ഒരായിരം വാതിലുകൾ തുറക്കുന്ന
ചാവി പോലെയാവട്ടെ കവിത.
ഒരില കൊഴിയുന്നു; ഇനിയൊന്നു പറന്നുപോകുന്നു.
കണ്ണുകൾ കാണുന്നതെന്തും സൃഷ്ടിയാവട്ടെ.
കേൾവിക്കാരന്റെ ഹൃദയം പിടയട്ടെ.
നവലോകങ്ങൾ കണ്ടെത്തുക,
വാക്കുകളിൽ ജാഗ്രത പാലിക്കുക.
ജീവൻ നല്കാനല്ലെങ്കിൽ പിന്നെ
വിശേഷണങ്ങൾ ജീവനെടുക്കും.
ഞരമ്പുകളുടെ കാലത്താണു
നാം ജീവിക്കുന്നത്.
മാംസപേശികൾ
കാഴചബംഗ്ളാവുകളിൽ തൂങ്ങിക്കിടക്കുന്നു,
ഓർമ്മകളെപ്പോലെ.
അതുകൊണ്ടു പക്ഷേ,
നാം ബലം കെട്ടവരായി എന്നല്ല.
ഓജസ്സ് തലയ്ക്കുള്ളിലത്രെ.
കവികളേ,
എന്തിനു നിങ്ങൾ പനിനീർപ്പൂക്കളെക്കുറിച്ചു പാടുന്നു?
നിങ്ങളുടെ വരികളിൽ അവ വിരിയട്ടെ.
സൂര്യനു ചുവട്ടിലുള്ളതെല്ലാം
നമുക്കുള്ളതല്ലേ.
കവി ഒരു ചെറുകിടദൈവമാണ്.
Vicente Huidobro (1893-1948)- ചിലിയൻ കവി. വസ്തുക്കളെ വിവരിക്കുകയല്ല, അവയ്ക്കു ജീവൻ നല്കുകയാണു കവിതയിൽ ചെയ്യേണ്ടതെന്ന “സൃഷ്ടിവാദം” എന്ന കാവ്യസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്.
No comments:
Post a Comment