Thursday, August 28, 2014

മഹമൂദ് ഷബിസ്തരി(1250-1340)

Shabistar_sm

 

പേഴ്സ്യൻ സൂഫിസത്തിലെ മഹത്തായ കൃതികളിലൊന്നാണ്‌ പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹമൂദ് ഷബിസ്തരി എഴുതിയ ഗുലിസ്താൻ ഇ- റാസ് (പനിനീർപ്പൂക്കളുടെ നിഗൂഢോദ്യാനം). മംഗോളുകളുടെ അധിനിവേശം കൊണ്ടു പ്രക്ഷുബ്ധമായ ഇറാനിയൻ ചരിത്രസന്ധിയിലിരുന്നുകൊണ്ടാണ്‌ ഷബിസ്തരി ആത്മസാക്ഷാല്ക്കാരമെന്തെന്ന് മനോഹരമായ കാവ്യഭാഷയിലൂടെ ആവിഷ്കരിക്കുന്നത്.



1. ഒരേ വെളിച്ചം

‘ഞാനും’ ‘നീ’യുമെന്നാൽ?
പല പഴുതുകളിലൂടെ പ്രസരിക്കുന്ന
ഒരേ വിളക്കിന്റെ വെളിച്ചം.
‘ഞാനും’ ‘നീ’യുമെന്നാൽ
ഭൂമിയ്ക്കും ആകാശത്തിനുമിടയിൽ
വീണുകിടക്കുന്ന മൂടുപടം.
മൂടുപടമൊന്നുയർത്തിനോക്കൂ,
പല മതങ്ങളൊന്നെന്നു നിങ്ങൾ കാണും.
ആ മൂടുപടമുയരുമ്പോൾ
നിങ്ങൾ തന്നോടു തന്നെ ചോദിക്കും:
‘ഞാനും’ ‘നീ’യുമില്ലെങ്കില്പിന്നെ
എന്തു നിസ്കാരപ്പള്ളി?
എന്തു ജൂതപ്പള്ളി?
എന്തഗ്നിദേവാലയം?


2. ലഹരി


ഒരിറക്കു പോലും ബാക്കി വയ്ക്കാതെ
തെളിമദിര ഞാൻ മോന്തിക്കുടിച്ചു,
പൊടിമണ്ണിൽ ചെന്നു ഞാൻ ചടഞ്ഞുകിടന്നു.
ജീവനോടുണ്ടോ ഇല്ലയോയെന്ന്
അതില്പിന്നെനിക്കറിയാതെയുമായി.
സുബോധമിപ്പോൾ തീരെയില്ല,
എന്നാലെന്റെ തല പെരുത്തിട്ടുമല്ല.
ചിലനേരമെന്നിലാനന്ദം നിറയുന്നു,
അന്നേരം ഞാനവന്റെ കണ്ണുകൾ പോലെ;
ചിലനേരം കാറ്റത്തെന്നപോലുലയുന്നു,
അന്നേരം ഞാനവന്റെ ചുരുൾ മുടി പോലെ.
ചിലനേരം- കഷ്ടമേ!- ഇതു നോക്കൂ,
ഞാനൊരു കുപ്പക്കൂനയിൽ വീണുകിടക്കുന്നു!
ചിലനേരം, അവന്റെയൊരു കടാക്ഷം മതി,
പനിനീർപ്പൂക്കൾക്കിടയിലാണു ഞാൻ!



3. ഒരു തുള്ളി വെള്ളം

പ്രപഞ്ചമെന്നാൽ ആദ്യന്തമൊരു ദർപ്പണമെന്നറിയുക,
ഓരോ അണുവിലുമൊളിച്ചിരുപ്പുണ്ടു നൂറു സൂര്യന്മാരെന്നുമറിയുക.
ഒരേയൊരു തുള്ളി വെള്ളത്തിന്റെ ഹൃദയമൊന്നു പിളർന്നുനോക്കൂ,
ഒരു നൂറു വൻകടലുകളതിൽ നിന്നൊഴുകുമല്ലോ.
ഒരേയൊരു മൺപൊടിയിലിമ വെട്ടാതൊന്നു നോക്കൂ,
ഒരായിരമുരുവങ്ങളതിൽ പുളയുന്നതു നിങ്ങൾ കാണും.
കടന്നലിനുമാനയ്ക്കും കൈകാലുകളൊന്നു തന്നെ,
ഒരു വെള്ളത്തുള്ളിയ്ക്കും നൈലിനും പേരൊന്നു തന്നെ.
ഒരു ബാർലിയരിയിൽ ഒരു നൂറു വിളവെടുപ്പുകളുണ്ട്,
ഒരു കടുകുമണിയിൽ ഒരു ലോകമങ്ങനെയുണ്ട്.
ഒരു പ്രാണിച്ചിറകിൽ ഒരു ജീവിതസാഗരമുണ്ട്,
ഒരു കൃഷ്ണമണിയിൽ ഒരു നിഗൂഢസ്വർഗ്ഗവുമുണ്ട്.
ഒരു സൂചിപ്പഴുതു പോലുമല്ല ഹൃദന്തമെന്നാവട്ടെ,
ഇരു ലോകങ്ങൾക്കും നാഥനതു തന്നെ ധാരാളം.


4. മത്തു പിടിച്ചാൽ...


മദിരയുടെ മണം കൊണ്ടൊരാൾ ദാർശനികനായി,
അതിന്റെ നിറം കണ്ടു മറ്റൊരാൾ കഥാകാരനായി,
പാതിയോളം മോന്തിയൊരാൾ മതഭക്തനായി,
കോപ്പ കാലിയാക്കിയവൻ കാമുകനുമായി.
പിന്നെയൊരാൾ ചഷകം തന്നെ വിഴുങ്ങി,
ഒപ്പം മദ്യശാലയും, ചഷകമേന്തിയവനെയും,
കുടിയ്ക്കാനവിടെ വന്നുകൂടിയ കുടിയന്മാരെയും.
എന്നിട്ടുമയാളുടെ വായ തുറന്നുതന്നെയിരുന്നു.



5. ***

ലോകത്തു തൂപ്പുകാരില്ലായിരുന്നുവെങ്കിൽ
അതെന്നേ പൊടി കൊണ്ടു മൂടിയേനെ.

Wednesday, August 27, 2014

അന്ന കാമിയെൻസ്ക - നോട്ടുബുക്കുകൾ

 

anna kamienska


1967

മരണം മുന്നിൽ വരുമ്പോൾ എല്ലാ വാക്കുകളും നുണകളാകുന്നു, എല്ലാ പ്രതീക്ഷകളും നുണകളാണെന്നതിനാൽ. ഒരു മൺകട്ട, ഒരു കല്ല്, ദാഹിക്കുന്നൊരു പച്ചപ്പ് അവ നുണ പറയുന്നില്ല.
*

1968

വാക്കുകളെ ഏറ്റവുമധികം ഭയക്കുന്നവർ അവയുടെ ഭാരമറിയുന്നവർ തന്നെയായിരിക്കും: വാക്കു തന്നെ വാസ്തവമായ എഴുത്തുകാർ, കവികൾ.

*
എഴുതപ്പെടാത്ത കവിതകൾ എവിടെയോ കാത്തുകിടക്കുന്നു, ആരുടെയും കണ്ണിൽ പെടാത്ത ഏകാന്തവാപികൾ കണക്കെ.
*
മരംവെട്ടിയുടെ കൈ മഴുവിനു തരിക്കുമ്പോലെ എന്റെ കൈ എഴുതാനുഴറുന്നു. എനിക്കു ജീവനുണ്ടെന്നോർമ്മപ്പെടുത്താൻ അതേയുള്ളു.
*
1970

ഞാൻ ഒരു കവിത എഴുതാൻ തുടങ്ങി. വൈകിയില്ല, കവിത എന്നെ എഴുതാൻ തുടങ്ങി.
*
ഓരോ നാളിനെയും നമ്മോടുള്ള ഒരു ചോദ്യമായിട്ടെടുക്കുക. നിങ്ങളെ- അതിനുള്ള മറുപടിയായും.
*
നമുക്കു പ്രിയപ്പെട്ടൊരാളിന്റെ മരണത്തിനു മുന്നിൽ ഒരേപോലെ നിസ്സഹായരാണ്‌ ‘വിശ്വാസി’യും ‘അവിശ്വാസി’യും. ഒരു ജനം എന്ന രീതിയിൽ നമ്മെ ഏറ്റവുമധികം ഇണക്കുന്നതതാണ്‌. അതിനാൽ, ബലമല്ല, ബലഹീനത, നിസ്സഹായത, ഭയം, മരണം. ആഹ്ളാദങ്ങളിലേ നാം വ്യത്യസ്തരാകുന്നുള്ളു. വേദനയ്ക്ക് ഒരു മുഖമേയുള്ളു. ക്രിസ്തുവിന്റെ മുഖം.

1972

താളം അച്ചടക്കത്തിന്റെ ഒരു രൂപമാണ്‌. അച്ചടക്കം ഒരു നൈതികസങ്കല്പനവും. അതിനാൽ നമുക്കിനി താളത്തിന്റെ നൈതികതയെക്കുറിച്ചും സംസാരിക്കാം.

1973

ഇപ്പോൾ മാത്രമാണ്‌, 86 വയസ്സായതിനു ശേഷമാണ്‌, തനിക്കു ദൈവവിശ്വാസം നഷ്ടപ്പെട്ടതെന്ന് മുത്തശ്ശൻ പറയുന്നു. അതൊരനുഗ്രഹമാവാം, ആരുടെ തുണയും സ്വീകരിക്കാതെ നടക്കാൻ, വിശ്വാസത്തിന്റെ വെളിച്ചം പോലുമില്ലാതെ ഇരുട്ടത്തു നിവർന്നുനില്ക്കാൻ പഠിച്ചുതുടങ്ങാൻ കഴിയുക എന്നത്. അങ്ങനെ വേണം നാം മരണത്തിലേക്കു പ്രവേശിക്കാൻ.

1974

എഴുതാൻ കഴിയാത്ത നേരത്ത് നിങ്ങൾ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. കൂടുതൽ പ്രധാനമായൊരു പാഠം മറ്റൊരാൾ നമ്മിലെഴുതുകയാണ്‌ ആ നേരത്തെന്നു വരാം.
*

ചെറിയ നിർഭാഗ്യങ്ങൾ സംഭവിക്കും- അതു നിങ്ങളുടെ കണ്ണിരിനർഹമല്ല.
വലിയ നിർഭാഗ്യങ്ങൾ സംഭവിക്കും- നിങ്ങൾ കരയാൻ മറന്നും പോകുന്നു.
(കോർസാക്ക്)
*
മനഃസാക്ഷി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു കോടതിയാണ്‌. അതൊരു ജഡ്ജി മാത്രമല്ല, പ്രതിഭാഗവും പ്രോസിക്യൂഷനും ജൂറിയുമൊക്കെയുള്ള സുസജ്ജമായ ഒരു കോടതി തന്നെയാണ്‌.

1979

കവിതയെഴുതാൻ ഭ്രാന്തിന്റെ ഒരു ലാഞ്ഛന കൂടിയേ തീരൂ. അതുകൊണ്ടാണ്‌ കവികൾ തങ്ങളുടെ സ്ഖലിതങ്ങളിലും നൈരാശ്യങ്ങളിലും പിടിച്ചുതൂങ്ങിക്കിടക്കുന്നത്.
*
കവിതകൾ പ്രളയജലം പോലെനിക്കു മേലൊഴുകി. കാട്ടുതേനീച്ചകളെപ്പോലെന്നെ വന്നു പൊതിഞ്ഞു.
*
മരണത്തെക്കുറിച്ച് കുലീനതയോടെ സംസാരിക്കാൻ ആർക്കുമറിയില്ല. അതെങ്ങനെ കേൾക്കണമെന്നും ആർക്കുമറിയുന്നില്ല.
*
മരിച്ചു കഴിഞ്ഞാൽ ആത്മാവെവിടെപ്പോകുന്നു എന്ന ചോദ്യത്തിന്‌ യാക്കോബ് ബൂമേയുടെ മറുപടി ഇതായിരുന്നു: അതിനെവിടെയും പോകേണ്ട ആവശ്യമില്ല.


Tuesday, August 26, 2014

അന്ന കാമിയെൻസ്ക - ഉടലുകൾ

 

anna kamienska (3)


ഉടലുകൾ ഭൂതങ്ങളെപ്പോലെ അപ്രത്യക്ഷമാകുന്നു
അദൃശ്യമാകുന്നു
അസ്പൃശ്യവും അസന്നിഹിതവുമാകുന്നു
കുളിത്തൊട്ടികളിൽ കണ്ടതായി
തെരുവുകളിൽ മയങ്ങിവീഴുന്നതായി
സ്ട്രെച്ചറുകളിൽ കിടന്നുലയുന്നതായി
കൈയിൽ ഒരു ഫോട്ടോയുമായി വിടവാങ്ങിപ്പോകുന്നതായി
ഒരു വാച്ചിൽ നിന്ന് ഒരു വിവാഹമോതിരത്തിൽ നിന്ന്
ഒരു കുടയിൽ നിന്നു വിടുതൽ നേടിയതായി
ഒരു വിവാഹരാത്രിയിലെന്നപോലെ മനോഹരമായി
നഗ്നമായി
ഇനിയെന്നെന്നേക്കും വിശ്വസ്ഥരായി
മൌനത്തിനിണങ്ങരായി
പിന്നെ ഒരു സ്വപ്നത്തിന്റെ ഇടവാതിലിലൂടെ
മടങ്ങുന്നവയായി
പൊടുന്നനേ സർവവ്യാപികളായി
അടങ്ങാത്ത തൃഷ്ണയാൽ ഒച്ചയില്ലാതലറിക്കരയുന്നതായി


Monday, August 25, 2014

അന്ന കാമിയെൻസ്ക - ഇയ്യോബും ഒരു സ്ത്രീയും

Job-and-his-Wife


ഇയ്യോബേ
നീ രോഗിയും ദരിദ്രനുമായിരുന്നപ്പോൾ
നിന്നെ കൈക്കൊണ്ടതു ഞാനായിരുന്നു
നോക്കൂ നിന്റെ പരുക്കൻ കുപ്പായം
ഇപ്പോഴും എന്റെ കൈയിലുണ്ട്
ചോരയുടെയും ചലത്തിന്റെയും പാടു മാറാത്ത
കൃഷിക്കാരന്റെ കുപ്പായം

ഇയ്യോബേ
യൌവനവും ആരോഗ്യവുമായി ഞാൻ നിന്നിലേക്കു വന്നു
അന്നെന്റെ സ്ത്രീധനമെത്രയെന്നു നീ ചോദിച്ചില്ല
നീ ഉറക്കത്തിൽ കിടന്നലറുമായിരുന്നു
ദൈവവുമായി നീ വഴക്കടിച്ചിരുന്നു
തീ പിടിച്ച പോലെ ഉറക്കമില്ലാതെ കിടന്നുരുളുമായിരുന്നു
ചുംബനങ്ങൾ കൊണ്ടു ഞാൻ നിന്നെ തണുപ്പിച്ചു

അത്ര മതിക്കേണ്ടൊരുപഹാരമല്ല ജീവിതമെന്നു സമ്മതിച്ചു
എന്നും നീ ആദ്യനായിരുന്നു ഏകാകിയായിരുന്നു
യാതനപ്പെടുന്നവനായിരുന്നു
ആരും മനസ്സിലാക്കാതെ പോകുന്നവനായിരുന്നു
കോപത്തിലും നിർഭാഗ്യത്തിലും മുമ്പനായിരുന്നു
കാറ്റിനെപ്പോലെ
ഞാൻ ഒരുടൽ മാത്രമായിരുന്നു
നിന്റെ വാർദ്ധക്യത്തിന്റെ രുഷ്ടതയ്ക്കു ചൂടു തന്നവൾ

ഇയ്യോബേ
ചിലനേരം ഞാൻ ഓർത്തുപോകാറുണ്ട്
ദൈവം നമ്മെ ബന്ധിച്ചതു കാരണമില്ലാതെയല്ലെന്ന്
ഉടലും കാറ്റും നല്ല പൊരുത്തമുള്ള ഇണയല്ലേ
അതിനാൽ ഇയ്യോബേ എന്നെ തള്ളിമാറ്റരുതേ
വിധിയന്ത്രം തിരിഞ്ഞുകറങ്ങുമ്പോൾ
അന്യരെപ്പോലെ പെരുമാറരുതേ
നിന്നോടൊപ്പമുണ്ടാവണമെന്നല്ലാതെ
നിന്നിൽ നിന്നൊന്നുമെനിക്കു വേണ്ട
ഒരു കാറ്റിന്റെ ഉടലാവുക എന്നത്
അതിദുഷ്കരമായ ജോലി തന്നെ

ഇത്രമേലാത്മനിയന്ത്രണത്തിന്റെ
ധാർഷ്ട്യം കലർന്നവനാവരുതേ
ഒരിക്കൽ പൊടിയിലും അഴുക്കിലും കിടന്നുരുണ്ടവനേ
തന്റേതു തന്നെയല്ല
അന്യരുടെ കണ്ണീരും പൊള്ളുമെന്നറിയുക

ഇയ്യോബ് പക്ഷേ അവളെ വിട്ടുപോയി
ദൈവം തമ്പുരാനേ എന്നു മന്ത്രിച്ചും കൊണ്ട്


Job and a Woman

by Anna Kamienska


Job
I took you in when you were sick and poor
look I still have your shirt of rough cloth
a peasant's shirt with stains of blood and pus
that won't come out
Job
I came to you young and healthy
you didn't ask then about my dowry
You often screamed in sleep
quarreled with God
At other times you tossed in sleeplessness
as in fire
I cooled you with kisses
Clearly life is not a precious enough gift
You're always the first the lonely the suffering
the not understood
the great in anger and in misfortune
like a wind
I am only a body
that warms up this fierce old age of yours
Job
sometimes I think
That God bound us for good reason
Body and wind are a well-matched couple
like one person
So don't push me away Job
when there's a change of fate
don't be like the others
I do not want anything from you
only to be with you
it's very difficult Job
to be the body of a wind
Don't be so haughty in your restraint
you who used to lie in dirt
get to know how other tears burn
not only your own
But Job left
whispering Lord Lord


On Job's Wife

Friday, August 22, 2014

കാഫ്ക - ഒരു സ്വപ്‌നം

kafka7



     ജോസഫ്‌ കെ. സ്വപ്‌നം കാണുകയായിരുന്നു.
നല്ല തെളിവുള്ള ദിവസമായിരുന്നു; ഒന്നു നടന്നാല്‍ക്കൊള്ളാമെന്ന്‌ കെ.യ്‌ക്കു തോന്നി. രണ്ടു ചുവടു വെച്ചതും പക്ഷേ, താൻ ‍ സെമിത്തേരിയിൽ എത്തിക്കഴിഞ്ഞതായി അയാൾ‍ കണ്ടു. അതിനുള്ളിലെ പാതകൾ‍ അങ്ങേയറ്റം കൃത്രിമം നിറഞ്ഞതും പ്രായോഗികമല്ലാത്ത രീതിയിൽ‍ വളഞ്ഞുപുളഞ്ഞതുമായിരുന്നു; എങ്കിലും അത്തരമൊരു പാതയിലൂടെ ഒരു കുത്തൊഴുക്കില്‍പ്പെട്ടൊലിച്ചുപോകുന്നതുപോലെ അയാൾ‍ നിലവിടാതെ തെന്നിനീങ്ങി. മൂടിയിട്ട്‌ അധികനേരമായിട്ടില്ലാത്ത ഒരു ശവക്കുഴി അങ്ങകലെക്കണ്ടതിൽ അയാൾ കണ്ണുറപ്പിച്ചു; അതിനടുത്തിറങ്ങണമെന്ന്‌ അയാൾ മനസ്സിൽ കണ്ടു. ആ മണ്‍കൂന അയാളിൽ വശീകരണത്തോളമെത്തിയ ഒരു പ്രഭാവം ചെലുത്തുകയായിരുന്നു; വേണ്ടത്ര വേഗത്തിൽ താൻ ‍ അതിനടുത്തെത്താൻ ‍ പോകുന്നില്ല എന്ന്‌ അയാള്‍ക്കു തോന്നിപ്പോയി. ഇടയ്‌ക്കിടെ അതു കണ്ണിൽ‍ നിന്നു മറഞ്ഞിരുന്നു; ചുരുളുകയും നിവരുകയും അതിശക്തിയായി തമ്മിലടിക്കുകയും ചെയ്യുന്ന പതാകകൾ‍ കാഴ്‌ച മറയ്‌ക്കുകയായിരുന്നു; പതാക വഹിക്കുന്നവര്‍ അദൃശ്യരായിരുന്നു; പക്ഷേ അവിടെ എന്തോ വലിയ ആഘോഷം നടക്കുന്നപോലെയുമായിരുന്നു.
ദൂരേക്കു കണ്ണയക്കെത്തന്നെ, അയാൾ‍ പെട്ടെന്ന്‌ അതേ മണ്‍കൂന പാതയോരത്ത്‌ തന്റെയരികിലായി കണ്ടു; സത്യത്തിൽ‍ അയാൾ അതു കടന്നുപോകേണ്ടതായിരുന്നു. അയാൾ‍ ധൃതിയിൽ പുല്‍പ്പുറത്തേക്കു ചാടിയിറങ്ങി. ഉയര്‍ത്തിയ കാലടിക്കു കീഴെ പാത ഇരച്ചുപായവെ, അയാൾ‍ നില തെറ്റി ആ മണ്‍കൂനയ്‌ക്കു നേരേ മുന്നിൽ‍ മുട്ടിടിച്ചു വീണു. ശവക്കുഴിക്കു പിന്നിലായി രണ്ടുപേര്‍‍ ഒരു സ്‌മാരകശില ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നില്‌പുണ്ടായിരുന്നു; കെ.യെ കണ്ടതും അവര്‍‍ അത്‌ മണ്ണിൽ‍ ആഞ്ഞുകുത്തി; അതവിടെ സിമന്റിട്ടപോലെ ഉറച്ചുനിന്നു. ഉടനേ മൂന്നാമതൊരാൾ‍ ഒരു പൊന്തയ്‌ക്കു പിന്നിൽ‍ നിന്നു പുറത്തേക്കു വന്നു; അയാൾ‍ ഒരു ശില്‌പിയാണെന്ന്‌ കെ. പെട്ടെന്നു തിരിച്ചറിഞ്ഞു. ട്രൗസറും പകുതി ബട്ടണിട്ട ഷര്‍്‌ട്ടും മാത്രമായിരുന്നു അയാളുടെ വേഷം; തലയിൽ ഒരു വെല്‍വെറ്റ്‌ തൊപ്പി വച്ചിരുന്നു; കൈയിലുണ്ടായിരുന്ന ഒരു സാധാരണ പെന്‍സില്‍കൊണ്ട്‌ വായുവിൽ രൂപങ്ങൾ വരഞ്ഞുകൊണ്ടാണ്‌ അയാൾ നടന്നടുത്തത്‌.
     അയാൾ ആ പെന്‍സിൽ‍ ശിലയുടെ മേല്‍ഭാഗത്തേക്കുയര്‍ത്തി; ശിലയ്‌ക്കു നല്ല ഉയരമുണ്ടായിരുന്നതുകൊണ്ട്‌ അയാള്‍ക്കു കുനിഞ്ഞുനില്‌ക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. പക്ഷേ തനിക്കും ശിലയ്‌ക്കുമിടയിൽ‍ കിടക്കുന്ന മണ്‍കൂനയിൽ‍ ചവിട്ടരുതെന്നുണ്ടായിരുന്നതിനാൽ‍ അയാള്‍ക്ക്‌ എത്തിവലിഞ്ഞു നില്‌ക്കേണ്ടതായി വന്നു. അങ്ങനെ പെരുവിരലൂന്നി, ഇടതുകൈ ശിലയിൽ‍ പരത്തിവച്ച്‌ അയാൾ നിന്നു. ഒരു പ്രത്യേകനൈപുണ്യമാര്‍ന്ന കൈയിളക്കത്താൽ‍ തന്റെ സാധാരണ പെന്‍സില്‍കൊണ്ട്‌ സുവര്‍ണ്ണലിപികളിൽ‍ അയാൾ‍ ഇങ്ങനെയെഴുതി. 'ഇവിടെ ശയിക്കുന്നു.' ഓരോ അക്ഷരവും മനോഹരമായ വടിവിൽ, തനിത്തങ്കത്തിന്റെ നിറത്തിൽ‍ ആഴത്തിൽ‍ പതിഞ്ഞുകിടന്നു. ആ രണ്ടുവാക്കുകൾ എഴുതിയശേഷം അയാൾ തിരിഞ്ഞു കെ.യെ നോക്കി; തുടര്‍ന്ന്‌ എന്താണെഴുതാൻ ‍ പോകുന്നതെന്ന ജിജ്ഞാസ കാരണം കെ. അയാളെ ശ്രദ്ധിക്കാതെ ശിലയില്‍ത്തന്നെ കണ്ണുനട്ടു നില്‌ക്കുകയായിരുന്നു. അയാൾ‍ എഴുത്തു തുടരാൻ ‍ പോകുന്നതായിത്തന്നെ ഭാവിച്ചു; പക്ഷേ അയാള്‍ക്കതിനു കഴിഞ്ഞില്ല; അയാളെ എന്തോ തടയുകയായിരുന്നു. അയാൾ‍ പെന്‍സിൽ‍ താഴ്‌ത്തി കെ.യെ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇത്തവണ കെ. അയാളെ ശ്രദ്ധിച്ചു; അയാൾ വലിയൊരു വിമ്മിഷ്‌ടമനുഭവിക്കുന്നപോലെ കാണപ്പെട്ടു; അതിനു കാരണമെന്താണെന്നു കെ.യ്‌ക്കു മനസ്സിലായില്ല. അയാളിൽ‍ നേരത്തേ കണ്ട പ്രസരിപ്പൊക്കെ അപ്രത്യക്ഷമായിരുന്നു. ഇതുകാരണം കെ.യും വിമ്മിഷ്‌ടത്തിനിരയായി; അവര്‍‍ നിസ്സഹായതയോടെ അന്യോന്യം നോക്കി. ഇരുവര്‍ക്കും പരിഹരിക്കാൻ ‍ കഴിയാത്ത ഒരു വൃത്തികെട്ട തെറ്റിദ്ധാരണ അവിടെ തങ്ങിനില്‌പുണ്ടായിരുന്നു. ആ അസമയത്ത്‌ സെമിത്തേരിപ്പള്ളിയിലെ ചെറിയ മണി മുഴങ്ങാൻ ‍ തുടങ്ങി; പക്ഷേ ശില്‌പി കൈയുയര്‍ത്തി വീശിയപ്പോള്‍ അതു നിന്നു. അല്‌പനേരത്തിനുശേഷം അതു വീണ്ടും മുഴങ്ങി. ഇത്തവണ അതു വളരെ പതുക്കെയായിരുന്നു; ആരും പ്രത്യേകിച്ചാവശ്യപ്പെടാതെതന്നെ പെട്ടെന്നതു നിലയ്‌ക്കുകയും ചെയ്‌തു. അതിനു സ്വന്തം ധ്വനി ഒന്നു പരിശോധിച്ചുനോക്കണമെന്നേയുണ്ടായിരുന്നുള്ളു എന്നപോലെയായിരുന്നു. ശില്‌പിയുടെ വിഷമസ്ഥിതി കണ്ടു കെ.യ്‌ക്കു ദുഃഖമടക്കാനായില്ല; അയാൾ വിമ്മിക്കരയാൻ ‍ തുടങ്ങി; രണ്ടു കൈകൊണ്ടും മുഖം പൊത്തി അയാൾ ഏറെനേരം തേങ്ങിക്കരഞ്ഞു. കെ. മനഃസാന്നിദ്ധ്യം വീണ്ടെടുക്കുന്നതും കാത്ത്‌ ശില്‌പി കുറേനേരം നോക്കിനിന്നു; ഒടുവിൽ‍ ഗത്യന്തരമില്ലാതെ അയാൾ എഴുത്തു തുടരാൻ ‍ തീരുമാനിച്ചു. അയാളുടെ ആദ്യത്തെ ആ ചെറിയ വര കെ.യ്‌ക്കു വലിയൊരു മോചനമായിരുന്നു; പക്ഷേ അതു നേടിയെടുക്കുന്നതിന്‌ ശില്‌പിക്ക്‌ ഏറെ പ്രയാസപ്പെടേണ്ടിവന്നുവെന്നത്‌ വ്യക്തമായിരുന്നു. ഇത്തവണ എഴുത്തും മുമ്പത്തെപ്പോലെ ഭംഗിയായില്ല; പ്രത്യേകിച്ചും ആ പഴയ സ്വര്‍ണ്ണത്തിളക്കമുണ്ടായില്ല; വിളറിയും ഗതി നിശ്‌ചയമില്ലാതെയും ഇഴഞ്ഞുനീങ്ങിയ രേഖ ഒടുവിൽ‍ വിലക്ഷണമായ ഒരക്ഷരത്തിന്റെ രൂപം പൂണ്ടു. അതു 'ജോ' ആയിരുന്നു. അതെഴുതിത്തീരാറായതും ശില്‌പി ഒരു കാലുകൊണ്ട്‌ മണ്‍കൂനയിൽ‍ ആഞ്ഞുതൊഴിച്ചു; നാലുപാടും മണ്ണുചിതറിപ്പറന്നു. അയാൾ ഉദ്ദേശിച്ചതെന്താണെന്ന്‌ ഒടുവിൽ കെ.യ്‌ക്കു ബോദ്ധ്യമായി; അയാളോടു ക്ഷമ ചോദിക്കാനുള്ള നേരമൊന്നുമുണ്ടായിരുന്നില്ല; പത്തു വിരലുമെടുത്ത്‌ അയാൾ മണ്ണുമാന്തി; അതിനൊരു പ്രയാസവുമുണ്ടായില്ല; എല്ലാം തയ്യാറാക്കിവച്ചിരുന്നപോലെയാണ്‌ തോന്നിയത്‌; പേരിന്‌ നേര്‍ത്തൊരു മണ്ണട്ടി ഉണ്ടായിരുന്നുവെന്നേയുള്ളു; അതിനു നേരേ താഴെ ചെങ്കുത്തായ വലിയൊരു ഗര്‍ത്തം തുറന്നു; ഒരിളംകാറ്റ്‌ കെ.യെ പതിയെ മലര്‍ത്തിയിടുകയും അയാള്‍ ആ ഗര്‍ത്തത്തിലേക്കു പതിക്കുകയും ചെയ്‌തു. പക്ഷേ താഴെ, തല അപ്പോഴും ഉയര്‍ത്തിവച്ചുകൊണ്ടുതന്നെ, അപ്രാപ്യമായ ആഴങ്ങളിലേക്ക്‌ അയാൾ താഴ്‌ന്നുകൊണ്ടിരിക്കെ, മുകളിൽ‍ ശിലാഫലകത്തിന്മേൽ അയാളുടെ പേര്‌ തികഞ്ഞ പകിട്ടോടെ മുന്നേറുകയായിരുന്നു.
     ഈ ദൃശ്യം കണ്ടു വികാരാധീനനായി അയാളുണര്‍ന്നു.


(1919)

Wednesday, August 20, 2014

ജോൺ ബർജെർ - സാന്നിദ്ധ്യം, പുരുഷന്റെയും സ്ത്രീയുടെയും


Turutat - Uzanmış BakkanteReclining Bacchante by Trutat (1824-1848)



ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയെങ്കിലും ഇനിയും കീഴടക്കപ്പെടാത്ത മാമൂലുകൾ പ്രകാരം സമൂഹത്തിൽ സ്ത്രീയുടെ സാന്നിദ്ധ്യം പുരുഷന്റേതിൽ നിന്നു സ്വഭാവം കൊണ്ടു വ്യത്യസ്തമാണ്‌. ഒരു പുരുഷന്റെ സാന്നിദ്ധ്യം അയാളിൽ ഉടൽരൂപം പൂണ്ട അധികാരത്തിന്റെ വാഗ്ദാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ആ വാഗ്ദാനം എത്ര വലുതും വിശ്വാസയോഗ്യവുമാകുന്നുവോ, അത്രയ്ക്ക് അയാളുടെ സാന്നിദ്ധ്യം  ശ്രദ്ധേയവുമാകുന്നു. അതു നിസ്സാരമോ അവിശ്വസനീയമോ ആണെങ്കിൽ അയാളുടെ സാന്നിദ്ധ്യവും നിസ്സാരമാകുന്നു. വാഗ്ദത്തം ചെയ്യപ്പെടുന്ന അധികാരം ധാർമ്മികമോ ശാരീരികമോ വൈകാരികമോ സാമ്പത്തികമോ സാമൂഹികമോ ലൈംഗികമോ ആകാം- പക്ഷേ ലക്ഷ്യവസ്തു എപ്പോഴും പുരുഷനു ബാഹ്യമായിരിക്കും. നിങ്ങളോടോ നിങ്ങൾക്കു വേണ്ടിയോ തനിക്കെന്തു ചെയ്യാനാവും എന്നതിനെയാണ്‌ ഒരു പുരുഷന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത്. അയാളുടെ സാന്നിദ്ധ്യം കെട്ടിച്ചമച്ചതാകാം, താനല്ലാത്തതൊന്നാണു താനെന്ന് അയാൾ നടിക്കുകയാണെങ്കിൽ. ആ നാട്യം പോലും പക്ഷേ കൈ ചൂണ്ടുന്നത് അയാൾ മറ്റുള്ളവരിൽ ചെലുത്തുന്ന ഒരധികാരത്തിലേക്കാണ്‌.
നേരേ മറിച്ച് ഒരു സ്ത്രീയുടെ സാന്നിദ്ധ്യം പ്രകടമാക്കുന്നത് അവൾക്കു തന്നോടു തന്നെയുള്ള മനോഭാവത്തെയാണ്‌; തന്നോട് എന്താവാം, എന്താവരുത് എന്നു നിർവചിക്കുകയാണത്. അവളുടെ ചേഷ്ടകളിലൂടെ, ശബ്ദത്തിലൂടെ, അഭിപ്രായങ്ങളിലൂടെ, ഭാവപ്രകടനങ്ങളിലൂടെ, വേഷത്തിലൂടെ, തിരഞ്ഞെടുക്കുന്ന ചുറ്റുപാടുകളിലൂടെ, അഭിരുചികളിലൂടെയൊക്കെ അവളുടെ സാന്നിദ്ധ്യം പ്രകാശിതമാവുന്നു- അവൾ എന്തു ചെയ്താലും അത് സ്വന്തം സാന്നിദ്ധ്യത്തെ പ്രബലപ്പെടുത്തുന്നതാകുന്നു എന്നതാണു വാസ്തവം. സ്ത്രീയ്ക്ക് സ്വന്തം സാന്നിദ്ധ്യം അവളുടെ വ്യക്തിയിൽ അത്രയ്ക്കന്തർഗ്ഗതമാണെന്നതിനാൽ പുരുഷൻ അതിനെ അവളുടെ ശരീരത്തിൽ നിന്നുദ്ഗമിക്കുന്നതൊന്നായി, ഒരു തരം ഊഷ്മളതയോ ഗന്ധമോ പ്രഭയോ ആയി കാണാറുണ്ട്.

സ്ത്രീയായി ജനിക്കുക എന്നാൽ അനുവദനീയവും പരിമിതവുമായ ഒരിടത്തിനുള്ളിൽ, പുരുഷന്റെ സംരക്ഷണയിലേക്കു ജനിക്കുക എന്നായിരിക്കുന്നു. സ്ത്രീയുടെ സാമൂഹികസാന്നിദ്ധ്യം വികാസം പ്രാപിച്ചത് അത്രയും പരിമിതമായ ഒരിടത്തിനുള്ളിൽ, അത്തരം രക്ഷാകർത്തൃത്വത്തിൻ കീഴിൽ ജീവിച്ചുപോകാനുള്ള പാടവത്തിന്റെ ഫലമായിട്ടാണെന്നു വരുന്നു. ഇതിനു പക്ഷേ, സ്വന്തം സ്വത്വം രണ്ടായി വിഭജിക്കപ്പെടുന്നു എന്ന വിലയാണ്‌ അവൾ നല്കേണ്ടി വരുന്നത്. സ്ത്രീ നിരന്തരം തന്നെത്തന്നെ നിരീക്ഷിക്കേണ്ടി വരുന്നു. അവൾക്കു തന്നെക്കുറിച്ചുള്ള ഭാവനാചിത്രം നിരന്തരമെന്നോണം അവളെ പിന്തുടരുന്നു. ഒരു മുറിയിലൂടെ നടന്നുപോകുമ്പോഴാവട്ടെ, സ്വന്തം പിതാവിന്റെ ജഡത്തിനരികിൽ കരഞ്ഞുകൊണ്ടിരിക്കുമ്പോഴാവട്ടെ, നടക്കുകയോ കരയുകയോ ചെയ്യുന്ന തന്നെ മനസ്സിൽ കാണാതിരിക്കാൻ അവൾക്കു കഴിയാറില്ല. ബാല്യം മുതലേ അവളെ ശീലിപ്പിക്കുന്നതും പ്രേരിപ്പിക്കുന്നതും നിരന്തരം സ്വയം നിരീക്ഷിച്ചു കൊണ്ടിരിക്കാനാണ്‌.

അങ്ങനെ സ്ത്രീ എന്ന തന്റെ സ്വത്വത്തിൽ നിരീക്ഷക എന്നും നിരീക്ഷിത എന്നും രണ്ടു വ്യതിരിക്തഘടകങ്ങൾ ഉണ്ടെന്ന് അവൾ പരിഗണിച്ചുതുടങ്ങുന്നു.
താൻ എന്തൊക്കെയാണോ, താൻ എന്തൊക്കെ ചെയ്യുന്നുവോ അതൊക്കെ അവൾക്കു നിരന്തരം നിരീക്ഷണവിധേയമാക്കേണ്ടി വരുന്നു; കാരണം, അവൾ എങ്ങനെയാണോ അന്യർക്കു കാണപ്പെടുന്നത്, എന്നു പറഞ്ഞാൽ എങ്ങനെയാണോ പുരുഷന്മാർക്കു കാണപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു, സമൂഹത്തിന്റെ ദൃഷ്ടിയിൽ അവളുടെ ജീവിതത്തിന്റെ വിജയവും പരാജയവും.  മറ്റൊരാൾ അവളെ എന്തായി കാണുന്നുവോ, അതായിട്ടാണ്‌ അവൾ തന്നെ കാണുന്നതെന്നാവുന്നു.
comparison-1200x721
സ്ത്രീയെ നിരീക്ഷണവിധേയയാക്കിയതിനു ശേഷമാണ്‌ അവളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷൻ തീരുമാനിക്കുക. അതിനാൽ എങ്ങനെയാണ്‌ ഒരു സ്ത്രീ ഒരു പുരുഷനു കാണപ്പെടുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും, അയാൾ അവളോടു പെരുമാറുന്ന വിധവും. ഈ പ്രക്രിയയ്ക്കു മേൽ അല്പം നിയന്ത്രണം കിട്ടാൻ സ്ത്രീകൾ അതിനെ തന്റേതാക്കിയാലേ പറ്റൂ. ഒരു സ്ത്രീയുടെ സ്വത്വത്തിന്റെ നിരീക്ഷകയായ പകുതി നിരീക്ഷിതയായ പകുതിയോട് എങ്ങനെ പെരുമാറുന്നു എന്നതിൽ നിന്നറിയാം, തന്റെ മുഴുവൻ സ്വത്വത്തോട് അന്യർ എങ്ങനെ പെരുമാറണമെന്നാണ്‌ അവൾ ആഗ്രഹിക്കുന്നതെന്ന്. തന്നോട് അവൾ കാണിക്കുന്ന ഈ നിദർശനസ്വഭാവത്തിലുള്ള പെരുമാറ്റത്തിലടങ്ങിയിരിക്കുന്നു അവളുടെ സാന്നിദ്ധ്യവും. തന്റെ സാന്നിദ്ധ്യത്തിനുള്ളിൽ എന്തനുവദനീയമാണ്‌, എന്തല്ല എന്ന് ഓരോ സ്ത്രീയുടെയും സാന്നിദ്ധ്യം നിർണ്ണയിക്കുന്നു. അവളുടെ ഓരോ പ്രവൃത്തിയും- അതിന്റെ ലക്ഷ്യമോ പ്രേരണയോ എന്തുമാവട്ടെ- തന്നോടെങ്ങനെയാണു പെരുമാറേണ്ടതെന്നാണ്‌ അവൾ ആഗ്രഹിക്കുന്നതെന്നതിന്റെ സൂചനയായി വായിക്കാം. ഒരു സ്ത്രീ തറയിൽ ഒരു ഗ്ളാസ്സെറിഞ്ഞു പൊട്ടിച്ചാൽ അത് കോപമെന്ന സ്വന്തം വികാരത്തെ അവൾ എങ്ങനെയാണു കൈകാര്യം ചെയ്യുന്നത് എന്നതിന്റെയും അതിനെ അന്യർ എങ്ങനെയാണു കാണേണ്ടതെന്നാണ്‌ അവൾ ആഗ്രഹിക്കുന്നതെന്നതിന്റെയും ഉദാഹരണമാണ്‌. അതു തന്നെ ഒരു പുരുഷൻ ചെയ്യുമ്പോൾ അയാളുടെ കോപത്തിന്റെ വെറും പ്രകടനമായിട്ടാണ്‌ അതു വായിക്കപ്പെടുക. ഒരു സ്ത്രീ നല്ലൊരു തമാശ പറയുമ്പോൾ തനിക്കുള്ളിലെ തമാശക്കാരിയോട് അവൾ എങ്ങനെ പെരുമാറുന്നു എന്നതിന്റെ ഉദാഹരണമാണത്; ഒരു തമാശക്കാരിയെന്ന നിലയിൽ അന്യർ തന്നോട് എങ്ങനെ പെരുമാറണമെന്ന അവളുടെ ആഗ്രഹത്തിന്റെയും. ഒരു തമാശ തമാശ മാത്രമായി പറയാൻ പുരുഷനേ കഴിയൂ.
ഇതിനെ ഇങ്ങനെ പറഞ്ഞു നമുക്കു ലളിതമാക്കാം: പുരുഷന്മാർ പ്രവർത്തിക്കുന്നു, സ്ത്രീകൾ പ്രത്യക്ഷരാകുന്നു. പുരുഷന്മാർ സ്ത്രീകളെ നോക്കുന്നു. സ്ത്രീകൾ നോട്ടത്തിനു വിഷയമായ തങ്ങളെ കാണുന്നു. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള മിക്ക ബന്ധങ്ങളെയുമെന്നല്ല, സ്ത്രീകൾക്കു തങ്ങളോടു തന്നെയുള്ള ബന്ധത്തെയും നിർണ്ണയിക്കുന്നത് ഇതാണ്‌. സ്ത്രീക്കുള്ളിൽ നിന്നുകൊണ്ട് അവളെ നിരീക്ഷിക്കുന്നത് ആണ്‌: നിരീക്ഷിക്കപ്പെടുന്നത് പെണ്ണും. അങ്ങനെ അവൾ സ്വയം ഒരു വിഷയമാവുന്നു- പ്രത്യേകിച്ചും ഒരു ദർശനവിഷയം: ഒരു കാഴ്ച.


From Ways of Seeing by John Bergerberger ways of seeing

Tuesday, August 19, 2014

മരീന സ്വെറ്റായെവ - ബാല്യത്തിന്റെ തടവുകാരി

svetaeva_marina_3

“പ്രവാസം, അവഗണന, പീഡനം, ആത്മഹത്യ- വിപ്ളവകാലത്തിനു ശേഷമുള്ള റഷ്യൻ കവികളുടെ വിധി ഇതായിരിക്കാം; എന്നാൽ ഇതെല്ലാം ഒരുമിച്ചനുഭവിക്കേണ്ടി വന്നത് മരീന സ്വെറ്റായെവക്കു മാത്രമാണ്‌,” സിമോൺ കാർലിൻസ്കി എഴുതുന്നു. വിപ്ളവപൂർവ്വറഷ്യയിലെ അഭിജാതസംസ്കാരത്തിൽ വളർന്ന മരീന രണ്ടു പെണ്മക്കളുമായി എടുത്തെറിയപ്പെട്ടത് യുദ്ധകാലകമ്മ്യൂണിസത്തിന്റെ കാലത്തെ കലാപഭരിതമായ മോസ്ക്കോവിലേക്കാണ്‌. ഇളയ കുട്ടി അവിടെ വച്ച് പട്ടിണി മൂലം മരിച്ചു. പിന്നീട് ഭർത്താവായ സെർഗി എഫ്രോണിനോടൊപ്പം ബർലിൻ, പ്രാഗ്, പാരീസ് എന്നിവിടങ്ങളിൽ പ്രവാസിയായി കഴിഞ്ഞു. 1939ൽ റഷ്യയിലേക്കു മടങ്ങിയ മരീനയെ അവിടെ നേരിട്ടത് തിരസ്കാരമായിരുന്നു; പ്രവാസികളാവട്ടെ, അവരെ വഞ്ചകിയെന്നു തള്ളിപ്പറയുകയും ചെയ്തു. സ്റ്റാലിൻ ഭീകരതയുടെ കാലത്താണ്‌ അവർ സോവിയറ്റ് യൂണിയനിലേക്കു തിരിച്ചുചെല്ലുന്നത്. ശേഷിച്ച മകളും സഹോദരിയും ഗുലാഗിലേക്കയക്കപ്പെട്ടു. ഭർത്താവ് അറസ്റ്റിലാവുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു. 15 വയസ്സായ മകനു വേണ്ടി ജീവൻ നിലനിർത്താൻ മരീന ശ്രമിച്ചു- പക്ഷേ 1941ൽ അവർ തൂങ്ങിമരിച്ചു.

1892 ഒക്റ്റോബർ 9നാണ്‌ മരീന സ്വെറ്റായെവ ജനിച്ചത്. അച്ഛൻ വ്ളദിമിറോവിച്ച് സ്വെറ്റായെവ് മോസ്ക്കോ യൂണിവേഴ്സിറ്റിയിൽ കലാവിഭാഗം പ്രൊഫസ്സറായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു അത്. അമ്മ മരിയ അലെക്സാൻഡ്രോവ മെയ്ൻ നല്ല പിയാനിസ്റ്റ് ആയിരുന്നു. പഠനത്തിലും മോസ്ക്കോയിൽ ഒരു മ്യൂസിയം (പിന്നീടത് പുഷ്കിൻ മ്യൂസിയമായി) സ്ഥാപിക്കുന്നതിലും മാത്രം ശ്രദ്ധ പോയ അച്ഛൻ മരീനയ്ക്കു കൈയെത്താത്ത ദൂരത്തിലായിരുന്നു. ഒരാദ്യപ്രണയത്തിന്റെ ഓർമ്മകളിലും പോളിഷ് അഭിജാതപാരമ്പര്യത്തിന്റെ നഷ്ടപ്രതാപങ്ങളിലും നിമഗ്നയായ അമ്മയും അത്രതന്നെ അപ്രാപ്യയായി. മരീനയുടെ ആദ്യകാലകവിതകൾ അച്ഛനമ്മമാർ തമ്മിലുള്ള ഇണക്കമില്ലായ്മയും അവർക്കു കുട്ടികളുമായുള്ള അകലവും പ്രതിഫലിപ്പിക്കുന്നവയാണ്‌. 1912ൽ എഴുതിയ “ഉപദേശം” എന്ന കവിതയിൽ ഒരച്ഛൻ മകളോടു ചോദിക്കുന്നു: “നിന്റെ അമ്മയുടെ കണ്ണുകളിൽ തങ്ങിനിന്നു വിറയ്ക്കുന്ന കണ്ണുനീർത്തുള്ളികളെ മറയ്ക്കാൻ ഞാനെന്തു ചെയ്യണം, മോളേ?” അതിനു കുട്ടി ഇങ്ങനെ പറയുന്നു: “ഞാൻ പറയാം, പപ്പാ; ചുംബനങ്ങൾ കൊണ്ടമ്മയുടെ കണ്ണുകൾ പൊതിയൂ.” മറ്റൊരു കവിതയിൽ തങ്ങൾക്കു ചുറ്റുമുള്ള കുടുംബജീവിതത്തിൽ സജീവമായി പങ്കുകൊള്ളാതെ തങ്ങൾക്കായി അവരവര്‍ കണ്ടുപിടിച്ച റോളുകളിൽ ഒളിക്കുന്ന രക്ഷിതാക്കളെ മരീന അവതരിപ്പിക്കുന്നു:

മടുത്ത കളികൾ

കസേരയിൽ നിന്നു ഞാനൊരു
പൊട്ടപ്പാവയെ പൊക്കിയെടുത്തു
ഞാനതിനെ ഉടുപ്പിടീച്ചു.


പാവയെ  ഞാൻ നിലത്തേക്കെറിഞ്ഞു.
മമ്മാ കളിച്ചെനിക്കു മടുത്തു.


ആ കസേരയിൽ കയറിയിരുന്നു
ഞാനേറെനേരമൊരു പുസ്തകത്തിൽ കണ്ണു നട്ടു.


പുസ്തകം ഞാൻ തറയിലേക്കെറിഞ്ഞു.
പപ്പാ കളിച്ചെനിക്കു മടുത്തു.


അതെ: മമ്മായ്ക്ക് പാവയെ ഒരുക്കുന്നതിലേ ശ്രദ്ധയുള്ളു; പപ്പായ്ക്ക് പുസ്തകത്തിന്റെ പിന്നിലൊളിക്കാനും. വൈകാരികമായ ബന്ധങ്ങളില്ല, ജീവിതത്തോട് ഒരടുപ്പവുമില്ല- തന്റെ അച്ഛനമ്മമാരുടെ ജീവിതത്തിൽ  കണ്ട മടുപ്പിനെ തന്നെയാണ്‌ മരീന തന്റെ ജീവിതത്തിൽ ഏറെ ഭയപ്പെട്ടതും.

കവിതയിൽ തന്റെ ആദ്യകാലപരിശ്രമങ്ങൾക്ക് എവിടെ നിന്നും ഒരു പ്രോത്സാഹനം കിട്ടിയില്ലെന്നതിൽ കുട്ടിയായ മരീനയ്ക്ക് വേദനയും കോപവുമുണ്ടായിരുന്നു; അതിലുപരി അമ്മയുടെ സ്വകാര്യലോകത്ത് തങ്ങൾ കുട്ടികൾക്കു പ്രവേശനമില്ലായിരുന്നു എന്നത് അതിലും വലിയ ഒരു മുറിവായിരുന്നു. അന്യയായിപ്പോയ ഒരമ്മയെക്കുറിച്ച് മരീനയുടെ ഒരാദ്യകാലകവിത ഇങ്ങനെ:

അമ്മ വായിക്കുന്നു

“...അടക്കിയ മന്ത്രണങ്ങൾ...വെട്ടിത്തിളങ്ങുന്ന കഠാരകൾ.”

“മമ്മാ, എനിക്കൊരു കളിവീടുണ്ടാക്കിത്തരൂ.”


മമ്മാ ഒരു ചെറിയ പുസ്തകം
വികാരാധിക്യത്തോടെ നെഞ്ചോടു ചേർത്തു പിടിക്കുന്നു.


“...പ്രഭുവിന്റെ കണ്ണുകൾ കോപം കൊണ്ടു ജ്വലിക്കുന്നു:
‘വിധിയുടെ ഔദാര്യം കൊണ്ടു രാജകുമാരീ, ഞാനിതാ വന്നു.’”


“മമ്മാ, കടലിൽ വീണാൽ ജിറാഫു മുങ്ങിച്ചാവില്ലേ?”


അമ്മയുടെ മനസ്സകലെയെങ്ങോ അലയുന്നു.

“മമ്മാ, നോക്കൂ! എന്റെ റൊട്ടിയിലൊരുറുമ്പ്!”

കുട്ടിയുടെ സ്വരത്തിൽ ശകാരവും ഭീഷണിയും.
അമ്മയുടെ മനോരഥം മണ്ണിലേക്കിറങ്ങുന്നു:
കുട്ടികൾ കയ്ക്കുന്ന ഗദ്യമാണ്‌.


തന്റെ പുസ്തകങ്ങളുടെ ലോകത്തു ജീവിച്ച, തനിക്കിഷ്ടപ്പെട്ട കഥകൾ തന്നെ കുട്ടികൾ കേൾക്കണമെന്നു നിർബന്ധം പിടിച്ച അമ്മയ്ക്ക് അവരുടെ കേൾവിക്കാരിയാകാൻ നേരവും മനസ്സുമില്ലായിരുന്നു. ആ കുറവു നികത്തിയത് അനിയത്തി ആസ്യയുടെ ആയയും അവരുടെ കൂട്ടുകാരിയായ ഒരു തുന്നൽക്കാരിയുമായിരുന്നു. അവരിൽ നിന്നാണ്‌ മരീന “ജിപ്സികൾ” എന്ന, പ്രണയത്തെയും സ്വാതന്ത്ര്യത്തെയും പ്രതികാരത്തെയും മരണത്തെയും കുറിച്ചുള്ള പുഷ്കിന്റെ കവിത കേൾക്കുന്നത്; ആ ജിപ്സിപ്രകൃതം മരീന തന്റേതായി സ്വാംശീകരിക്കുകയും ചെയ്തു.

(അവലംബം Marina Tsvetaeva The Double Beat of Heaven and Hell by Lily Fieler)tsevtaeva

Saturday, August 16, 2014

കാഫ്ക - പ്രിയപ്പെട്ട മിലേന


Milena_Jesenská

പ്രിയപ്പെട്ട ഫ്രൗ മിലേന,
(ഈ തരം സംബോധന മുഷിപ്പനായി വരികയാണ്‌; പക്ഷേ കാലുറയ്ക്കാത്ത ഈ ലോകത്ത് സുഖമില്ലാത്തവർക്കു വീഴാതെ നടക്കാനുള്ള ഊന്നുവടികളിൽ ഒന്നാണത്; ഊന്നുവടിയ്ക്കു ഭാരം തോന്നിത്തുടങ്ങുന്നു എന്നത് ആരോഗ്യം തിരിച്ചുകിട്ടുകയാണെന്നതിനു തെളിവായി എടുക്കാറായിട്ടുമില്ല.) ഞാൻ ഇന്നേ വരെ ജർമ്മൻകാർക്കിടയിൽ താമസിച്ചിട്ടില്ല, ജർമ്മനാണ്‌ എന്റെ മാതൃഭാഷയെങ്കിലും അതിനാൽ എനിക്കതു സ്വാഭാവികമാണെങ്കിലും. എനിക്കു കൂടുതൽ അടുപ്പം തോന്നുന്നത് ചെക്ക് ഭാഷയോടാണ്‌; അതുകൊണ്ടാണ്‌ നിങ്ങളുടെ കത്ത് പല അനിശ്ചിതത്വങ്ങളെയും ദൂരീകരിച്ചതും. എനിക്കിപ്പോൾ നിങ്ങളെ കൂടുതൽ വ്യക്തമായി കാണാം;  നിങ്ങളുടെ ഉടലിന്റെ ചലനങ്ങൾ, കൈകളുടെ ചലനങ്ങൾ- എത്ര ചുറുചുറുക്കും നിശ്ചയദാർഢ്യവുമാണവയ്ക്ക്. നിങ്ങളെ ഞാൻ നേരിട്ടു കാണുമ്പോലെയാണത്. എന്നാൽ വായനക്കിടയിൽ നിങ്ങളുടെ മുഖത്തേക്കൊന്നു കണ്ണുയർത്താൻ നോക്കുമ്പോൾ - എന്താ കഥ!- തീ ആളിപ്പടരുകയാണ്‌, തീയല്ലാതെ പിന്നെ ഞാനൊന്നും കാണുന്നുമില്ല.
(മേയ്1920)
*

എനിക്കൊരു ചെറിയ പ്രഹരം: എന്റെ ഒരമ്മാവൻ വരുന്നുവെന്നറിയിച്ചുകൊണ്ട് പാരീസിൽ നിന്നൊരു ടെലഗ്രാം; എനിക്കദ്ദേഹത്തെ വളരെ കാര്യമാണ്‌, ആൾ മാഡ്രിഡിലാണു താമസിക്കുന്നത്, അദ്ദേഹം ഇവിടെ വന്നിട്ടു വർഷങ്ങൾ കഴിഞ്ഞുമിരിക്കുന്നു. എന്നാലും അതൊരു പ്രഹരമാണ്‌, കാരണം അതെന്റെ സമയം അപഹരിക്കും; എനിക്കാണെങ്കിൽ ഉള്ള സമയമൊക്കെ വേണം, എനിക്കുള്ള സമയത്തിന്റെ ആയിരമിരട്ടി എനിക്കു വേണം, എനിക്കുള്ള സമയം മൊത്തം നിനക്കു വേണ്ടി എനിക്കു വേണം, നിന്നെക്കുറിച്ചോർത്തിരിക്കാൻ, നിന്നിൽ ശ്വസിച്ചുകൊണ്ടു കിടക്കാൻ. ഞാൻ താമസിക്കുന്ന സ്ഥലം എന്നെ അസ്വസ്ഥനാക്കുകയാണ്‌, സായാഹ്നങ്ങൾ എന്നെ അസ്വസ്ഥനാക്കുകയാണ്‌, വ്യത്യസ്തമായൊരു സ്ഥലത്തായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു, പലതും വ്യത്യസ്തമായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ഓഫീസ് എന്നൊരു സംഗതി ഉണ്ടായിരുന്നില്ലെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. പിന്നെ എനിക്കു തോന്നുകയാണ്‌, ഈ നിമിഷത്തിന്‌, നിനക്കു മാത്രം സ്വന്തമായ ഈ നിമിഷത്തിനപ്പുറത്തുള്ളതിനെക്കുറിച്ചു സംസാരിച്ചതിന്‌ എനിക്കു മുഖത്തൊരടി കിട്ടേണ്ടതാണെന്ന്.
എന്തുകൊണ്ടോ മറ്റൊന്നിനെക്കുറിച്ചുമെഴുതാൻ എനിക്കു കഴിയുന്നില്ല, ഈ തിങ്ങിയ ലോകത്ത് നമ്മെ, നമ്മെ മാത്രം സംബന്ധിക്കുന്നതിനെക്കുറിച്ചല്ലാതെ. മറ്റെല്ലാം എനിക്കന്യമായിരിക്കുന്നു. തെറ്റ്! തെറ്റ്! പക്ഷേ എന്റെ ചുണ്ടുകൾ പുലമ്പുകയാണ്‌, എന്റെ മുഖം നിന്റെ മടിയിലും.
(1920 ജൂലൈ 6)

ഇന്നലെ ഞാൻ എന്റെ ഡോക്ടറെ കണ്ടു; മെരാനിൽ പോകുന്നതിനു മുമ്പുള്ള അവസ്ഥയിൽ നിന്നു വലിയ വ്യത്യാസമൊന്നും അദ്ദേഹം കാണുന്നില്ല: എന്റെ ശ്വാസകോശങ്ങളിൽ യാതൊരു പ്രഭാവവും ചെലുത്താതെ മൂന്നു മാസങ്ങൾ കടന്നുപോയിരിക്കുന്നു; ഇടതു ശ്വാസകോശത്തിനു മുകളറ്റം രോഗം പഴയപടി പച്ചയോടെ നില്ക്കുന്നുമുണ്ട്. അതത്ര നല്ലതായി അദ്ദേഹത്തിനു തോന്നുന്നില്ല; അതു നല്ല കാര്യമായിട്ടാണു പക്ഷേ, എനിക്കു തോന്നുന്നത്: ഈ സമയം ഞാൻ പ്രാഗിലാണു കഴിച്ചതെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി? എനിക്കു ഭാരം കൂടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു; എന്റെ കണക്കനുസരിച്ചു പക്ഷേ, എനിക്കു മൂന്നു കിലോ കൂടിയിട്ടുണ്ട്. ശരത്കാലമാവുമ്പോൾ ഇൻജക്ഷൻ തുടങ്ങിയാലോ എന്ന് അദ്ദേഹം ആലോചിക്കുന്നു; അതു താങ്ങാൻ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല.
ഇതും നീ സ്വന്തം ആരോഗ്യം ധൂർത്തടിക്കുന്നതുമായി (നിനക്കു വേറേ വഴിയില്ല, അതു ഞാൻ പറയേണ്ടല്ലോ) താരതമ്യം ചെയ്യുമ്പോൾ ചിലനേരം എനിക്കു തോന്നുന്നു, എന്നെങ്കിലുമൊരിക്കൽ ഒരുമിച്ചു ജീവിക്കാമെന്നു നാം മോഹിക്കേണ്ടെന്ന്; സുഖത്തോടെ, തൃപ്തിയോടെ ഒരുമിച്ചു മരിക്കാൻ അടുത്തടുത്തു കിടക്കാൻ നമുക്കു കഴിഞ്ഞെങ്കിലായെന്ന്. എന്തു നടന്നാലും പക്ഷേ, അതു നിനക്കരികിൽ വച്ചായിരിക്കും.

അതിനിടയ്ക്കു പറയട്ടെ, എനിക്കറിയാം -ഡോക്ടർ പറയുന്നതിനെതിരുമാണത്- ആരോഗ്യം വീണ്ടെടുക്കാൻ (പാതിയെങ്കിലും) എനിക്കു വേണ്ടത് ശാന്തിയാണെന്ന്, ഒരു പ്രത്യേക തരം ശാന്തി- ഇനി മറ്റൊരു വിധം നോക്കുകയാണെങ്കിൽ, ഒരു പ്രത്യേക തരം അശാന്തി.
(1920 ജൂലൈ 14)
*


നിങ്ങൾക്കൊരു സ്വദേശമുണ്ട്, അതിനാൽ നിങ്ങൾക്കതിനെ പരിത്യജിക്കാം; ഒരു സ്വദേശമുള്ളതുകൊണ്ടുള്ള ഏറ്റവും വലിയ ഉപയോഗം അതാണെന്നും വരാം, പരിത്യജിക്കാനാവാത്തതിനെയല്ല നിങ്ങൾ വേണ്ടെന്നു വയ്ക്കുന്നതെന്നതിനാൽ വിശേഷിച്ചും. പക്ഷേ അയാൾക്ക് ഒരു സ്വദേശമില്ല, അതിനാൽ അയാൾക്കു പരിത്യജിക്കാനും ഒന്നുമില്ല; അതിനാൽ അയാൾക്ക് നിരന്തരം അതിനെക്കുറിച്ചു തന്നെ ചിന്തിക്കേണ്ടിവരുന്നു, അതിനെ അന്വേഷിച്ചു നടക്കേണ്ടിവരുന്നു, അല്ലെങ്കിൽ അതു പണിതെടുക്കേണ്ടിവരുന്നു...
(1920 ജൂലൈ 31- ജൂതന്മാർക്ക് ഒരു ജന്മദേശത്തിനു വേണ്ടി വാദിച്ചിരുന്ന മാക്സ് ബ്രോഡിനെക്കുറിച്ച്)
*

നിന്റെ ടെലഗ്രാം ഇപ്പോൾ കിട്ടിയതേയുള്ളു. നീ പറയുന്നതു തീർത്തും ശരിയാണ്‌, ഞാനതിനെ കൈകാര്യം ചെയ്തത് വളരെ വിലക്ഷണമായിട്ടാണ്‌. പക്ഷേ മറ്റൊന്നും സാധ്യമായിരുന്നില്ല, കാരണം നാം ജീവിക്കുന്നത് തെറ്റിദ്ധാരണകളിലാണ്‌; നമ്മുടെ ചോദ്യങ്ങൾ നമ്മുടെ ഉത്തരങ്ങളാൽ വില കെട്ടതാവുകയും ചെയ്യുന്നു. ഇനി നമുക്ക് അന്യോന്യം കത്തെഴുതുന്നതു നിർത്താം, ഭാവിയെ ഭാവിക്കു വിട്ടുകൊടുക്കാം.
(1920 സെപ്തംബർ 10)
*


നാളെ ഞാൻ ആ അച്ഛൻ കത്ത് വീട്ടിലേക്കയക്കാം; അതിനെ കാര്യമായി സൂക്ഷിക്കണം. ഒരുപക്ഷേ ഒരു ദിവസം എനിക്കത് അച്ഛനെ കാണിക്കണമെന്നു തോന്നിയേക്കാം. കഴിയുമെങ്കിൽ മറ്റാരും അതു വായിക്കാൻ ഇട വരരുത്. വായിക്കുമ്പോൾ അതിലുള്ള എല്ലാ വക്കീൽസൂത്രങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക; അതൊരു വക്കീലിന്റെ കത്താണ്‌.
*


അഴുക്കാണു ഞാൻ മിലേന, ആകെ അഴുക്കാണ്‌. അതു കാരണമാണു ഞാൻ ശുദ്ധിയെക്കുറിച്ച് ഇത്രയധികം ബഹളമുണ്ടാക്കുന്നതും. നരകത്തിന്റെ ഏറ്റവും അഗാധമായ തലങ്ങളിൽ ജീവിക്കുന്നവരെപ്പോലത്ര തെളിഞ്ഞ തൊണ്ടയോടെ പാടുന്നവർ ആരുമില്ല; മാലാഖമാരുടെ ഗാനമെന്നു നാം കരുതുന്നത് അവരുടെ ഗാനത്തെയാണ്‌.
*


എനിക്കേറ്റവും ഇഷ്ടപ്പെട്ടവൾ നീയാണ്‌ എന്നു ഞാൻ പറയുമ്പോൾ അതു ശരിക്കും പ്രണയമാകണമെന്നുമില്ല; ഞാൻ സ്വയം എന്റെയുള്ളിൽ കടത്തി തിരിയ്ക്കുന്ന കത്തിയാണു നീ; അതാണു പ്രിയേ, പ്രണയം.
(1920 സെപ്തംബർ 4)
*


ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടു.എനിക്കതിന്റെ വിശദാംശങ്ങൾ വലിയ ഓർമ്മയില്ല; പക്ഷേ ഒരാൾ മറ്റൊരാളിൽ നിരന്തരം വിലയിച്ചുകൊണ്ടിരുന്നു എന്നു ഞാനോർക്കുന്നു. ഞാൻ നീയായി, നീ ഞാനായി. ഒടുവിൽ എങ്ങനെയോ നിനക്കു തീ പിടിച്ചു. തുണി കൊണ്ടു പൊതിഞ്ഞ് തീ കെടുത്താമെന്ന് ഓർമ്മ വന്ന ഞാൻ ഒരു പഴയ കോട്ടെടുത്ത് നിന്നെ തല്ലാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും നമ്മുടെ രൂപപരിണാമങ്ങൾ വീണ്ടും തുടങ്ങുകയും നീ അദൃശ്യയാവുന്നിടത്തോളം അതു നീണ്ടുപോവുകയും ചെയ്തു. ഇപ്പോൾ തീ പിടിച്ചിരിക്കുന്നത് എനിക്കാണ്‌, കോട്ടു കൊണ്ട് തീ തല്ലിക്കെടുത്താൻ നോക്കുന്നതും ഞാൻ തന്നെ. അതു കൊണ്ടു പക്ഷേ, ഫലമുണ്ടായില്ല; അത്തരം കാര്യങ്ങൾ കൊണ്ട് തീയ്ക്ക് ഒരു ചേതവും വരാനില്ലെന്ന എന്റെ പഴയ പേടിയ്ക്ക് അതൊരു സ്ഥിരീകരണമായി എന്നു മാത്രം. ഈ നേരമായപ്പോഴേക്കും അഗ്നിശമനസേന വന്നെത്തുകയും നിന്നെ എങ്ങനെയോ രക്ഷപ്പെടുത്തുകയും ചെയ്തു. പക്ഷേ പണ്ടത്തേതിൽ നിന്നു വ്യത്യസ്തയായിരുന്നു നീ, ഒരു പ്രേതത്തെപ്പോലെ, ഇരുട്ടിൽ ചോക്കു കൊണ്ടു വരച്ചപോലെ; ജീവനില്ലാതെ നീ എന്റെ കൈകളിലേക്കു വന്നുവീണു, അതല്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടിയതിന്റെ സന്തോഷം കൊണ്ട് നീ മോഹാലസ്യപ്പെട്ടതാണെന്നും വരാം. പക്ഷേ ഇവിടെയും അ രൂപപരിണാമം കടന്നുവന്നു: മറ്റാരുടെയോ കൈകളിലേക്കു വീണതു ഞാനായിരിക്കാം.
(1920 സെപ്തംബർ)


...ഞാൻ നിങ്ങൾക്കൊരു കത്തയച്ചിട്ട്‌ ഏറെനാളുകൾ കഴിഞ്ഞിരിക്കുന്നല്ലോ, ഫ്രൗ മിലേന; ഇന്ന്‍ ഈ കത്തയക്കുന്നതു തന്നെ യാദൃച്ഛികമായിട്ടാണ്. ശരിക്കു പറഞ്ഞാൽ, കത്തെഴുതാത്തതിന്റെ പേരിൽ ഇങ്ങനെയൊരു ക്ഷമാപണത്തിന്റെ ആവശ്യം തന്നെയില്ല; കത്തെഴുന്നത്‌ എനിക്കെത്ര വെറുപ്പുള്ള കാര്യമാണെന്ന് നിങ്ങൾക്കു നന്നായിട്ടറിയാവുന്നതാണല്ലോ. എന്റെ ജീവിതത്തിലെ സകല നിർഭാഗ്യങ്ങൾക്കും കാരണം- പരാതിപ്പെടുകയല്ല ഞാൻ, എല്ലാവർക്കും ഗുണപാഠമാകുന്ന ഒരഭിപ്രായം നടത്തുന്നുവെന്നേയുള്ളു- കത്തുകളോ, ഞാനെഴുതിയേക്കാവുന്ന കത്തുകളോ ആയിരുന്നു. മനുഷ്യർ ഇതേവരെ എന്നെ ചതിച്ചിട്ടില്ലെന്നു തന്നെ പറയാം, പക്ഷേ കത്തുകൾ എപ്പോഴുമെന്നെ ചതിക്കുകയാണ്‌- അക്കാര്യത്തിൽ അന്യരുടെ കത്തുകളെന്നോ, എന്റെ കത്തുകളെന്നോ ഉള്ള ഭേദമില്ലെന്നും പറയേണ്ടിയിരിക്കുന്നു. എന്റെ കാര്യത്തിൽ വിശേഷിച്ചുള്ളൊരു നിർഭാഗ്യം തന്നെയായിരുന്നു അത്‌; അതിനെക്കുറിച്ച്‌ ഞാനിനി അധികമൊന്നും പറയുന്നില്ല; പക്ഷേ ഇതൊരു പൊതുനടപ്പാണെന്നും പറയട്ടെ. കത്തെഴുതുക എന്നത്‌ അത്ര അനായാസമായ ഒരു സാധ്യതയാണെന്നു വന്നതോടെ- സൈദ്ധാന്തികമായി നോക്കുമ്പോൾ- ആത്മാക്കളുടെ ഭയാനകമായ ഒരപചയം ഈ ലോകത്തു കടന്നുവന്നിട്ടുണ്ടാവണം. യഥാർത്ഥത്തിലത്‌ പ്രേതങ്ങൾ തമ്മിലുള്ള ഒരു വ്യവഹാരമത്രെ; കത്തു കിട്ടുന്നയാളിന്റെ പ്രേതവുമായിട്ടു മാത്രമല്ല, താനെഴുതുന്ന കത്തിന്റെ വരികൾക്കിടയിലൂടെ വളരുന്ന സ്വന്തം പ്രേതവുമായിട്ടുകൂടിയുള്ള ഒരിടപാട്‌; കത്തുകൾ തുടർച്ചയായിട്ടെഴുതുന്നയാളാണെങ്കിൽ അത്രയ്ക്കു കൃത്യവുമാണത്‌; ഇവിടെ ഓരോ കത്തും മറ്റൊരു കത്തിനെ സാധൂകരിക്കാനുണ്ടാവും, സാക്ഷ്യം നിൽക്കാനും മറ്റൊന്നുണ്ടാവും.  കത്തു വഴി മനുഷ്യർക്കു തമ്മിൽത്തമ്മിൽ ബന്ധപ്പെടാമെന്ന ആശയം എങ്ങനെയുണ്ടായോ ആവോ! അകലത്തുള്ള ഒരാളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാം; അടുത്തുള്ള ഒരാളാണെങ്കിൽ കടന്നുപിടിക്കുകയും ചെയ്യാം- മനുഷ്യന്റെ ബലം കൊണ്ട്‌ ഇതിനപ്പുറമൊന്നും സാധ്യമേയല്ല. കത്തെഴുതുക എന്നാൽ പ്രേതങ്ങൾക്കു മുന്നിൽ സ്വയം നഗ്നനാവുക എന്നാണർത്ഥം; അതിനായിത്തന്നെ ആർത്തി പിടിച്ചു കാത്തിരിക്കുകയുമാണവ. എഴുതിയയച്ച ചുംബനങ്ങൾ ഒരിക്കലും ലക്ഷ്യം കാണാറില്ല, വഴിയിൽ വച്ച് അവയെ കുടിച്ചുവറ്റിക്കുകയാണു പ്രേതങ്ങൾ. സമൃദ്ധമായ ആ തീറ്റയിന്മേലാണ്‌ അവ പെറ്റുപെരുകുന്നതും. മനുഷ്യരാശി അതു കണ്ടറിയുന്നുണ്ട്‌, അതിനെതിരെ പൊരുതുന്നുണ്ട്‌; മനുഷ്യർക്കിടയിലെ ആ പ്രേതസാന്നിദ്ധ്യത്തെ കഴിയുന്നത്ര നിർമ്മാർജ്ജനം ചെയ്യാനും, സ്വാഭാവികമായ ഒരിടപെടൽ, ആത്മശാന്തി, സൃഷ്ടിക്കാനുമായി അതു റയിൽവേ കണ്ടുപിടിച്ചിരിക്കുന്നു, മോട്ടോർക്കാറും വിമാനവും കണ്ടുപിടിച്ചിരിക്കുന്നു. പക്ഷേ അതു കൊണ്ടിനി പ്രയോജനമില്ല, കാരണം, തകർച്ചയുടെ വക്കത്തെത്തി നിൽക്കുമ്പോൾ കണ്ടെത്തിയ ഉപായങ്ങളാണവ. കൂടുതൽ കരളുറപ്പും ശേഷിയുമുള്ളതാണു മറുകക്ഷി; തപാലിനു ശേഷം അവർ ടെലഗ്രാഫ്‌ കണ്ടുപിടിച്ചു, ടെലഫോൺ കണ്ടുപിടിച്ചു, റേഡിയോഗ്രാഫ്‌ കണ്ടുപിടിച്ചു. പ്രേതങ്ങൾക്കു പട്ടിണി കിടക്കേണ്ടിവരില്ല, പക്ഷേ നമ്മൾ തുലഞ്ഞുപോകും.
(1922 മാര്‍ച്ച്)
 
അസംതൃപ്തവിവാഹം എന്നൊന്നില്ല, ഉള്ളത് അപൂർണ്ണവിവാഹമാണ്‌; അതപൂർണ്ണമാകുന്നതാവട്ടെ, അപൂർണ്ണരായ മനുഷ്യരാണ്‌ അതിൽ പങ്കാളികളാകുന്നത് എന്നതു കാരണവും. ഇനിയും പക്വതയെത്താത്ത മനുഷ്യജീവികൾ, വിളവെടുക്കും മുമ്പേ പറിച്ചുകളയേണ്ട കളകൾ. അത്തരം മനുഷ്യരെ വിവാഹത്തിലേക്കു പറഞ്ഞയക്കുന്നത് ഒന്നാം ക്ളാസ്സിൽ ആൾജിബ്ര പഠിപ്പിക്കുന്നതു പോലെയാണ്‌. ഉയർന്ന ക്ളാസിൽ ആൾജിബ്ര ഒന്നാം ക്ളാസിലെ ഒന്നേ ഗുണം ഒന്നിനെക്കാളും എളുപ്പമാണ്‌, ശരിക്കുമത് ഒന്നേ ഗുണം ഒന്നു തന്നെയുമാവുന്നു; പക്ഷേ ഇങ്ങു താഴെ അതു സാദ്ധ്യമാവുകയില്ല, കുട്ടികളുടെ ലോകത്തെയാകെ അതു കുഴപ്പിക്കുകയാണ്‌, ഒരുപക്ഷേ മറ്റു ലോകങ്ങളെയും. ..
(1923 ജനുവരി-ഫെബ്രുവരി)
*
ജീവിച്ചിരിക്കുന്ന എഴുത്തുകാർക്ക് തങ്ങളുടെ പുസ്തകങ്ങളുമായി ഒരു സജീവബന്ധമുണ്ടാവും. അവയ്ക്കു വേണ്ടിയോ അവയ്ക്കെതിരായോ അവർ പൊരുതിക്കൊണ്ടിരിക്കും. എഴുത്തുകാരന്റെ മരണത്തോടെയല്ലാതെ പുസ്തകത്തിന്റെ യഥാർത്ഥമായ, സ്വതന്ത്രമായ ജീവിതം തുടങ്ങുന്നില്ല. ഒന്നു കൂടി കൃത്യമായി പറഞ്ഞാൽ അവരുടെ മരണം നടന്ന് അല്പകാലം കഴിയുകയും വേണം; കാരണം മരണം കഴിഞ്ഞ് കുറച്ചു നാൾ കൂടി ഈ ഉത്സാഹികൾ തങ്ങളുടെ പുസ്തകങ്ങൾക്കായി പൊരുതിക്കൊണ്ടിരിക്കും. പിന്നീടു പക്ഷേ പുസ്തകം ഒറ്റയ്ക്കാവുന്നു, സ്വന്തം ഹൃദയസ്പന്ദനത്തിന്റെ ബലത്തെ മാത്രമേ അതിനാശ്രയിക്കാനുള്ളു എന്നുമാകുന്നു.
(1923 ഫെബ്രുവരി)

*

ചില ദിവസങ്ങളിൽ ഉറക്കമുണരുമ്പോൾ നിങ്ങൾക്കു തോന്നുകയാണ്‌, യാഥാർത്ഥ്യം നിങ്ങളുടെ കിടക്കയ്ക്കു തൊട്ടടുത്തു കിടപ്പുണ്ടെന്ന്, നിങ്ങളെ കൈയേല്ക്കാനായി, വാടിയ ചില പൂക്കളുമായി, ഒരു തുറന്ന ശവക്കുഴി പോലെ...

(മിലേന ജസെൻസ്ക (1896-1944) - ചെക്ക് പത്രപ്രവർത്തകയും വിവർത്തകയും. കാഫ്കയുടെ കഥകൾ ആദ്യമായി ചെക്കുഭാഷയിലേക്ക്, മറ്റൊരു ഭാഷയിലേക്കു തന്നെ, ആദ്യമായി വിവർത്തനം ചെയ്യുന്നത് മിലേനയാണ്‌. ഗ്രന്ഥകാരന്റെ അനുവാദം ചോദിച്ചുകൊണ്ടു തുടങ്ങിയ കത്തിടപാട് വികാരതീവ്രമായ ഒരു ബന്ധത്തിലേക്കു നയിച്ചു. വിയന്നയിൽ അവർ നാലു ദിവസം ഒരുമിച്ചുകഴിയുകയും ചെയ്തു. 1920ൽ ആ ബന്ധം പെട്ടെന്നവസാനിച്ചു. 1939ൽ ഗെസ്റ്റപ്പോ അറസ്റ്റു ചെയ്ത മിലേന 1944ൽ റാവൻസ്ബ്രക്കിലെ നാസി ക്യാമ്പിൽ വച്ച് വൃക്കരോഗം മൂർച്ഛിച്ചു മരിച്ചു.)





Wednesday, August 13, 2014

ലൂയിസ് ഡി കാമോയിസ് - സത്ത

luis-camoes1

 


നിന്റെ വെളുത്ത നിറം ആമ്പൽപ്പൂക്കൾക്കു മടക്കിയേക്കൂ,
നിന്റെ തുടുപ്പുകൾ ചുവന്ന പനിനീർപ്പൂവിനും;
നിന്റെ ഹാരിയായ കണ്ണുകളിൽ നിന്നു പുറപ്പെട്ടു
ഞങ്ങളുടെ ഹൃദയങ്ങളെ അപഹരിക്കുന്ന സുതാര്യവെളിച്ചം-
അതു സൂര്യനു തന്നെ മടക്കിനല്കൂ.
തടുക്കരുതാത്തൊരീണത്താൽ നിന്റെ ചുണ്ടുകൾ നിറച്ചവർ,
ആ ഗന്ധർവന്മാർക്കു നിന്റെ ഗാനങ്ങൾ മടക്കിയാലും.
നിന്റെ ചാരുതകൾ സൌന്ദര്യദേവതകൾക്കു മടക്കൂ,
നിന്നോളം വരില്ല തങ്ങളെന്നവർക്കറിയാമല്ലോ.
സുഭഗയായ വീനസിനു നിന്റെ ശ്രീത്വം മടക്കുക,
മിനർവയ്ക്കു നിന്റെയറിവും കഴിവും കലാപാടവവും,
നിർമ്മലയായ ഡയാനയ്ക്കു നിന്റെ ശാലീനതയും.
നിനക്കിപ്പോഴുള്ളതെല്ലാം സ്വയം നീ കൈയൊഴിക്കുക,
എങ്കിലൊരു സിദ്ധി മാത്രം പിന്നെ നിനക്കു ശേഷിക്കും:
ക്രൂരത...അതായത്, നിന്റെ യഥാർത്ഥസത്ത!


 

Tuesday, August 12, 2014

ഡി. എഛ്. ലോറൻസ് - പ്രണയം എന്ന അലങ്കോലം

d h lawrence

 


പ്രണയത്തെ ഒരാദർശമാക്കിയതില്പിന്നെ
നാമതിനെ ആകെ അലങ്കോലമാക്കിക്കളഞ്ഞു.

ജീവിതകാലമുടനീളം ഒരു സ്ത്രീയെ,
പ്രത്യേകിച്ചൊരു സ്ത്രീയെത്തന്നെ,
പ്രേമിച്ചോളാമെന്നു  വാക്കു കൊടുക്കുന്ന നിമിഷം
ഞാനവളെ വെറുത്തു തുടങ്ങുകയുമായി.
നിന്നെ ഞാൻ സ്നേഹിക്കുന്നു!-
എന്നൊരുവളോടു ഞാനൊന്നു പറയുന്ന നിമിഷം
എന്റെ പ്രണയത്തിനു കാര്യമായ ഇടിവു തട്ടുകയായി.

അന്യോന്യമറിഞ്ഞു ചെയ്യേണ്ടതൊന്നാണു
പ്രണയമെന്നു വരുന്ന നിമിഷം,
നമുക്കുറപ്പിക്കാം,
അതൊരു തണുത്ത മുട്ടയാകുന്നു,
അതു പിന്നെ പ്രണയമല്ലാതാകുന്നു.

പ്രണയം ഒരു പൂവു പോലെയാണ്‌,
അതു വിടരണം, അതു വാടുകയും വേണം;
വാടുന്നില്ല അതെങ്കിൽ, അതു പൂവായിരിക്കില്ല,
വെറുമൊരു കടലാസുപൂവായിരിക്കും,
അല്ലെങ്കിൽ ശവപ്പറമ്പിനു ചേർന്ന വാടാമല്ലി.

പ്രണയത്തിൽ മനസ്സിടങ്കോലിടുന്ന നിമിഷം,
ഇച്ഛ പറ്റിപ്പിടിക്കുന്ന നിമിഷം,
വ്യക്തിസത്ത സ്വഗുണമായി അതിനെ കരുതുന്ന നിമിഷം,
അഹംബോധമതിനെ കൈക്കലാക്കുന്ന നിമിഷം
അതു പ്രണയമല്ലാതായിക്കഴിഞ്ഞു,
അതു പിന്നെ വെറുമൊരലങ്കോലം മാത്രം.
പ്രണയത്തെ നാം ആകെ അലങ്കോലമാക്കിക്കളഞ്ഞു,
മനസ്സു  ദുഷിപ്പിച്ച, ഇച്ഛ ദുഷിപ്പിച്ച,
അഹംബോധം ദുഷിപ്പിച്ച പ്രണയം.


Sunday, August 10, 2014

ജോൺ ബർജെർ - ചെ ഗുവാര, ഒരു ഫോട്ടോഗ്രാഫും രണ്ടു പെയിന്റിംഗുകളും

che

 

1967 ഒക്റ്റോബർ പത്താം തീയതി ചൊവ്വാഴ്ച ലോകത്തിനു മുമ്പാകെ ഒരു ഫോട്ടോ പ്രദർശിപ്പിക്കപ്പെട്ടു, തൊട്ടു മുമ്പുള്ള ഞായറാഴ്ച റിയോ ഗ്രാൻഡെ നദിയുടെ വടക്കേക്കരയിലുള്ള ഹിഗ്വേറ എന്ന കാട്ടുഗ്രാമത്തിനടുത്തു വച്ച് രണ്ടു കമ്പനി ബൊളീവിയൻ പട്ടാളക്കാരും ഒരു ഗറില്ലാസംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഗുവാര കൊല്ലപ്പെട്ടു എന്നതിനുള്ള തെളിവായി. വയേഗ്രാൻഡെ എന്ന ചെറുപട്ടണത്തിലെ ഒരു തൊഴുത്തിൽ വച്ചാണ്‌ ജഡത്തിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്. ജഡം ഒരു സ്ട്രെച്ചറിൽ വച്ചിരുന്നു; സ്ട്രെച്ചർ ഒരു സിമന്റു തൊട്ടിക്കു മേലും.

ഇതു നടക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം കൊണ്ട് ‘ചെ’ ഗുവാര ഒരു ഇതിഹാസമായി മാറിയിരുന്നു. എവിടെയാണ്‌ അദ്ദേഹമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും കണ്ടിട്ടുള്ളതിന്‌ നിർവിവാദമായ തെളിവുമില്ല. പക്ഷേ ആ സാന്നിദ്ധ്യം എവിടെയുമുണ്ടായിരുന്നു, പൊതുവ്യവഹാരങ്ങളിൽ അതു നിരന്തരം പരാമൃഷ്ടവുമായിരുന്നു. തന്റെ അവസാനത്തെ പ്രസ്താവനയുടെ തലക്കുറിയായി -ഹവാനയിലെ ട്രൈകോണ്ടിനന്റൽ സോളിഡാരിറ്റി അസോസിയേഷന്‌ അജ്ഞാതമായൊരു ഗറില്ലാകേന്ദ്രത്തിൽ നിന്നയച്ചതാണത്- പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ളവകവിയായ ഹൊസേ മാർട്ടിയുടെ ഒരു വരിയാണ്‌ അദ്ദേഹം ഉപയോഗിച്ചത്: ‘ചൂളകളുടെ നേരമായിരിക്കുന്നു, ഇനി വെളിച്ചമേ കണ്ടുകൂടൂ.‘ താൻ തന്നെ പ്രസരിപ്പിക്കുന്ന വെളിച്ചത്തിൽ ഒരേ സമയം അദൃശ്യനും സർവവ്യാപിയുമാവുകയാണ്‌ അദ്ദേഹം എന്നപോലെയായിരുന്നു.

ഇപ്പോൾ അദ്ദേഹം മരിച്ചിരിക്കുന്നു. ആ ഇതിഹാസത്തിന്റെ വലിപ്പം കൂടുന്തോറും അദ്ദേഹം ജീവിച്ചിരിക്കാനുള്ള സാദ്ധ്യത കുറയുകയുമായിരുന്നു. എന്നെന്കിലുമൊരിക്കൽ ഇതിഹാസത്തിനു തടയിടേണ്ടിയിരുന്നു. ’ഏണെസ്റ്റോ ചെ ഗുവാര ബൊളീവിയയിൽ വച്ചു ശരിക്കും കൊല്ലപ്പെട്ടുവെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത കാണുന്നത്) ഒരു മനുഷ്യനോടൊപ്പം ഒരു മിത്തിനും അന്ത്യമായിരിക്കുന്നു,‘ ന്യൂയോർക്ക് ടൈംസ് എഴുതി.

അദ്ദേഹം ഏതു സാഹചര്യത്തിലാണു മരിച്ചതെന്ന് നമുക്കറിയില്ല. അതേ സമയം ആരുടെ കൈകളിലാണോ അദ്ദേഹം ചെന്നുവീണത് അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരു ധാരണ നമുക്കു കിട്ടും, അദ്ദേഹത്തിന്റെ ജഡത്തോട് എങ്ങനെയാണവർ പെരുമാറിയത് എന്നു കാണുമ്പോൾ. ആദ്യം അവരതിനെ ഒളിപ്പിച്ചുവച്ചു. പിന്നെ അവരതിനെ പ്രദർശനത്തിനു വച്ചു. എന്നിട്ടു പിന്നെ അജ്ഞാതമായൊരു സ്ഥലത്ത് പേരില്ലാത്തൊരു ശവക്കുഴിയിൽ മറവു ചെയ്തു. പിന്നെ വീണ്ടും അതവർ പുറത്തെടുത്തു. എന്നിട്ട് അവരതു കത്തിച്ചുകളഞ്ഞു. പക്ഷേ കത്തിക്കും മുമ്പ് അവർ വിരലുകൾ മുറിച്ചെടുത്തിരുന്നു; മരിച്ചത് ഗുവാര തന്നെയെന്ന് പില്ക്കാലത്തു തെളിയിക്കാൻ വേണ്ടിയാവണം. തങ്ങൾ കൊന്നത് ശരിക്കും ഗുവാരയെത്തന്നെയാണോ എന്ന് അവർക്കു കാര്യമായ സംശയമുണ്ടായിരുന്നു എന്നതിനെയാകാം അതു സൂചിപ്പിക്കുന്നത്. അക്കാര്യത്തിൽ അവർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല എന്നും, പക്ഷേ അവർക്ക് അദ്ദേഹത്തിന്റെ ജഡത്തെ ഭയമായിരുന്നു എന്നും വരാം. രണ്ടാമത്തതിനെയാണു ഞാൻ വിശ്വസിക്കുക.

ഒരിതിഹാസത്തിന്റെ അന്ത്യം കുറിക്കുക എന്നതായിരുന്നു ഒക്ടോബർ 10നിറങ്ങിയ ഫോട്ടോഗ്രഫിന്റെ ഉദ്ദേശ്യം. പക്ഷേ അതു കണ്ട പലരിലും നേരേ വിപരീതമായ ഒരു ഫലമാണ്‌ അതു ജനിപ്പിച്ചതെന്നു വരാം. ആ ഫോട്ടോയുടെ അർത്ഥമെന്താണ്? കൃത്യവും നിഗൂഢതകളൊഴിഞ്ഞതുമായ ഏതർത്ഥമാണ്‌ ഇന്നതു ജനിപ്പിക്കുന്നത്? എന്നോടു ബന്ധപ്പെടുത്തിയുള്ള ഒരു വിശകലനമേ എനിക്കു സാദ്ധ്യമാകൂ.

tulp

Rembrandt van Rijn. The Anatomy Lesson of Dr Nicolaes Tulp, 1632

ഈ ഫോട്ടോയും റെംബ്രാന്റിന്റെ ‘ഡോക്ടർ ടുൾപ്പിന്റെ ശരീരശാസ്ത്രപഠനം’ എന്ന ചിത്രവുമായി ഒരു സാദൃശ്യമുണ്ട്. ഉടയാത്ത വേഷവുമായി, തൂവാല കൊണ്ടു മുഖവും വായും പൊത്തിയിരിക്കുന്ന ബൊളീവിയൻ കേണലിന്‌ പെയിന്റിംഗിലെ ഡോക്ടറുടെ സ്ഥാനമാണ്‌. വലതുവശത്തെ രണ്ടു രൂപങ്ങൾ ജഡത്തെ തുറിച്ചുനോക്കുന്നത് ഡോക്ടർ ടുല്പിനോടേറ്റവും അടുത്തായി ഇടതു വശത്തുള്ള രണ്ടു ഡോക്ടർമാരുടെ അതേ തീവ്രവും നിർവികാരവുമായ താല്പര്യത്തോടെയാണ്‌. റെംബ്രാന്റിൽ രൂപങ്ങളുടെ എണ്ണം കൂടുതലാണെന്നതു ശരി തന്നെ- വയേഗ്രാന്റെയിലെ തൊഴുത്തിൽ ഫോട്ടോയിൽ വരാത്തവരായി വേറെയും ആളുകളുണ്ടായിരുന്നു എന്നതും ശരി തന്നെ. പക്ഷേ മറ്റു രൂപങ്ങൾക്കിടയിൽ ജഡത്തെ കിടത്തിയിരിക്കുന്ന സ്ഥാനം, ജഡത്തിനെ ആകെ മൂടിയിരിക്കുന്ന നിശ്ചേഷ്ടത- ഇതു രണ്ടും വളരെ സമാനമാണ്‌.

ഇതിൽ നമുക്ക് ആശ്ചര്യം തോന്നേണ്ടതുമില്ല; കാരണം രണ്ടു ചിത്രങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെ: ഔപചാരികവും വസ്തുനിഷ്ഠവുമായ ഒരു ജഡപരിശോധനയാണ്‌ രണ്ടിലും നടക്കുന്നത്. അതിലുമുപരി, മരിച്ചയാളെ ഒരു ദൃഷ്ടാന്തമാക്കുകയാണ്‌ രണ്ടിലും ചെയ്യുന്നത്- ഒന്നിൽ വൈദ്യശാസ്ത്രത്തിന്റെ വികാസത്തിന്റെ ഉദാഹരണമായി, മറ്റേതിൽ ഒരു രാഷ്ട്രീയമുന്നറിയിപ്പായി. മരിച്ചവരുടെയും വധിക്കപ്പെട്ടവരുടെയുമായി ആയിരക്കണക്കിനു ഫോട്ടോകളാണ്‌ എടുക്കപ്പെടുന്നത്. പക്ഷേ അപൂർവമായേ അവ ഔപചാരികമായ വിശദീകരണത്തിനുള്ള സന്ദർഭങ്ങളാവുന്നുള്ളു. ഡോക്ടർ ടുല്പ് തെളിയിച്ചു കാണിക്കുന്നത് കൈകളിലെ സ്നായുക്കളെക്കുറിച്ചാണ്‌; അദ്ദേഹത്തിന്റെ വിവരണം ഏതുമനുഷ്യന്റെ കൈകൾക്കും ബാധകവുമാണ്‌. തൂവാല പിടിച്ച കേണൽ തെളിയിച്ചു കൊടുക്കുന്നത് കുപ്രസിദ്ധനായ ഒരു ഗറില്ലാനേതാവിന്റെ അന്ത്യവിധി -അതു ദൈവായത്തവുമാണ്‌-എന്തായിരിക്കുമെന്നാണ്‌; അത് ആ ഭൂഖണ്ഡത്തിലെ ഓരോ ഗറില്ലയ്ക്കും ബാധകമായിരിക്കുമെന്നുമാണ്‌.

mantegna

The Lamentation over the Dead Christ, Tempera by Andrea Mantegna (1431-1506,

മറ്റൊരു ബിംബം കൂടി അതെന്നെ ഓർമ്മിപ്പിച്ചു: മാന്റെഗ്നായുടെ പെയിന്റിംഗ്, മരിച്ച ക്രിസ്തുവിന്റെ; ഇപ്പോൾ മിലാനിലെ ബ്രെരായിലുള്ളത്. ജഡത്തിന്റെ കാഴ്ച അതേ ഉയരത്തിൽ നിന്നു തന്നെ, വശത്തു നിന്നെന്നതിനു പകരം കാലടികളിൽ നിന്നാണെന്നു മാത്രം. കൈകളുടെ സ്ഥാനം സമാനമാണ്‌, വിരലുകൾ ചുരുളുന്നതും ഒരേ ചേഷ്ടയിൽ. അരയ്ക്കു താഴെ ഉടുവസ്ത്രം മടങ്ങിക്കിടക്കുന്നത് ഗവേരയുടെ മേലുള്ള ചോരയിൽ കുതിർന്നതും ബട്ടണഴിച്ചതും ഒലീവുപച്ച നിറത്തിലുള്ളതുമായ ട്രൌസറിന്റെ അതേ മാതിരി തന്നെയാണ്‌. തല ഉയർത്തി വച്ചിരിക്കുന്നത് ഒരേ ആംഗിളിൽ തന്നെ. മുഖത്തിന്റെ ഭാവരാഹിത്യം ഒരേ പ്രകാരം. ക്രിസ്തുവിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു, അരികിൽ രണ്ടു പേർ വിലപിച്ചുകൊണ്ടു നില്ക്കുന്നുവെന്നതിനാൽ. ഗുവാരയുടെ കണ്ണുകൾ തുറന്നിട്ടാണ്‌, വിലപിക്കാൻ ആരുമില്ലെന്നതിനാൽ: തുവാല കൈയിൽ പിടിച്ച ആ കേണലും ഒരു അമേരിക്കൻ ഇന്റലിജൻസ് ഏജന്റും കുറച്ചു ബൊളീവിയൻ പട്ടാളക്കാരും പത്രക്കാരും മാത്രം. ഇവിടെയും സാദൃശ്യം നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. മരിച്ച കുറ്റവാളിയെ കിടത്താൻ ഏറെ വഴികളൊന്നുമില്ല.

ഇത്തവണ പക്ഷേ, സാദൃശ്യം വെറും ആംഗികമോ സന്ദർഭാനുസാരമോ മാത്രമായിരുന്നില്ല. സായാഹ്നപത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചുവന്ന ആ ഫോട്ടോ കണ്ടപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ മാന്റെഗ്നായുടെ ചിത്രം കണ്ടപ്പോൾ അക്കാലത്തെ ഒരു വിശ്വാസിക്കു തോന്നിയിരിക്കാവുന്നതായി ഞാൻ ഭാവന ചെയ്ത വികാരങ്ങളുമായി വളരെ സമാനത പുലർത്തുന്നതായിരുന്നു. ഒരു ഫോട്ടോയ്ക്ക് ചെലുത്താന്‍ കഴിയുന്ന സ്വാധീനശക്തിക്ക് താരതമ്യേന കുറഞ്ഞ ആയുസ്സേയുള്ളു. ഇപ്പോൾ ആ ഫോട്ടോയിൽ നോക്കിനില്‍ക്കുന്ന എനിക്ക് അന്നാദ്യമായി അതു കാണുമ്പോഴുണ്ടായ ശിഥിലവികാരങ്ങൾ ഓര്‍ത്തെടുക്കേണ്ടിവരികയാണ്. ഗവേര ക്രിസ്തുവായിരുന്നില്ല. മിലാനിൽ വച്ച് ആ മാന്റെഗ്നാചിത്രം ഞാൻ വീണ്ടും കാണുകയാണെങ്കിൽ ഞാനതിൽ കാണുക ഗുവാരയുടെ ഉടൽ ആയിരിക്കും. അതു പക്ഷേ, അപൂർവ്വമായി സംഭവിക്കുമ്പോലെ, ചിലർ തങ്ങളുടെ ജീവിതം കൊണ്ടെന്താണോ അർത്ഥമാക്കിയത് അതിനു പൂർണ്ണത വരാൻ, എന്തിന്റെ ദൃഷ്ടാന്തമായാണോ അവർ ജീവിച്ചത് അതങ്ങനെയാവാൻ ഒരു ദുരന്തമരണം കൂടി വേണ്ടിവരുന്നു എന്നതു കൊണ്ടു മാത്രമാണ്‌. ഗുവാരയുടെ കാര്യത്തിൽ എനിക്കത് അത്ര ബോദ്ധ്യമായിരുന്നു; ക്രിസ്തുവിന്റെ കാര്യത്തിൽ ചില ചിത്രകാരന്മാർക്കും ഒരിക്കലതു ബോദ്ധ്യമായിരുന്നു. വൈകാരികമായ പാരസ്പര്യത്തിന്റെ അളവാണത്.

ഗുവാരയുടെ മരണത്തിൽ പല വ്യാഖ്യാതാക്കളും വരുത്തിയ പിശക് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് വെറും യുദ്ധവൈദഗ്ധ്യമോ ഒരു തരം വിപ്ളവതന്ത്രമോ മാത്രമാണെന്നു വാദിക്കുന്നതാണ്‌. അങ്ങനെ അവർ ഒരു പിന്നോട്ടടിയെക്കുറിച്ചോ ഒരു പരാജയത്തെക്കുറിച്ചോ സംസാരിക്കുന്നു. തെക്കേ അമേരിക്കയുടെ വിപ്ളവപ്രസ്ഥാനത്തിന്‌ ഗുവാരയുടെ മരണം കൊണ്ടു വന്നിരിക്കാവുന്ന നഷ്ടം വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷേ സ്വന്തം പദ്ധതികളുടെ വിശദാംശങ്ങളിലും കവിഞ്ഞ ചിലതിനെയാണ്‌ അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നതെന്നും ഇനി പ്രതിനിധാനം ചെയ്യുക എന്നും എനിക്കു തീർച്ചയാണ്‌. അദ്ദേഹം പ്രതിനിധാനം ചെയ്തത് ഒരു തീരുമാനത്തെയാണ്‌, ഒരു നിഗമനത്തെയാണ്‌.

index

ഗുവാര ലോകത്തിന്റെ അവസ്ഥയെ കണ്ടത് അത് അസഹനീയമാണ്‌ എന്നാണ്‌. വളരെ അടുത്ത കാലത്താണ്‌ അതങ്ങനെ ആയതും. മുമ്പ്, ലോകജനതയുടെ മൂന്നിൽ രണ്ടു ഭാഗവും ജീവിച്ചിരിരുന്നത് ഏറെക്കുറെ ഇതേ അവസ്ഥയിലായിരുന്നു. ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും തോത് ഇത്ര തന്നെ ഉയർന്നതായിരുന്നു. അതിന്റെ യാതന ഇത്ര തന്നെ തീക്ഷ്ണവും വ്യാപകവുമായിരുന്നു. അന്നു പക്ഷേ അത് അസഹനീയമായിരുന്നില്ല; കാരണം, ആ അവസ്ഥയുടെ യാഥാർത്ഥ്യം പൂർണ്ണമായ തോതിൽ ആരും അറിഞ്ഞിരുന്നില്ല- അതിനിരയായവർ പോലും. സത്യങ്ങൾ അവ സൂചിതമാകുന്ന അവസ്ഥകളിൽ എപ്പോഴും പ്രകടമാവണമെന്നില്ല. അവ പിറവിയെടുക്കുകയാണ്‌- ചിലപ്പോൾ വളരെ വൈകിയും. ഈ യാഥാർത്ഥ്യം പിറവിയെടുത്തത് ദേശീയവിമോചനത്തിനായുള്ള സമരങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയുമാണ്‌. ഈ നവജാതസത്യത്തിന്റെ വെളിച്ചത്തിൽ സാമ്രാജ്യത്വത്തിന്റെ അർത്ഥം മാറുന്നു. അതിന്റെ ആവശ്യങ്ങൾ വ്യത്യസ്തമാണെന്നു നാം കാണുന്നു. മുമ്പതാവശ്യപ്പെട്ടിരുന്നത് കുറഞ്ഞ വിലയ്ക്ക് അസംസ്കൃതവിഭവങ്ങളും ചൂഷണം ചെയ്യാൻ പറ്റിയ തൊഴിലാളികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള ലോകകമ്പോളവുമായിരുന്നു. ഇന്നതാവശ്യപ്പെടുന്നത് ഒരു വിലയുമില്ലാത്ത ഒരു മനുഷ്യവർഗ്ഗത്തെയാണ്‌.

ഈ സാമ്രാജ്യത്വവുമായുള്ള യുദ്ധത്തിൽ സ്വന്തം മരണം ഏതു വിധമായിരിക്കുമെന്ന് ഗുവാര മനസ്സിൽ കണ്ടിരുന്നു.

മരണം എവിടെ വച്ചും, ഏതപ്രതീക്ഷിതസമയത്തും നമുക്കു മുന്നിൽ വന്നോട്ടെ, നാമതിനെ സ്വാഗതം ചെയ്യും, നമ്മുടെ പോർവിളി ഒരു കാതിലെങ്കിലും അനുരണനം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ ആയുധങ്ങളേന്താൻ മറ്റൊരു കൈ നീണ്ടുവന്നിട്ടുണ്ടെങ്കിൽ, പുതിയ പോർവിളികളുടെയും യന്ത്രത്തോക്കുകളുടെ താളത്തിന്റെയും അകമ്പടിയോടെ ചരമഗീതങ്ങളാലപിക്കാൻ മറ്റു മനുഷ്യർ തയാറായിട്ടുണ്ടെങ്കിൽ.

ലോകത്തിന്റെ അസഹനീയമായ അവസ്ഥയെ ചോദ്യം ചെയ്യാതെ  സ്വീകരിച്ചാൽ എന്തു മാത്രം അസഹനീയമായിരിക്കും തന്റെ ജീവിതമെന്നത് അദ്ദേഹം മനസ്സിൽ കണ്ട സ്വന്തം മരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ലോകത്തെ മാറ്റിത്തീർക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമെന്ന് താൻ മനസ്സിൽ കണ്ട മരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഒരു മനുഷ്യനു ചേർന്ന അഭിമാനത്തോടെ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെങ്കിൽ അതിനുള്ള അവകാശം അദ്ദേഹത്തിനു നല്കിയത് അദ്ദേഹം മനസ്സിൽ കണ്ട മരണമായിരുന്നു.

ഗുവാരയുടെ മരണവാർത്ത കേട്ടപ്പോൾ ആരോ പറയുന്നതു ഞാൻ കേട്ടു: ‘ഒറ്റ മനുഷ്യന്റെ സാദ്ധ്യതകൾക്ക് ഒരാഗോളപ്രതീകമായിരുന്നു അദ്ദേഹം.’ എന്തുകൊണ്ടാണിത് സത്യമാകുന്നത്? മനുഷ്യന്‌ അസഹനീയമായത് എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നതിനാൽ, ആ തിരിച്ചറിവിനു ചേർന്ന വിധം പ്രവർത്തിച്ചുവെന്നതിനാൽ.

പെട്ടെന്നാണ്‌ ഗുവാരയുടെ മരണം ലോകമാകെ നിറയുന്നതും അദ്ദേഹത്തിന്റെ ജീവിതത്തെ പാടേ തുടച്ചുമാറ്റുന്നതും. അദ്ദേഹം മനസ്സിൽ കണ്ട മരണം യഥാർത്ഥമായി. അതിനെക്കുറിച്ചാണ്‌ ആ ഫോട്ടോ പറയുന്നത്. സാദ്ധ്യതകൾ പൊയ്ക്കഴിഞ്ഞു. ശേഷിച്ചത് ചോര, ഫോർമലിന്റെ ഗന്ധം, കുളിപ്പിക്കാത്ത ജഡത്തിലെ മരുന്നു പുരട്ടാത്ത മുറിവുകൾ, ഈച്ചകൾ, ചുളുങ്ങിക്കൂടിയ ട്രൌസർ: സ്വകാര്യമല്ലാത്ത, വ്യക്തിപരമല്ലാത്ത ഒരു മരണത്തിനു കീഴ്പെട്ട, തട്ടിനിരപ്പാക്കിയ ഒരു നഗരം പോലെ തകർന്ന ഒരുടലിന്റെ സ്വകാര്യമായ വിശദാംശങ്ങൾ.

തന്റെ ശത്രുക്കൾക്കു നടുവിൽ കിടന്നാണ്‌ ഗുവാര മരിച്ചത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോടു ചെയ്തതിനോടു പൊരുത്തപ്പെട്ടു പോകുന്നതു തന്നെയാണ്‌ മരിച്ചതിനു ശേഷം അവർ അദ്ദേഹത്തോടു ചെയ്തതും. തന്റെ അന്ത്യാവസ്ഥയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ താൻ മുമ്പെടുത്ത തീരുമാനങ്ങളല്ലതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ആ വൃത്തം പൂർത്തിയായി. ആ നിമിഷത്തിൽ അല്ലെങ്കിൽ ആ നിത്യതയിൽ അദ്ദേഹത്തിന്റെ അനുഭവമെന്തായിരുന്നു എന്ന് ഊഹിച്ചെടുക്കാൻ നോക്കുന്നത് മുഴുത്ത അസംബന്ധമായിരിക്കും. ഫോട്ടോയിൽ കാണുന്ന ജീവനറ്റ ശരീരം മാത്രമാണ്‌ നമുക്കാകെ കിട്ടിയിട്ടുള്ള വിവരണം. എന്നാൽ ഒരു വൃത്തം പൂർത്തിയാവുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ യുക്തി ഊഹിച്ചെടുക്കാൻ നമുക്കവകാശമുണ്ട്. സത്യം തിരിഞ്ഞാണൊഴുകുക. അദ്ദേഹം മനസ്സിൽ കണ്ട മരണം ഇപ്പോൾ അസഹനീയമായ ഒരു ലോകാവസ്ഥയെ മാറ്റിത്തീർക്കുക എന്ന ആവശ്യകതയുടെ മാനദണ്ഡമല്ലാതിരിക്കുന്നു. തന്റെ യഥാർത്ഥമരണത്തെക്കുറിച്ചു ബോധവാനായ അദ്ദേഹം സ്വയം ന്യായീകരിക്കാനുള്ള മാനദണ്ഡം തന്റെ ജീവിതത്തിൽ കണ്ടെത്തുന്നു; തനിക്കനുഭവസ്ഥമായ ലോകം അദ്ദേഹത്തിന്‌ സഹനീയമാവുകയും ചെയ്യുന്നു.

ഈ അന്തിമയുക്തിയെ മുൻകൂട്ടി കാണുക എന്നത് എത്ര കടുത്ത വൈഷമ്യങ്ങളോടും പൊരുതാൻ ഒരു വ്യക്തിയേയോ ജനതയേയോ പ്രാപ്തമാക്കുന്ന പലതിൽ ഒന്നാണ്‌. ആയുധശക്തിക്കു മൂന്നിരട്ടി കിട നില്ക്കുന്ന നൈതികശക്തിയുടെ ഘടകമാണത്.

article-2351596-00063E7500000258-158_636x467

ഫോട്ടോയിൽ കാണുന്നത് ഒരു നിമിഷമാണ്‌: കൃത്രിമമായി സംരക്ഷിച്ചു വച്ച ഗുവാരയുടെ ജഡം വെറുമൊരു വിശദീകരണവസ്തുവാകുന്ന നിമിഷം. അതാണതിനെ ജുഗുപ്ത്സാവഹമാക്കുന്നത്. പക്ഷേ, അതുകൊണ്ട് എന്തു തെളിയിച്ചുകൊടുക്കാനാണു പോകുന്നത്? ആ ജുഗുപ്ത്സയെ? അല്ല. ജുഗുപ്ത്സ തോന്നുന്ന നിമിഷം തന്നെ ഗുവാര ആരായിരുന്നുവെന്നും വിപ്ളവം എന്നത് അസംബന്ധമാണെന്നും തെളിയിച്ചു കൊടുക്കാൻ. എന്നാൽ ആ ഒരു ലക്ഷ്യം കൊണ്ടു തന്നെ ആ നിമിഷം അതിക്രമിക്കപ്പെടുകയും ചെയ്യുന്നു. ഗുവാരയുടെ ജീവിതവും വിപ്ളവം എന്ന ആശയം അല്ലെങ്കിൽ വസ്തുതയും ആ നിമിഷത്തിലേക്കു നയിച്ച, ഇപ്പോഴും തുടരുന്ന പ്രക്രിയകളെ ആവാഹിച്ചുവരുത്തുകയാണ്‌. ആ ഫോട്ടോ എടുക്കാൻ അനുമതിയും ആശീര്‍വാദവും നല്കിയവരുടെ ലക്ഷ്യം ഫലം കണ്ടെത്തണമെങ്കിൽ അതിനൊരു വഴിയേയുള്ളു: ലോകത്തിന്റെ അവസ്ഥയെ ആ ഒരു നിമിഷത്തിൽ കൃത്രിമമായി തറച്ചുനിർത്തുക: ജീവന്‍ ഇല്ലാതാക്കുക. ഗുവാര എന്ന ജീവിക്കുന്ന ദൃഷ്ടാന്തത്തെ തള്ളിപ്പറയാൻ അങ്ങനെയല്ലാതെ കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ആ ഫോട്ടോ ഒന്നുകിൽ നിരർത്ഥകമാണ്‌, കാരണം എന്താണതുൾക്കൊള്ളുന്നതെന്ന് കാഴ്ചക്കാരന്‌ ഒരു പിടിയുമില്ല; അല്ലെങ്കിൽ എന്താണോ ഉദ്ദേശിച്ചത്, അതല്ല തെളിയിക്കപ്പെടുന്നത്; അര്‍ത്ഥം മാറുകയാണ്, അഥവാ ഭേദപ്പെടുകയാണ്.

ഞാൻ അതിനെ താരതമ്യം ചെയ്തത് രണ്ടു പെയിന്റിംഗുകളോടാണ്‌; കാരണം ഫോട്ടോഗ്രഫി കണ്ടുപിടിക്കുന്നതിനു മുമ്പ് ആളുകൾ തങ്ങൾ കണ്ടതിനെ എങ്ങനെയാണു കണ്ടതെന്നതിനുള്ള ദൃശ്യസാക്ഷ്യം അതു മാത്രമാണല്ലോ. പക്ഷേ ഒരു പെയിന്റിംഗിനെക്കാൾ എത്രയോ വ്യത്യസ്തമാണ്‌ ഒരു ഫോട്ടോയുടെ പ്രഭാവം. ഒരു പെയിന്റിംഗ്, കുറഞ്ഞത് ഫലവത്തായ ഒന്നെങ്കിലും, അതിന്റെ വിഷയവസ്തു ഉല്പാദിപ്പിക്കുന്ന പ്രക്രിയകളോടു സമരസപ്പെട്ടു പോകുന്നു. ആ പ്രക്രിയകളോടുള്ള ഒരു മനോഭാവം പോലും അതു ദ്യോതിപ്പിക്കാം. ഒരു പെയിന്റിംഗിനെ അതിൽ തന്നെ പൂർണ്ണമായി നമുക്കു കാണാം.

ഈ ഫോട്ടോ കണ്മുന്നിൽ വരുമ്പോൾ രണ്ടു വഴികളേ നമുക്കുള്ളൂ; ഒന്നുകിൽ നാമതിനെ തിരസ്ക്കരിക്കണം, അല്ലെങ്കിൽ നമുക്കതെന്താണർത്ഥമാക്കുന്നതെന്ന് നാം തന്നെ പൂരിപ്പിച്ചെടുക്കണം.. ഒരു തീരുമാനമെടുക്കാൻ നമ്മെ നിർബന്ധിക്കുന്ന ഒരു ബിംബമാണത്, ഏതു മൂകബിംബത്തിനുമായ പോലെ.

(1967 ഒക്ടോബർ)


02e1e03ae7a0af8feeecf110.L._V192414682_SX200_

ജോൺ ബർജെർ (ജ.1926)- ഇംഗ്ളീഷ് നോവലിസ്റ്റും കവിയും ചിത്രകാരനും കലാനിരൂപകനും. G. എന്ന നോവലിന്‌ 1972ൽ ബൂക്കർ സമ്മാനം കിട്ടിയിട്ടുണ്ട്. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ബർജെറുടെ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്‌. ഇക്കാര്യത്തിൽ അദ്ദേഹം വാൾട്ടർ ബന്യാമിൻ, സൂസൻ സൊണ്ടാഗ് തുടങ്ങിയവരുടെ പാതയിലാണ്‌. ഈ രചന തങ്ങളുടെ സാമൂഹികാവകാശങ്ങൾ എന്തൊക്കെയെന്നറിയാനും അവയ്ക്കു മേൽ അവകാശം സ്ഥാപിക്കാനും മനുഷ്യരെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ?” ഇതാണ്‌ അദ്ദേഹത്തിന്റെ സൌന്ദര്യദർശനത്തിന്റെ മാനദണ്ഡം. അതിനാൽ ഫോട്ടോഗ്രഫിയെക്കുറിച്ചെഴുമ്പോഴും അതു രാഷ്ട്രീയമാവുന്നു, ഇടതുപക്ഷരാഷ്ട്രീയമാവുന്നു. berger

Books by John Berger

Friday, August 8, 2014

പോൾ എല്വാദ് - എന്നെയറിയാനാവില്ല

tumblr_n2t5a9bmlM1r4ui36o1_500


നീ എന്നെയറിഞ്ഞപോലെ
എന്നെയറിയാനാവില്ല

നാമൊരുമിച്ചു കിടന്നുറങ്ങിയ
നിന്റെ കണ്ണുകൾ
എന്റെ പൌരുഷത്തിന്റെ വെളിച്ചത്തിനു നല്കിയല്ലോ
ഈ ലോകത്തെ രാത്രികളെക്കാൾ ഭേദപ്പെട്ടൊരു ഭാഗധേയം

ഞാൻ യാത്ര ചെയ്ത നിന്റെ കണ്ണുകൾ
പാതയോരങ്ങളിലെ ദിശാസൂചകങ്ങൾക്കു നല്കിയല്ലോ
ഈ ലോകത്തിനന്യമായൊർത്ഥം

നമ്മുടെ തീരാത്ത ഏകാന്തത
നമുക്കു വെളിപ്പെടുത്തിത്തന്നവർ
നിന്റെ കണ്ണുകളിലിപ്പോഴവർ
തങ്ങൾ സ്വയം കരുതിയവരാവുന്നില്ലല്ലോ

ഞാൻ നിന്നെ അറിയുമ്പോലെ
നിന്നെ യറിയാനാവില്ല

(1936)


 

Thursday, August 7, 2014

പോൾ എല്വാദ് - പ്രത്യാശയുടെ സഹോദരിമാർ

 

index

 


പ്രത്യാശയുടെ സഹോദരിമാരേ ധൈര്യവതികളായ സ്ത്രീകളേ
സ്നേഹത്തിന്റെ നന്മകളൊക്കെയുമൊരുമിച്ചുകൂട്ടി
മരണത്തിനെതിരേ നിങ്ങളൊരുടമ്പടിയുണ്ടാക്കി

വിജേതാക്കളായ എന്റെ സഹോദരിമാരേ
ജീവിതമതിജീവിക്കട്ടെയെന്നതിലേക്കായി
നിങ്ങൾ നിങ്ങളുടെ ജീവിതങ്ങൾ പണയപ്പെടുത്തുന്നു

ആ ദിനമാസന്നമായിരിക്കുന്നു മഹതികളായ എന്റെ സഹോദരിമാരേ
യുദ്ധം വേദന പോലുള്ള വാക്കുകളെ നോക്കി നാമന്നു ചിരിക്കും
ദുഃഖത്തിന്റേതായി യാതൊന്നുമന്നു ശേഷിക്കുകയുമില്ല

ഓരോ മുഖത്തിനുമുണ്ടാവും ഒരു ചുംബനം കിട്ടാനുള്ള അവകാശം

(1936)


Wednesday, August 6, 2014

കാഫ്കയുടെ അവസാനവാക്കുകൾ

 

article_inset_ozick

 

മരിക്കുന്നതിനു മുമ്പുള്ള രണ്ടു മാസം കാഫ്ക ഓസ്ട്രിയയിലെ കീർലിങ്ങിൽ ഒരു സാനിട്ടോറിയത്തിൽ ചികിത്സയിലായിരുന്നു. ക്ഷയരോഗം ശ്വാസനാളത്തെ കീഴടക്കിക്കഴിഞ്ഞിരുന്നു. സംസാരിക്കരുതെന്ന് ഡോക്ടർമാർ വിലക്കിയതിനാൽ കടലാസുതുണ്ടുകളിൽ എഴുതിക്കൊടുത്താണ്‌ അദ്ദേഹം മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ഇവയിൽ ഭൂരിഭാഗവും അവസാനം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഡോറ ഡയമന്റ്, റോബർട്ട് ക്ളോപ്സ്റ്റോക്ക്, നഴ്സുമാർ ഇവർക്കുള്ളതായിരുന്നു.സ്വന്തം ശാരീരികാവശ്യങ്ങളായിരുന്നു മിക്കതുമെങ്കിലും ചിലതൊക്കെ മരണാസന്നനായ ഒരെഴുത്തുകാരന്റെ ലോകനിരീക്ഷണങ്ങളുമായിരുന്നു.

-എന്നെ കൊല്ലൂ, അല്ലെങ്കിൽ നീയൊരു കൊലയാളിയാണ്‌.
(തനിക്കു മോർഫിൻ കുത്തിവയ്ക്കാൻ വിസമ്മതിച്ച ക്ളോപ്സ്റ്റോക്കിനോട്)

-എന്റെ ശ്വാസനാളം ഇത്ര വേദനിക്കുന്നത് മണിക്കൂറുകളായി ഞാനതിനെ ഉപയോഗപ്പെടുത്താത്തതു കൊണ്ടാണോ?

-അല്പം വെള്ളം; ഈ ഗുളികയുടെ കഷണങ്ങൾ കുപ്പിച്ചില്ലുകൾ പോലെ കഫത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

-ഒരുകാലത്ത് ഒരു കവിളു നിറയെ വെള്ളം കുടിച്ചിറക്കാൻ എനിക്കു കഴിയുമായിരുന്നുവെന്നോർക്കുമ്പോൾ.

-ആ ലൈലാക്കുകളെ വെയിലത്തേക്കു നീക്കിവയ്ക്കൂ.

-മുറിയിൽ ഒരു കിളി വന്നിരുന്നു.

-എത്ര കൊല്ലമാണു നിങ്ങളിതു സഹിക്കുക? എത്ര കൊല്ലമാണു നിങ്ങൾ ഇതു സഹിക്കുന്നതു ഞാൻ സഹിക്കുക?

- ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം ദേഹത്തിനു സ്വയം സുഖപ്പെടുത്താൻ വേണ്ടത്ര അളവിലല്ലെന്നതു സത്യമാണെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത)ഇനി ഒന്നും പ്രതീക്ഷിക്കാനില്ല, ദിവ്യാത്ഭുതങ്ങളല്ലാതെ.

-ലൈലാക്കുകളെ നോക്കൂ, രാവിലത്തെക്കാൾ പുതുമയോടെ.

-ആരാണു ഫോൺ ചെയ്തത്? മാക്സ് ആകാൻ വഴിയുണ്ടോ?

-അതു കാരണമല്ലേ നമുക്കു തുമ്പികളെ ഇഷ്ടം.

- ഞാൻ ഇന്നൊരല്പം ഐസ് ക്രീം കഴിച്ചാലോ?

-ആ കൈ ഒരു നിമിഷം എന്റെ നെറ്റിയിൽ വയ്ക്കൂ, എനിക്കൊരു ധൈര്യത്തിനായി.

-സഹായമതാ പോകുന്നു, സഹായിക്കാതെ.
(ഡോക്ടർ വന്നുപോയപ്പോൾ)


 

 

Tuesday, August 5, 2014

അൽബേർ കമ്യു - ‘അന്യ’ന്റെ ആമുഖം

the-stranger


വളരെക്കാലം മുമ്പ് ‘അന്യ’ന്റെ കഥ ഞാൻ സംക്ഷേപിച്ചത്, വൈരുദ്ധ്യം തോന്നുന്ന രീതിയിലാണെന്നു സമ്മതിക്കുന്നു,  ഇങ്ങനെയായിരുന്നു: “നമ്മുടെ സമൂഹത്തിൽ സ്വന്തം അമ്മയുടെ സംസ്കാരം നടക്കുന്ന സമയത്ത് കണ്ണീരു വരാത്ത ഒരാൾ വധശിക്ഷക്കു വിധിക്കപ്പെടുക എന്ന അപകടത്തെ ഭയക്കേണ്ടിയിരിക്കുന്നു.” എന്റെ കഥാനായകനു മരിക്കേണ്ടിവന്നത് അയാൾ കളിയിൽ കൂടുന്നില്ല എന്ന കാരണം കൊണ്ടാണ്‌ എന്നേ ഞാൻ അതുകൊണ്ടുദ്ദേശിച്ചുള്ളു. ആ അർത്ഥത്തിൽ അയാൾ താൻ ജീവിക്കുന്ന സമൂഹത്തിനു പുറത്താണ്‌; അരികുകളിൽ, സ്വകാര്യവും ഏകാന്തവും ഐന്ദ്രിയവുമായ ജീവിതത്തിന്റെ പരിസരങ്ങളിൽ അലഞ്ഞുനടക്കുകയാണയാൾ. അതുകൊണ്ടു തന്നെയാണ്‌ ഒരു കപ്പൽച്ചേതത്തിന്റെ ഒഴുകിനടക്കുന്ന അവശിഷ്ടമായി ചില വായനക്കാർ അയാളെ കണ്ടതും. ആ കഥാപാത്രത്തെക്കുറിച്ച് കുറച്ചുകൂടി കൃത്യമായ, അല്ലെങ്കിൽ ഗ്രന്ഥകാരൻ മനസ്സിൽ കരുതിയതിനോട് കുറച്ചുകൂടി അടുത്തതെങ്കിലുമായ ഒരു ധാരണ കിട്ടാൻ ഇങ്ങനെയൊന്നു ചോദിച്ചാൽ മതി: എങ്ങനെയാണ്‌  മ്യൂർസാൾട്ട് കളിയിൽ കൂടാതിരിക്കുന്നത്? മറുപടി വളരെ ലളിതമാണ്‌: അയാൾ നുണ പറയാൻ കൂട്ടാക്കുന്നില്ല. നുണ പറയുക എന്നാൽ സത്യമല്ലാത്തതു പറയുക എന്നു മാത്രമല്ല. സത്യമെന്താണോ അതിലും കൂടുതൽ പറയുക എന്നാണ്‌; മനുഷ്യഹൃദയത്തെ സംബന്ധിച്ചാണെങ്കിൽ, തനിക്കു തോന്നുന്നതിലുമധികം പുറമേ കാണിക്കുക എന്നാണ്‌. ജീവിതത്തെ ലളിതമാക്കാൻ നാമൊക്കെ, എല്ലാ ദിവസവും, ചെയ്യുന്നതാണിത്. അയാൾ പക്ഷേ താനെന്താണോ, അതേ പറയുന്നുള്ളു; തന്റെ വികാരങ്ങൾ മറച്ചുപിടിക്കാൻ അയാൾ വിസമ്മതിക്കുന്നു; അതു മതി, അയാൾ ഭീഷണിയാണെന്നു സമൂഹത്തിനു തോന്നാൻ. താൻ ചെയ്ത അപരാധത്തിന്‌ അംഗീകൃതരീതിയിൽ പ്രായശ്ചിത്തം രേഖപ്പെടുത്താൻ സമൂഹം അയാളോടാവശ്യപ്പെടുകയാണ്‌. കുറ്റബോധമല്ല, അസഹ്യതയാണ്‌ തനിക്കു തോന്നുന്നതെന്ന് അയാൾ തിരിച്ചുപറയുന്നു. ആ നേരിയ അർത്ഥവ്യത്യാസം അയാളെ മരണശിക്ഷക്കു വിധിക്കാൻ കാരണമാവുകയുമാണ്‌.

അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, മ്യൂർസാൾട്ട് സമൂഹത്തിൽ ഒഴുകിനടക്കുന്ന ഒരവശിഷ്ടമല്ല; മറിച്ച്, ഒരു നിഴലും വീഴ്ത്താത്ത ഒരു സൂര്യന്റെ വശീകരണത്തിൽ പെട്ടുപോയ നഗ്നനും സാധുവുമായ ഒരു മനുഷ്യൻ മാത്രമാണ്‌. വികാരങ്ങൾക്കന്യനേയല്ല അയാൾ; ദൃഢമാണെന്നതിനാൽ അഗാധമായ ഒരു വികാരത്താൽ, കേവലസത്യത്തിനായുള്ള തൃഷ്ണയാൽ ഉത്തേജിതനാണയാൾ. ആ സത്യം, നാമെന്താണ്‌, നമ്മുടെ വികാരങ്ങളെന്താണ്‌ എന്ന സത്യം, നിഷേധസ്വഭാവത്തിലുള്ളതാണതെങ്കിൽക്കൂടി, അതില്ലാതെ നമ്മെയോ നമ്മുടെ ലോകത്തെയോ കീഴടക്കാൻ നമുക്കൊരിക്കലും സാദ്ധ്യമാവുകയുമില്ല.

അതിനാൽ, നാട്യങ്ങളേതുമില്ലാതെ സത്യത്തിനായി മരിക്കാൻ തയാറാവുന്ന ഒരു മനുഷ്യന്റെ കഥയായി ‘അന്യ’നെ വായിക്കാൻ കഴിഞ്ഞാൽ അതിൽ വലിയ പിശകു വരാനില്ല. നാമർഹിക്കുന്ന ഒരേയൊരു ക്രിസ്തുവിനെയാണ്‌ ആ കഥാപാത്രത്തിലൂടെ ഞാൻ വരച്ചിടാൻ ശ്രമിച്ചതെന്നും, അതിലുമൊരു വൈരുദ്ധ്യം തോന്നാം എന്നു ഞാൻ സമ്മതിക്കുന്നു, അന്നു ഞാൻ പറഞ്ഞിരുന്നു. ഒരുതരത്തിലുള്ള ദൈവനിന്ദയോടുമല്ല ഞാനതു പറഞ്ഞതെന്നും, താൻ സൃഷ്ടിച്ച കഥാപാത്രങ്ങളോട് ഒരു കലാകാരനു തോന്നാൻ അവകാശമുള്ള, ഐറണി കലർന്ന മമതയോടെയാണെന്നും ഈ വിശദീകരണം വായിച്ചുകഴിഞ്ഞാൽ നിങ്ങൾക്കു മനസ്സിലായിരിക്കും.

1955 ജനുവരി 8


(1956ലെ അമേരിക്കൻ യൂണിവേഴ്സിറ്റി പതിപ്പിനെഴുതിയ ആമുഖം)

Sunday, August 3, 2014

എഡ്‌വാർഡ് തോമസ് - ഇനിപ്പോകൂ

edward thomas


ആണിന്റെയുടലിൽ, മുടിയിൽ, കണ്ണുകളിൽ
മഴയുടെ വിരലോടുമ്പോലെയായിരുന്നു അവൾ.
അങ്ങനെയുലാത്തുന്നതിന്റെയാനന്ദം
അയാളെ വന്നാശ്ചര്യപ്പെടുത്തിയതുമപ്പോൾ:

ഒരു ചണ്ഡവാതത്തിന്റെ പ്രണയത്തോടയാളെരിയുന്നു,
അയാൾ പാടുന്നു, ചിരിക്കുന്നു, അതെനിക്കറിയാം;
തിരിച്ചുനടക്കുമ്പോൾപ്പക്ഷേ അയാൾ മറക്കുന്നു,
അവളുടെ ‘ഇനിപ്പോകൂ’ ഞാൻ മറക്കില്ലെന്നപോലെ.

എനിക്കും ആ ധന്യമായ മഴയ്ക്കുമിടയിൽ
ആ വാക്കുകളൊരു വാതിൽ കൊട്ടിയടച്ചു,
മുമ്പൊരിക്കലുമതടഞ്ഞിരുന്നില്ല,
ഇനിയൊരിക്കലുമതു തുറക്കുകയുമില്ല.