Sunday, August 10, 2014

ജോൺ ബർജെർ - ചെ ഗുവാര, ഒരു ഫോട്ടോഗ്രാഫും രണ്ടു പെയിന്റിംഗുകളും

che

 

1967 ഒക്റ്റോബർ പത്താം തീയതി ചൊവ്വാഴ്ച ലോകത്തിനു മുമ്പാകെ ഒരു ഫോട്ടോ പ്രദർശിപ്പിക്കപ്പെട്ടു, തൊട്ടു മുമ്പുള്ള ഞായറാഴ്ച റിയോ ഗ്രാൻഡെ നദിയുടെ വടക്കേക്കരയിലുള്ള ഹിഗ്വേറ എന്ന കാട്ടുഗ്രാമത്തിനടുത്തു വച്ച് രണ്ടു കമ്പനി ബൊളീവിയൻ പട്ടാളക്കാരും ഒരു ഗറില്ലാസംഘവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഗുവാര കൊല്ലപ്പെട്ടു എന്നതിനുള്ള തെളിവായി. വയേഗ്രാൻഡെ എന്ന ചെറുപട്ടണത്തിലെ ഒരു തൊഴുത്തിൽ വച്ചാണ്‌ ജഡത്തിന്റെ ഫോട്ടോ എടുത്തിരിക്കുന്നത്. ജഡം ഒരു സ്ട്രെച്ചറിൽ വച്ചിരുന്നു; സ്ട്രെച്ചർ ഒരു സിമന്റു തൊട്ടിക്കു മേലും.

ഇതു നടക്കുന്നതിനു മുമ്പുള്ള രണ്ടു കൊല്ലം കൊണ്ട് ‘ചെ’ ഗുവാര ഒരു ഇതിഹാസമായി മാറിയിരുന്നു. എവിടെയാണ്‌ അദ്ദേഹമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അദ്ദേഹത്തെ ആരെങ്കിലും കണ്ടിട്ടുള്ളതിന്‌ നിർവിവാദമായ തെളിവുമില്ല. പക്ഷേ ആ സാന്നിദ്ധ്യം എവിടെയുമുണ്ടായിരുന്നു, പൊതുവ്യവഹാരങ്ങളിൽ അതു നിരന്തരം പരാമൃഷ്ടവുമായിരുന്നു. തന്റെ അവസാനത്തെ പ്രസ്താവനയുടെ തലക്കുറിയായി -ഹവാനയിലെ ട്രൈകോണ്ടിനന്റൽ സോളിഡാരിറ്റി അസോസിയേഷന്‌ അജ്ഞാതമായൊരു ഗറില്ലാകേന്ദ്രത്തിൽ നിന്നയച്ചതാണത്- പത്തൊമ്പതാം നൂറ്റാണ്ടിലെ വിപ്ളവകവിയായ ഹൊസേ മാർട്ടിയുടെ ഒരു വരിയാണ്‌ അദ്ദേഹം ഉപയോഗിച്ചത്: ‘ചൂളകളുടെ നേരമായിരിക്കുന്നു, ഇനി വെളിച്ചമേ കണ്ടുകൂടൂ.‘ താൻ തന്നെ പ്രസരിപ്പിക്കുന്ന വെളിച്ചത്തിൽ ഒരേ സമയം അദൃശ്യനും സർവവ്യാപിയുമാവുകയാണ്‌ അദ്ദേഹം എന്നപോലെയായിരുന്നു.

ഇപ്പോൾ അദ്ദേഹം മരിച്ചിരിക്കുന്നു. ആ ഇതിഹാസത്തിന്റെ വലിപ്പം കൂടുന്തോറും അദ്ദേഹം ജീവിച്ചിരിക്കാനുള്ള സാദ്ധ്യത കുറയുകയുമായിരുന്നു. എന്നെന്കിലുമൊരിക്കൽ ഇതിഹാസത്തിനു തടയിടേണ്ടിയിരുന്നു. ’ഏണെസ്റ്റോ ചെ ഗുവാര ബൊളീവിയയിൽ വച്ചു ശരിക്കും കൊല്ലപ്പെട്ടുവെങ്കിൽ (അതു ശരിയാവാനാണു സാദ്ധ്യത കാണുന്നത്) ഒരു മനുഷ്യനോടൊപ്പം ഒരു മിത്തിനും അന്ത്യമായിരിക്കുന്നു,‘ ന്യൂയോർക്ക് ടൈംസ് എഴുതി.

അദ്ദേഹം ഏതു സാഹചര്യത്തിലാണു മരിച്ചതെന്ന് നമുക്കറിയില്ല. അതേ സമയം ആരുടെ കൈകളിലാണോ അദ്ദേഹം ചെന്നുവീണത് അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഒരു ധാരണ നമുക്കു കിട്ടും, അദ്ദേഹത്തിന്റെ ജഡത്തോട് എങ്ങനെയാണവർ പെരുമാറിയത് എന്നു കാണുമ്പോൾ. ആദ്യം അവരതിനെ ഒളിപ്പിച്ചുവച്ചു. പിന്നെ അവരതിനെ പ്രദർശനത്തിനു വച്ചു. എന്നിട്ടു പിന്നെ അജ്ഞാതമായൊരു സ്ഥലത്ത് പേരില്ലാത്തൊരു ശവക്കുഴിയിൽ മറവു ചെയ്തു. പിന്നെ വീണ്ടും അതവർ പുറത്തെടുത്തു. എന്നിട്ട് അവരതു കത്തിച്ചുകളഞ്ഞു. പക്ഷേ കത്തിക്കും മുമ്പ് അവർ വിരലുകൾ മുറിച്ചെടുത്തിരുന്നു; മരിച്ചത് ഗുവാര തന്നെയെന്ന് പില്ക്കാലത്തു തെളിയിക്കാൻ വേണ്ടിയാവണം. തങ്ങൾ കൊന്നത് ശരിക്കും ഗുവാരയെത്തന്നെയാണോ എന്ന് അവർക്കു കാര്യമായ സംശയമുണ്ടായിരുന്നു എന്നതിനെയാകാം അതു സൂചിപ്പിക്കുന്നത്. അക്കാര്യത്തിൽ അവർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല എന്നും, പക്ഷേ അവർക്ക് അദ്ദേഹത്തിന്റെ ജഡത്തെ ഭയമായിരുന്നു എന്നും വരാം. രണ്ടാമത്തതിനെയാണു ഞാൻ വിശ്വസിക്കുക.

ഒരിതിഹാസത്തിന്റെ അന്ത്യം കുറിക്കുക എന്നതായിരുന്നു ഒക്ടോബർ 10നിറങ്ങിയ ഫോട്ടോഗ്രഫിന്റെ ഉദ്ദേശ്യം. പക്ഷേ അതു കണ്ട പലരിലും നേരേ വിപരീതമായ ഒരു ഫലമാണ്‌ അതു ജനിപ്പിച്ചതെന്നു വരാം. ആ ഫോട്ടോയുടെ അർത്ഥമെന്താണ്? കൃത്യവും നിഗൂഢതകളൊഴിഞ്ഞതുമായ ഏതർത്ഥമാണ്‌ ഇന്നതു ജനിപ്പിക്കുന്നത്? എന്നോടു ബന്ധപ്പെടുത്തിയുള്ള ഒരു വിശകലനമേ എനിക്കു സാദ്ധ്യമാകൂ.

tulp

Rembrandt van Rijn. The Anatomy Lesson of Dr Nicolaes Tulp, 1632

ഈ ഫോട്ടോയും റെംബ്രാന്റിന്റെ ‘ഡോക്ടർ ടുൾപ്പിന്റെ ശരീരശാസ്ത്രപഠനം’ എന്ന ചിത്രവുമായി ഒരു സാദൃശ്യമുണ്ട്. ഉടയാത്ത വേഷവുമായി, തൂവാല കൊണ്ടു മുഖവും വായും പൊത്തിയിരിക്കുന്ന ബൊളീവിയൻ കേണലിന്‌ പെയിന്റിംഗിലെ ഡോക്ടറുടെ സ്ഥാനമാണ്‌. വലതുവശത്തെ രണ്ടു രൂപങ്ങൾ ജഡത്തെ തുറിച്ചുനോക്കുന്നത് ഡോക്ടർ ടുല്പിനോടേറ്റവും അടുത്തായി ഇടതു വശത്തുള്ള രണ്ടു ഡോക്ടർമാരുടെ അതേ തീവ്രവും നിർവികാരവുമായ താല്പര്യത്തോടെയാണ്‌. റെംബ്രാന്റിൽ രൂപങ്ങളുടെ എണ്ണം കൂടുതലാണെന്നതു ശരി തന്നെ- വയേഗ്രാന്റെയിലെ തൊഴുത്തിൽ ഫോട്ടോയിൽ വരാത്തവരായി വേറെയും ആളുകളുണ്ടായിരുന്നു എന്നതും ശരി തന്നെ. പക്ഷേ മറ്റു രൂപങ്ങൾക്കിടയിൽ ജഡത്തെ കിടത്തിയിരിക്കുന്ന സ്ഥാനം, ജഡത്തിനെ ആകെ മൂടിയിരിക്കുന്ന നിശ്ചേഷ്ടത- ഇതു രണ്ടും വളരെ സമാനമാണ്‌.

ഇതിൽ നമുക്ക് ആശ്ചര്യം തോന്നേണ്ടതുമില്ല; കാരണം രണ്ടു ചിത്രങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെ: ഔപചാരികവും വസ്തുനിഷ്ഠവുമായ ഒരു ജഡപരിശോധനയാണ്‌ രണ്ടിലും നടക്കുന്നത്. അതിലുമുപരി, മരിച്ചയാളെ ഒരു ദൃഷ്ടാന്തമാക്കുകയാണ്‌ രണ്ടിലും ചെയ്യുന്നത്- ഒന്നിൽ വൈദ്യശാസ്ത്രത്തിന്റെ വികാസത്തിന്റെ ഉദാഹരണമായി, മറ്റേതിൽ ഒരു രാഷ്ട്രീയമുന്നറിയിപ്പായി. മരിച്ചവരുടെയും വധിക്കപ്പെട്ടവരുടെയുമായി ആയിരക്കണക്കിനു ഫോട്ടോകളാണ്‌ എടുക്കപ്പെടുന്നത്. പക്ഷേ അപൂർവമായേ അവ ഔപചാരികമായ വിശദീകരണത്തിനുള്ള സന്ദർഭങ്ങളാവുന്നുള്ളു. ഡോക്ടർ ടുല്പ് തെളിയിച്ചു കാണിക്കുന്നത് കൈകളിലെ സ്നായുക്കളെക്കുറിച്ചാണ്‌; അദ്ദേഹത്തിന്റെ വിവരണം ഏതുമനുഷ്യന്റെ കൈകൾക്കും ബാധകവുമാണ്‌. തൂവാല പിടിച്ച കേണൽ തെളിയിച്ചു കൊടുക്കുന്നത് കുപ്രസിദ്ധനായ ഒരു ഗറില്ലാനേതാവിന്റെ അന്ത്യവിധി -അതു ദൈവായത്തവുമാണ്‌-എന്തായിരിക്കുമെന്നാണ്‌; അത് ആ ഭൂഖണ്ഡത്തിലെ ഓരോ ഗറില്ലയ്ക്കും ബാധകമായിരിക്കുമെന്നുമാണ്‌.

mantegna

The Lamentation over the Dead Christ, Tempera by Andrea Mantegna (1431-1506,

മറ്റൊരു ബിംബം കൂടി അതെന്നെ ഓർമ്മിപ്പിച്ചു: മാന്റെഗ്നായുടെ പെയിന്റിംഗ്, മരിച്ച ക്രിസ്തുവിന്റെ; ഇപ്പോൾ മിലാനിലെ ബ്രെരായിലുള്ളത്. ജഡത്തിന്റെ കാഴ്ച അതേ ഉയരത്തിൽ നിന്നു തന്നെ, വശത്തു നിന്നെന്നതിനു പകരം കാലടികളിൽ നിന്നാണെന്നു മാത്രം. കൈകളുടെ സ്ഥാനം സമാനമാണ്‌, വിരലുകൾ ചുരുളുന്നതും ഒരേ ചേഷ്ടയിൽ. അരയ്ക്കു താഴെ ഉടുവസ്ത്രം മടങ്ങിക്കിടക്കുന്നത് ഗവേരയുടെ മേലുള്ള ചോരയിൽ കുതിർന്നതും ബട്ടണഴിച്ചതും ഒലീവുപച്ച നിറത്തിലുള്ളതുമായ ട്രൌസറിന്റെ അതേ മാതിരി തന്നെയാണ്‌. തല ഉയർത്തി വച്ചിരിക്കുന്നത് ഒരേ ആംഗിളിൽ തന്നെ. മുഖത്തിന്റെ ഭാവരാഹിത്യം ഒരേ പ്രകാരം. ക്രിസ്തുവിന്റെ കണ്ണുകൾ അടഞ്ഞുകിടക്കുന്നു, അരികിൽ രണ്ടു പേർ വിലപിച്ചുകൊണ്ടു നില്ക്കുന്നുവെന്നതിനാൽ. ഗുവാരയുടെ കണ്ണുകൾ തുറന്നിട്ടാണ്‌, വിലപിക്കാൻ ആരുമില്ലെന്നതിനാൽ: തുവാല കൈയിൽ പിടിച്ച ആ കേണലും ഒരു അമേരിക്കൻ ഇന്റലിജൻസ് ഏജന്റും കുറച്ചു ബൊളീവിയൻ പട്ടാളക്കാരും പത്രക്കാരും മാത്രം. ഇവിടെയും സാദൃശ്യം നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. മരിച്ച കുറ്റവാളിയെ കിടത്താൻ ഏറെ വഴികളൊന്നുമില്ല.

ഇത്തവണ പക്ഷേ, സാദൃശ്യം വെറും ആംഗികമോ സന്ദർഭാനുസാരമോ മാത്രമായിരുന്നില്ല. സായാഹ്നപത്രത്തിന്റെ മുൻപേജിൽ അച്ചടിച്ചുവന്ന ആ ഫോട്ടോ കണ്ടപ്പോൾ എനിക്കുണ്ടായ വികാരങ്ങൾ മാന്റെഗ്നായുടെ ചിത്രം കണ്ടപ്പോൾ അക്കാലത്തെ ഒരു വിശ്വാസിക്കു തോന്നിയിരിക്കാവുന്നതായി ഞാൻ ഭാവന ചെയ്ത വികാരങ്ങളുമായി വളരെ സമാനത പുലർത്തുന്നതായിരുന്നു. ഒരു ഫോട്ടോയ്ക്ക് ചെലുത്താന്‍ കഴിയുന്ന സ്വാധീനശക്തിക്ക് താരതമ്യേന കുറഞ്ഞ ആയുസ്സേയുള്ളു. ഇപ്പോൾ ആ ഫോട്ടോയിൽ നോക്കിനില്‍ക്കുന്ന എനിക്ക് അന്നാദ്യമായി അതു കാണുമ്പോഴുണ്ടായ ശിഥിലവികാരങ്ങൾ ഓര്‍ത്തെടുക്കേണ്ടിവരികയാണ്. ഗവേര ക്രിസ്തുവായിരുന്നില്ല. മിലാനിൽ വച്ച് ആ മാന്റെഗ്നാചിത്രം ഞാൻ വീണ്ടും കാണുകയാണെങ്കിൽ ഞാനതിൽ കാണുക ഗുവാരയുടെ ഉടൽ ആയിരിക്കും. അതു പക്ഷേ, അപൂർവ്വമായി സംഭവിക്കുമ്പോലെ, ചിലർ തങ്ങളുടെ ജീവിതം കൊണ്ടെന്താണോ അർത്ഥമാക്കിയത് അതിനു പൂർണ്ണത വരാൻ, എന്തിന്റെ ദൃഷ്ടാന്തമായാണോ അവർ ജീവിച്ചത് അതങ്ങനെയാവാൻ ഒരു ദുരന്തമരണം കൂടി വേണ്ടിവരുന്നു എന്നതു കൊണ്ടു മാത്രമാണ്‌. ഗുവാരയുടെ കാര്യത്തിൽ എനിക്കത് അത്ര ബോദ്ധ്യമായിരുന്നു; ക്രിസ്തുവിന്റെ കാര്യത്തിൽ ചില ചിത്രകാരന്മാർക്കും ഒരിക്കലതു ബോദ്ധ്യമായിരുന്നു. വൈകാരികമായ പാരസ്പര്യത്തിന്റെ അളവാണത്.

ഗുവാരയുടെ മരണത്തിൽ പല വ്യാഖ്യാതാക്കളും വരുത്തിയ പിശക് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത് വെറും യുദ്ധവൈദഗ്ധ്യമോ ഒരു തരം വിപ്ളവതന്ത്രമോ മാത്രമാണെന്നു വാദിക്കുന്നതാണ്‌. അങ്ങനെ അവർ ഒരു പിന്നോട്ടടിയെക്കുറിച്ചോ ഒരു പരാജയത്തെക്കുറിച്ചോ സംസാരിക്കുന്നു. തെക്കേ അമേരിക്കയുടെ വിപ്ളവപ്രസ്ഥാനത്തിന്‌ ഗുവാരയുടെ മരണം കൊണ്ടു വന്നിരിക്കാവുന്ന നഷ്ടം വിലയിരുത്താൻ ഞാൻ ആളല്ല. പക്ഷേ സ്വന്തം പദ്ധതികളുടെ വിശദാംശങ്ങളിലും കവിഞ്ഞ ചിലതിനെയാണ്‌ അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്നതെന്നും ഇനി പ്രതിനിധാനം ചെയ്യുക എന്നും എനിക്കു തീർച്ചയാണ്‌. അദ്ദേഹം പ്രതിനിധാനം ചെയ്തത് ഒരു തീരുമാനത്തെയാണ്‌, ഒരു നിഗമനത്തെയാണ്‌.

index

ഗുവാര ലോകത്തിന്റെ അവസ്ഥയെ കണ്ടത് അത് അസഹനീയമാണ്‌ എന്നാണ്‌. വളരെ അടുത്ത കാലത്താണ്‌ അതങ്ങനെ ആയതും. മുമ്പ്, ലോകജനതയുടെ മൂന്നിൽ രണ്ടു ഭാഗവും ജീവിച്ചിരിരുന്നത് ഏറെക്കുറെ ഇതേ അവസ്ഥയിലായിരുന്നു. ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും തോത് ഇത്ര തന്നെ ഉയർന്നതായിരുന്നു. അതിന്റെ യാതന ഇത്ര തന്നെ തീക്ഷ്ണവും വ്യാപകവുമായിരുന്നു. അന്നു പക്ഷേ അത് അസഹനീയമായിരുന്നില്ല; കാരണം, ആ അവസ്ഥയുടെ യാഥാർത്ഥ്യം പൂർണ്ണമായ തോതിൽ ആരും അറിഞ്ഞിരുന്നില്ല- അതിനിരയായവർ പോലും. സത്യങ്ങൾ അവ സൂചിതമാകുന്ന അവസ്ഥകളിൽ എപ്പോഴും പ്രകടമാവണമെന്നില്ല. അവ പിറവിയെടുക്കുകയാണ്‌- ചിലപ്പോൾ വളരെ വൈകിയും. ഈ യാഥാർത്ഥ്യം പിറവിയെടുത്തത് ദേശീയവിമോചനത്തിനായുള്ള സമരങ്ങളിലൂടെയും യുദ്ധങ്ങളിലൂടെയുമാണ്‌. ഈ നവജാതസത്യത്തിന്റെ വെളിച്ചത്തിൽ സാമ്രാജ്യത്വത്തിന്റെ അർത്ഥം മാറുന്നു. അതിന്റെ ആവശ്യങ്ങൾ വ്യത്യസ്തമാണെന്നു നാം കാണുന്നു. മുമ്പതാവശ്യപ്പെട്ടിരുന്നത് കുറഞ്ഞ വിലയ്ക്ക് അസംസ്കൃതവിഭവങ്ങളും ചൂഷണം ചെയ്യാൻ പറ്റിയ തൊഴിലാളികളും തങ്ങളുടെ നിയന്ത്രണത്തിലുള്ള ലോകകമ്പോളവുമായിരുന്നു. ഇന്നതാവശ്യപ്പെടുന്നത് ഒരു വിലയുമില്ലാത്ത ഒരു മനുഷ്യവർഗ്ഗത്തെയാണ്‌.

ഈ സാമ്രാജ്യത്വവുമായുള്ള യുദ്ധത്തിൽ സ്വന്തം മരണം ഏതു വിധമായിരിക്കുമെന്ന് ഗുവാര മനസ്സിൽ കണ്ടിരുന്നു.

മരണം എവിടെ വച്ചും, ഏതപ്രതീക്ഷിതസമയത്തും നമുക്കു മുന്നിൽ വന്നോട്ടെ, നാമതിനെ സ്വാഗതം ചെയ്യും, നമ്മുടെ പോർവിളി ഒരു കാതിലെങ്കിലും അനുരണനം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, നമ്മുടെ ആയുധങ്ങളേന്താൻ മറ്റൊരു കൈ നീണ്ടുവന്നിട്ടുണ്ടെങ്കിൽ, പുതിയ പോർവിളികളുടെയും യന്ത്രത്തോക്കുകളുടെ താളത്തിന്റെയും അകമ്പടിയോടെ ചരമഗീതങ്ങളാലപിക്കാൻ മറ്റു മനുഷ്യർ തയാറായിട്ടുണ്ടെങ്കിൽ.

ലോകത്തിന്റെ അസഹനീയമായ അവസ്ഥയെ ചോദ്യം ചെയ്യാതെ  സ്വീകരിച്ചാൽ എന്തു മാത്രം അസഹനീയമായിരിക്കും തന്റെ ജീവിതമെന്നത് അദ്ദേഹം മനസ്സിൽ കണ്ട സ്വന്തം മരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ലോകത്തെ മാറ്റിത്തീർക്കേണ്ടതിന്റെ ആവശ്യകത എത്രത്തോളമെന്ന് താൻ മനസ്സിൽ കണ്ട മരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. ഒരു മനുഷ്യനു ചേർന്ന അഭിമാനത്തോടെ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞുവെങ്കിൽ അതിനുള്ള അവകാശം അദ്ദേഹത്തിനു നല്കിയത് അദ്ദേഹം മനസ്സിൽ കണ്ട മരണമായിരുന്നു.

ഗുവാരയുടെ മരണവാർത്ത കേട്ടപ്പോൾ ആരോ പറയുന്നതു ഞാൻ കേട്ടു: ‘ഒറ്റ മനുഷ്യന്റെ സാദ്ധ്യതകൾക്ക് ഒരാഗോളപ്രതീകമായിരുന്നു അദ്ദേഹം.’ എന്തുകൊണ്ടാണിത് സത്യമാകുന്നത്? മനുഷ്യന്‌ അസഹനീയമായത് എന്താണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞുവെന്നതിനാൽ, ആ തിരിച്ചറിവിനു ചേർന്ന വിധം പ്രവർത്തിച്ചുവെന്നതിനാൽ.

പെട്ടെന്നാണ്‌ ഗുവാരയുടെ മരണം ലോകമാകെ നിറയുന്നതും അദ്ദേഹത്തിന്റെ ജീവിതത്തെ പാടേ തുടച്ചുമാറ്റുന്നതും. അദ്ദേഹം മനസ്സിൽ കണ്ട മരണം യഥാർത്ഥമായി. അതിനെക്കുറിച്ചാണ്‌ ആ ഫോട്ടോ പറയുന്നത്. സാദ്ധ്യതകൾ പൊയ്ക്കഴിഞ്ഞു. ശേഷിച്ചത് ചോര, ഫോർമലിന്റെ ഗന്ധം, കുളിപ്പിക്കാത്ത ജഡത്തിലെ മരുന്നു പുരട്ടാത്ത മുറിവുകൾ, ഈച്ചകൾ, ചുളുങ്ങിക്കൂടിയ ട്രൌസർ: സ്വകാര്യമല്ലാത്ത, വ്യക്തിപരമല്ലാത്ത ഒരു മരണത്തിനു കീഴ്പെട്ട, തട്ടിനിരപ്പാക്കിയ ഒരു നഗരം പോലെ തകർന്ന ഒരുടലിന്റെ സ്വകാര്യമായ വിശദാംശങ്ങൾ.

തന്റെ ശത്രുക്കൾക്കു നടുവിൽ കിടന്നാണ്‌ ഗുവാര മരിച്ചത്. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തോടു ചെയ്തതിനോടു പൊരുത്തപ്പെട്ടു പോകുന്നതു തന്നെയാണ്‌ മരിച്ചതിനു ശേഷം അവർ അദ്ദേഹത്തോടു ചെയ്തതും. തന്റെ അന്ത്യാവസ്ഥയിൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ താൻ മുമ്പെടുത്ത തീരുമാനങ്ങളല്ലതെ മറ്റൊന്നുമുണ്ടായിരുന്നില്ല. അങ്ങനെ ആ വൃത്തം പൂർത്തിയായി. ആ നിമിഷത്തിൽ അല്ലെങ്കിൽ ആ നിത്യതയിൽ അദ്ദേഹത്തിന്റെ അനുഭവമെന്തായിരുന്നു എന്ന് ഊഹിച്ചെടുക്കാൻ നോക്കുന്നത് മുഴുത്ത അസംബന്ധമായിരിക്കും. ഫോട്ടോയിൽ കാണുന്ന ജീവനറ്റ ശരീരം മാത്രമാണ്‌ നമുക്കാകെ കിട്ടിയിട്ടുള്ള വിവരണം. എന്നാൽ ഒരു വൃത്തം പൂർത്തിയാവുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ യുക്തി ഊഹിച്ചെടുക്കാൻ നമുക്കവകാശമുണ്ട്. സത്യം തിരിഞ്ഞാണൊഴുകുക. അദ്ദേഹം മനസ്സിൽ കണ്ട മരണം ഇപ്പോൾ അസഹനീയമായ ഒരു ലോകാവസ്ഥയെ മാറ്റിത്തീർക്കുക എന്ന ആവശ്യകതയുടെ മാനദണ്ഡമല്ലാതിരിക്കുന്നു. തന്റെ യഥാർത്ഥമരണത്തെക്കുറിച്ചു ബോധവാനായ അദ്ദേഹം സ്വയം ന്യായീകരിക്കാനുള്ള മാനദണ്ഡം തന്റെ ജീവിതത്തിൽ കണ്ടെത്തുന്നു; തനിക്കനുഭവസ്ഥമായ ലോകം അദ്ദേഹത്തിന്‌ സഹനീയമാവുകയും ചെയ്യുന്നു.

ഈ അന്തിമയുക്തിയെ മുൻകൂട്ടി കാണുക എന്നത് എത്ര കടുത്ത വൈഷമ്യങ്ങളോടും പൊരുതാൻ ഒരു വ്യക്തിയേയോ ജനതയേയോ പ്രാപ്തമാക്കുന്ന പലതിൽ ഒന്നാണ്‌. ആയുധശക്തിക്കു മൂന്നിരട്ടി കിട നില്ക്കുന്ന നൈതികശക്തിയുടെ ഘടകമാണത്.

article-2351596-00063E7500000258-158_636x467

ഫോട്ടോയിൽ കാണുന്നത് ഒരു നിമിഷമാണ്‌: കൃത്രിമമായി സംരക്ഷിച്ചു വച്ച ഗുവാരയുടെ ജഡം വെറുമൊരു വിശദീകരണവസ്തുവാകുന്ന നിമിഷം. അതാണതിനെ ജുഗുപ്ത്സാവഹമാക്കുന്നത്. പക്ഷേ, അതുകൊണ്ട് എന്തു തെളിയിച്ചുകൊടുക്കാനാണു പോകുന്നത്? ആ ജുഗുപ്ത്സയെ? അല്ല. ജുഗുപ്ത്സ തോന്നുന്ന നിമിഷം തന്നെ ഗുവാര ആരായിരുന്നുവെന്നും വിപ്ളവം എന്നത് അസംബന്ധമാണെന്നും തെളിയിച്ചു കൊടുക്കാൻ. എന്നാൽ ആ ഒരു ലക്ഷ്യം കൊണ്ടു തന്നെ ആ നിമിഷം അതിക്രമിക്കപ്പെടുകയും ചെയ്യുന്നു. ഗുവാരയുടെ ജീവിതവും വിപ്ളവം എന്ന ആശയം അല്ലെങ്കിൽ വസ്തുതയും ആ നിമിഷത്തിലേക്കു നയിച്ച, ഇപ്പോഴും തുടരുന്ന പ്രക്രിയകളെ ആവാഹിച്ചുവരുത്തുകയാണ്‌. ആ ഫോട്ടോ എടുക്കാൻ അനുമതിയും ആശീര്‍വാദവും നല്കിയവരുടെ ലക്ഷ്യം ഫലം കണ്ടെത്തണമെങ്കിൽ അതിനൊരു വഴിയേയുള്ളു: ലോകത്തിന്റെ അവസ്ഥയെ ആ ഒരു നിമിഷത്തിൽ കൃത്രിമമായി തറച്ചുനിർത്തുക: ജീവന്‍ ഇല്ലാതാക്കുക. ഗുവാര എന്ന ജീവിക്കുന്ന ദൃഷ്ടാന്തത്തെ തള്ളിപ്പറയാൻ അങ്ങനെയല്ലാതെ കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ആ ഫോട്ടോ ഒന്നുകിൽ നിരർത്ഥകമാണ്‌, കാരണം എന്താണതുൾക്കൊള്ളുന്നതെന്ന് കാഴ്ചക്കാരന്‌ ഒരു പിടിയുമില്ല; അല്ലെങ്കിൽ എന്താണോ ഉദ്ദേശിച്ചത്, അതല്ല തെളിയിക്കപ്പെടുന്നത്; അര്‍ത്ഥം മാറുകയാണ്, അഥവാ ഭേദപ്പെടുകയാണ്.

ഞാൻ അതിനെ താരതമ്യം ചെയ്തത് രണ്ടു പെയിന്റിംഗുകളോടാണ്‌; കാരണം ഫോട്ടോഗ്രഫി കണ്ടുപിടിക്കുന്നതിനു മുമ്പ് ആളുകൾ തങ്ങൾ കണ്ടതിനെ എങ്ങനെയാണു കണ്ടതെന്നതിനുള്ള ദൃശ്യസാക്ഷ്യം അതു മാത്രമാണല്ലോ. പക്ഷേ ഒരു പെയിന്റിംഗിനെക്കാൾ എത്രയോ വ്യത്യസ്തമാണ്‌ ഒരു ഫോട്ടോയുടെ പ്രഭാവം. ഒരു പെയിന്റിംഗ്, കുറഞ്ഞത് ഫലവത്തായ ഒന്നെങ്കിലും, അതിന്റെ വിഷയവസ്തു ഉല്പാദിപ്പിക്കുന്ന പ്രക്രിയകളോടു സമരസപ്പെട്ടു പോകുന്നു. ആ പ്രക്രിയകളോടുള്ള ഒരു മനോഭാവം പോലും അതു ദ്യോതിപ്പിക്കാം. ഒരു പെയിന്റിംഗിനെ അതിൽ തന്നെ പൂർണ്ണമായി നമുക്കു കാണാം.

ഈ ഫോട്ടോ കണ്മുന്നിൽ വരുമ്പോൾ രണ്ടു വഴികളേ നമുക്കുള്ളൂ; ഒന്നുകിൽ നാമതിനെ തിരസ്ക്കരിക്കണം, അല്ലെങ്കിൽ നമുക്കതെന്താണർത്ഥമാക്കുന്നതെന്ന് നാം തന്നെ പൂരിപ്പിച്ചെടുക്കണം.. ഒരു തീരുമാനമെടുക്കാൻ നമ്മെ നിർബന്ധിക്കുന്ന ഒരു ബിംബമാണത്, ഏതു മൂകബിംബത്തിനുമായ പോലെ.

(1967 ഒക്ടോബർ)


02e1e03ae7a0af8feeecf110.L._V192414682_SX200_

ജോൺ ബർജെർ (ജ.1926)- ഇംഗ്ളീഷ് നോവലിസ്റ്റും കവിയും ചിത്രകാരനും കലാനിരൂപകനും. G. എന്ന നോവലിന്‌ 1972ൽ ബൂക്കർ സമ്മാനം കിട്ടിയിട്ടുണ്ട്. ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ബർജെറുടെ പഠനങ്ങൾ വളരെ പ്രസിദ്ധമാണ്‌. ഇക്കാര്യത്തിൽ അദ്ദേഹം വാൾട്ടർ ബന്യാമിൻ, സൂസൻ സൊണ്ടാഗ് തുടങ്ങിയവരുടെ പാതയിലാണ്‌. ഈ രചന തങ്ങളുടെ സാമൂഹികാവകാശങ്ങൾ എന്തൊക്കെയെന്നറിയാനും അവയ്ക്കു മേൽ അവകാശം സ്ഥാപിക്കാനും മനുഷ്യരെ സഹായിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ടോ?” ഇതാണ്‌ അദ്ദേഹത്തിന്റെ സൌന്ദര്യദർശനത്തിന്റെ മാനദണ്ഡം. അതിനാൽ ഫോട്ടോഗ്രഫിയെക്കുറിച്ചെഴുമ്പോഴും അതു രാഷ്ട്രീയമാവുന്നു, ഇടതുപക്ഷരാഷ്ട്രീയമാവുന്നു. berger

Books by John Berger

No comments: