1967
മരണം മുന്നിൽ വരുമ്പോൾ എല്ലാ വാക്കുകളും നുണകളാകുന്നു, എല്ലാ പ്രതീക്ഷകളും നുണകളാണെന്നതിനാൽ. ഒരു മൺകട്ട, ഒരു കല്ല്, ദാഹിക്കുന്നൊരു പച്ചപ്പ് അവ നുണ പറയുന്നില്ല.
*
1968
വാക്കുകളെ ഏറ്റവുമധികം ഭയക്കുന്നവർ അവയുടെ ഭാരമറിയുന്നവർ തന്നെയായിരിക്കും: വാക്കു തന്നെ വാസ്തവമായ എഴുത്തുകാർ, കവികൾ.
*
എഴുതപ്പെടാത്ത കവിതകൾ എവിടെയോ കാത്തുകിടക്കുന്നു, ആരുടെയും കണ്ണിൽ പെടാത്ത ഏകാന്തവാപികൾ കണക്കെ.
*
മരംവെട്ടിയുടെ കൈ മഴുവിനു തരിക്കുമ്പോലെ എന്റെ കൈ എഴുതാനുഴറുന്നു. എനിക്കു ജീവനുണ്ടെന്നോർമ്മപ്പെടുത്താൻ അതേയുള്ളു.
*
1970
ഞാൻ ഒരു കവിത എഴുതാൻ തുടങ്ങി. വൈകിയില്ല, കവിത എന്നെ എഴുതാൻ തുടങ്ങി.
*
ഓരോ നാളിനെയും നമ്മോടുള്ള ഒരു ചോദ്യമായിട്ടെടുക്കുക. നിങ്ങളെ- അതിനുള്ള മറുപടിയായും.
*
നമുക്കു പ്രിയപ്പെട്ടൊരാളിന്റെ മരണത്തിനു മുന്നിൽ ഒരേപോലെ നിസ്സഹായരാണ് ‘വിശ്വാസി’യും ‘അവിശ്വാസി’യും. ഒരു ജനം എന്ന രീതിയിൽ നമ്മെ ഏറ്റവുമധികം ഇണക്കുന്നതതാണ്. അതിനാൽ, ബലമല്ല, ബലഹീനത, നിസ്സഹായത, ഭയം, മരണം. ആഹ്ളാദങ്ങളിലേ നാം വ്യത്യസ്തരാകുന്നുള്ളു. വേദനയ്ക്ക് ഒരു മുഖമേയുള്ളു. ക്രിസ്തുവിന്റെ മുഖം.
1972
താളം അച്ചടക്കത്തിന്റെ ഒരു രൂപമാണ്. അച്ചടക്കം ഒരു നൈതികസങ്കല്പനവും. അതിനാൽ നമുക്കിനി താളത്തിന്റെ നൈതികതയെക്കുറിച്ചും സംസാരിക്കാം.
1973
ഇപ്പോൾ മാത്രമാണ്, 86 വയസ്സായതിനു ശേഷമാണ്, തനിക്കു ദൈവവിശ്വാസം നഷ്ടപ്പെട്ടതെന്ന് മുത്തശ്ശൻ പറയുന്നു. അതൊരനുഗ്രഹമാവാം, ആരുടെ തുണയും സ്വീകരിക്കാതെ നടക്കാൻ, വിശ്വാസത്തിന്റെ വെളിച്ചം പോലുമില്ലാതെ ഇരുട്ടത്തു നിവർന്നുനില്ക്കാൻ പഠിച്ചുതുടങ്ങാൻ കഴിയുക എന്നത്. അങ്ങനെ വേണം നാം മരണത്തിലേക്കു പ്രവേശിക്കാൻ.
1974
എഴുതാൻ കഴിയാത്ത നേരത്ത് നിങ്ങൾ ഉത്ക്കണ്ഠപ്പെടേണ്ടതില്ല. കൂടുതൽ പ്രധാനമായൊരു പാഠം മറ്റൊരാൾ നമ്മിലെഴുതുകയാണ് ആ നേരത്തെന്നു വരാം.
*
ചെറിയ നിർഭാഗ്യങ്ങൾ സംഭവിക്കും- അതു നിങ്ങളുടെ കണ്ണിരിനർഹമല്ല.
വലിയ നിർഭാഗ്യങ്ങൾ സംഭവിക്കും- നിങ്ങൾ കരയാൻ മറന്നും പോകുന്നു.
(കോർസാക്ക്)
*
മനഃസാക്ഷി നിങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുന്ന ഒരു കോടതിയാണ്. അതൊരു ജഡ്ജി മാത്രമല്ല, പ്രതിഭാഗവും പ്രോസിക്യൂഷനും ജൂറിയുമൊക്കെയുള്ള സുസജ്ജമായ ഒരു കോടതി തന്നെയാണ്.
1979
കവിതയെഴുതാൻ ഭ്രാന്തിന്റെ ഒരു ലാഞ്ഛന കൂടിയേ തീരൂ. അതുകൊണ്ടാണ് കവികൾ തങ്ങളുടെ സ്ഖലിതങ്ങളിലും നൈരാശ്യങ്ങളിലും പിടിച്ചുതൂങ്ങിക്കിടക്കുന്നത്.
*
കവിതകൾ പ്രളയജലം പോലെനിക്കു മേലൊഴുകി. കാട്ടുതേനീച്ചകളെപ്പോലെന്നെ വന്നു പൊതിഞ്ഞു.
*
മരണത്തെക്കുറിച്ച് കുലീനതയോടെ സംസാരിക്കാൻ ആർക്കുമറിയില്ല. അതെങ്ങനെ കേൾക്കണമെന്നും ആർക്കുമറിയുന്നില്ല.
*
മരിച്ചു കഴിഞ്ഞാൽ ആത്മാവെവിടെപ്പോകുന്നു എന്ന ചോദ്യത്തിന് യാക്കോബ് ബൂമേയുടെ മറുപടി ഇതായിരുന്നു: അതിനെവിടെയും പോകേണ്ട ആവശ്യമില്ല.
No comments:
Post a Comment