ജോസഫ് കെ. സ്വപ്‌നം കാണുകയായിരുന്നു.
നല്ല തെളിവുള്ള ദിവസമായിരുന്നു; ഒന്നു നടന്നാല്‍ക്കൊള്ളാമെന്ന് കെ.യ്‌ക്കു തോന്നി. രണ്ടു ചുവടു വെച്ചതും പക്ഷേ, താൻ സെമിത്തേരിയിൽ എത്തിക്കഴിഞ്ഞതായി അയാൾ കണ്ടു. അതിനുള്ളിലെ പാതകൾ അങ്ങേയറ്റം കൃത്രിമം നിറഞ്ഞതും പ്രായോഗികമല്ലാത്ത രീതിയിൽ വളഞ്ഞുപുളഞ്ഞതുമായിരുന്നു; എങ്കിലും അത്തരമൊരു പാതയിലൂടെ ഒരു കുത്തൊഴുക്കില്‍പ്പെട്ടൊലിച്ചുപോകുന്നതുപോലെ അയാൾ നിലവിടാതെ തെന്നിനീങ്ങി. മൂടിയിട്ട് അധികനേരമായിട്ടില്ലാത്ത ഒരു ശവക്കുഴി അങ്ങകലെക്കണ്ടതിൽ അയാൾ കണ്ണുറപ്പിച്ചു; അതിനടുത്തിറങ്ങണമെന്ന് അയാൾ മനസ്സിൽ കണ്ടു. ആ മണ്‍കൂന അയാളിൽ വശീകരണത്തോളമെത്തിയ ഒരു പ്രഭാവം ചെലുത്തുകയായിരുന്നു; വേണ്ടത്ര വേഗത്തിൽ താൻ അതിനടുത്തെത്താൻ പോകുന്നില്ല എന്ന് അയാള്‍ക്കു തോന്നിപ്പോയി. ഇടയ്‌ക്കിടെ അതു കണ്ണിൽ നിന്നു മറഞ്ഞിരുന്നു; ചുരുളുകയും നിവരുകയും അതിശക്തിയായി തമ്മിലടിക്കുകയും ചെയ്യുന്ന പതാകകൾ കാഴ്‌ച മറയ്‌ക്കുകയായിരുന്നു; പതാക വഹിക്കുന്നവര്‍ അദൃശ്യരായിരുന്നു; പക്ഷേ അവിടെ എന്തോ വലിയ ആഘോഷം നടക്കുന്നപോലെയുമായിരുന്നു.
ദൂരേക്കു കണ്ണയക്കെത്തന്നെ, അയാൾ പെട്ടെന്ന് അതേ മണ്‍കൂന പാതയോരത്ത് തന്റെയരികിലായി കണ്ടു; സത്യത്തിൽ അയാൾ അതു കടന്നുപോകേണ്ടതായിരുന്നു. അയാൾ ധൃതിയിൽ പുല്‍പ്പുറത്തേക്കു ചാടിയിറങ്ങി. ഉയര്‍ത്തിയ കാലടിക്കു കീഴെ പാത ഇരച്ചുപായവെ, അയാൾ നില തെറ്റി ആ മണ്‍കൂനയ്‌ക്കു നേരേ മുന്നിൽ മുട്ടിടിച്ചു വീണു. ശവക്കുഴിക്കു പിന്നിലായി രണ്ടുപേര്‍ ഒരു സ്‌മാരകശില ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നില്‌പുണ്ടായിരുന്നു; കെ.യെ കണ്ടതും അവര്‍ അത് മണ്ണിൽ ആഞ്ഞുകുത്തി; അതവിടെ സിമന്റിട്ടപോലെ ഉറച്ചുനിന്നു. ഉടനേ മൂന്നാമതൊരാൾ ഒരു പൊന്തയ്‌ക്കു പിന്നിൽ നിന്നു പുറത്തേക്കു വന്നു; അയാൾ ഒരു ശില്‌പിയാണെന്ന് കെ. പെട്ടെന്നു തിരിച്ചറിഞ്ഞു. ട്രൗസറും പകുതി ബട്ടണിട്ട ഷര്‍്‌ട്ടും മാത്രമായിരുന്നു അയാളുടെ വേഷം; തലയിൽ ഒരു വെല്‍വെറ്റ് തൊപ്പി വച്ചിരുന്നു; കൈയിലുണ്ടായിരുന്ന ഒരു സാധാരണ പെന്‍സില്‍കൊണ്ട് വായുവിൽ രൂപങ്ങൾ വരഞ്ഞുകൊണ്ടാണ് അയാൾ നടന്നടുത്തത്.
അയാൾ ആ പെന്‍സിൽ ശിലയുടെ മേല്‍ഭാഗത്തേക്കുയര്‍ത്തി; ശിലയ്‌ക്കു നല്ല ഉയരമുണ്ടായിരുന്നതുകൊണ്ട് അയാള്‍ക്കു കുനിഞ്ഞുനില്‌ക്കേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. പക്ഷേ തനിക്കും ശിലയ്‌ക്കുമിടയിൽ കിടക്കുന്ന മണ്‍കൂനയിൽ ചവിട്ടരുതെന്നുണ്ടായിരുന്നതിനാൽ അയാള്‍ക്ക് എത്തിവലിഞ്ഞു നില്‌ക്കേണ്ടതായി വന്നു. അങ്ങനെ പെരുവിരലൂന്നി, ഇടതുകൈ ശിലയിൽ പരത്തിവച്ച് അയാൾ നിന്നു. ഒരു പ്രത്യേകനൈപുണ്യമാര്‍ന്ന കൈയിളക്കത്താൽ തന്റെ സാധാരണ പെന്‍സില്‍കൊണ്ട് സുവര്‍ണ്ണലിപികളിൽ അയാൾ ഇങ്ങനെയെഴുതി. 'ഇവിടെ ശയിക്കുന്നു.' ഓരോ അക്ഷരവും മനോഹരമായ വടിവിൽ, തനിത്തങ്കത്തിന്റെ നിറത്തിൽ ആഴത്തിൽ പതിഞ്ഞുകിടന്നു. ആ രണ്ടുവാക്കുകൾ എഴുതിയശേഷം അയാൾ തിരിഞ്ഞു കെ.യെ നോക്കി; തുടര്‍ന്ന് എന്താണെഴുതാൻ പോകുന്നതെന്ന ജിജ്ഞാസ കാരണം കെ. അയാളെ ശ്രദ്ധിക്കാതെ ശിലയില്‍ത്തന്നെ കണ്ണുനട്ടു നില്‌ക്കുകയായിരുന്നു. അയാൾ എഴുത്തു തുടരാൻ പോകുന്നതായിത്തന്നെ ഭാവിച്ചു; പക്ഷേ അയാള്‍ക്കതിനു കഴിഞ്ഞില്ല; അയാളെ എന്തോ തടയുകയായിരുന്നു. അയാൾ പെന്‍സിൽ താഴ്‌ത്തി കെ.യെ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഇത്തവണ കെ. അയാളെ ശ്രദ്ധിച്ചു; അയാൾ വലിയൊരു വിമ്മിഷ്‌ടമനുഭവിക്കുന്നപോലെ കാണപ്പെട്ടു; അതിനു കാരണമെന്താണെന്നു കെ.യ്‌ക്കു മനസ്സിലായില്ല. അയാളിൽ നേരത്തേ കണ്ട പ്രസരിപ്പൊക്കെ അപ്രത്യക്ഷമായിരുന്നു. ഇതുകാരണം കെ.യും വിമ്മിഷ്‌ടത്തിനിരയായി; അവര്‍ നിസ്സഹായതയോടെ അന്യോന്യം നോക്കി. ഇരുവര്‍ക്കും പരിഹരിക്കാൻ കഴിയാത്ത ഒരു വൃത്തികെട്ട തെറ്റിദ്ധാരണ അവിടെ തങ്ങിനില്‌പുണ്ടായിരുന്നു. ആ അസമയത്ത് സെമിത്തേരിപ്പള്ളിയിലെ ചെറിയ മണി മുഴങ്ങാൻ തുടങ്ങി; പക്ഷേ ശില്‌പി കൈയുയര്‍ത്തി വീശിയപ്പോള്‍ അതു നിന്നു. അല്‌പനേരത്തിനുശേഷം അതു വീണ്ടും മുഴങ്ങി. ഇത്തവണ അതു വളരെ പതുക്കെയായിരുന്നു; ആരും പ്രത്യേകിച്ചാവശ്യപ്പെടാതെതന്നെ പെട്ടെന്നതു നിലയ്‌ക്കുകയും ചെയ്‌തു. അതിനു സ്വന്തം ധ്വനി ഒന്നു പരിശോധിച്ചുനോക്കണമെന്നേയുണ്ടായിരുന്നുള്ളു എന്നപോലെയായിരുന്നു. ശില്‌പിയുടെ വിഷമസ്ഥിതി കണ്ടു കെ.യ്‌ക്കു ദുഃഖമടക്കാനായില്ല; അയാൾ വിമ്മിക്കരയാൻ തുടങ്ങി; രണ്ടു കൈകൊണ്ടും മുഖം പൊത്തി അയാൾ ഏറെനേരം തേങ്ങിക്കരഞ്ഞു. കെ. മനഃസാന്നിദ്ധ്യം വീണ്ടെടുക്കുന്നതും കാത്ത് ശില്‌പി കുറേനേരം നോക്കിനിന്നു; ഒടുവിൽ ഗത്യന്തരമില്ലാതെ അയാൾ എഴുത്തു തുടരാൻ തീരുമാനിച്ചു. അയാളുടെ ആദ്യത്തെ ആ ചെറിയ വര കെ.യ്‌ക്കു വലിയൊരു മോചനമായിരുന്നു; പക്ഷേ അതു നേടിയെടുക്കുന്നതിന് ശില്‌പിക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നുവെന്നത് വ്യക്തമായിരുന്നു. ഇത്തവണ എഴുത്തും മുമ്പത്തെപ്പോലെ ഭംഗിയായില്ല; പ്രത്യേകിച്ചും ആ പഴയ സ്വര്‍ണ്ണത്തിളക്കമുണ്ടായില്ല; വിളറിയും ഗതി നിശ്‌ചയമില്ലാതെയും ഇഴഞ്ഞുനീങ്ങിയ രേഖ ഒടുവിൽ വിലക്ഷണമായ ഒരക്ഷരത്തിന്റെ രൂപം പൂണ്ടു. അതു 'ജോ' ആയിരുന്നു. അതെഴുതിത്തീരാറായതും ശില്‌പി ഒരു കാലുകൊണ്ട് മണ്‍കൂനയിൽ ആഞ്ഞുതൊഴിച്ചു; നാലുപാടും മണ്ണുചിതറിപ്പറന്നു. അയാൾ ഉദ്ദേശിച്ചതെന്താണെന്ന് ഒടുവിൽ കെ.യ്‌ക്കു ബോദ്ധ്യമായി; അയാളോടു ക്ഷമ ചോദിക്കാനുള്ള നേരമൊന്നുമുണ്ടായിരുന്നില്ല; പത്തു വിരലുമെടുത്ത് അയാൾ മണ്ണുമാന്തി; അതിനൊരു പ്രയാസവുമുണ്ടായില്ല; എല്ലാം തയ്യാറാക്കിവച്ചിരുന്നപോലെയാണ് തോന്നിയത്; പേരിന് നേര്‍ത്തൊരു മണ്ണട്ടി ഉണ്ടായിരുന്നുവെന്നേയുള്ളു; അതിനു നേരേ താഴെ ചെങ്കുത്തായ വലിയൊരു ഗര്‍ത്തം തുറന്നു; ഒരിളംകാറ്റ് കെ.യെ പതിയെ മലര്‍ത്തിയിടുകയും അയാള്‍ ആ ഗര്‍ത്തത്തിലേക്കു പതിക്കുകയും ചെയ്‌തു. പക്ഷേ താഴെ, തല അപ്പോഴും ഉയര്‍ത്തിവച്ചുകൊണ്ടുതന്നെ, അപ്രാപ്യമായ ആഴങ്ങളിലേക്ക് അയാൾ താഴ്‌ന്നുകൊണ്ടിരിക്കെ, മുകളിൽ ശിലാഫലകത്തിന്മേൽ അയാളുടെ പേര് തികഞ്ഞ പകിട്ടോടെ മുന്നേറുകയായിരുന്നു.
ഈ ദൃശ്യം കണ്ടു വികാരാധീനനായി അയാളുണര്‍ന്നു.
(1919)
No comments:
Post a Comment