Wednesday, June 11, 2014

ലോർക്ക - കിഴക്കൻ പാട്ട്

 

A-Pomegranate

 


വാസനിക്കുന്ന മാതളം
പരലുരൂപമായ ഒരാകാശം.
(ഓരോ കുരുവും ഒരു നക്ഷത്രം,
ഓരോ പാളിയും ഒരസ്തമയം.)
കാലത്തിന്റെ വളർനഖങ്ങൾ ഞെരുക്കിച്ചുരുക്കിയ
വരണ്ടുണങ്ങിയ ആകാശം.

ഒരു മുല പോലെയാണു മാതളം,
പ്രായം ചെന്നതും ചുളിഞ്ഞതും.
നാട്ടുപാടങ്ങൾക്കു വെളിച്ചമേകാൻ
അതിന്റെ മുലക്കണ്ണൊരു നക്ഷത്രം.

അതൊരു കുഞ്ഞുതേൻകൂട്,
സ്ത്രീകളുടെ ചുണ്ടുകൾ കൊണ്ടാണു
തേനീച്ചകളതു കൂട്ടിയതെന്നതിനാൽ
ചോരച്ചുവപ്പായ തേനറകളുമായി.
അതുകൊണ്ടല്ലേ, പൊട്ടിത്തുറക്കുമ്പോൾ
ഒരായിരം ചുണ്ടുകളുടെ ചുവപ്പുമായി
അതു പൊട്ടിച്ചിരിക്കുന്നതും.

മാതളം, വിത കഴിഞ്ഞ പാടത്തു തുടിക്കുന്ന ഹൃദയം,
കിളികൾ കൊത്താൻ മടിക്കുന്ന
അവജ്ഞ നിറഞ്ഞ ഹൃദയം,
മനുഷ്യന്റെ തൊലിക്കട്ടിയുള്ള ഹൃദയം,
എന്നാലതു തുളച്ചുകേറുന്നവനതു നല്കുന്നു,
മേയ്മാസത്തിന്റെ പരിമളവും ചോരയും.
പാടത്തെ കിഴവൻ ഭൂതം കാക്കുന്ന
നിധിയാണു മാതളം,
കാടിന്റെ ഏകാന്തതയിൽ വച്ചു
റോസപ്പെണ്ണിനോടു സംസാരിച്ച ഭൂതം,
വെള്ളത്താടിയും ചുവന്ന അങ്കിയുമുള്ള ഭൂതം.
മരത്തിന്റെ പച്ചിലകൾ കാത്തുവയ്ക്കുന്ന
നിധിയാണത്,
നിറം കെട്ട പൊന്നിന്റെ ഗർഭപാത്രത്തിൽ
അനർഘരത്നങ്ങളുടെ ഒരു ഖജാന.

ഗോതമ്പുകതിർ അപ്പമാണ്‌.
ജീവിതവും മരണവും കൊണ്ടു
തൊട്ടറിയാവുന്നവനായ ക്രിസ്തു.

ഒലീവുമരം ദാർഢ്യമാണ്‌,
ബലത്തിന്റെയും യത്നത്തിന്റെയും.

ആപ്പിൾ മാംസളമായ കാമം,
പാപത്തിന്റെ സ്ഫിങ്ക്സ് ഫലം,
സാത്താന്റെ സ്പർശം മാറാത്ത
യുഗങ്ങൾ പഴകിയ ഒരു തുള്ളി.

ഓറഞ്ച് മലിനപ്പെട്ട പൂവിന്റെ വിഷാദം,
മുമ്പു നിർമ്മലവും വെണ്മയുമായതൊന്ന്
പിന്നെ സുവർണ്ണവും ആഗ്നേയവുമായതല്ലേ അത്.

വേനലിൽ സാന്ദ്രമാകുന്ന ആസക്തിയാണ്‌
മുന്തിരിപ്പഴങ്ങൾ;
അവയെ ആശീർവദിച്ചിട്ടല്ലോ,
തിരുസഭ അതിൽ നിന്നും
ഒരു വിശുദ്ധപാനീയം വാറ്റിയെടുക്കുന്നതും.

ചെസ്റ്റ്നട്ടുകൾ കുടുംബസമാധാനം.
കാലപ്പഴക്കം ചെന്ന വസ്തുക്കൾ.
കത്തുന്ന വിറകിന്റെ പൊട്ടലും വെടിക്കലും.
വഴി തെറ്റിയ തീർത്ഥാടകർ.

ഓക്കിൻകായ പഴമയുടെ സൌമ്യകാവ്യം,
ആരോഗ്യത്തിന്റെ പൊൻനിറം തടവിയ വൃത്തിയും വെടിപ്പും.

മാതളം പക്ഷേ, രക്തമാണ്‌,
ആകാശത്തിന്റെ വിശുദ്ധരക്തം.
വെള്ളച്ചാലിന്റെ സൂചി തുളച്ചുകേറിയ മണ്ണിന്റെ രക്തം.
പരുക്കൻമലകൾ വീശിവരുന്ന കാറ്റിന്റെ രക്തം.
അലയടങ്ങിയ കടലിന്റെ രക്തം,
മയങ്ങുന്ന തടാകത്തിന്റെ രക്തം.
നമ്മുടെ ധമനികളിലൊഴുകുന്ന രക്തത്തിന്റെ പ്രാഗ്ചരിത്രം,
രക്തത്തിന്റെ പ്ലേറ്റോണിക് ആദിരൂപം.

പിളർന്ന മാതളമേ!
മരത്തിലൊരു തീനാളമാണു നീ,
വീനസിന്റെ നേർപെങ്ങൾ,
കാറ്റു വീശുന്ന തോപ്പിന്റെ ചിരി.
പൂമ്പാറ്റകൾ നിന്നെ വലം വയ്ക്കുന്നു,
അവർ കരുതുന്നു ഭ്രമണം നിലച്ച സൂര്യനാണു നീയെന്ന്,
എരിഞ്ഞുപോകുമെന്ന ഭീതിയാൽ
പുഴുക്കൾ നിന്നെ വിട്ടു പായുന്നു.

ജീവന്റെ വെളിച്ചമാണു നീ,
കനികളിൽ പെൺജാതി.
ചോലയെ പ്രേമിക്കുന്ന കാട്ടിൽ
ദീപ്തമായ സാന്ധ്യതാരം.

ഞാനും നിന്നെപ്പോലായിരുന്നെങ്കിൽ, കനിയേ,
നാട്ടുപാടം നിറയ്ക്കുന്നൊരുത്കടവികാരം!imagesb

(1920)


 

 

No comments: