Saturday, May 7, 2011

റിൽക്കെ - കൊള്ളിമീനുകളുടെ രാത്രി



ഓർക്കുന്നുവോ നീയിന്നുമാ കൊള്ളിമീനുകളെ,
ചാഞ്ഞും ചരിഞ്ഞും മാനത്തു കുതിച്ചുപാഞ്ഞവയെ,
നമ്മുടെയഭിലാഷങ്ങളുടെ കടമ്പകൾക്കു മേൽ
കുതിരകളെപ്പോലെ കുതികൊണ്ടവയെ?
ഓർക്കുന്നുവോ നീയിന്നും?
എത്രയായിരുന്നു നമുക്കഭിലാഷങ്ങൾ!
എത്രയായിരുന്നു മാനത്തു നക്ഷത്രങ്ങൾ!
മാനത്തു നോട്ടമുയർത്തുമ്പോഴൊക്കെയും
അവയുടെയപായക്കളിയിൽ ചകിതരായി നാം;
അവിടെയുമിവിടെയുമവയുടെ ദീപ്തികൾ പൊലിയുന്നതു കണ്ടുനില്ക്കെ
ഉള്ളു കൊണ്ടു നമുക്കു തോന്നി,
സുരക്ഷിതരാണു നാമെന്നും,
നാമതിജീവിക്കുമാ പതിതതാരങ്ങളെയെന്നും!

1924 ജൂൺ

No comments: