പേഴ്സ്യൻ സൂഫിസത്തിലെ മഹത്തായ കൃതികളിലൊന്നാണ് പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹമൂദ് ഷബിസ്തരി എഴുതിയ ഗുലിസ്താൻ ഇ- റാസ് (പനിനീർപ്പൂക്കളുടെ നിഗൂഢോദ്യാനം). മംഗോളുകളുടെ അധിനിവേശം കൊണ്ടു പ്രക്ഷുബ്ധമായ ഇറാനിയൻ ചരിത്രസന്ധിയിലിരുന്നുകൊണ്ടാണ് ഷബിസ്തരി ആത്മസാക്ഷാല്ക്കാരമെന്തെന്ന് മനോഹരമായ കാവ്യഭാഷയിലൂടെ ആവിഷ്കരിക്കുന്നത്.
1. ഒരേ വെളിച്ചം
‘ഞാനും’ ‘നീ’യുമെന്നാൽ?
പല പഴുതുകളിലൂടെ പ്രസരിക്കുന്ന
ഒരേ വിളക്കിന്റെ വെളിച്ചം.
‘ഞാനും’ ‘നീ’യുമെന്നാൽ
ഭൂമിയ്ക്കും ആകാശത്തിനുമിടയിൽ
വീണുകിടക്കുന്ന മൂടുപടം.
മൂടുപടമൊന്നുയർത്തിനോക്കൂ,
പല മതങ്ങളൊന്നെന്നു നിങ്ങൾ കാണും.
ആ മൂടുപടമുയരുമ്പോൾ
നിങ്ങൾ തന്നോടു തന്നെ ചോദിക്കും:
‘ഞാനും’ ‘നീ’യുമില്ലെങ്കില്പിന്നെ
എന്തു നിസ്കാരപ്പള്ളി?
എന്തു ജൂതപ്പള്ളി?
എന്തഗ്നിദേവാലയം?
2. ലഹരി
ഒരിറക്കു പോലും ബാക്കി വയ്ക്കാതെ
തെളിമദിര ഞാൻ മോന്തിക്കുടിച്ചു,
പൊടിമണ്ണിൽ ചെന്നു ഞാൻ ചടഞ്ഞുകിടന്നു.
ജീവനോടുണ്ടോ ഇല്ലയോയെന്ന്
അതില്പിന്നെനിക്കറിയാതെയുമായി.
സുബോധമിപ്പോൾ തീരെയില്ല,
എന്നാലെന്റെ തല പെരുത്തിട്ടുമല്ല.
ചിലനേരമെന്നിലാനന്ദം നിറയുന്നു,
അന്നേരം ഞാനവന്റെ കണ്ണുകൾ പോലെ;
ചിലനേരം കാറ്റത്തെന്നപോലുലയുന്നു,
അന്നേരം ഞാനവന്റെ ചുരുൾ മുടി പോലെ.
ചിലനേരം- കഷ്ടമേ!- ഇതു നോക്കൂ,
ഞാനൊരു കുപ്പക്കൂനയിൽ വീണുകിടക്കുന്നു!
ചിലനേരം, അവന്റെയൊരു കടാക്ഷം മതി,
പനിനീർപ്പൂക്കൾക്കിടയിലാണു ഞാൻ!
3. ഒരു തുള്ളി വെള്ളം
പ്രപഞ്ചമെന്നാൽ ആദ്യന്തമൊരു ദർപ്പണമെന്നറിയുക,
ഓരോ അണുവിലുമൊളിച്ചിരുപ്പുണ്ടു നൂറു സൂര്യന്മാരെന്നുമറിയുക.
ഒരേയൊരു തുള്ളി വെള്ളത്തിന്റെ ഹൃദയമൊന്നു പിളർന്നുനോക്കൂ,
ഒരു നൂറു വൻകടലുകളതിൽ നിന്നൊഴുകുമല്ലോ.
ഒരേയൊരു മൺപൊടിയിലിമ വെട്ടാതൊന്നു നോക്കൂ,
ഒരായിരമുരുവങ്ങളതിൽ പുളയുന്നതു നിങ്ങൾ കാണും.
കടന്നലിനുമാനയ്ക്കും കൈകാലുകളൊന്നു തന്നെ,
ഒരു വെള്ളത്തുള്ളിയ്ക്കും നൈലിനും പേരൊന്നു തന്നെ.
ഒരു ബാർലിയരിയിൽ ഒരു നൂറു വിളവെടുപ്പുകളുണ്ട്,
ഒരു കടുകുമണിയിൽ ഒരു ലോകമങ്ങനെയുണ്ട്.
ഒരു പ്രാണിച്ചിറകിൽ ഒരു ജീവിതസാഗരമുണ്ട്,
ഒരു കൃഷ്ണമണിയിൽ ഒരു നിഗൂഢസ്വർഗ്ഗവുമുണ്ട്.
ഒരു സൂചിപ്പഴുതു പോലുമല്ല ഹൃദന്തമെന്നാവട്ടെ,
ഇരു ലോകങ്ങൾക്കും നാഥനതു തന്നെ ധാരാളം.
4. മത്തു പിടിച്ചാൽ...
മദിരയുടെ മണം കൊണ്ടൊരാൾ ദാർശനികനായി,
അതിന്റെ നിറം കണ്ടു മറ്റൊരാൾ കഥാകാരനായി,
പാതിയോളം മോന്തിയൊരാൾ മതഭക്തനായി,
കോപ്പ കാലിയാക്കിയവൻ കാമുകനുമായി.
പിന്നെയൊരാൾ ചഷകം തന്നെ വിഴുങ്ങി,
ഒപ്പം മദ്യശാലയും, ചഷകമേന്തിയവനെയും,
കുടിയ്ക്കാനവിടെ വന്നുകൂടിയ കുടിയന്മാരെയും.
എന്നിട്ടുമയാളുടെ വായ തുറന്നുതന്നെയിരുന്നു.
5. ***
ലോകത്തു തൂപ്പുകാരില്ലായിരുന്നുവെങ്കിൽ
അതെന്നേ പൊടി കൊണ്ടു മൂടിയേനെ.
No comments:
Post a Comment