യേശുവേ, വീണ്ടും ഞാൻ കാണുന്നുവോ നിന്റെ കാലടികളെ,
നീയുമവയും ചെറുപ്പമായിരുന്നപ്പോൾ ഞാൻ തൊട്ടവയെ?
വിറ പൂണ്ട കൈകളാലന്നു ഞാൻ കഴുകിയതാണവയെ,
മുൾക്കാട്ടിൽ കുടുങ്ങിയ പാൽവെള്ളമാനിനെപ്പോലെ
എന്റെയുലർന്ന മുടിക്കെട്ടിൽ തങ്ങിനിന്നവയാണവ.
വീണ്ടും കാണുന്നു ഞാനാരും പുണരാത്ത നിന്റെ കൈകാലുകളെ,
നമ്മുടെയാദ്യസമാഗമമീവിധമായതെങ്ങനെ?
നിനക്കായി ദാഹിച്ചിരുന്നു ഞാ;നൊരുമിച്ചു ശയിച്ചിട്ടില്ല നാമിതേവരെ,
ഇന്നു വിസ്മിതയായി, കൺവിടർന്നു നോക്കാനേയെനിക്കാവൂ.
ഇന്നാർക്കും കയറിപ്പോകാനായി തുറന്നുകിടക്കുന്നു നിന്റെ ഹൃദയം,
ആ വാതിൽ തുറക്കേണ്ടതെനിക്കു മാത്രമായിരുന്നതല്ലേ?
ആണി തുളഞ്ഞു മുറിപ്പെട്ടിരിക്കുന്നു നിന്റെ കൈവെള്ളകൾ,
അവയിൽ വടു വീഴ്ത്തേണ്ടതെന്റെ പല്ലുകളായിരുന്നില്ലേ?
ഇന്നു നീ ക്ഷീണിതൻ; നിന്റെ കയ്ച്ച ചുണ്ടുകൾക്കു വേണ്ട
എന്റെ ചുണ്ടുകളുടെ കദനം പുരണ്ട ദാഹജലം.
യേശുവേ, യേശുവേ, ഈ വിധമാവേണ്ടിയിരുന്നോ നമ്മുടെ അന്ത്യം?
നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?
(യേശുവിന്റെ കുരിശുമരണത്തെക്കുറിച്ചുള്ള വിലാപം ഒരു പ്രണയഗീതമായി മാറ്റിയിരിക്കുകയാണ് റിൽക്കെ. മഗ്ദലനമറിയം തന്റെ കാമുകനെയോർത്തു വിലപിക്കുകയാണ്.)
പെയിന്റിങ്ങ് - മരിയാനോ റിച്ചി - ഇറ്റലി - പതിനാറാം നൂറ്റാണ്ട്
1 comment:
നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?
beautiful, touching, painful..
Post a Comment