Monday, May 30, 2011

ഫെര്‍ണാണ്ടോ പെസ് വാ - അച്ഛനും അമ്മയും ഞാനും

മാനുഷികവികാരങ്ങളുടെ കാര്യത്തിൽ എന്റെ ഹൃദയം ഊഷരമാണെന്ന തിരിച്ചറിവ് എന്നെ വിഷാദവാനാക്കിയിട്ടുണ്ടോയെന്നത് എനിക്കത്ര തീർച്ചയില്ല. ഒരാത്മരോദനത്തെയല്ല, ഒരു നാമവിശേഷണത്തെയാണ്‌ ഞാൻ കാര്യമായിട്ടെടുക്കുക.

പക്ഷേ ചിലനേരം ഞാൻ മറ്റൊരു തരമാവാറുണ്ട്; ഞാനപ്പോൾ യഥാർത്ഥമായ കണ്ണീരൊഴുക്കും: പൊള്ളുന്ന കണ്ണീർ, ഒരമ്മയില്ലാത്തവന്റെ, ഒരമ്മ ഉണ്ടായിട്ടേയില്ലാത്തവന്റെ കണ്ണീർ; ആ മരിച്ച കണ്ണീരു കൊണ്ടു പൊള്ളുന്ന എന്റെ കണ്ണുകൾ എന്റെ ഹൃദയത്തെയും പൊള്ളിയ്ക്കും.

എനിയ്ക്കെന്റെ അമ്മയെ ഓർമ്മയില്ല. എനിക്കൊരു വയസ്സായപ്പോൾ അവർ മരിച്ചുപോയി. എന്റെ മനോവികാരങ്ങളിൽ കർക്കശമോ, വിഘടിതമോ ആയി എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ വേരുകൾ കിടക്കുന്നത് ആ ഊഷ്മളതയുടെ അഭാവത്തിലാണ്‌, എനിക്കോർമ്മിച്ചെടുക്കാൻ പോലുമില്ലാത്ത ചുംബനങ്ങളുടെ പേരിലുള്ള പൊള്ളയായ നഷ്ടബോധത്തിലാണ്‌. ഞാനൊരു കാപട്യമാണ്‌. അന്യരുടെ മാറുകളിലേ ഞാൻ ഉറക്കമുണർന്നിട്ടുള്ളു, അതും നേരിട്ടൊരു ചൂടു കിട്ടാതെയും.

ഹാ, ഞാൻ മറ്റൊരാളാകേണ്ടിയിരുന്നു എന്ന ചിന്തയാണ്‌ എന്നെ സദാ സ്വാസ്ഥ്യം കെടുത്തുന്നതും ക്ളേശിപ്പിക്കുന്നതും.ഞാനിന്നാരാകുമായിരുന്നു, ഗർഭപാത്രത്തിൽ നിന്നു നിറഞ്ഞുപൊന്തി ഒരു ശിശുവിന്റെ മുഖത്തു ചുംബനങ്ങളായർപ്പിക്കപ്പെടുന്ന വാത്സല്യത്തിനു ഞാൻ പാത്രമായെങ്കിൽ?

എനിക്കിഷ്ടപ്പെട്ടാലുമില്ലെങ്കിലും, വിധിയെനിക്കു കല്പിച്ചുതന്ന മനോഘടനയുടെ കലുഷമായ കയങ്ങളിൽ ഞാൻ ഇങ്ങനെയൊക്കെയാണ്‌.

ആരുടെയും മകനാകാത്തതിൽ നിന്നുണ്ടായ നഷ്ടബോധം എന്റെ വികാരശൂന്യതയ്ക്കു വളം വച്ചിട്ടുണ്ടാവാം. കുട്ടിയായിരിക്കുമ്പോൾ എന്നെ അടുക്കിപ്പിടിച്ചവർക്ക് സ്വന്തം ഹൃദയത്തോട് എന്നെ അടുക്കിപ്പിടിയ്ക്കാൻ കഴിയില്ല. അങ്ങനെ ചെയ്യാൻ കഴിയേണ്ടിയിരുന്ന ഒരാളെയാവട്ടെ, ദൂരെദൂരെ ഒരു കല്ലറയിൽ കിടത്തിയിരിക്കുകയുമാണ്‌ - വിധി കല്പിച്ചിരുന്നുവെങ്കിൽ എന്റേതാവുമായിരുന്ന അമ്മ.

പില്ക്കാലത്ത് ആളുകൾ എന്നോടു പറഞ്ഞിട്ടുണ്ട്, അമ്മ കാണാൻ സുന്ദരിയായിരുന്നുവെന്ന് എന്നോടു പറഞ്ഞിട്ടും ഞാനൊന്നും മിണ്ടിയില്ലെന്ന്. അപ്പോഴേക്കും എന്റെ ശരീരവും ആത്മാവും വളർച്ച പ്രാപിച്ചിരുന്നു; പക്ഷേ വികാരങ്ങളെന്തെന്ന് എനിക്കറിയില്ലായിരുന്നു; സംഭാഷണം മറ്റൊരാളുടെ പുസ്തകത്തിൽ നിന്നു കീറിയെടുത്ത താളുകളുമായിരുന്നില്ലെനിയ്ക്ക്.

ഞങ്ങളെ വിട്ട് അകലെയകലെ താമസിച്ചിരുന്ന അച്ഛൻ എനിക്കു മൂന്നു വയസ്സുള്ളപ്പോൾ ആത്മഹത്യ ചെയ്തു; ഞാൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം അത്രയകലെപ്പോയി ജീവിച്ചതെന്തിനാണെന്ന് ഇന്നും എനിക്കറിയില്ല. അറിയണമെന്ന് പ്രത്യേകിച്ചൊരാഗ്രഹം  തോന്നിയിട്ടുമില്ല. ഞാൻ അദ്ദേഹത്തിന്റെ മരണമോർക്കുന്നത് ഞങ്ങൾ ആ വാർത്തയറിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഭക്ഷണവേളയ്ക്കു മേൽ വന്നുവീണ ഗൗരവത്തിന്റെ മേലാടയായിട്ടാണ്‌. ഇടയ്ക്കിടെ മറ്റുള്ളവർ എന്നെ നോക്കുന്നതും, ചിലതെന്തോ മനസ്സിലായെന്ന മട്ടിൽ ഞാൻ അവരെ നോക്കുന്നതും എനിക്കോർമ്മയുണ്ട്. ഞാനറിയാതെ അവരെന്നെത്തന്നെ നോക്കിയിരിക്കുമോയെന്ന വിചാരത്താൽ ഞാൻ പിന്നെ ആഹാരത്തിൽത്തന്നെ ശ്രദ്ധിക്കുകയും ചെയ്തു.


അശാന്തിയുടെ പുസ്തകം

3 comments:

Jijo Kurian said...

Dear Ravikumar, As I was reading this translation from Fernando Pessoa's "The Book of Disquiet" (a semi-autobiographical book) I just wanted to verify the biographical details of Pessoa. All the sources I consulted gave a different biographical fact regarding his parental figures. His father died when Fernando was five due to tuberculosis; his mother remarried etc. etc. So how much is it autobiographical? Ofcourse,neither I ever read "The Book of Disquiet", nor I have a copy of it. An explanatory footnote at the end might clarify the possible doubts of the readers, especially readers like me for whom the poet is new.

വി.രവികുമാർ said...

പെസ് വാ തന്നെ ഒരിടത്തു പറയുന്നുണ്ട്: “ഞാനേതു തരക്കാനായിരുന്നുവെന്നറിയേണ്ട ഒരാവശ്യവുമില്ല. എന്റെ പേരോ, ബാഹ്യമായ മറ്റേതെങ്കിലും വിശദാംശമോ കാര്യമാക്കാനുമില്ല.” അതുകൊണ്ടല്ലേ അത്രയധികം(നൂറിനടുത്ത്) മറുപേരുകൾക്കു പിന്നിൽ അദ്ദേഹം തന്നെ ഒളിപ്പിച്ചതും. ഒരു കൃതിക്കു സ്വന്തമായിട്ടൊരു ജീവിതമുണ്ടെന്നിരിക്കെ, നാമെന്തിന്‌ എഴുത്തുകാരന്റെ കൃത്യമായ ജീവചരിത്രം തിരഞ്ഞു പോകണം?

Jijo Kurian said...

യാഥാതഥ്യംത്തിന്റെ അടിവേരുകളറ്റുപോയ കാല്പനീകതയുടെ ചൈതന്യം സംശയിക്കപ്പെട്ടേക്കാം, പ്രത്യേകിച്ച് ആത്മകഥാപരമാകുന്ന ഒരെഴുത്തില്‍.