Tuesday, May 31, 2011

റില്‍ക്കെ - കുള്ളൻ പാടിയത്

File:Jan Fyt 002.jpg


എന്റെ ആത്മാവു നിവർന്നതാവാം,
എന്നാലെനിയ്ക്കുടലാകെപ്പിശകി;
എന്റെ ആത്മാവിനാവുന്നില്ല
എന്റെ ഹൃദയത്തെ, പിരിഞ്ഞൊടിഞ്ഞ സിരകളെ,
ഉള്ളിലെന്നെ നീറ്റുന്നതൊന്നിനെയും
നിവർത്തിനിർത്താൻ.
അതിനു നടക്കാനൊരിടമില്ല,
അതിനു കിടക്കാനൊരു കിടക്കയില്ല,
കൂർത്ത എല്ലുകൂടത്തിൽ അതള്ളിപ്പിടിച്ചുകിടക്കുന്നു
വിരണ്ടുപോയ ചിറകടികൾ പോലെ.

ഇത്രയ്ക്കേയുള്ളു എന്റെ കൈകളും,
എത്ര മുരടിച്ചവയാണവയെന്നു നോക്കൂ.
നനഞ്ഞുവീർത്തു ചാടിത്തുള്ളുകയാണവ
മഴ കഴിഞ്ഞ നേരത്തെ കുട്ടോടൻതവളകളെപ്പോലെ.
പിന്നെയെന്നിൽ ശേഷിച്ചവയും പഴകിയവ,
തേഞ്ഞവ, വിരസവും.
അന്നെന്തേ ദൈവമിതൊക്കെക്കൂടി
ഒരു കുപ്പക്കൂനയിൽത്തള്ളിയില്ല?

എന്റെ മുഷിഞ്ഞ മുഖം കണ്ടിട്ടു
ദൈവത്തിനു നീരസമായെന്നോ?
എത്ര വട്ടമതൊരുക്കമായിരുന്നു
ഒരു പുഞ്ചിരി കൊണ്ടു നിറയാൻ, തെളിയാൻ.
എന്നാലവനടുത്തെത്താനായതു കൂറ്റൻനായ്ക്കൾക്കു മാത്രം,
നായ്ക്കൾക്കീവകയൊന്നും പ്രശ്നവുമല്ല.


link to image


Monday, May 30, 2011

ഫെര്‍ണാണ്ടോ പെസ് വാ - അച്ഛനും അമ്മയും ഞാനും

മാനുഷികവികാരങ്ങളുടെ കാര്യത്തിൽ എന്റെ ഹൃദയം ഊഷരമാണെന്ന തിരിച്ചറിവ് എന്നെ വിഷാദവാനാക്കിയിട്ടുണ്ടോയെന്നത് എനിക്കത്ര തീർച്ചയില്ല. ഒരാത്മരോദനത്തെയല്ല, ഒരു നാമവിശേഷണത്തെയാണ്‌ ഞാൻ കാര്യമായിട്ടെടുക്കുക.

പക്ഷേ ചിലനേരം ഞാൻ മറ്റൊരു തരമാവാറുണ്ട്; ഞാനപ്പോൾ യഥാർത്ഥമായ കണ്ണീരൊഴുക്കും: പൊള്ളുന്ന കണ്ണീർ, ഒരമ്മയില്ലാത്തവന്റെ, ഒരമ്മ ഉണ്ടായിട്ടേയില്ലാത്തവന്റെ കണ്ണീർ; ആ മരിച്ച കണ്ണീരു കൊണ്ടു പൊള്ളുന്ന എന്റെ കണ്ണുകൾ എന്റെ ഹൃദയത്തെയും പൊള്ളിയ്ക്കും.

എനിയ്ക്കെന്റെ അമ്മയെ ഓർമ്മയില്ല. എനിക്കൊരു വയസ്സായപ്പോൾ അവർ മരിച്ചുപോയി. എന്റെ മനോവികാരങ്ങളിൽ കർക്കശമോ, വിഘടിതമോ ആയി എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ വേരുകൾ കിടക്കുന്നത് ആ ഊഷ്മളതയുടെ അഭാവത്തിലാണ്‌, എനിക്കോർമ്മിച്ചെടുക്കാൻ പോലുമില്ലാത്ത ചുംബനങ്ങളുടെ പേരിലുള്ള പൊള്ളയായ നഷ്ടബോധത്തിലാണ്‌. ഞാനൊരു കാപട്യമാണ്‌. അന്യരുടെ മാറുകളിലേ ഞാൻ ഉറക്കമുണർന്നിട്ടുള്ളു, അതും നേരിട്ടൊരു ചൂടു കിട്ടാതെയും.

ഹാ, ഞാൻ മറ്റൊരാളാകേണ്ടിയിരുന്നു എന്ന ചിന്തയാണ്‌ എന്നെ സദാ സ്വാസ്ഥ്യം കെടുത്തുന്നതും ക്ളേശിപ്പിക്കുന്നതും.ഞാനിന്നാരാകുമായിരുന്നു, ഗർഭപാത്രത്തിൽ നിന്നു നിറഞ്ഞുപൊന്തി ഒരു ശിശുവിന്റെ മുഖത്തു ചുംബനങ്ങളായർപ്പിക്കപ്പെടുന്ന വാത്സല്യത്തിനു ഞാൻ പാത്രമായെങ്കിൽ?

എനിക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, വിധിയെനിക്കു കല്പിച്ചുതന്ന മനോഘടനയുടെ കലുഷമായ കയങ്ങളിൽ ഞാൻ ഇങ്ങനെയൊക്കെയാണ്‌.

ആരുടെയും മകനാകാത്തതിൽ നിന്നുണ്ടായ നഷ്ടബോധം എന്റെ വികാരശൂന്യതയ്ക്കു വളം വച്ചിട്ടുണ്ടാവാം. കുട്ടിയായിരിക്കുമ്പോൾ എന്നെ അടുക്കിപ്പിടിച്ചവർക്ക് സ്വന്തം ഹൃദയത്തോട് എന്നെ അടുക്കിപ്പിടിയ്ക്കാൻ കഴിയില്ല. അങ്ങനെ ചെയ്യാൻ കഴിയേണ്ടിയിരുന്ന ഒരാളെയാവട്ടെ, ദൂരെദൂരെ ഒരു കല്ലറയിൽ കിടത്തിയിരിക്കുകയുമാണ്‌ - വിധി കല്പിച്ചിരുന്നുവെങ്കിൽ എന്റേതാവുമായിരുന്ന അമ്മ.

പില്ക്കാലത്ത് ആളുകൾ എന്നോടു പറഞ്ഞിട്ടുണ്ട്, അമ്മ കാണാൻ സുന്ദരിയായിരുന്നുവെന്ന് എന്നോടു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടിയില്ലെന്ന്. അപ്പോഴേക്കും എന്റെ ശരീരവും ആത്മാവും വളർച്ച പ്രാപിച്ചിരുന്നു; പക്ഷേ വികാരങ്ങളെന്തെന്ന് എനിക്കറിയില്ലായിരുന്നു; സംഭാഷണം മറ്റൊരാളുടെ പുസ്തകത്തിൽ നിന്നു കീറിയെടുത്ത താളുകളുമായിരുന്നില്ലെനിയ്ക്ക്.

ഞങ്ങളെ വിട്ട് അകലെയകലെ താമസിച്ചിരുന്ന അച്ഛൻ എനിക്കു മൂന്നു വയസ്സുള്ളപ്പോൾ ആത്മഹത്യ ചെയ്തു; ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം അത്രയകലെപ്പോയി ജീവിച്ചതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല. അറിയണമെന്ന് പ്രത്യേകിച്ചൊരാഗ്രഹം  തോന്നിയിട്ടുമില്ല. ഞാൻ അദ്ദേഹത്തിന്റെ മരണമോർക്കുന്നത് ഞങ്ങൾ ആ വാർത്തയറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഭക്ഷണവേളയ്ക്കു മേൽ വന്നുവീണ ഗൗരവത്തിന്റെ മേലാടയായിട്ടാണ്‌. ഇടയ്ക്കിടെ മറ്റുള്ളവർ എന്നെ നോക്കുന്നതും, ചിലതെന്തോ മനസ്സിലായെന്ന മട്ടിൽ ഞാൻ അവരെ നോക്കുന്നതും എനിക്കോർമ്മയുണ്ട്. ഞാനറിയാതെ അവരെന്നെത്തന്നെ നോക്കിയിരിക്കുമോയെന്ന വിചാരത്താൽ ഞാൻ പിന്നെ ആഹാരത്തിൽത്തന്നെ ശ്രദ്ധിക്കുകയും ചെയ്തു.


അശാന്തിയുടെ പുസ്തകം

റില്‍ക്കെ - മൂന്നു പാട്ടുകൾ


യാചകൻ പാടിയത്


File:José de Ribera 017.jpg

പടി തെണ്ടി നടക്കലാണെനിയ്ക്കു പണി,
മഴയിൽ കുതിർന്നും, വെയിലിൽ പൊരിഞ്ഞും;
ചിലനേരം വലതുചെവി വലതുകൈയിൽ ചേർക്കുമ്പോൾ
ആരുടേതാണീയൊച്ചയെന്നോർത്തുപോകാറുമുണ്ടു ഞാൻ.

ആരാണീ നിലവിളിയ്ക്കുന്നതെന്നുമെനിക്കു തീർച്ചയില്ല:
ഞാനോ, ഇനിയൊരാളോ?
ഞാൻ നിലവിളിയ്ക്കുന്നതു ചില്ലിക്കാശിന്‌,
കവികൾ നിലവിളിയ്ക്കുന്നതതിലും കൂടുതലിന്‌.

ഒടുവിൽ കണ്ണു രണ്ടും പൂട്ടി ഞാൻ മുഖമടയ്ക്കും.
എന്റെ കൈപ്പടങ്ങളിലതു ഭാരിച്ചുകിടക്കുന്നതു കണ്ടാൽ
വിശ്രമിക്കുകയാണതെന്നേ തോന്നുകയുമുള്ളു.
അതിനാലാരും കരുതാതിരിക്കട്ടെ,
എനിക്കു തല വയ്ക്കാനൊരിടമില്ലെന്നും.

ചിത്രം – ഹോസെ ഡി റിബേറ (1591-1652)



ആത്മഹത്യയ്ക്കൊരുങ്ങിയവൻ പാടിയത്

File:Schnorr von Carolsfeld Bibel in Bildern 1860 214.png

ശരിശരി: ഒരേയൊരു നിമിഷം കൂടി.
എന്നിട്ടെന്താ,
ആളുകളെന്നെ അറുത്തിട്ടു.
പോയദിവസം ഞാനത്രയ്ക്കടുത്തെത്തിയതായിരുന്നു.
നിത്യതയുടെ ചിലതു ഞാൻ
കുടലിലറിഞ്ഞുതുടങ്ങിയതുമായിരുന്നു.

ജീവിതം കോരിനിറച്ച കരണ്ടി
എന്റെ നേർക്കു നീട്ടിത്തരികയാണവർ.
എനിക്കു വേണ്ട, വേണ്ടേവേണ്ട,
ഞാനതു ഛർദ്ദിച്ചു കളയട്ടെ.

മധുരമനോഹരമാണു ജീവിതമെന്നെനിക്കറിയാത്തതല്ല,
നിറഞ്ഞ വിരുന്നാണു ലോകമെന്നും,
എനിക്കു പക്ഷേ ചോരയിലതു പിടിക്കുന്നില്ല,
എന്റെ തലയ്ക്കു പിടിയ്ക്കുകയാണു ജീവിതം.

അന്യരെ പോഷിപ്പിക്കുന്നതു രോഗിയാക്കുകയാണെന്നെ.
ചിലർക്കു ജീവിതം പിടിയ്ക്കില്ലെന്നൊന്നു മനസ്സിലാക്കൂ.
ഇനിയൊരായിരം കൊല്ലം കൂടി ഞാൻ പഥ്യത്തിലിരിക്കണം.

ചിത്രം - ജൂലിയസ് വോണ്‍ കരോല്സ്ഫെല്ദ് (1794-1872)



കുടിയൻ പാടിയത്


File:Adriaen Brouwer 004.jpg

എന്നിലായിരുന്നില്ലത്.
കയറിയിറങ്ങി നടക്കുകയായിരുന്നത്.
ഞാനതിനെ പിടിച്ചുനിർത്താൻ നോക്കിയപ്പോൾ
കള്ളതിനെ പിടിച്ചുവയ്ക്കുകയും ചെയ്തു.
(എന്താണതെന്നെനിക്കിപ്പോളോർമ്മയും വരുന്നില്ല.)
കള്ളു പിന്നെ അതുമിതുമെടുത്തുനീട്ടി,
ഞാനവന്റെ അടിമയുമായി.
വിഡ്ഢി ഞാനേ!

ഇന്നവന്റെ കളിപ്പന്താണു ഞാൻ,
തോന്നിയപടി തട്ടിയെറിയുകയാണവനെന്നെ.
ഇന്നു രാത്രി തന്നെ അവനെന്നെ തട്ടിയിട്ടുകൊടുക്കുമെന്നു തോന്നുന്നു,
ആ പന്നിയ്ക്ക്, മരണത്തിന്‌.
മരണത്തിനെന്നെക്കിട്ടിയാൽ
അഴുക്കു പിടിച്ച ഈ ചുള്ളി കൊണ്ടവനെന്തു ചെയ്യാൻ:
അതു കൊണ്ടവൻ ചലമൊലിയ്ക്കുന്ന ചൊറി ചുരണ്ടും,
പിന്നെ ചാണകക്കൂനയിലേക്കെന്നെ തട്ടിയെറിയും.

 

ചിത്രം – ആഡ്രിയൻ ബ്രോവർ(1606-1638) 


images from wikimedia commons


 

Sunday, May 29, 2011

ഫെര്‍ണാണ്ടോ പെസ് വാ - ആഗ്രഹവും പ്രവൃത്തിയും



അന്യരുടെ കണക്കുകളും, സ്വന്തമെന്നു പറയാനില്ലാതെപോയൊരു ജീവിതവും രേഖപ്പെടുത്തിവയ്ക്കുന്ന തടിയൻ പുസ്തകങ്ങളിൽ നിന്ന് ചിലനേരം തലയൊന്നു പൊന്തിക്കുമ്പോൾ വല്ലാത്തൊരു മനംപുരട്ടൽ അനുഭവപ്പെടാറുണ്ടെനിയ്ക്ക്. അതിനി കൂനിക്കൂടിയിരുന്നതു കൊണ്ടാകാമെങ്കിൽക്കൂടി, സംഖ്യകളെയും എന്റെ മോഹഭംഗത്തെയും അതിവർത്തിക്കുന്നതുമാണത്. ഫലമില്ലാത്ത മരുന്നു പോലെ ജീവിതം ചവർത്തുപോയിരിക്കുന്നെനിയ്ക്ക്. അപ്പോഴാണ്‌ എനിയ്ക്കു തോന്നൽ വരിക, വ്യക്തമായി മനസ്സിൽ കാണാനുമാവുക, ഈ മടുപ്പിൽ നിന്നു മോചനം നേടുക എത്ര എളുപ്പമായിരുന്നു, അങ്ങനെയൊന്നു യഥാർത്ഥത്തിലാഗ്രഹിക്കാനുള്ള വെറുമൊരിച്ഛാശക്തി എനിക്കുണ്ടായിരുന്നെങ്കിലെന്ന്.

പ്രവൃത്തി കൊണ്ടാണ്‌ നാം ജീവിക്കുന്നത് - നമ്മുടെ ആഗ്രഹങ്ങൾക്കു മേലുള്ള പ്രവൃത്തി കൊണ്ട്. ആഗ്രഹിക്കുന്നതെങ്ങനെയെന്നറിയാത്ത നമ്മൾ ചിലർ (ജീനിയസ്സുകളാവാം, പിച്ചക്കാരുമാവാം), ഷണ്ഡത്വം കൊണ്ടു ബന്ധുക്കളും. ഞാനെന്നെ ഒരു ജീനിയസ്സെന്നു വിളിക്കുന്നതിലെന്തർത്ഥം, ഒരു പീടികയിലെ കണക്കെഴുത്തുകാരനാണു ഞാനെങ്കിൽ? താൻ സെനോർ വെർദെ എന്ന ഓഫീസ് ഗുമസ്തനല്ല, സെസ്സാരിയോ വെർദെ എന്ന കവിയാണെന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടർക്കറിയാമെന്ന് സെസ്സാരിയോ വെർദെ ഉറപ്പു വരുത്തിയെങ്കിൽ മിഥ്യാഭിമാനം നാറുന്ന വാക്കുകളിലൊന്ന് അദ്ദേഹമെടുത്തുപയോഗിച്ചുവെന്നേ കരുതേണ്ടതുള്ളു. ആ പാവം ഏതുകാലത്തും സെനോർ വെർദെ എന്ന ഓഫീസുജോലിക്കാരനായിരുന്നു. അയാൾ മരിച്ചതിൽപ്പിന്നെയേ കവി ജനിച്ചിട്ടുള്ളു; കവിയെന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടുന്നതു പിന്നീടാണല്ലോ.

പ്രവൃത്തിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം. ഞാനാഗ്രഹിക്കുന്നതെന്തും എനിക്കാവാം, പക്ഷേ ഞാനാഗ്രഹിക്കുകയും വേണം. വിജയിക്കുന്നതിലാണു വിജയം, അല്ലാതെ വിജയിക്കാനുള്ള കഴിവുള്ളതിലല്ല. വിശാലമായ ഏതൊരിടവും കൊട്ടാരം പണിയാനുള്ള ഒരു സാദ്ധ്യത തന്നെ; പക്ഷേ പണിയാതെ കൊട്ടാരവുമില്ല.

എന്റെ അഹന്തയെ കുരുടന്മാർ കല്ലെറിഞ്ഞിട്ടു; എന്റെ മോഹഭംഗത്തെ പിച്ചക്കാർ ചവിട്ടിയരച്ചു.

‘നിന്നെ സ്വപ്നത്തിൽക്കണ്ടാൽത്തന്നെ മതിയായെനിക്ക്,’ താനിഷ്ടപ്പെടുന്ന സ്ത്രീയോട്  അയക്കാത്ത പ്രണയകവിതകളിൽ അവർ പറയും - അവളോടൊന്നു മിണ്ടാൻ ധൈര്യമില്ലാത്തവർ. ഈ ‘നിന്നെ സ്വപ്നത്തിൽക്കണ്ടാൽത്തന്നെ മതിയായെനിക്ക്,’ ഞാൻ പണ്ടെഴുതിയ ഒരു കവിതയിലെ വരിയാണ്‌. അതിന്റെ ഓർമ്മ ഒരു പുഞ്ചിരിയോടെ രേഖപ്പെടുത്തുകയാണു ഞാനിവിടെ; ആ പുഞ്ചിരിയെക്കുറിച്ച് ഞാൻ അഭിപ്രായമൊന്നും പറയുന്നുമില്ല.


അശാന്തിയുടെ പുസ്തകം - 106


സെസ്സാരിയോ വെർദെ (1855-1886) - ജീവിച്ചിരുന്ന കാലത്ത് അർഹിക്കുന്ന പ്രശസ്തി കിട്ടാതെപോയ പോർത്തുഗീസ് കവി. ഒരു വ്യാപാരസ്ഥാപനത്തിൽ കണക്കെഴുത്തുകാരനായിരുന്നു. ക്ഷയം പിടിച്ചു മരിച്ചു. മരണശേഷമാണ്‌ കവിതകൾ മിക്കതും വെളിച്ചം കാണുന്നത്. പെസ് വായ്ക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ.


 

റില്‍ക്കെ - ഹൈക്കു

E4CC sentences2.jpg


ഹൈക്കു


ഉങ്ങുമരത്തിൽ വിറക്കൊണ്ടു പറക്കുന്നു ശലഭങ്ങൾ;
ഈ സന്ധ്യയ്ക്കു മരിക്കുമവ,
വസന്തമായിരുന്നുവെന്നറിയുകയുമില്ലവ.

1920 ഡിസംബർ 25


* * *


നോക്കൂ, ദേവൻ വരിച്ചതെന്നെ:
അവനിൽ നിന്നെന്നിലേക്കൊരു വീഥി തെളിയുന്നു,
അവനുമവന്റെ തേർക്കുതിരകളുമെന്നിലേക്കിരച്ചെത്തുന്നു,
ആകാശങ്ങളെ കുളമ്പുകളാൽ തൊഴിച്ചെറിഞ്ഞും.

1911 ജൂൺ


* * *



റോസാപ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,
അത്രയും കണ്ണിമകൾക്കടിയിൽ
ആരുടെയും നിദ്രയാകാത്തതിന്റെയാനന്ദമേ!

1925, ഒക്റ്റോബർ 27

E4CC texts 2.jpg


റിൽക്കെ - ആകാംക്ഷപ്പെടുന്നവനേ...

File:Christos Acheiropoietos.jpg



ഞാനിതാ, ആകാംക്ഷപ്പെടുന്നവനേ.
എന്റെ ഇന്ദ്രിയങ്ങൾ നിന്റെ മേൽ വന്നലയ്ക്കുന്നതു കേൾക്കുന്നില്ല നീ?
എന്റെ വികാരങ്ങൾക്കതിമോഹം വന്നു ചിറകു മുളച്ചിരിക്കുന്നു,
വെള്ളിൽപ്പറവകളായി നിന്റെ മുഖത്തെ വട്ടം ചുറ്റുകയാണവ.
എന്റെയാത്മാവു മൗനത്തിന്റെ കഞ്ചുകവുമണിഞ്ഞു
നിന്നെയും നോക്കി നിൽക്കുന്നു- കാണുന്നില്ല നീ?
നിന്റെ ദൃഷ്ടികളിലൊരു മരച്ചില്ലയിലെന്നപോലെ
എന്റെ പ്രാർത്ഥനകൾ വിളയുന്നതറിയുന്നില്ല നീ?

സ്വപ്നദർശി നീയെങ്കിൽ നിന്റെ സ്വപ്നം ഞാൻ തന്നെ.
ഇനി നീയുറക്കം വിട്ടാലോ, നിന്റെയിച്ഛയും ഞാൻ തന്നെ.
എങ്കിൽ പ്രതാപങ്ങൾക്കുടയവനാവുന്നു ഞാൻ,
കാലമെന്ന വിദൂരവിചിത്രനഗരത്തിനു മേൽ
ഒരു താരാവൃതവാനത്തിന്റെ മൗനം പോലെ പടരുന്നു ഞാൻ.


ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ


link to image


Saturday, May 28, 2011

റിൽക്കെ - മഹിമബുദ്ധൻ


Mandala 44.svg


മർമ്മങ്ങൾക്കു മർമ്മമേ, കാതലിനും കാതലേ,
ആത്മാശ്ളേഷത്തിൽ മധുരം വായ്ക്കുന്ന ബദാമേ,-
വിദൂരനക്ഷത്രങ്ങളോളമീപ്രപഞ്ചം
നിന്റെ ബീജം പൊതിയുന്ന മാംസളത.
താനിന്നു നിർലേപനെന്നറിയുന്നു നീ,
അനന്തതയിലേക്കു നീളുന്നു നിന്റെ പുറംതൊലി,
വീര്യം തുടിച്ചു വിങ്ങിനില്ക്കുന്നു നിന്റെ സത്തുകൾ.
നിന്റെയനന്തശാന്തിയുടെ തെളിച്ചവുമായി
നിന്നെ പ്രദക്ഷിണം ചെയ്യുന്നു കോടിസൂര്യന്മാർ.
എന്നാൽ നിന്നിലുണ്ടൊരു സാന്നിദ്ധ്യം,
സൂര്യന്മാരൊക്കെക്കെട്ടണഞ്ഞാലും ശേഷിക്കുന്നതൊന്ന്.


റിൽക്കെ - കവിതകൾ പഠിച്ച ഭൂമി






വീണ്ടും വന്നു വസന്തം.
കവിതകൾ മനപ്പാഠമാക്കിയ കുട്ടിയെപ്പോലെയാണു ഭൂമി.
എത്ര,യെത്രയവളോർത്തുവച്ചു!
ആ ദീർഘപഠനത്തിനവൾക്കു കിട്ടുന്നു സമ്മാനവും.


കടുപ്പക്കാരനായിരുന്നു അവൾക്കു ഗുരു.
ആ കിഴവന്റെ* താടിവെളുപ്പു നമുക്കു ഹിതവുമായിരുന്നു.
ഏതു പച്ച,യേതു നീലയെന്നവളോടു ചോദിക്കുമ്പോൾ
അവൾക്കതൊക്കെയത്ര തിട്ടവുമാണെന്നേ!


ഭൂമീ, സുകൃതം ചെയ്തവളേ,
ഈ വിടുതിവേളയിൽ കുട്ടികളോടിറങ്ങിക്കളിയ്ക്കു നീ.
ഭാഗ്യവാനു കിട്ടട്ടെ കുതികൊണ്ട പന്തുപോലെ നിന്നെ.


എന്തൊക്കെയവളെപ്പഠിപ്പിച്ചു ഗുരു!
വേരുകളിൽ, ദീർഘമായ കുടിലകാണ്ഡങ്ങളിൽ പതിഞ്ഞതൊക്കെയും
പാടുകയാണു, പാടുകയുമാണവൾ!





ഓർഫ്യൂസ് ഗീതകങ്ങൾ 1,21


* ഹേമന്തം

Friday, May 27, 2011

റിൽക്കെ - ബാലൻ






എനിയ്ക്കു മോഹം,
കാട്ടുകുതിരകൾക്കു മേൽ
രാത്രിയിൽ ചവിട്ടിക്കുതിച്ചുപോകുന്നവരിലൊരാളാവാൻ;
അവരുടെയനുധാവനത്തിന്റെ പ്രചണ്ഡവാതത്തിൽ
അഴിച്ചിട്ട മുടി പോലെ പന്തങ്ങൾ പിന്നിലേക്കു പായും.
എനിയ്ക്കു മോഹം,
ഒരു നൗകയ്ക്കണിയത്തു നെട്ടനെ നില്ക്കാൻ,
വിപുലമായൊരു പതാക പോലെ ചുരുളഴിഞ്ഞുപാറാൻ.
നിറമിരുണ്ടവനായിരിക്കും ഞാനെന്നാ-
ലെന്റെ ശിരസ്സു മൂടുമൊരു പൊൻകവചം.
എനിക്കു പിന്നിലണിയിട്ടുനിൽക്കും പത്തുപേർ,
എന്നെപ്പോലെതന്നെയിരുണ്ടവർ;
കവചങ്ങൾ തിളങ്ങുമവരിൽ,
ചിലനേരം സ്ഫടികം പോലെ,
ചിലനേരമിരുണ്ടും, പഴകിയും.
എന്റെ തൊട്ടൊരാൾ കാഹളമെടുത്തൂതുമ്പോൾ
ഞങ്ങൾക്കു മുന്നിൽ തുറസ്സുകൾ തെളിയും,
ഇരുണ്ടൊരേകാന്തതയിൽ
ഒരു നിമിഷസ്വപ്നം പോലെ ഞങ്ങൾ കുതിച്ചുപായും.
ഞങ്ങൾക്കു പിന്നിൽ വീടുകൾ മുട്ടുകാലിൽ വിഴും,
തെരുവുകളിഴഞ്ഞു പിന്മാറും,
കവലകൾ കുതറിമാറാൻ നോക്കും:
വിടില്ല ഞങ്ങളവയെ;
മഴ പോലിരച്ചിറങ്ങും ഞങ്ങളുടെ കുതിരകൾ.

Thursday, May 26, 2011

റിൽക്കെ - പിയെത്ത






യേശുവേ, വീണ്ടും ഞാൻ കാണുന്നുവോ നിന്റെ കാലടികളെ,
നീയുമവയും ചെറുപ്പമായിരുന്നപ്പോൾ ഞാൻ തൊട്ടവയെ?
വിറ പൂണ്ട കൈകളാലന്നു ഞാൻ കഴുകിയതാണവയെ,
മുൾക്കാട്ടിൽ കുടുങ്ങിയ പാൽവെള്ളമാനിനെപ്പോലെ
എന്റെയുലർന്ന മുടിക്കെട്ടിൽ തങ്ങിനിന്നവയാണവ.


വീണ്ടും കാണുന്നു ഞാനാരും പുണരാത്ത നിന്റെ കൈകാലുകളെ,
നമ്മുടെയാദ്യസമാഗമമീവിധമായതെങ്ങനെ?
നിനക്കായി ദാഹിച്ചിരുന്നു ഞാ;നൊരുമിച്ചു ശയിച്ചിട്ടില്ല നാമിതേവരെ,
ഇന്നു വിസ്മിതയായി, കൺവിടർന്നു നോക്കാനേയെനിക്കാവൂ.


ഇന്നാർക്കും കയറിപ്പോകാനായി തുറന്നുകിടക്കുന്നു നിന്റെ ഹൃദയം,
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നതല്ലേ?
ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു നിന്റെ കൈവെള്ളകൾ,
അവയിൽ വടു വീഴ്ത്തേണ്ടതെന്റെ പല്ലുകളായിരുന്നില്ലേ?


ഇന്നു നീ ക്ഷീണിതൻ; നിന്റെ കയ്ച്ച ചുണ്ടുകൾക്കു വേണ്ട
എന്റെ ചുണ്ടുകളുടെ കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, ഈ വിധമാവേണ്ടിയിരുന്നോ നമ്മുടെ അന്ത്യം?
നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?






(യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള വിലാപം ഒരു പ്രണയഗീതമായി മാറ്റിയിരിക്കുകയാണ്‌ റിൽക്കെ. മഗ്ദലനമറിയം തന്റെ കാമുകനെയോർത്തു വിലപിക്കുകയാണ്‌.)



പെയിന്റിങ്ങ് - മരിയാനോ റിച്ചി - ഇറ്റലി - പതിനാറാം നൂറ്റാണ്ട്






Wednesday, May 25, 2011

റിൽക്കെ - ചിതാലേഖം, ഒരു പെൺകുട്ടിക്ക്








ഓർമ്മ വയ്ക്കുന്നു നാമെല്ലാം,
സർവതും പുനർജ്ജനിക്കുന്നൊരു കാലം വരുമെന്നോർത്തുവോ നാം?
കടലോരത്തു വളരുന്നൊരു നാരകമരം പോലെ
ആ ദേവന്റെ ചോരയുടെ തിരക്കോളിനു നീ കാഴ്ച വച്ചു
നിന്റെ മാറിടങ്ങളുടെ തിളക്കങ്ങൾ.


കണ്ടറിഞ്ഞുവോ നീയാ ദേവനെ,
വഴുതിപ്പോകുന്നവനെ,
സ്ത്രികളെ രമിപ്പിപ്പോനെ?
നിന്റെ മോഹങ്ങൾ പോലെ തീക്ഷ്ണവുമാർദ്രവുമായി
നിന്റെ യൗവനത്തിനു മേലവൻ നിഴൽ വീഴ്ത്തിനിന്നു,
കൊലുന്നനേയൊരു വില്ലു പോലെ വളഞ്ഞും.




ശില്പം -അന്റോണിയോ കനോവ (1757-1822)- ക്യൂപ്പിഡും സൈക്കിയും

Tuesday, May 24, 2011

റിൽക്കെ - ഒരു പെൺകുട്ടിയുടെ വിലാപം






കുട്ടികളായിരുന്നപ്പോളേകാകികളായിരുന്നു ഞങ്ങൾ,
അതിലാഹ്ളാദിച്ചുമിരുന്നു ഞങ്ങൾ.
ചേരി തിരിഞ്ഞും കലഹിച്ചും 
കാലം കഴിച്ചിരുന്നവരാണന്യർ.
ഞങ്ങൾക്കു സ്വന്തമായിരുന്നു
അടുത്തുമകലെയുമുള്ളിടങ്ങൾ,
ഞങ്ങൾക്കുണ്ടായിരുന്നു സ്വന്തമായ വഴികൾ,
ചിത്രങ്ങൾ, മൃഗങ്ങളും.


സ്വയമറിയാൻ വഴി തുറക്കും ജീവിതമെ-
ന്നന്നുറപ്പായിരുന്നെനിക്ക്.
തങ്ങൾക്കുടമകളല്ലേ ഞങ്ങൾ?
സ്വന്തങ്ങൾ സാന്ത്വനങ്ങളുമല്ലേ?
പിന്നെപ്പൊടുന്നനേയാ മന്ത്രച്ചരടു പൊട്ടുന്നു,
അതിരറ്റൊരേകാന്തതയിൽ ഭ്രഷ്ടയാവുന്നു ഞാൻ.
എന്റെ മാറിടങ്ങളുടെ കുന്നിൻപുറങ്ങളിൽ നി-
ന്നെന്റെ വികാരങ്ങൾ വിളിച്ചുകരയുന്നു-
ചിറകു തരൂ ഞങ്ങൾ,ക്കല്ലെങ്കിൽ മരണവും.



Monday, May 23, 2011

ഫെർണാണ്ടോ പെസ് വാ - എഴുത്തുകാരന്റെ ദുരന്തം






ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിലൊന്നാണ്‌, ഒരു വേല തുടങ്ങിവച്ച്, അതു മുഴുമിച്ചു കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താനെടുത്തുകഴിഞ്ഞുവെന്നു കൂടി ബോധ്യപ്പെടുമ്പോൾ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌. എന്നാൽ ഒരു കൃതിയെഴുതുക, അതു പിഴയ്ക്കുകയേയുള്ളു, വികലമാവുകയേയുള്ളു എന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെ; അതു പിഴച്ചതും വികലവുമാണെന്ന് എഴുതുമ്പോൾത്തന്നെ ബോധ്യമാവുക- ആത്മാവനുഭവിക്കുന്ന പീഡനത്തിന്റെയും അവമാനത്തിന്റെയും പരകോടിയാണത്. ഞാൻ അസംതൃപ്തനാണെങ്കിൽ അതു ഞാൻ ഇപ്പോഴെഴുതുന്ന കവിതകളുടെ പേരിൽ മാത്രമല്ല; ഭാവിയിൽ എഴുതാനിരിക്കുന്ന കവിതകളെച്ചൊല്ലിയും ഞാൻ അസംതൃപ്തനായിരിക്കുമെന്ന് എനിക്കറിയാം. ഉള്ളിലുമുടലിലും ഞാനതറിയുന്നുണ്ട്, അസ്പഷ്ടമായൊരു പൂർവജ്ഞാനമായി.


എങ്കില്പ്പിന്നെ ഞാൻ എഴുത്തു നിർത്താത്തതെന്തുകൊണ്ട്? എന്തെന്നാൽ ഞാൻ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗം അതേപടി ശീലിക്കാൻ ഇനിയും ഞാൻ പഠിച്ചിട്ടില്ല എന്നതുകൊണ്ടു  തന്നെ. പദ്യവും ഗദ്യവും ചമയ്ക്കാനുള്ള താല്പര്യമുപേക്ഷിക്കാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല. എനിക്കെഴുതിത്തന്നെയാവണം, ഒരു ശിക്ഷ അനുഭവിച്ചുതീർക്കുന്നപോലെ. ഏറ്റവും കഠിനമായ ശിക്ഷയാകട്ടെ, ഞാനെഴുതുന്നതെന്തും വ്യർത്ഥവും, വികലവും, സന്ദിഗ്ധവുമായിരിക്കുമെന്നറിയുകയും.


കുട്ടിയായിരിക്കുമ്പോഴേ ഞാൻ കവിതയെഴുതിത്തുടങ്ങിയിരിക്കുന്നു. അത്ര മോശമായിരുന്നു അവയെങ്കില്ക്കൂടി പൂർണ്ണത തികഞ്ഞതാണവയെന്ന് എനിക്കു തോന്നിയിരുന്നു. പിഴവറ്റതൊന്നു ഞാനെഴുതി എന്ന മിഥ്യാനന്ദം ഞാനിനി അനുഭവിക്കുകയേയില്ല. അവയെക്കാൾ ഭേദപ്പെട്ടവയാണ്‌ ഞാനിന്നെഴുതുന്നവ. മികച്ച ചില എഴുത്തുകാരെഴുതുന്നവയെക്കാൾ ഭേദപ്പെട്ടവയുമാണവ. എന്നാൽ എനിക്കെഴുതാൻ കഴിയുമായിരുന്നവയെക്കാൾ, അല്ലെങ്കിൽ ഞാനെഴുതേണ്ടിയിരുന്നവയെക്കാൾ എത്രയോ തരം താണവയാണവ. ഞാൻ ആദ്യമെഴുതിയ മോശം കവിതകളെയോർത്തു വിലപിക്കുകയാണു ഞാൻ, മരിച്ചുപോയ മകനെയോർത്തിട്ടെന്നപോലെ, കണ്മുന്നിൽ നിന്നു മറഞ്ഞുപോയ അവസാനപ്രതീക്ഷയെ ഓർത്തിട്ടെന്നപോലെ.


(അശാന്തിയുടെ പുസ്തകം-231) 






റിൽക്കെ - ഖനി








ദൈവം വിട്ടുതരില്ല തന്നെ
ഒരു സുഖസായാഹ്നം പോലവനെ ജീവിക്കാൻ.
വിപുലഭൂമി വിട്ടുപോകണ-
മാഖനിയിലേക്കിറങ്ങുന്നവൻ.
ഇടുക്കുതുരങ്കങ്ങളിൽ കുനിഞ്ഞിരിക്കണ-
മവനെയടർത്തിയെടുക്കുവാൻ.

റിൽക്കെ - കവി






ക്ഷണികനിമിഷമേ! 
എത്രവേഗമെന്നെ വിട്ടു പായുന്നു നീ!
മുറിപ്പെടുകയുമാണു നിന്റെ ചിറകടികളേറ്റു ഞാൻ.
ഞാനൊറ്റയ്ക്കോ?
എങ്കിലീ നാവെനിക്കെന്തിനു തന്നു?
ഈ രാത്രികളെന്തിനു തന്നു? ഈ പകലുകളും?


എനിക്കായിട്ടൊരിടമില്ലിവിടെ,
പ്രണയിക്കാനൊരാളില്ല,
പാർക്കാനൊരിടമില്ല.
ഞാൻ പ്രവേശിക്കുന്നതൊക്കെ പുഷ്ടിപ്പെടുന്നു,
ഞാനോ, ശോഷിക്കുന്നു.

Sunday, May 22, 2011

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റില്ക്കെ എഴുതിയ കത്തുകൾ - 3






വിയാരെഗിയോ, പിസായ്ക്കടുത്ത്, ഇറ്റലി
1903 ഏപ്രിൽ 23

ഈസ്റ്റർ നാളിലെ നിങ്ങളുടെ കത്ത് എന്നെ വല്ലാതെ ആഹ്ളാദിപ്പിച്ചു, പ്രിയപ്പെട്ട സർ; നിങ്ങളെക്കുറിച്ച് അത്രയും നല്ല കാര്യങ്ങൾ അതിലുണ്ടായിരുന്നല്ലോ. ജേക്കബ്സന്റെ മഹത്തും പ്രിയങ്കരവുമായ കലയെക്കുറിച്ചു നിങ്ങളെഴുതിയ രീതി കണ്ടപ്പോൾ എനിക്കു ബോദ്ധ്യമായി, നിങ്ങളുടെ ജീവിതത്തെ അതിന്റെ നിരവധി ചോദ്യങ്ങളോടൊപ്പം ആ അക്ഷയഖനിയിലേക്കു വഴി കാട്ടിയതിൽ എനിക്കു പിശകിയിട്ടില്ലെന്ന്. 

നീൽസ് ലൈൺ,* ഗഹനവും ഗംഭീരവുമായ ആ പുസ്തകം ആവർത്തിച്ചു വായിക്കുംതോറും നിങ്ങൾക്കു മുന്നിൽ പതിയെപ്പതിയെ സ്വയം അനാവൃതമാവും. സർവതും അതിലടങ്ങിയിരിക്കുന്ന പോലെയാണ്‌, ജീവിതത്തിന്റെ ഏറ്റവും നേർത്ത പരിമളം മുതൽ മൂത്തു കനത്ത കനികളുടെ നിറഞ്ഞ സ്വാദു വരെ. മനസ്സിലാകാത്തതായി, അനുഭവമില്ലാത്തതായി യാതൊന്നുമതിലുണ്ടാവില്ല; ഓർമ്മയിൽ പരിചിതമായ ഒരനുരണനമുണർത്താത്തതായി ഒന്നുമതിലുണ്ടാവില്ല. ഒരനുഭവവും അഗണ്യമാകുന്നില്ല- വിധി പോലെ അനാവൃതമാവുകയാണ്‌ ഏറ്റവും നിസ്സാരമായ ഒരു സംഭവം പോലും. വിധിയോ, വിചിത്രവും വിപുലവുമായ ഒരു ചിത്രക്കംബളവും; ആ കംബളത്തിൽ അവാച്യമായ വിധത്തിൽ മൃദുവായൊരു ഒരു കരത്തിന്റെ നിദേശത്തിൻ പടി ഓരോ ഇഴയും മറ്റൊരിഴയ്ക്കരികിൽ ഇടം നേടുകയും, മറ്റു നൂറിഴകളോടിണങ്ങിച്ചേരുകയുമാണ്‌.

ആദ്യമായി നിങ്ങൾ ഈ പുസ്തകം വായിക്കുമ്പോൾ എത്രയും വലുതായൊരു ആഹ്ളാദമാവും നിങ്ങളനുഭവിക്കുക; പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്നപോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങൾ കടന്നുപോവുകയും ചെയ്യും. അതേ അത്ഭുതാദരങ്ങൾ വിടാതെയാവും പില്ക്കാലത്തും നിങ്ങളതു വായിക്കുക എന്നും ഞാൻ പറയുന്നു; ആദ്യവായനയിൽ നിങ്ങളെ കീഴടക്കിയ അസാധാരണമായ ആ ശക്തിയും യക്ഷിക്കഥകളുടെ വശ്യതയും അല്പം പോലും ചോർന്നുപോയിട്ടുണ്ടാവില്ല. 

നിങ്ങൾ കൂടുതൽ കൂടുതൽ സന്തുഷ്ടനും, കൃതജ്ഞനുമാവുന്നതേയുള്ളു; നിങ്ങളുടെ ജീവിതദർശനം ഏതോ വിധത്തിൽ കൂടുതൽ തെളിഞ്ഞതും, ലളിതവുമാകുന്നതേയുള്ളു. നിങ്ങൾക്കു ജീവിതത്തെ വിശ്വസിക്കാമെന്നാവുകയാണ്‌, നിങ്ങൾ തൃപ്തനാവുകയാണ്‌, താനത്രയ്ക്കു നിന്ദ്യനല്ലെന്നും നിങ്ങൾക്കു തോന്നുകയാണ്‌.

പിന്നീടു നിങ്ങൾ *മേരീ ഗ്രബ്ബേയുടെ വിധിയും അഭിലാഷങ്ങളും വിവരിക്കുന്ന ആ ഗംഭീരപുസ്തകവും, ജേക്കബ്സന്റെ കത്തുകളും ഡയറിക്കുറിപ്പുകളും, ഒടുവിലായി അദ്ദേഹത്തിന്റെ കവിതകളും വായിക്കണം. നിങ്ങളുടെ മനസ്സിൽ ആ കവിതകൾ ഒടുങ്ങാത്ത അനുരണനങ്ങളുയർത്തും- അത്ര നന്നായിട്ടില്ല അവയുടെ പരിഭാഷകളെങ്കില്പ്പോലും. പറ്റിയ സമയമെത്തുമ്പോൾ ജേക്കബ്സന്റെ സമ്പൂർണ്ണകൃതികളുടെ മനോഹരമായ പതിപ്പു വാങ്ങണമെന്നുകൂടി ഞാൻ ഉപദേശിക്കട്ടെ. ഇപ്പറഞ്ഞതെല്ലാം അതിലുണ്ട്.

‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’* എന്നതിനെക്കുറിച്ചാണെങ്കിൽ - താരതമ്യമില്ലാത്ത വാഗ്മിതയുടെയും രൂപത്തിന്റെയും ആ രചനയുടെ കാര്യത്തിൽ അവതാരികാകാരന്റെ വീക്ഷണത്തെ നിരാകരിക്കുന്ന നിങ്ങളുടെ അഭിപ്രായം ഒരു തർക്കത്തിനുമിടം കൊടുക്കാത്ത രീതിയിൽ തീർത്തും ശരി തന്നെ. സാഹിത്യവിമർശനങ്ങൾ കഴിയുന്നത്ര വായിക്കാതിരിക്കുക എന്നൊരു നിർദ്ദേശം നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഈ സന്ദർഭത്തിൽ എനിക്കു തോന്നുകയാണ്‌.അവ ഒന്നുകിൽ ജഡപ്രായവും, അർത്ഥശൂന്യവും, കല്ലിച്ചതുമായ മുൻവിധികളായിരിക്കും; അല്ലെങ്കിൽ വിദഗ്ധമായ വാചകമടികൾ. ആ വീക്ഷണങ്ങൾക്ക് ഇന്നംഗീകാരം കിട്ടിയേക്കാമെങ്കിൽ നാളെയതുണ്ടാവുകയുമില്ല. ചിരന്തനമായ ഒരേകാന്തതയാണ്‌ കലാസൃഷ്ടികളുടെ സത്ത എന്നു പറയാവുന്നത്; വിമർശനത്തിന്‌ അതു മനസ്സിലാവുക എന്നതില്ല. സ്നേഹത്തിനേ അതിനെ കടന്നുപിടിയ്ക്കാനും, കൈയിലെടുക്കാനും, നീതിയോടെ വിലയിരുത്താനുമുള്ള കഴിവുള്ളു. തർക്കങ്ങൾക്കും ചർച്ചകൾക്കും അവതാരികകൾക്കുമല്ല, നിങ്ങളുടെ അന്തരാത്മാവിനും നിങ്ങളുടെ അനുഭൂതികൾക്കുമാണ്‌ നിങ്ങൾ കാതു കൊടുക്കേണ്ടത്. ഇനിയഥവാ ഒരിക്കൽ നിങ്ങൾക്കു പിശകിയാലും, നിങ്ങളുടെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ നിങ്ങളെ മറ്റുൾക്കാഴ്ചകളിലേക്കു നയിച്ചുകൊള്ളും. നിങ്ങളുടെ തീർപ്പുകൾക്ക് അവയുടേതായ നിശ്ശബ്ദവും അകലുഷിതവുമായ ഒരു വികാസം അനുവദിച്ചുകൊടുക്കുക;   എല്ലാ വികാസങ്ങളെയും പോലെ അവയും ഉള്ളിന്റെയുള്ളിൽ നിന്നാണു വരേണ്ടത്; അവയെ തിടുക്കപ്പെടുത്തരുത്. കാലം തികഞ്ഞേ പിറവിയുണ്ടാവൂ. നിങ്ങളുടെ മനസ്സിൽ പതിയുന്നതേതൊന്നും, അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളിൽ, ഇരുട്ടിൽ, വാക്കുകൾക്കുമപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തിൽ സാഫല്യത്തിലെത്തട്ടെ; നിങ്ങൾ എളിമയോടെ, ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക , പുതിയൊരു തെളിച്ചം പിറവിയെടുക്കുന്ന മുഹൂർത്തത്തിനായി; കലാകാരനായി ജീവിക്കുകയെന്നാൽ ഇങ്ങനെ ഒരർത്ഥമേയുള്ളു: സൃഷ്ടിയിലായാലും ഗ്രഹണത്തിലായാലും.

ഇതിൽ കാലം ഒരളവുകോലാവുന്നുമില്ല. ഒരു കൊല്ലം ഒരു കാര്യമല്ല. പത്തു കൊല്ലം ഒന്നുമല്ല. കലാകാരനാവുക എന്നാൽ കണക്കെടുക്കുകയും കണക്കു കൂട്ടുകയുമല്ല; ഒരു മരം പോലെ വിളയുക എന്നാണ്‌; അതു തന്റെ ജീവദ്രവത്തെ തിടുക്കപ്പെടുത്തുന്നില്ല; വസന്തത്തിലെ കൊടുങ്കാറ്റുകളിൽ അടി പറിയാതെ നില്ക്കുകയാണത്, പിന്നെ വേനൽ വരാതിരിക്കുമോ എന്ന ശങ്കയൊന്നുമില്ലാതെ. വേനൽ വന്നുതന്നെയാവണം. അതു പക്ഷേ തങ്ങൾക്കു മുന്നിൽ നിത്യത നീണ്ടുകിടക്കുകയാണ്‌, അതിരറ്റതും നിശ്ശബ്ദവുമായി എന്ന അറിവോടെ ജീവിതം ജീവിക്കുന്നവരിലേക്കേ വന്നുചേരുകയുമുള്ളു. എന്റെ ജീവിതത്തിലെ ഒരു നിത്യപാഠമാണ്‌, പലപല വേദനകളെടുത്തു ഞാൻ പഠിക്കുന്നതാണ്‌, ഞാൻ കടപ്പെട്ട ഒരു പാഠവുമാണ്‌: ക്ഷമയാണെല്ലാം!

***

*റിച്ചാർഡ് ദെഹ് മലിന്റെ പുസ്തകങ്ങളെക്കുറിച്ച് എനിക്കുള്ള അഭിപ്രായം - എനിക്കു ചെറിയൊരു പരിചയമുള്ള ആ വ്യക്തിയെക്കുറിച്ചും- ഇതാണ്‌: മനോഹരമായ ഒരു പുറം വായിച്ചുകഴിയുമ്പോൾ എനിക്കു പേടിയാവുകയാണ്‌, തുടർന്നുള്ളവ അതേ വരെയുള്ള സർവതും നശിപ്പിച്ചു കളയുമെന്നും, സ്നേഹാർഹമായിരുന്നതൊന്നിനെ വിലകെട്ടതാക്കുമെന്നും. ‘ജീവിതത്തിലും എഴുത്തിലും അതികാമി’ എന്നു നിങ്ങൾ അയാളെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. സത്യത്തിൽ കലാകാരന്റെ സർഗ്ഗാനുഭൂതി ലൈംഗികതയുമായും അതിന്റെ സുഖവും വേദനയുമായും അവിശ്വസനീയമാം വിധം അത്ര സമീപസ്ഥമായിരിക്കുന്നു; ഒരേ തൃഷ്ണയുടെയും നിർവൃതിയുടെയും വിഭിന്നരൂപങ്ങളാണ്‌ രണ്ടു പ്രതിഭാസങ്ങളെന്നും പറയാം. ‘കാമ’ത്തിനു പകരം ‘ലൈംഗികത’ എന്നു പറയുകയാണെങ്കിൽ - ആ വാക്കിന്റെ വിപുലവും ആദിമവുമായ അർത്ഥത്തിലാണ്‌ ഞാൻ ‘ലൈംഗികത’ എന്നുപയോഗിക്കുന്നത്, അല്ലാതെ പള്ളിയുടെ പാപക്കറ പുരണ്ട അർത്ഥത്തിലല്ല- അയാളുടെ കല മഹത്തും അതിപ്രധാനവും തന്നെ. ഒരാദിമചോദന പോലെ ഊറ്റം നിറഞ്ഞതാണ്‌ അയാളുടെ കവിത്വം. പാറക്കെട്ടുകളിൽ നിന്നിരച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ തിമിർത്ത താളമുണ്ടതിന്‌.

പക്ഷേ എപ്പോഴും തികച്ചും സ്വാഭാവികമല്ല, നാട്യം കലരാത്തതല്ല അയാളുടെ കവിത്വമെന്ന് തോന്നിപ്പോവുന്നു. ( ഇതു തന്നെയല്ലേ ഒരു യഥാർത്ഥകലാകാരനു കടന്നുകൂടേണ്ട കടുത്ത പരീക്ഷകളിലൊന്നും: തന്റെ മേന്മകളെന്നു പറയുന്നവയെക്കുറിച്ച് ഒരുകാലത്തും ബോധമുള്ളവനായിരിക്കരുതയാൾ, അവയുടെ സ്വാച്ഛന്ദ്യവും ആർജ്ജവവും അപഹൃതമാവരുതെന്നയാൾക്കു വിചാരമുണ്ടെങ്കിൽ.} അയാളുടെ കവിത്വം അയാളുടെ സത്തയിലൂടെ ഇരച്ചിറങ്ങി ലൈംഗികതയിലെത്തുമ്പോൾ കണ്ടുമുട്ടുന്നത് വേണ്ടത്ര പരിശുദ്ധിയില്ലാത്ത ഒരു വ്യക്തിയെയാണ്‌. ലൈംഗികതയുടെ പരിപക്വവും പരിശുദ്ധവുമായ ലോകമല്ല അയാളുടേത്; മനുഷ്യന്റേതല്ല, പുരുഷന്റേതാണത്. കാമാന്ധവും ഉന്മത്തവും പ്രക്ഷുബ്ധവുമാണത്; പുരുഷൻ എന്നുമെന്നും പ്രണയത്തെ വിരൂപപ്പെടുത്താനും ഭരിക്കാനുമുപയോഗപ്പെടുത്തിയ മുൻവിധികളും ധാർഷ്ട്യവും പേറുന്നതാണത്. വെറുമൊരു മനുഷജീവിയായിട്ടല്ല, പുരുഷനെന്ന നിലയ്ക്കാണ്‌ അയാളുടെ പ്രണയം. അതിൻ ഫലമായിത്തന്നെ അയാളുടെ ലൈംഗികാനുഭൂതിയിൽ സങ്കുചിതവും ഗർഹണീയവുമായതെന്തോ ഉണ്ട്, പ്രാകൃതവും കാലബദ്ധവും അനിത്യവുമായതെന്തോ. അതയാളുടെ കലയ്ക്കു കുറവു വരുത്തുകയാണ്‌, അതിനെ സന്ദിഗ്ധവും സംശയാസ്പദവുമാക്കുകയാണ്‌. കറ പുരളാത്തതല്ല  അയാളുടെ കല; ആസക്തിയും ക്ഷണികതയും അതിൽ മുദ്ര വച്ചിരിക്കുന്നു. അതിൽ അധികമൊന്നും കാലത്തെ അതിജീവിക്കുകയില്ല. ( കലാസൃഷ്ടികളിൽ മിക്കതിന്റെയും ഗതിയുമാണല്ലോ അത്!) 

എന്നാല്ക്കൂടി മഹത്വത്തിന്റെ അംശമുള്ള ഭാഗത്തെ ആസ്വദിക്കാവുന്നതേയുള്ളു. നാമതിൽ വ്യാമുഗ്ധരായിപ്പോവരുതെന്നേയുള്ളു, ദെഹ് മലിന്റെ ലോകത്തെ കുടികിടപ്പുകാരനാവരുതെന്നേയുള്ളു. ഭീതികളും വ്യഭിചാരവും ആശയക്കുഴപ്പങ്ങളും കൊണ്ടു നിറഞ്ഞ, മനുഷ്യന്റെ യഥാർത്ഥഭാഗധേയങ്ങളിൽ നിന്നകന്ന ഒരു ലോകമാണത്. അയാളുടെ ക്ഷണികശോകങ്ങളെക്കാൾ നമ്മെ യാതനപ്പെടുത്തിയേക്കാം അതെങ്കിലും, മഹത്വത്തിനുള്ള ഒരവസരം കൂടി അതു നല്കുന്നുണ്ട്, നിത്യതയെ നേരെ നോക്കാനുള്ള ധൈര്യവും.

അവസാനമായി എന്റെ പുസ്തകങ്ങളുടെ കാര്യം പറയുമ്പോൾ, അവയിൽ നിങ്ങൾക്കു സന്തോഷം നല്കുന്നവ അയച്ചുതരണമെന്ന് എനിക്കു മോഹമുണ്ട്. പക്ഷേ, ഞാൻ വളരെ ദരിദ്രനാണ്‌; എന്റെ പുസ്തകങ്ങളാവട്ടെ, പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എന്റെ സ്വന്തമല്ലാതെയുമാവുന്നു. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുള്ള പോലെ അവയെ ഇഷ്ടപ്പെടുന്ന ഒരാൾക്കു വാങ്ങി സമ്മാനിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞിട്ടില്ല. 

അതുകൊണ്ട് മറ്റൊരു കടലാസുതുണ്ടിൽ അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളുടെ പേരും പ്രസാധകരുടെ വിവരവും ഞാനെഴുതാം. (ഏറ്റവും പുതിയവ പന്ത്രണ്ടോ പതിമൂന്നോ കാണും.) സൗകര്യം പോലെ അവയിൽ ചിലതു വരുത്താൻ നോക്കുക.

എന്റെ പുസ്തകങ്ങൾ നിങ്ങളുടെ കൈകളിലുണ്ടെന്നറിഞ്ഞാൽ എനിക്കതു വലിയ സന്തോഷമായിരിക്കും.

ആശംസകളോടെ,

താങ്കളുടെ,
റെയിനർ മരിയ റില്ക്കെ


*നീൽസ് ലൈൺ - Niels Lyhne (1880)- ജേക്കബ്സന്റെ നോവല്‍
*മേരീ ഗ്രബ്ബേ - Fru Marie Grubbe (1876) - ജേക്കബ്സന്റെ നോവല്‍
*‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’- Mogens എന്ന ജേക്കബ്സന്റെ സമാഹാരത്തില്‍ നിന്നുള്ള കഥ
*റിച്ചാർഡ് ദെഹ് മൽ - Richard Dehmel (1863-1920) - ജര്‍മ്മന്‍ കവി 




റിൽക്കെ - ബുദ്ധൻ








നിശ്ശബ്ദതയും വിദൂരതയുമാണവനു കേൾവിപ്പെടുന്നതെന്നപോലെ.
കാതോർക്കുന്നില്ല നാം. നാമൊന്നും കേൾക്കുന്നുമില്ല.
നക്ഷത്രമാണവൻ. നമുക്കു കണ്ണില്പ്പെടാതെ
ഭ്രമണം ചെയ്യുകയാണന്യനക്ഷത്രങ്ങളവനെ.


സർവസ്വമാണവൻ. നമുക്കു നിയോഗം
അവന്റെ കണ്ണില്പ്പെടാനൂഴം കാത്തു നില്ക്കയോ?
അവനു മുന്നിൽ നാം സാഷ്ടാംഗം കിടന്നാലും
പൂച്ചയെപ്പോലകന്നവനാണവൻ, അനക്കമറ്റവനുമാണവൻ.


അവന്റെ കാല്ക്കലേക്കു നമ്മെ പായിച്ചതേതൊന്നോ,
അതവന്റെയുള്ളിൽ ഭ്രമണം ചെയ്യുന്നു യുഗങ്ങളായി.
ജീവിതം നമ്മെപ്പഠിപ്പിച്ചതൊക്കെയവനു തുച്ഛം,
നമുക്കു നിഷേധിച്ച ജ്ഞാനമാണവനു ജീവിതം.


പുതിയ കവിതകൾ - 1907


(വിഖ്യാതശില്പിയായ റോദാങ്ങിന്റെ ഉദ്യാനത്തിലെ ഒരു ബുദ്ധപ്രതിമയെക്കുറിച്ചെഴുതിയത്. താൻ ഭക്തിയോടെ കണ്ടിരുന്ന ആ ശില്പിയുടെ പ്രതിഭയ്ക്കുള്ള പ്രണാമം കൂടിയാണിത്.)



Saturday, May 21, 2011

ടാഗോർ - കുത്തിക്കുറിച്ചവ






വഴിയോരപ്പൂക്കളാണെന്റെ കുറിപ്പുകൾ;
വഴിനടക്കുന്നവർ ചിലരവയെ കാണും,
പിന്നെ മറന്നും പോകും.
*


നിശാശലഭത്തിനു കാലക്കണക്കു
കൊല്ലം കൊല്ലമായല്ല,
നിമിഷം നിമിഷമായിട്ടത്രേ.
അതിനാലതിനുണ്ടതിനു മതിയായ കാലവും.
*


നാം പറഞ്ഞുകൂട്ടിയ പകലുകളുടെ
പൊട്ടും പൊടിയും കൊത്തിയെടുത്തു
നിദ്രയുടെയിരുണ്ടയിടനാഴികളിൽ
കിളികൾ കൂട്ടിയ കൂടുകൾ,
കിനാവുകൾ.
*


വസന്തത്തിലെ തെമ്മാടിക്കാറ്റു തല്ലിക്കൊഴിക്കുന്നു
ഇനിയും വിടരാത്ത മൊട്ടുകൾ;
ഒരു നിമിഷത്തിന്റെ രസത്തിൽ
അവനോർമ്മയിലില്ല ഭാവിക്കനികൾ.
*


മരം കുനിഞ്ഞുനോക്കുന്നു
തന്റെയരുമത്തണലിനെ;
സ്വന്തമെങ്കിലുമതിനാവി-
ല്ലതിനെക്കൈയിലൊതുക്കാൻ. 
*


ഉറങ്ങുന്ന മണ്ണിൽ നിന്നൊരു
പുളകോദ്ഗമം;
ഇലകൾക്കിടയിലൊരു
തെന്നലിന്റെ മർമ്മരം.
*


ഇരുണ്ടും മറുകര കാണാതെയുമൊരാഴക്കടൽ,
രാത്രി;
അതിനുമേലൊഴുകുന്ന ചിത്രക്കുമിള,
പകൽ.
*


ആരതിക്കാരാധകരിരച്ചെത്തുമ്പോൾ
അമ്പലമുറ്റത്തു കളിക്കുന്ന കുട്ടികൾക്കിടയിലേക്കു
ദേവന്റെ മനസ്സിറങ്ങിപ്പോകുന്നു.
*


നിന്റെ അരളിപ്പൂക്കൾക്കു നിറം വെള്ള,
എന്റേതിനു ചെമലയും;
വസന്തകാലപ്രണയികളുടെ നിശ്ശബ്ദനേത്രങ്ങൾ-
ഒരുമിച്ചു നടക്കുന്നവ,
അന്യോന്യമറിഞ്ഞും.
*


പരിധിയറ്റ തമസ്സേ,
താരാവലികൾ കൊളുത്തിവയ്ക്കൂ;
ഈ വിളക്കിന്റെ കാതരനാളത്തി-
നതിന്റെ ഭീതികളില്ലാതവട്ടെ!
*


നക്ഷത്രങ്ങൾ കൊളുത്തിവച്ചവൻ
നോക്കിനില്ക്കുന്നു,
മണ്ണിലൊന്നൊന്നായിത്തെളിയുന്ന
വിളക്കുകളെ.
*


കാട്ടുപച്ച നോക്കിനില്ക്കുന്നു
വാനനീലിമയെ;
അവയ്ക്കിടയിൽ നെടുവീർപ്പിടുന്നു
തെന്നലിന്റെ വിധുരത.
*


പൊടിമണ്ണിൽ വീണുകിടക്കുന്നു
കൊഴിഞ്ഞുപോയ തൂവലുകൾ;
അവ മറന്നുപോയിരിക്കുന്നു
മാനത്തു പറന്ന നാളുകൾ.
*


പൂഴിമണ്ണരിച്ചുപെറുക്കുകയാണു
മിന്നാമിന്നി;
അവൻ കാണുന്നതേയില്ല
നക്ഷത്രങ്ങളെ.
*


ദൈവം നമ്മുടെ പടിക്കൽ
ഭിക്ഷ യാചിച്ചെത്തുമ്പോൾ
നാമെത്ര സമ്പന്നരാണെന്നറിയും നാം.
*


എന്റെ നെഞ്ചിൽ ചിറകടിക്കുന്ന
പറവപ്പറ്റമാണെന്റെ പാട്ടുകൾ;
അവയുഴന്നുപറന്നുനടക്കുന്നതു
നിന്റെ ശബ്ദത്തിലൊരു കൂടു കൂട്ടാൻ.
*


അതാ പോകുന്നു!
ഒഴുകിയകലുന്നു!
അലസവേളകളിൽ 
കടലാസ്സുവഞ്ചികളിൽ
ഞാൻ കേറ്റിവച്ച ഭാരങ്ങൾ.
*


മണ്ണിന്റെ യാഗാഗ്നിയിൽ നി-
ന്നുയരുന്ന നാളങ്ങൾ, 
വൃക്ഷങ്ങൾ;
ചിതറുന്ന സ്ഫുലിംഗങ്ങൾ,
പുഷ്പങ്ങൾ.
*


പകൽവെളിച്ചം മായുമ്പോൾ
മാനത്തിന്നൂഴമാവുന്നു,
നക്ഷത്രരുദ്രാക്ഷമെണ്ണി
സൂര്യനെ ധ്യാനിക്കാൻ.
*


നമ്മുടെ ചിന്തകളെന്തേ,
ഭാവിക്കനികളിൽ പിടിച്ചുതൂങ്ങാൻ?
ചില്ലകളിൽ പൂക്കൾ പോരേ,
ഹൃദയങ്ങൾക്കാഹ്ളാദിക്കാൻ?
*


വാക്കുകൾ പൂക്കൾ,
ചുറ്റിനുമിലകൾ
മൗനത്തിന്നടരുകൾ.
*


പകലിന്റെ പാപങ്ങളെപ്പൊറുത്തു
സന്ധ്യയെങ്കിൽ
ശാന്തിയാവഴി വന്നുവെന്നുമാകും.
*


ഒടുവിൽ ചെന്നെത്തുമിടമല്ല
എന്റെ തീർത്ഥയാത്രയ്ക്കുന്നം;
വഴിവക്കിലെ കോവിലുകളിലാ-
ണെന്റെ ചിന്തകൾക്കു നോട്ടം.
*


എത്ര ചുറ്റി നൃത്തം വച്ചിട്ടും
വൃത്തത്തിനു കാണാനാവുന്നില്ല
സ്വന്തം നിശ്ചലമദ്ധ്യം.
*


രാത്രിയിലെ നക്ഷത്രങ്ങൾക്ക്
എന്റെ സന്ധ്യാദീപത്തിന്റെ
നമസ്കാരങ്ങൾ.
*


നിന്റെ ജനാലയ്ക്കൽക്കണ്ടു ഞാൻ
നിന്റെ വിളക്കിന്റെ നിശ്ചലനാളം;
ദീർഘരാവിന്റെ വീണയിൽ
അതു മീട്ടുന്നതേതു രാഗം?
*
(1927)







Friday, May 20, 2011

റിൽക്കെ - കാലമെന്ന രുദ്രൻ






അങ്ങനെയൊരാളുണ്ടോ, കാലമെന്ന സംഹാരരുദ്രൻ?
മലമേൽ നിന്നവൻ കോട്ട തട്ടിയിടട്ടെ,
അവന്റെയൂറ്റത്തിനാവുമോ,
ദേവകൾക്കധീനമായ നമ്മുടെ ഹൃദയത്തെപ്പറിച്ചെടുക്കാൻ?


ഭീതികളാലത്രവേഗമുടയുന്നവയോ നാം,
വിധി നമ്മെ വിശ്വസിപ്പിക്കുമ്പോലെ?
വാഗ്ദാനങ്ങൾ വേരുകളാഴ്ത്തിയ ബാല്യത്തിൽ നി-
ന്നെങ്ങനെ നമ്മെ പിഴുതെടുക്കാൻ?


അനിത്യരാണു നാമെന്നു
നമ്മെ വേട്ടയാടുന്ന ബോധം തന്നെ
നമ്മുടെ നാളുകൾക്കവയുടെ പരിമളം പകരുന്നതും.


നിത്യരല്ല നാമെന്നു ജീവിതസമരത്തിനിടെ നാം മറക്കുമ്പോഴും
ദേവകൾക്കെങ്ങനെ നാമുപയോഗപ്പെടാൻ,
അനിത്യരല്ല നാമെങ്കിൽ? 


(ഓർഫ്യൂസ് ഗീതകങ്ങൾ - II, 27)

Thursday, May 19, 2011

റിൽക്കെ - പുലി







അഴിയെണ്ണിത്തളർന്നിരിക്കുന്നവന്റെ നോട്ടം,
ഇന്നതിൽത്തങ്ങുന്നില്ല യാതൊന്നും.
ആയിരങ്ങളാണഴികളെന്നവനു തോന്നുന്നു,
അഴികൾക്കപ്പുറമില്ലൊരു ലോകമെന്നും.

ഇടുങ്ങിച്ചുരുങ്ങുന്ന വട്ടങ്ങളിലവൻ ചുറ്റിനടക്കവെ
ആ മൃദുപാദപതനങ്ങളുടെ ബലിഷ്ഠതാളം
പ്രബലമായൊരിച്ഛാശക്തി കല്ലിച്ചുനില്ക്കുന്ന
മദ്ധ്യബിന്ദുവിനു ചുറ്റുമൊരനുഷ്ഠാനനൃത്തം.

ചിലനേരം ആ കൃഷ്ണമണികളുടെ മറ മാറുന്നു,
അപ്പോഴൊരു ചിത്രമുള്ളിൽക്കടക്കുന്നു,
പിടഞ്ഞ പേശികളുടെ നിശ്ചലതയിലൂടിരച്ചുപായുന്നു,
ഹൃദയത്തിനുള്ളറയിൽച്ചെന്നുവീണണയുന്നു.

(പാരീസിലെ സസ്യോദ്യാനത്തിൽ)
(1907)

Wednesday, May 18, 2011

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റില്ക്കെ എഴുതിയ കത്തുകൾ - 2



വിയാറെഗിയോ, 1903 ഏപ്രിൽ 5

ഫെബ്രുവരി 24 ന്‌ നിങ്ങളയച്ച കത്തിനെ നന്ദിപൂർവമോർക്കാൻ ഇന്നേ എനിക്കു കഴിഞ്ഞുള്ളുവെങ്കിൽ നിങ്ങളതു പൊറുക്കണം, പ്രിയപ്പെട്ട സർ. ഇത്രനാളായി സുഖമില്ലാതിരിക്കുകയായിരുന്നു ഞാൻ. എന്തെങ്കിലും രോഗമായിരുന്നുവെന്നു പറയാനില്ല. പക്ഷേ പകർച്ചപ്പനി പോലൊന്നു പിടിച്ചു തളർന്നുകിടക്കുകയായിരുന്നു ഞാൻ. ഒന്നിനുമുള്ള കെല്പ്പെനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഭേദവുമില്ലാതെ വന്നപ്പോൾ ഈ തെക്കൻകടലോരത്തേക്കു പോരുകയായിരുന്നു ഞാൻ. മുമ്പൊരിക്കൽ ഇതിന്റെ ദാക്ഷിണ്യം കൊണ്ട് ഞാൻ സ്വാസ്ഥ്യം വീണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും നല്ല സുഖമായെന്നു പറയാനായിട്ടില്ല. എഴുതുക ദുഷ്കരം; അതിനാൽ ഈ ചില വരികളെ ഞാൻ എഴുതുമായിരുന്ന വിപുലമായൊരു കത്തിനു പകരമായിട്ടെടുക്കുക തന്നെ വേണം. 

നിങ്ങളുടെ ഓരോ കത്തും എന്തുമാത്രം ആഹ്ളാദമാണ്‌ എനിക്കെത്തിക്കുന്നതെന്ന കാര്യം ഞാൻ പറയേണ്ടല്ലോ. പക്ഷേ മറുപടികളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമ കാണിക്കാതെയും പറ്റില്ല. പലപ്പോഴും വെറുംകൈയുമായി മടങ്ങേണ്ടി വന്നുവെന്നും വരാം. എന്തെന്നാൽ നമ്മോടത്രയുമടുത്ത, നമുക്കത്രയും പ്രധാനപ്പെട്ട സംഗതികളുടെ കാര്യം വരുമ്പോൾ പറയരുതാത്ത വിധം എകാകികളായിപ്പോവുകയാണു നമ്മൾ. ഒരാൾക്കു മറ്റൊരാളെ ഉപദേശിക്കാൻ, ഒന്നു സഹായിക്കാൻ തന്നെയും, എത്രയൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നു: വ്യത്യസ്തമായ ഘടകങ്ങളെത്ര ഒന്നുചേരേണ്ടിയിരിക്കുന്നു; അങ്ങനെയൊന്ന് ഒരിക്കലെങ്കിലും സംഭവിക്കണമെങ്കിൽ കാര്യങ്ങളുടെ ഒരു നക്ഷത്രമണ്ഡലം തന്നെ നിരക്കേണ്ടിയിരിക്കുന്നു.

രണ്ടു സംഗതികളെക്കുറിച്ചു മാത്രമേ ഞാനിന്നു പറയുന്നുള്ളു:

വിരുദ്ധോക്തിയാണൊന്ന്. അതു നിങ്ങളെ നിയന്ത്രിക്കാൻ നിന്നുകൊടുക്കരുത്, നിങ്ങളുടെ സർഗ്ഗശേഷി പ്രകടമാവാത്ത സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. നിങ്ങളുടെ സർഗ്ഗാത്മകമുഹൂർത്തങ്ങളിൽ ജിവിതത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനുള്ള സാമഗ്രികളിലൊന്നായി അതിനെയും ഉപയോഗപ്പെടുത്തിക്കോളൂ. ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ്‌ നിങ്ങളതിനെ ഉപയോഗപ്പെടുത്തുന്നതെങ്കിൽ അതും ശുദ്ധം തന്നെ. നിങ്ങൾക്കതിൽ നാണക്കേടു തോന്നേണ്ട കാര്യം വരുന്നില്ല. അതേസമയം വിരുദ്ധോക്തിയുടെ പിടി വിടാത്ത ഒരു വീക്ഷണത്തെ കരുതിയിരിക്കുകയും വേണം; പകരം, ഉന്നതവും  ഗൗരവപൂർണ്ണവുമായ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയട്ടെ. അവയുടെ സാന്നിദ്ധ്യത്തിൽ വിരുദ്ധോക്തി നിറം കെട്ടു വിളറുകയും നിസ്സഹായമാവുകയും ചെയ്യുന്നതു കാണാം. വസ്തുക്കളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക; വിരുദ്ധോക്തി അത്രയുമാഴത്തിലേക്കിറങ്ങിവരാൻ പോകുന്നില്ല. നിങ്ങളുടെ ആ പര്യവേക്ഷണത്തിനിടെ മഹത്വത്തിന്റെ വക്കിലേക്കു നിങ്ങളെത്തിപ്പെടുകയാണെന്നിരിക്കട്ടെ, നിങ്ങൾ സ്വയമൊന്നു വിചാരണ ചെയ്യുക, നിങ്ങളുടെ ആത്മവത്തയുടെ ഏതെങ്കിലുമൊരനിവാര്യതയിൽ നിന്നാണോ വിരുദ്ധോക്തിപരമായ ഈ ഒരു വീക്ഷണം ഉറവെടുക്കുന്നതെന്ന്. എന്തെന്നാൽ ഗൗരവപൂർണ്ണമായ വസ്തുക്കളുമായുള്ള ആഘാതത്തിൽ ഒന്നുകിലത് നിങ്ങളിൽ നിന്നു കൊഴിഞ്ഞുപോകും, വെറും ആകസ്മികമായിരുന്നു അതെങ്കിൽ; ഇനിയല്ല, നിങ്ങൾക്കു നിസർഗ്ഗജമായ ഒന്നാണതെങ്കിൽ ഗണനീയമായ ഒരുപകരണമായി അതു കരുത്തു നേടുകയും ചെയ്യും; നിങ്ങളുടെ കലാകർമ്മത്തിനു വേണ്ടിവരുന്ന മറ്റെല്ലാ ഉപകരണങ്ങൾക്കുമിടയിൽ അതു തന്റെ സ്ഥാനവും കണ്ടെത്തും.

രണ്ടാമതൊന്നു പറയാനുള്ളതിതാണ്‌:

എന്റെ പുസ്തകങ്ങളിൽ അനുപേക്ഷണീയമെന്ന് എനിക്കു തോന്നിയിട്ടുള്ളത് വളരെ ചുരുക്കമേയുള്ളു. അവയിൽ രണ്ടെണ്ണം സദാസമയവും എന്റെ വിരൽത്തുമ്പുകളിലുണ്ട്, ഞാനെവിടെയായിരുന്നാലും. ഇപ്പോഴും അവ എന്നോടൊപ്പമുണ്ട്: ബൈബിളും, മഹാനായ ഡാനിഷ് എഴുത്തുകാരൻ ജെൻസ് പീറ്റർ ജേക്കബ്സൺന്റെ* പുസ്തകങ്ങളും. നിങ്ങൾ അവയെക്കുറിച്ചു കേട്ടിട്ടുണ്ടോയെന്ന് എനിക്കു സംശയമാണ്‌. സുലഭമാണവ; അവയിൽ ചിലത് ഒന്നാന്തരം വിവർത്തനങ്ങളായി കിട്ടാനുണ്ട്. ഡി. പി. ജേക്കബ്സൺന്റെ ആറു കഥകൾ എന്ന ചെറുപുസ്തകവും നീൽസ് ലൈൺ എന്ന നോവലും തേടിപ്പിടിക്കുക; ആദ്യം പറഞ്ഞതിലെ മോഗൻസ് എന്ന കഥ വച്ചു തുടങ്ങുക. ഒരു ലോകമങ്ങനെ തന്നെ വന്ന് നിങ്ങളെ ആശ്ളേഷിക്കും- ഒരു ലോകത്തിന്റെ ആനന്ദങ്ങൾ, സമൃദ്ധികൾ, ഗ്രഹണാതീതമായ വൈപുല്യവും! ആ പുസ്തകങ്ങളിൽ ഒരല്പനേരം ജീവിതം കഴിക്കുക. പഠിക്കാനെന്തെങ്കിലുമുള്ളതായി തോന്നുന്നുവെങ്കിൽ അവയിൽ നിന്നതു പഠിക്കുക; അതിലുമുപരി അവയെ സ്നേഹിക്കുക. നിങ്ങളുടെ ജീവിതം ഏതു വഴിക്കും തിരിഞ്ഞോട്ടെ, ആ സ്നേഹം ആയിരമായിരം ഇരട്ടിയായി നിങ്ങൾക്കു മടക്കിക്കിട്ടും. നിങ്ങളുടെ സത്തയുടെ ചുരുൾ നിവരുന്ന ചിത്രകംബളത്തിൽ ആ സ്നേഹവും ഒരിഴയിടും, നിങ്ങളുടെ അനുഭവങ്ങളുടെ, നൈരാശ്യങ്ങളുടെ, ആഹ്ളാദങ്ങളുടെ ഇഴയടുപ്പത്തിൽ പ്രാധാന്യമുള്ള മറ്റൊരിഴയായി.

സർഗ്ഗാത്മകതയുടെ സാരം ഇന്നതാണെന്ന അനുഭവം, അതിന്റെ ആഴങ്ങൾ, അതിന്റെ ചിരസ്ഥായിത്വം ഇതൊക്കെ എന്നെ പഠിപ്പിച്ചവരാരെന്ന് എന്നോടു നിർബന്ധിച്ചു ചോദിച്ചാൽ എനിക്കു പേരെടുത്തു പറയാൻ രണ്ടാളുകളേയുള്ളു: എഴുത്തുകാരിൽ അത്യുന്നതനായ ആ ജേക്കബ്സൺ, പിന്നെ ആഗസ്റ്റ് റോഡാങ്ങ്* എന്ന ശില്പിയും. ഇന്നു ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ ഇവർക്കു സമാനരായി മറ്റൊരാളില്ല.

നിങ്ങളുടെ വഴികൾ വിജയം നിറഞ്ഞതാവട്ടെ!

സ്വന്തം,

റെയിനർ മറിയ റിൽക്കെ

* ജെൻസ് പീറ്റർ ജേക്കബ്സൺ -Jens Peter Jacobsen (1847-1885) -ഡാനിഷ് കവിയും നോവലിസ്റ്റും. 

*ആഗസ്റ്റ് റോഡാങ്ങ് -  Auguste Rodin (1840-1917) - ആധുനികശില്പകലയുടെ പിതാവെന്നറിയപ്പെടുന്ന ഫ്രഞ്ച് ശില്പി; അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധമെഴുതാന്‍ പാരീസിലെത്തിയ റില്‍ക്കെ കുറച്ചു കാലം അദ്ദേഹത്തിന്റെ സെക്രട്ടറിയാവുകയും ചെയ്തു.

Tuesday, May 17, 2011

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റില്ക്കെ എഴുതിയ കത്തുകൾ - 1




പാരീസ്, 1903 ഫെബ്രുവരി 7

പ്രിയപ്പെട്ട സർ,

നിങ്ങളുടെ കത്ത് കുറച്ചു നാളുകൾക്കു മുമ്പാണ്‌ എനിക്കു കിട്ടിയത്. അതിൽ പ്രകടമാവുന്ന അഗാധമായ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ നന്ദി പറഞ്ഞുകൊള്ളട്ടെ. അതിലധികമൊന്നും എനിക്കു ചെയ്യാനില്ല. നിങ്ങളുടെ കവിതയുടെ ശൈലിയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. വിമർശിക്കാനുള്ള ഒരുമ്പാടുകൾ എന്റെ പ്രകൃതത്തിന്‌ അത്രയ്ക്കന്യവുമാണ്‌. ഒരു കലാസൃഷ്ടിയെ സ്വാധീനിയ്ക്കാൻ എന്തിനെങ്കിലുമാവുമെങ്കിൽ അതു വിമർശകന്റെ വാക്കുകൾക്കല്ലെന്നതു സുനിശ്ചയം. ദൗർഭാഗ്യകരമെന്നു പറയാവുന്ന തെറ്റിദ്ധാരണകളേ അതു ജനിപ്പിക്കൂ. അത്രയെളുപ്പം മനസ്സിലാവുന്നവയല്ല, വാക്കുകൾക്കു വഴങ്ങുന്നവയുമല്ല കാര്യങ്ങൾ, അങ്ങനെയല്ലെന്ന് ആളുകൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും; പറഞ്ഞു ഫലിപ്പിക്കാനാവാത്തവയാണ്‌ അനുഭവങ്ങളധികവും; ഒരു വാക്കും ഇതേവരെ കടന്നുചെല്ലാത്തൊരിടത്താണ്‌ അവ നടക്കുന്നത്. കലാസൃഷ്ടികളാവട്ടെ, മറ്റേതിനെക്കാളും അവാച്യമായതും. ദുരൂഹസത്തകളാണവ, നമ്മുടെ ക്ഷണികജീവിതങ്ങളെ അതിജീവിക്കുന്ന ജന്മങ്ങൾ.

ഇങ്ങനെയൊരു തുടക്കത്തിനു ശേഷം ഇത്രമാത്രം ഞാൻ പറഞ്ഞുകൊള്ളട്ടെ: നിങ്ങളുടെ കവിതകൾക്ക് തനതായൊരു ശൈലി ഇനിയും കൈവന്നിട്ടില്ല. എന്നാല്ക്കൂടി വ്യക്തിപരമായ എന്തോ ഒന്നിന്റെ നിശ്ശബ്ദവും അദൃശ്യവുമായ തുടക്കങ്ങൾ അവയിൽ കാണാനുമുണ്ട്. ‘എന്റെ ആത്മാവ്’ എന്ന ഒടുവിലത്തെ കവിതയിൽ ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. അതിൽ നിങ്ങളുടെ അന്തരാത്മാവിന്റേതായ എന്തോ ഒന്ന് പ്രകാശനത്തിലേക്കുയരാൻ ശ്രമിക്കുന്നുണ്ട്. ‘ലെപാർദിക്ക്’* എന്ന മനോഹരമായ കവിതയിലാവട്ടെ, മഹാനായ ആ ഏകാകിയുമായി ഏതോ വിധത്തിലുള്ള ചാർച്ച തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുമാവാം. എന്നാല്ക്കൂടി നിങ്ങളുടെ കവിതകൾക്ക് സ്വന്തം മേന്മകളുടെ ബലത്തിൽ പിടിച്ചുനില്ക്കാറായിട്ടില്ല, അത്രയ്ക്കു സ്വതന്ത്രമായിട്ടില്ലവ, ലെപാർദിയ്ക്കെഴുതിയ അവസാനത്തെ കവിത പോലും. കവിതകൾക്കൊപ്പം വച്ചിരുന്ന കത്തിൽ അവയുടെ ചില കുറവുകൾ സമ്മതിയ്ക്കാനും അവയെ വിശകലനം ചെയ്യാനും നിങ്ങൾ ശ്രമിച്ചിട്ടുമുണ്ട്; വായിച്ചുപോകുമ്പോൾ എനിക്കും അവ മനസ്സിൽ വന്നതാണെങ്കിലും ഇന്നതാണവയെന്നു പറയാൻ എനിക്കു കഴിഞ്ഞില്ലെന്നേയുള്ളു.

നിങ്ങളുടെ കവിതകളിൽ കാര്യമെന്തെങ്കിലുമുണ്ടോയെന്നു നിങ്ങൾ ചോദിക്കുന്നു. നിങ്ങളവ പ്രസാധകർക്കയച്ചുകൊടുക്കുന്നു. മറ്റു കവിതകളുമായി നിങ്ങൾ അവയെ താരതമ്യം ചെയ്യുന്നു. ചില പ്രസാധകർ നിങ്ങളുടെ പരിശ്രമങ്ങളെ തിരസ്കരിക്കുമ്പോൾ നിങ്ങൾക്കു മനസ്സു വിഷമിക്കുന്നു. നിങ്ങളെ ഉപദേശിക്കാൻ എനിക്കനുമതി തന്നതു കൊണ്ടു പറയുകയാണ്‌, ആ വകയൊക്കെ ദൂരെക്കളയുക. നിങ്ങൾ പുറത്തേക്കാണു നോക്കുന്നത്; നിങ്ങൾ ചെയ്യരുതാത്തതും അതു തന്നെ. ആർക്കും, ആർക്കുമാവില്ല നിങ്ങളെ ഉപദേശിക്കാൻ, സഹായിക്കാനും. 

ഒരു വഴിയേയുള്ളു: ഉള്ളിലേക്കിറങ്ങുക. എഴുതാൻ നിങ്ങളെ അനുശാസിക്കുന്ന പ്രചോദനമേതെന്ന് കണ്ടെത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക. എഴുതരുതെന്നൊരു വിലക്കു വന്നാൽ മരിക്കുക തന്നെ തനിക്കു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക. അതിനൊക്കെയുപരി രാത്രിയുടെ ഏറ്റവും നിശ്ശബ്ദമായ മുഹൂർത്തത്തിൽ ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക: എഴുതണോ ഞാൻ? സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ, ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘എഴുതണം’ എന്ന ലളിതമായ മറുപടി കൊണ്ട് ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എങ്കില്പ്പിന്നെ നിങ്ങൾക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിങ്ങളുടെ ജീവിതാവശ്യമായി മാറിയിരിക്കുന്നു. എത്ര നിസ്സാരവും അഗണ്യവുമായ മുഹൂർത്തത്തിലുമാവട്ടെ, ആ ഒരു ത്വരയുടെ ചിഹ്നമായിരിക്കണം, പ്രമാണപത്രമായിരിക്കണം നിങ്ങളുടെ ജീവിതം.

എന്നിട്ടുപിന്നെ നിങ്ങൾ പ്രകൃതിയിലേക്കടുക്കുക. താൻ തന്നെ ആദിമനുഷ്യൻ എന്ന നാട്യത്തോടെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമൊക്കെ എഴുതിവയ്ക്കുക. പ്രണയകവിതകൾ എഴുതാൻ പോകരുത്, തുടക്കത്തിലെങ്കിലും; ഏറ്റവും കടുത്ത വെല്ലുവിളികളാണവ. മികച്ചതും, ചിലനേരം ഗംഭീരവുമായ പാരമ്പര്യങ്ങൾ ആ വകയിൽ സമൃദ്ധമായിരിക്കെ വ്യക്തിപരവും അന്യാദൃശവുമായതൊന്നു സൃഷ്ടിക്കാൻ ഉന്നതവും പാകമെത്തിയതുമായ ശേഷികൾ തന്നെ വേണം. പൊതുവിഷയങ്ങളെ കരുതിയിരിക്കുക. നിത്യജീവിതം വച്ചുകാട്ടുന്ന വിഷയങ്ങളെ കൈയെത്തിപ്പിടിക്കുക. നിങ്ങളുടെ സന്താപങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചെഴുതുക; നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും, സുന്ദരമായതേതിലുമുള്ള വിശ്വാസത്തെയും കുറിച്ചെഴുതുക. അതൊക്കെയും വർണ്ണിക്കുക, അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട ആത്മാർത്ഥതയോടെ. ചുറ്റും കാണുന്ന വസ്തുക്കളെ, നിങ്ങളുടെ സ്വപ്നരംഗങ്ങളെ, നിങ്ങളുടെ ഓർമ്മയ്ക്കു വിഷയമാവുന്നവയെ ആത്മാവിഷ്കാരത്തിനുപയോഗപ്പെടുത്തുക. 

നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുത്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചുവരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല- യാതൊന്നും അപ്രധാനമല്ലയാൾക്ക്, അഗണ്യവുമല്ല. ഇനിയഥവാ, നിങ്ങളൊരു തടവറയിലാണെന്നും, പുറംലോകത്തിന്റെ ശബ്ദങ്ങളിൽ നിന്നു നിങ്ങളെ കൊട്ടിയടയ്ക്കുകയാണ്‌ അതിന്റെ ചുമരുകളെന്നുമിരിക്കട്ടെ, അപ്പോഴും നിങ്ങൾക്കു സ്വന്തമായിട്ടുണ്ടല്ലോ നിങ്ങളുടെ ബാല്യകാലം, വിലമതിയ്ക്കാനാവാത്ത ആ രത്നം, ഓർമ്മകളുടെ ആ ഭണ്ഡാഗാരം. അതിലേക്കു നിങ്ങൾ ശ്രദ്ധ തിരിയ്ക്കുക. വിദൂരമായ ഒരു ഭൂതകാലത്തിന്റെ മണ്ണമർന്ന അനുഭൂതികളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുക. ആത്മവിശ്വാസം നിങ്ങൾക്കു കൈവരും. നിങ്ങളുടെ ഏകാന്തത വികസ്വരമാവുകയും, സാന്ധ്യവെളിച്ചത്തിൽ നിങ്ങൾക്കു കുടിയേറാനൊരിടമാവുകയും ചെയ്യും. പുറംലോകത്തിന്റെ ആരവങ്ങൾ അകലെയകലെക്കൂടി കടന്നുപൊയ്ക്കൊള്ളും. 

ആത്മാരാമനായിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന്, ഈ സമാധിയിൽ നിന്ന് കവിത പുറപ്പെട്ടാലാവട്ടെ, അതു നല്ല കവിതയാണോയെന്നു നിങ്ങൾ ചോദിച്ചുനടക്കുകയുമില്ല. അവയിലേക്കു പ്രസാധകരെ ആകർഷിച്ചുവരുത്താൻ നിങ്ങൾ ശ്രമിക്കുകയുമില്ല . കാരണം അവയിൽ നിങ്ങൾ കേൾക്കുക നിങ്ങളുടെ തന്നെ ശബ്ദമായിരിക്കും. അവയിൽ നിങ്ങൾ കാണുക നിങ്ങളുടെ ജീവിതാംശമായിരിക്കും. നിങ്ങളുടെ ജന്മസ്വത്തായിരിക്കുമത്. ഒരു കലാസൃഷ്ടി ഉന്നതമായിരിക്കും, ഒരനിവാര്യതയിൽ നിന്നാണ്‌ അതു ജന്മമെടുത്തതെങ്കിൽ. ഇതല്ലാതെ മറ്റൊരു മാനദണ്ഡവുമില്ല. 

അതിനാൽ, എന്റെ പ്രിയസുഹൃത്തേ, എനിക്കു തരാൻ ഈയൊരുപദേശമേയുള്ളു: ഉള്ളിലേക്കിറങ്ങി സ്വന്തം ജീവിതം ഉറവെടുക്കുന്നത് എത്രയാഴത്തിലാണെന്നു കണ്ടെത്തുക; ആ സ്രോതസ്സിലുണ്ടാവും താനെഴുതണോയെന്ന ചോദ്യത്തിനുള്ള ഉത്തരം. ആ ഉത്തരം കൈയേല്ക്കുക, അതേപടി, വിശകലനത്തിനൊന്നും നില്ക്കാതെ. എഴുത്തുകാരനാവുക എന്നതാണു തന്റെ നിയോഗമെന്ന് നിങ്ങൾക്കൊരുപക്ഷേ തെളിഞ്ഞുകിട്ടിയെന്നുവരാം. എങ്കിൽ ആ വിധി ഏറ്റെടുക്കുക. അതിന്റെ ഭാരവും അതിന്റെ പ്രതാപവും പേറുക. പുറമേ നിന്ന് എന്തു പ്രതിഫലമാണതിനു ലഭിക്കുക എന്നു ചോദിക്കുകയുമരുത്. എന്തെന്നാൽ കലാകാരൻ തന്നിലടങ്ങിയ ഒരു ലോകമായിരിക്കണം; തനിയ്ക്കു വേണ്ടതൊക്കെ അയാൾ തന്നിൽ നിന്നു തന്നെ കണ്ടെത്തണം, പിന്നെ, താൻ പരിണയിച്ച പ്രകൃതിയിൽ നിന്നും.

തന്നിലേക്കും, തന്റെ ഏകാന്തതയിലേക്കുമുള്ള ഈ അവരോഹണത്തിനു ശേഷവും കാവ്യജീവിതം നിങ്ങൾക്കു ത്യജിക്കേണ്ടിവന്നുവെന്നു വരാം. ഞാൻ പറഞ്ഞപോലെ, എഴുതാതെ ജീവിക്കാമെന്നൊരു തോന്നലു വന്നുകഴിഞ്ഞാൽ എഴുത്തു നിർത്താൻ അതുമതി. അപ്പോൾക്കൂടി ഞാൻ പറയുന്ന ഈ ആത്മാന്വേഷണം ഫലമില്ലാത്തതാവുന്നില്ല. അതില്പ്പിന്നെ നിങ്ങളുടെ ജീവിതം അതിന്റെ വഴി തെളിച്ചുപൊയ്ക്കൊള്ളും. നന്മ നിറഞ്ഞതായിരിക്കും ആ വഴികൾ, സമൃദ്ധവും വിശാലവുമായിരിക്കുമവ. 

വേറെന്തു ഞാൻ നിങ്ങളോടു പറയാൻ? വേണ്ടതൊക്കെ മതിയായ ഊന്നലുകളോടെ പറഞ്ഞുകഴിഞ്ഞുവെന്ന് എനിക്കു തോന്നുന്നു. സ്വന്തം വികാസത്തിലൂടെ നിങ്ങൾ കടന്നുപോകുന്നത് അടക്കത്തോടെയും ഭവ്യതയോടെയുമാവണമെന്നും ഞാൻ ഉപദേശിക്കട്ടെ. ആ പ്രക്രിയയിൽ വല്ലാത്ത തടസ്സമാവും, നിങ്ങൾ പുറത്തേക്കു നോക്കുകയാണെങ്കിൽ, നിങ്ങൾ എത്രയും മൗനിയായിരിക്കുന്ന മുഹൂർത്തത്തിൽ സ്വന്തം ആന്തരാനുഭൂതികളിൽ നിന്നു പുറപ്പെട്ടുവെന്നു വന്നേക്കാവുന്ന ഉത്തരങ്ങൾ പുറത്തു നിന്നെത്തുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ.

നിങ്ങളുടെ കത്തിൽ പ്രൊഫസർ ഹൊറേചെക്കിന്റെ പേരു കണ്ടപ്പോൾ സന്തോഷം തോന്നി. ദയാലുവും പണ്ഡിതനുമായ അദ്ദേഹത്തിന്റെ പേരിൽ വലുതായ ആദരവുണ്ടെനിക്ക്, തീരാത്ത കടപ്പാടും. എന്റെ മനസ്സിലുള്ളത് അദ്ദേഹത്തെ ഒന്നറിയിക്കുമല്ലോ? അദ്ദേഹം എന്നെ ഓർമ്മ വയ്ക്കുന്നുവെന്നത് ആ വലിയ മനസ്സിനെയാണു കാണിക്കുന്നത്; ഞാനതിനെ മതിപ്പോടെ കാണുകയും ചെയ്യുന്നു.

നിങ്ങൾ എന്നെ ഏല്പ്പിച്ച കവിതകൾ തിരിച്ചയക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കും ആത്മാർത്ഥമായ വിശ്വാസത്തിനും ഒരിക്കല്ക്കൂടി നന്ദി പറയട്ടെ; ആ ചോദ്യങ്ങൾക്ക് എന്റെ കഴിവിനൊത്ത വിധം മറുപടി പറയുന്നതിലൂടെ നിങ്ങൾക്കറിവില്ലാത്ത എന്നെ ഒരല്പം കൂടി വിലകൂട്ടിക്കാണാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ.

എത്രയും ആത്മാർത്ഥതയോടെ,

റെയ്നർ മരിയ റില്ക്കെ.

*ലെപാര്ദി - Giacomo Leopardi (1798-1937)- ഇറ്റാലിയന്‍ കവിയും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും.

Monday, May 16, 2011

റിൽക്കെ - കുട്ടിയായിരിക്കുമ്പോഴേ...




കുട്ടിയായിരിക്കുമ്പോഴേ അവൻ വീടു വിട്ടു.
പണ്ടേയവന്റെ കൈകൾക്കു കളികളും മടുത്തു.
അമ്മയച്ഛന്മാർ സംസാരിച്ചുസംസാരിച്ചിരിക്കുമ്പോൾ
ഇരുളടഞ്ഞ യാത്രാമൊഴി പോലവനവരെപ്പിരിഞ്ഞു.
അലയുന്ന സഞ്ചാരിയായപ്പോളവനോർത്തതിങ്ങനെ:
തന്നെത്താലോലിച്ച ഏകാന്തതകളെ വിട്ടുപോവുക,
നാളുകളൊച്ചകളിൽ മുങ്ങിത്താണവരോടൊപ്പം ചേരുക,
കടലിനോടു നടന്നടുക്കും പോലൊരന്യനെ സമീപിക്കുക...

(1900 സെപ്തംബർ 16- ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)

Sunday, May 15, 2011

ലീ ബോ (699-762)





വെറും പൂഴി


ജീവനോടിരിക്കുന്നവൻ വഴി നടക്കുന്ന യാത്രികൻ,
മരിച്ചവനോ, വീടെത്തിയവനും.
ഭൂമിക്കുമാകാശത്തിനുമിടയിലല്പനേരത്തെ സഞ്ചാരം;
അതില്പിന്നെ, കഷ്ടം 
യുഗങ്ങൾ പഴകിയ പൊടിമണ്ണു തന്നെ നാമൊക്കെ.
ചന്ദ്രനിലൊരു മുയലിരുന്നു
മരുന്നിടിയ്ക്കുന്നതു വെറുതേ;
ചിരായുസ്സിന്റെ മരം വീണടുപ്പിലെ വിറകുമായി.
പച്ചപ്പൈനുകളാസന്നവസന്തമറിയുമ്പോൾ
നാവു പൊന്താതെ കിടക്കും മനുഷ്യന്റെ വെള്ളെലുമ്പുകൾ.
തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നു ഞാൻ,
മുന്നിലേക്കു നോക്കി നെടുവീർപ്പിടുന്നു ഞാൻ.
ക്ഷണികജീവിതത്തിലെ കീർത്തികൾക്കിനിയും മോഹിക്കണോ ഞാൻ?




മലഞ്ചരിവിലൊരാനന്ദം


യുഗങ്ങൾ പഴകിയ ശോകങ്ങ-
ളാത്മാക്കളിൽ നിന്നു കഴുകിക്കളയാൻ
ഒരുനൂറു കള്ളുകുടങ്ങൾ നാം ചരിച്ചു.
എത്ര മോഹനമായിരുന്നു രാത്രി!...
നിലാവങ്ങനെ തെളിഞ്ഞുനില്ക്കെ
ഉറങ്ങാൻ മടിയായിരുന്നു നമുക്ക്.
പിന്നെയൊടുവിൽ തല നീരില്ലെന്നായപ്പോൾ
മലഞ്ചരിവിൽ നാം നമ്മെക്കിടത്തി:
മണ്ണു നമുക്കു തലയിണ തന്നു,
ആകാശം നല്ലൊരു പുതപ്പും.




ഇരുവർ


കിളികളൊക്കെപ്പറന്നകന്നു,
അലസസഞ്ചാരമാണൊരേകാന്തമേഘം;
അന്യോന്യം നോക്കിനോക്കി മടുക്കുന്നില്ല ഞങ്ങൾക്ക്-
ആ മലയ്ക്കും എനിക്കും.




ഗുരുപ്രണാമം


ഉള്ളു തുറന്നങ്ങയെ സ്നേഹിക്കുന്നു, ഞാൻ ഗുരോ,
ലോകത്താരറിയാതുള്ളൂ
ഊർജ്ജിതാശയനാമങ്ങയെ?...
ചെറുപ്പം കവിളു തുടുപ്പിച്ച കാലത്തു
പടയും പട്ടവും വേണ്ടെന്നങ്ങു വച്ചു;
അങ്ങു വരിച്ചതു പൈന്മരങ്ങളെ, മേഘങ്ങളെ.
തല വെളുത്ത ഈ കാലത്തും
നിലാവുപാനത്താലവിടുന്നുന്മത്തൻ,
തപസ്വിയായ സ്വപ്നാടകൻ.
പൂക്കൾക്കടിമപ്പണി ചെയ്യുന്നോനേ,
രാജാവിന്റെ വിളി നീ കേൾക്കുന്നില്ലല്ലോ.
എന്റെ കാലുകൾ കയറാത്ത മഹാചലം നീ,
ദൂരെ നിന്നു നിന്റെ ഗന്ധമുൾക്കൊള്ളുകെന്നതേ
എനിയ്ക്കു വയ്ക്കൂ.


 (തന്റെസമകാലികനും കവിയും രാജ സേവയിൽ ആഭിമുഖ്യമില്ലാത്തയാളുമായ മെങ്ങ് ഹാവോ റാനെ സംബോധന ചെയ്തുകൊണ്ടെഴുതിയത്)