Sunday, May 29, 2011

ഫെര്‍ണാണ്ടോ പെസ് വാ - ആഗ്രഹവും പ്രവൃത്തിയും



അന്യരുടെ കണക്കുകളും, സ്വന്തമെന്നു പറയാനില്ലാതെപോയൊരു ജീവിതവും രേഖപ്പെടുത്തിവയ്ക്കുന്ന തടിയൻ പുസ്തകങ്ങളിൽ നിന്ന് ചിലനേരം തലയൊന്നു പൊന്തിക്കുമ്പോൾ വല്ലാത്തൊരു മനംപുരട്ടൽ അനുഭവപ്പെടാറുണ്ടെനിയ്ക്ക്. അതിനി കൂനിക്കൂടിയിരുന്നതു കൊണ്ടാകാമെങ്കിൽക്കൂടി, സംഖ്യകളെയും എന്റെ മോഹഭംഗത്തെയും അതിവർത്തിക്കുന്നതുമാണത്. ഫലമില്ലാത്ത മരുന്നു പോലെ ജീവിതം ചവർത്തുപോയിരിക്കുന്നെനിയ്ക്ക്. അപ്പോഴാണ്‌ എനിയ്ക്കു തോന്നൽ വരിക, വ്യക്തമായി മനസ്സിൽ കാണാനുമാവുക, ഈ മടുപ്പിൽ നിന്നു മോചനം നേടുക എത്ര എളുപ്പമായിരുന്നു, അങ്ങനെയൊന്നു യഥാർത്ഥത്തിലാഗ്രഹിക്കാനുള്ള വെറുമൊരിച്ഛാശക്തി എനിക്കുണ്ടായിരുന്നെങ്കിലെന്ന്.

പ്രവൃത്തി കൊണ്ടാണ്‌ നാം ജീവിക്കുന്നത് - നമ്മുടെ ആഗ്രഹങ്ങൾക്കു മേലുള്ള പ്രവൃത്തി കൊണ്ട്. ആഗ്രഹിക്കുന്നതെങ്ങനെയെന്നറിയാത്ത നമ്മൾ ചിലർ (ജീനിയസ്സുകളാവാം, പിച്ചക്കാരുമാവാം), ഷണ്ഡത്വം കൊണ്ടു ബന്ധുക്കളും. ഞാനെന്നെ ഒരു ജീനിയസ്സെന്നു വിളിക്കുന്നതിലെന്തർത്ഥം, ഒരു പീടികയിലെ കണക്കെഴുത്തുകാരനാണു ഞാനെങ്കിൽ? താൻ സെനോർ വെർദെ എന്ന ഓഫീസ് ഗുമസ്തനല്ല, സെസ്സാരിയോ വെർദെ എന്ന കവിയാണെന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടർക്കറിയാമെന്ന് സെസ്സാരിയോ വെർദെ ഉറപ്പു വരുത്തിയെങ്കിൽ മിഥ്യാഭിമാനം നാറുന്ന വാക്കുകളിലൊന്ന് അദ്ദേഹമെടുത്തുപയോഗിച്ചുവെന്നേ കരുതേണ്ടതുള്ളു. ആ പാവം ഏതുകാലത്തും സെനോർ വെർദെ എന്ന ഓഫീസുജോലിക്കാരനായിരുന്നു. അയാൾ മരിച്ചതിൽപ്പിന്നെയേ കവി ജനിച്ചിട്ടുള്ളു; കവിയെന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടുന്നതു പിന്നീടാണല്ലോ.

പ്രവൃത്തിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം. ഞാനാഗ്രഹിക്കുന്നതെന്തും എനിക്കാവാം, പക്ഷേ ഞാനാഗ്രഹിക്കുകയും വേണം. വിജയിക്കുന്നതിലാണു വിജയം, അല്ലാതെ വിജയിക്കാനുള്ള കഴിവുള്ളതിലല്ല. വിശാലമായ ഏതൊരിടവും കൊട്ടാരം പണിയാനുള്ള ഒരു സാദ്ധ്യത തന്നെ; പക്ഷേ പണിയാതെ കൊട്ടാരവുമില്ല.

എന്റെ അഹന്തയെ കുരുടന്മാർ കല്ലെറിഞ്ഞിട്ടു; എന്റെ മോഹഭംഗത്തെ പിച്ചക്കാർ ചവിട്ടിയരച്ചു.

‘നിന്നെ സ്വപ്നത്തിൽക്കണ്ടാൽത്തന്നെ മതിയായെനിക്ക്,’ താനിഷ്ടപ്പെടുന്ന സ്ത്രീയോട്  അയക്കാത്ത പ്രണയകവിതകളിൽ അവർ പറയും - അവളോടൊന്നു മിണ്ടാൻ ധൈര്യമില്ലാത്തവർ. ഈ ‘നിന്നെ സ്വപ്നത്തിൽക്കണ്ടാൽത്തന്നെ മതിയായെനിക്ക്,’ ഞാൻ പണ്ടെഴുതിയ ഒരു കവിതയിലെ വരിയാണ്‌. അതിന്റെ ഓർമ്മ ഒരു പുഞ്ചിരിയോടെ രേഖപ്പെടുത്തുകയാണു ഞാനിവിടെ; ആ പുഞ്ചിരിയെക്കുറിച്ച് ഞാൻ അഭിപ്രായമൊന്നും പറയുന്നുമില്ല.


അശാന്തിയുടെ പുസ്തകം - 106


സെസ്സാരിയോ വെർദെ (1855-1886) - ജീവിച്ചിരുന്ന കാലത്ത് അർഹിക്കുന്ന പ്രശസ്തി കിട്ടാതെപോയ പോർത്തുഗീസ് കവി. ഒരു വ്യാപാരസ്ഥാപനത്തിൽ കണക്കെഴുത്തുകാരനായിരുന്നു. ക്ഷയം പിടിച്ചു മരിച്ചു. മരണശേഷമാണ്‌ കവിതകൾ മിക്കതും വെളിച്ചം കാണുന്നത്. പെസ് വായ്ക്ക് ഏറെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ.


 

No comments: