Thursday, May 5, 2011

ഫെർണാണ്ടോ പെസ് വാ - ഒരു മിസ്റ്റിക് കവിയെഴുതിയ പുസ്തകത്തിൽ...



ഒരു മിസ്റ്റിക് കവിയെഴുതിയ പുസ്തകത്തിൽ
രണ്ടുപുറമിന്നു ഞാൻ വായിച്ചു,
ഏറെക്കാലം കരഞ്ഞുംകൊണ്ടിരുന്നൊരാൾ ചിരിക്കും പോലെ
ചിരിക്കുകയും ചെയ്തു ഞാൻ.

അനാരോഗ്യം പിടിച്ച ദാർശനികരാണു മിസ്റ്റിക് കവികൾ,
ദാർശനികരോ, തല തിരിഞ്ഞുപോയവരും.

എന്തെന്നാൽ മിസ്റ്റിക് കവികൾ പറയുന്നു,
പൂക്കൾ വികാരജീവികളാണെന്ന്,
കല്ലുകൾക്കാത്മാക്കളുണ്ടെന്ന്,
നിലാവത്തുന്മാദികളാവും പുഴകളെന്ന്.

പക്ഷേ പൂക്കളെങ്ങങ്ങനെ പൂക്കളാവാൻ,
അവ വികാരശീലരാണെങ്കിൽ?
മനുഷ്യരെന്നെ അവരെപ്പറയാനാവൂ.
കല്ലുകൾക്കാത്മാവുണ്ടെങ്കിൽ
അവർ കല്ലുകളാവില്ല, ജീവികളേയാവൂ.
നിലാവത്തുന്മാദികളാവും പുഴകളെങ്കിൽ
അവ മതി ഭ്രമിച്ച മനുഷ്യരേയാവൂ.

പൂക്കളുടെയും കല്ലുകളുടെയും പുഴകളുടെയും തനിപ്രകൃതിയറിയാത്തവരേ
അവയുടെ വികാരങ്ങളെക്കുറിച്ചു പറയൂ;
പൂക്കളുടെയും കല്ലുകളുടെയും പുഴകളുടെയും ആത്മാക്കളെക്കുറിച്ചു പറയുകയെന്നാൽ
അവനവനെക്കുറിച്ചു പറയുക എന്നുതന്നെ,
അവനവന്റെ മതിഭ്രമങ്ങളെക്കുറിച്ചു പറയുക എന്നുതന്നെ.
കല്ലുകൾ കല്ലുകൾ മാത്രമായെതെത്ര നന്നായി,
പുഴകൾ പുഴകൾ മാത്രമായതും,
പൂക്കൾ പൂക്കൾ മാത്രമായതും.

എന്റെ കാര്യം പറയാനാണെങ്കിൽ,
ഗദ്യമായി ഞാനെന്റെ കവിതകളെഴുതിവയ്ക്കുന്നു,
അത്രയും കൊണ്ടുതന്നെ ഞാൻ തൃപ്തനുമായി.
എന്തെന്നാലെനിയ്ക്കറിയാം,
പ്രകൃതിയെ പുറത്തു നിന്നറിയാമെന്ന്,
അതിനെ ഉള്ളിൽ നിന്നറിയാനെനിക്കറിയില്ല,
ഉള്ളെന്നതും പ്രകൃതിയ്ക്കില്ല,
ഉണ്ടെങ്കിലതു പ്രകൃതിയുമല്ല.

No comments: