Thursday, May 19, 2011

റിൽക്കെ - പുലി







അഴിയെണ്ണിത്തളർന്നിരിക്കുന്നവന്റെ നോട്ടം,
ഇന്നതിൽത്തങ്ങുന്നില്ല യാതൊന്നും.
ആയിരങ്ങളാണഴികളെന്നവനു തോന്നുന്നു,
അഴികൾക്കപ്പുറമില്ലൊരു ലോകമെന്നും.

ഇടുങ്ങിച്ചുരുങ്ങുന്ന വട്ടങ്ങളിലവൻ ചുറ്റിനടക്കവെ
ആ മൃദുപാദപതനങ്ങളുടെ ബലിഷ്ഠതാളം
പ്രബലമായൊരിച്ഛാശക്തി കല്ലിച്ചുനില്ക്കുന്ന
മദ്ധ്യബിന്ദുവിനു ചുറ്റുമൊരനുഷ്ഠാനനൃത്തം.

ചിലനേരം ആ കൃഷ്ണമണികളുടെ മറ മാറുന്നു,
അപ്പോഴൊരു ചിത്രമുള്ളിൽക്കടക്കുന്നു,
പിടഞ്ഞ പേശികളുടെ നിശ്ചലതയിലൂടിരച്ചുപായുന്നു,
ഹൃദയത്തിനുള്ളറയിൽച്ചെന്നുവീണണയുന്നു.

(പാരീസിലെ സസ്യോദ്യാനത്തിൽ)
(1907)

No comments: