ഇരയോ വേട്ടക്കാരനോ- ഇതിലൊന്നല്ലാതെ മറ്റൊന്നു തിരഞ്ഞെടുക്കാനില്ലാത്ത ഒരു ലോകത്താണ് (1945) നാം ജീവിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് എളുപ്പവുമല്ല. വാസ്തവത്തിൽ വേട്ടക്കാരില്ല, ഇരകളേയുള്ളു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്നു പറഞ്ഞാൽ, കണക്കെടുപ്പിന്റെ ഒടുവിൽ. ഈ സത്യം പക്ഷേ പരക്കെ അറിയപ്പെടുന്നതല്ല.
എത്രയും കടുത്ത ഒരാർത്തിയാണ് സ്വാതന്ത്ര്യത്തിനോട് എനിക്കുള്ളത്. പക്ഷേ ഏതു ബുദ്ധിജീവിക്കും സ്വാതന്ത്ര്യമെന്നാൽ അഭിപ്രായസ്വാതന്ത്ര്യമെന്നേയുള്ളു. എന്നാൽ വലിയൊരു വിഭാഗം യൂറോപ്പുകാർക്കും ആ ഉത്ക്കണ്ഠയല്ല പ്രഥമപരിഗണനയിൽ വരുന്നതെന്ന് എനിക്കു നന്നായറിയാം; എന്തെന്നാൽ നീതിക്കേ കഴിയൂ, അവർക്കെത്രയും ആവശ്യമായ ഏറ്റവും ചുരുങ്ങിയ ഭൌതികസാഹചര്യങ്ങൾ നല്കാൻ; തെറ്റോ ശരിയോ ആവട്ടെ, ആ പ്രാഥമികനീതിക്കായി അവർ സ്വമേധയാ സ്വാതന്ത്ര്യം വേണ്ടെന്നു വയ്ക്കുകയും ചെയ്യും.
ഏറെക്കാലമായി എനിക്കറിവുള്ളതാണിത്. സ്വാതന്ത്ര്യവും നീതിയും തമ്മിലുള്ള അനുരഞ്ജനത്തെ പിന്തുണയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്കു തോന്നുന്നുവെങ്കിൽ പാശ്ചാത്യലോകത്തിന്റെ അവസാനത്തെ പ്രതീക്ഷ അതിലാണ് ഞാൻ കാണുന്നത് എന്നതു കൊണ്ടാണത്. പക്ഷേ ആ അനുരഞ്ജനം നടക്കാനാവശ്യമായ കാലാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ സ്വപ്നമായി അവശേഷിക്കും എന്നാണ് എന്റെ അഭിപ്രായം. ആ മൂല്യങ്ങളിൽ ഒന്നല്ലെങ്കിൽ മറ്റൊന്നിനെ നാം ബലി കഴിക്കേണ്ടി വരുമോ? അങ്ങനെ വേണ്ടിവന്നാൽ എങ്ങനെയായിരിക്കണം നമ്മുടെ ആലോചനകൾ?
ജനങ്ങൾക്കു വേണ്ടി സംസാരിക്കുക നിയോഗമായി ഏറ്റെടുത്തവർ സ്വാതന്ത്ര്യത്തെ കാര്യമായി പരിഗണിച്ചിട്ടേയില്ല എന്നിടത്തു നിന്നാണ് സർവതിന്റെയും തുടക്കം. ആർജ്ജവമുള്ളവരാണെങ്കിൽ തങ്ങൾ അതിനെതിരാണെന്ന് അവർ വീമ്പു പറയുകയും ചെയ്യും. പക്ഷേ അതിനൊരു പരിഗണന കൊടുത്തിരുന്നെങ്കിൽ അതു തന്നെ മതിയാകുമായിരുന്നു...
അതിനാൽ, ഈ കുറ്റബോധവുമായി ജീവിക്കുന്നവർ , അവർ വളരെ വിരളവുമാണ്, ഇന്നല്ലെങ്കിൽ നാളെ സ്വജീവൻ കൊടുക്കേണ്ടിവരും. (ഇക്കാര്യം വരുമ്പോൾ മരണത്തിനു പല വഴികളുണ്ട്.) അഭിമാനികളാണവരെങ്കിൽ ഒന്നു പൊരുതാൻ നില്ക്കാതെ അവർ കീഴടങ്ങുകയില്ല. പക്ഷേ, സ്വന്തം സഹോദരങ്ങൾക്കെതിരെ, നീതി എന്ന സങ്കല്പത്തിനെതിരെ എങ്ങനെയാണവർ പൊരുതുക? അവർ സാക്ഷികളാവും, അത്രമാത്രം. രണ്ടായിരം കൊല്ലം കഴിഞ്ഞാൽ സോക്രട്ടീസിന്റെ ബലി പിന്നെയും പിന്നെയും നമുക്കു കണ്ടുനില്ക്കാം. നാളത്തെ പരിപാടി: സ്വാതന്ത്ര്യത്തിനു സാക്ഷി പറഞ്ഞവരുടെ ഭവ്യവും സാർത്ഥകവുമായ വധശിക്ഷ കാണാൻ പോവുക.
(നോട്ടുബുക്കുകൾ- 1942-51)
1 comment:
സ്വാതന്ത്ര്യത്തിനു സാക്ഷിപറഞ്ഞവരുടെ വധശിക്ഷ
നടന്നുതുടങ്ങിയിട്ടുണ്ട്!!!
Post a Comment