Tuesday, May 24, 2011

റിൽക്കെ - ഒരു പെൺകുട്ടിയുടെ വിലാപം






കുട്ടികളായിരുന്നപ്പോളേകാകികളായിരുന്നു ഞങ്ങൾ,
അതിലാഹ്ളാദിച്ചുമിരുന്നു ഞങ്ങൾ.
ചേരി തിരിഞ്ഞും കലഹിച്ചും 
കാലം കഴിച്ചിരുന്നവരാണന്യർ.
ഞങ്ങൾക്കു സ്വന്തമായിരുന്നു
അടുത്തുമകലെയുമുള്ളിടങ്ങൾ,
ഞങ്ങൾക്കുണ്ടായിരുന്നു സ്വന്തമായ വഴികൾ,
ചിത്രങ്ങൾ, മൃഗങ്ങളും.


സ്വയമറിയാൻ വഴി തുറക്കും ജീവിതമെ-
ന്നന്നുറപ്പായിരുന്നെനിക്ക്.
തങ്ങൾക്കുടമകളല്ലേ ഞങ്ങൾ?
സ്വന്തങ്ങൾ സാന്ത്വനങ്ങളുമല്ലേ?
പിന്നെപ്പൊടുന്നനേയാ മന്ത്രച്ചരടു പൊട്ടുന്നു,
അതിരറ്റൊരേകാന്തതയിൽ ഭ്രഷ്ടയാവുന്നു ഞാൻ.
എന്റെ മാറിടങ്ങളുടെ കുന്നിൻപുറങ്ങളിൽ നി-
ന്നെന്റെ വികാരങ്ങൾ വിളിച്ചുകരയുന്നു-
ചിറകു തരൂ ഞങ്ങൾ,ക്കല്ലെങ്കിൽ മരണവും.



No comments: