Tuesday, June 24, 2014

ഗുസ്താവ് അഡോൾഫോ ബക്വെർ - നിഴലുകൾ വാഴുന്ന രാത്രിയിൽ...

 

Ernst_Ludwig_Kirchner_-_Der_Kuss_-1930


നിഴലുകൾ വാഴുന്ന രാത്രിയിൽ
നീയറിഞ്ഞുകാണുമോ,
ഒച്ച താഴ്ത്തിയൊരു ഗാനം,
തേങ്ങുന്നൊരു വിപുലശോകം?

നിന്റെ കാതിലെങ്ങാനും പെട്ടുവോ,
കമ്പി പൊട്ടിയ വീണയിന്മേൽ
എന്റെ മരിച്ച കൈകൾ തുടങ്ങിവച്ച
ഒരു മൌനവിഷാദത്തിന്റെ സ്വരങ്ങൾ?

നിന്റെ ചുണ്ടിൽ നീയറിഞ്ഞുവോ,
ഒരു കണ്ണീർത്തുള്ളി നനവു പകരുന്നതായി,
മഞ്ഞു പോലെന്റെ വിരലുകൾ
നിന്റെ പനിനീർപ്പൂവിരലുകളെ കവരുന്നതായി?

സ്വപ്നങ്ങളിൽ നീ കണ്ടിരുന്നില്ലേ,
വായുവിലൊരു നിഴലലയുന്നതായി?
കിടപ്പറയിലൊരു സ്ഫോടനം പോലെ
ചുണ്ടുകളിലൊരു ചുംബനം നീയറിഞ്ഞില്ലേ?

എന്റെ പ്രാണനേ, ഞാനാണയിട്ടു പറയട്ടെ,
കാതരയായി നിന്നെ ഞാനെന്റെ കൈകളിൽ കണ്ടു;
മുല്ലപ്പൂ മണക്കുന്ന നിന്റെ നിശ്വാസം ഞാൻ കൊണ്ടു,
എന്റെ ചുണ്ടിൽ നിന്റെ ചുണ്ടമരുന്നതും ഞാനറിഞ്ഞു.

(റീമ-91)


No comments: