Thursday, June 26, 2014

സെസർ വയെഹോ - എന്റെ സഹോദരൻ മിഗുവേലിന്‌

 

vallejo

 


(ഓർമ്മക്കായി)

സഹോദരാ, വീട്ടുപടിക്കലെ കല്ലുബഞ്ചിൽ ഞാനിരിക്കുന്നു,
എത്ര അഗാധമായൊരു ഗർത്തമാണു നീയവിടെ വിട്ടുപോയത്!
ഈ നേരത്തു നാമോടിക്കളിക്കാറുള്ളതു ഞാനോർക്കുന്നു,
തലയിൽ തലോടിക്കൊണ്ടു മമ്മ പറയാറുള്ളതും: “മതി, പിള്ളേരെ...”

അന്നെന്നപോലെ ഞാനൊളിച്ചിരിക്കാൻ പോകുന്നു,
ഈ സായാഹ്നപ്രാർത്ഥനകളിൽ നിന്നും,
നീയെന്നെ കണ്ടുപിടിക്കില്ലെന്നു ഞാനാശിക്കുന്നു.
വരാന്തയിൽ, കോണിക്കടിയിൽ, ഇടനാഴിയിൽ.
പിന്നെ, നീ ഒളിച്ചിരിക്കുന്നു, ഞാൻ നിന്നെ കണ്ടുപിടിക്കുന്നുമില്ല.
ആ ഒളിച്ചുകളിയിൽ, സഹോദരാ,
നാമന്യോന്യം കരയിച്ചിരുന്നുവെന്നും ഞാനോർക്കുന്നു.

മിഗുവേൽ, ഒരാഗസ്റ്റുമാസരാത്രിയിൽ, പുലരാൻ നേരത്ത്
നീ ഒളിച്ചിരിക്കാൻ പോയി;
ചിരിച്ചും കൊണ്ടൊളിക്കുന്നതിനു പകരം പക്ഷേ,
അന്നു നീ വിഷാദവാനായിരുന്നു...
കഴിഞ്ഞുപോയ ആ സായാഹ്നങ്ങളിൽ
നിന്റെ ഇരട്ടഹൃദയമായിരുന്ന ഒരാൾ
ഇന്നു നിന്നെ തേടിത്തേടി തളർന്നുപോയിരിക്കുന്നു.

നോക്ക്, സഹോദരാ, പുറത്തു വരാൻ ഇനി വൈകരുതേ,
മമ്മായുടെ മനസ്സു വിഷമിക്കില്ലേ?


(മരിച്ചുപോയ ജ്യേഷ്ഠൻ മിഗുവേലിന്റെ ഓർമ്മക്കായി എഴുതിയത്)


No comments: