയും താർക്കികനുമായ ഒക്കാമിലെ വില്ല്യമിന്റേതായി കരുതപ്പെടുന്ന സിദ്ധാന്തം. ആധുനികശാസ്ത്രത്തിൽ അതിങ്ങനെയാണ്‌: “ ഒരേ പ്രവചനം നല്കുന്ന രണ്ടു സിദ്ധാന്തങ്ങളുണ്ടെങ്കിൽ അതിൽ ലളിതമായതിനെ സ്വീകരിക്കുക.” ശാസ്ത്രത്തിൽ നിന്ന് അനാവശ്യമായ ദാർശനികവിവക്ഷകൾ ഒഴിവാക്കാൻ ഈ പ്രമാണം ഉപയോഗപ്പെടും.

ഗത്രം (Guthrum)- ഒമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡാനിഷ് രാജാവ്; വെസെക്സിലെ ആല്ഫ്രഡ് രാജാവുമായുള്ള യുദ്ധത്തിൽ തോറ്റതിനെത്തുടർന്ന് ക്രിസ്തുമതം സ്വീകരിച്ചു.


No comments: