എന്റെ ആത്മാവു നിവർന്നതാവാം,
എന്നാലെനിയ്ക്കുടലാകെപ്പിശകി;
എന്റെ ആത്മാവിനാവുന്നില്ല
എന്റെ ഹൃദയത്തെ, പിരിഞ്ഞൊടിഞ്ഞ സിരകളെ,
ഉള്ളിലെന്നെ നീറ്റുന്നതൊന്നിനെയും
നിവർത്തിനിർത്താൻ.
അതിനു നടക്കാനൊരിടമില്ല,
അതിനു കിടക്കാനൊരു കിടക്കയില്ല,
കൂർത്ത എല്ലുകൂടത്തിൽ അതള്ളിപ്പിടിച്ചുകിടക്കുന്നു
വിരണ്ടുപോയ ചിറകടികൾ പോലെ.
ഇത്രയ്ക്കേയുള്ളു എന്റെ കൈകളും,
എത്ര മുരടിച്ചവയാണവയെന്നു നോക്കൂ.
നനഞ്ഞുവീർത്തു ചാടിത്തുള്ളുകയാണവ
മഴ കഴിഞ്ഞ നേരത്തെ കുട്ടോടൻതവളകളെപ്പോലെ.
പിന്നെയെന്നിൽ ശേഷിച്ചവയും പഴകിയവ,
തേഞ്ഞവ, വിരസവും.
അന്നെന്തേ ദൈവമിതൊക്കെക്കൂടി
ഒരു കുപ്പക്കൂനയിൽത്തള്ളിയില്ല?
എന്റെ മുഷിഞ്ഞ മുഖം കണ്ടിട്ടു
ദൈവത്തിനു നീരസമായെന്നോ?
എത്ര വട്ടമതൊരുക്കമായിരുന്നു
ഒരു പുഞ്ചിരി കൊണ്ടു നിറയാൻ, തെളിയാൻ.
എന്നാലവനടുത്തെത്താനായതു കൂറ്റൻനായ്ക്കൾക്കു മാത്രം,
നായ്ക്കൾക്കീവകയൊന്നും പ്രശ്നവുമല്ല.
No comments:
Post a Comment