Sunday, May 22, 2011

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റില്ക്കെ എഴുതിയ കത്തുകൾ - 3






വിയാരെഗിയോ, പിസായ്ക്കടുത്ത്, ഇറ്റലി
1903 ഏപ്രിൽ 23

ഈസ്റ്റർ നാളിലെ നിങ്ങളുടെ കത്ത് എന്നെ വല്ലാതെ ആഹ്ളാദിപ്പിച്ചു, പ്രിയപ്പെട്ട സർ; നിങ്ങളെക്കുറിച്ച് അത്രയും നല്ല കാര്യങ്ങൾ അതിലുണ്ടായിരുന്നല്ലോ. ജേക്കബ്സന്റെ മഹത്തും പ്രിയങ്കരവുമായ കലയെക്കുറിച്ചു നിങ്ങളെഴുതിയ രീതി കണ്ടപ്പോൾ എനിക്കു ബോദ്ധ്യമായി, നിങ്ങളുടെ ജീവിതത്തെ അതിന്റെ നിരവധി ചോദ്യങ്ങളോടൊപ്പം ആ അക്ഷയഖനിയിലേക്കു വഴി കാട്ടിയതിൽ എനിക്കു പിശകിയിട്ടില്ലെന്ന്. 

നീൽസ് ലൈൺ,* ഗഹനവും ഗംഭീരവുമായ ആ പുസ്തകം ആവർത്തിച്ചു വായിക്കുംതോറും നിങ്ങൾക്കു മുന്നിൽ പതിയെപ്പതിയെ സ്വയം അനാവൃതമാവും. സർവതും അതിലടങ്ങിയിരിക്കുന്ന പോലെയാണ്‌, ജീവിതത്തിന്റെ ഏറ്റവും നേർത്ത പരിമളം മുതൽ മൂത്തു കനത്ത കനികളുടെ നിറഞ്ഞ സ്വാദു വരെ. മനസ്സിലാകാത്തതായി, അനുഭവമില്ലാത്തതായി യാതൊന്നുമതിലുണ്ടാവില്ല; ഓർമ്മയിൽ പരിചിതമായ ഒരനുരണനമുണർത്താത്തതായി ഒന്നുമതിലുണ്ടാവില്ല. ഒരനുഭവവും അഗണ്യമാകുന്നില്ല- വിധി പോലെ അനാവൃതമാവുകയാണ്‌ ഏറ്റവും നിസ്സാരമായ ഒരു സംഭവം പോലും. വിധിയോ, വിചിത്രവും വിപുലവുമായ ഒരു ചിത്രക്കംബളവും; ആ കംബളത്തിൽ അവാച്യമായ വിധത്തിൽ മൃദുവായൊരു ഒരു കരത്തിന്റെ നിദേശത്തിൻ പടി ഓരോ ഇഴയും മറ്റൊരിഴയ്ക്കരികിൽ ഇടം നേടുകയും, മറ്റു നൂറിഴകളോടിണങ്ങിച്ചേരുകയുമാണ്‌.

ആദ്യമായി നിങ്ങൾ ഈ പുസ്തകം വായിക്കുമ്പോൾ എത്രയും വലുതായൊരു ആഹ്ളാദമാവും നിങ്ങളനുഭവിക്കുക; പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്നപോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങൾ കടന്നുപോവുകയും ചെയ്യും. അതേ അത്ഭുതാദരങ്ങൾ വിടാതെയാവും പില്ക്കാലത്തും നിങ്ങളതു വായിക്കുക എന്നും ഞാൻ പറയുന്നു; ആദ്യവായനയിൽ നിങ്ങളെ കീഴടക്കിയ അസാധാരണമായ ആ ശക്തിയും യക്ഷിക്കഥകളുടെ വശ്യതയും അല്പം പോലും ചോർന്നുപോയിട്ടുണ്ടാവില്ല. 

നിങ്ങൾ കൂടുതൽ കൂടുതൽ സന്തുഷ്ടനും, കൃതജ്ഞനുമാവുന്നതേയുള്ളു; നിങ്ങളുടെ ജീവിതദർശനം ഏതോ വിധത്തിൽ കൂടുതൽ തെളിഞ്ഞതും, ലളിതവുമാകുന്നതേയുള്ളു. നിങ്ങൾക്കു ജീവിതത്തെ വിശ്വസിക്കാമെന്നാവുകയാണ്‌, നിങ്ങൾ തൃപ്തനാവുകയാണ്‌, താനത്രയ്ക്കു നിന്ദ്യനല്ലെന്നും നിങ്ങൾക്കു തോന്നുകയാണ്‌.

പിന്നീടു നിങ്ങൾ *മേരീ ഗ്രബ്ബേയുടെ വിധിയും അഭിലാഷങ്ങളും വിവരിക്കുന്ന ആ ഗംഭീരപുസ്തകവും, ജേക്കബ്സന്റെ കത്തുകളും ഡയറിക്കുറിപ്പുകളും, ഒടുവിലായി അദ്ദേഹത്തിന്റെ കവിതകളും വായിക്കണം. നിങ്ങളുടെ മനസ്സിൽ ആ കവിതകൾ ഒടുങ്ങാത്ത അനുരണനങ്ങളുയർത്തും- അത്ര നന്നായിട്ടില്ല അവയുടെ പരിഭാഷകളെങ്കില്പ്പോലും. പറ്റിയ സമയമെത്തുമ്പോൾ ജേക്കബ്സന്റെ സമ്പൂർണ്ണകൃതികളുടെ മനോഹരമായ പതിപ്പു വാങ്ങണമെന്നുകൂടി ഞാൻ ഉപദേശിക്കട്ടെ. ഇപ്പറഞ്ഞതെല്ലാം അതിലുണ്ട്.

‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’* എന്നതിനെക്കുറിച്ചാണെങ്കിൽ - താരതമ്യമില്ലാത്ത വാഗ്മിതയുടെയും രൂപത്തിന്റെയും ആ രചനയുടെ കാര്യത്തിൽ അവതാരികാകാരന്റെ വീക്ഷണത്തെ നിരാകരിക്കുന്ന നിങ്ങളുടെ അഭിപ്രായം ഒരു തർക്കത്തിനുമിടം കൊടുക്കാത്ത രീതിയിൽ തീർത്തും ശരി തന്നെ. സാഹിത്യവിമർശനങ്ങൾ കഴിയുന്നത്ര വായിക്കാതിരിക്കുക എന്നൊരു നിർദ്ദേശം നിങ്ങളുടെ മുന്നിൽ വയ്ക്കാൻ ഈ സന്ദർഭത്തിൽ എനിക്കു തോന്നുകയാണ്‌.അവ ഒന്നുകിൽ ജഡപ്രായവും, അർത്ഥശൂന്യവും, കല്ലിച്ചതുമായ മുൻവിധികളായിരിക്കും; അല്ലെങ്കിൽ വിദഗ്ധമായ വാചകമടികൾ. ആ വീക്ഷണങ്ങൾക്ക് ഇന്നംഗീകാരം കിട്ടിയേക്കാമെങ്കിൽ നാളെയതുണ്ടാവുകയുമില്ല. ചിരന്തനമായ ഒരേകാന്തതയാണ്‌ കലാസൃഷ്ടികളുടെ സത്ത എന്നു പറയാവുന്നത്; വിമർശനത്തിന്‌ അതു മനസ്സിലാവുക എന്നതില്ല. സ്നേഹത്തിനേ അതിനെ കടന്നുപിടിയ്ക്കാനും, കൈയിലെടുക്കാനും, നീതിയോടെ വിലയിരുത്താനുമുള്ള കഴിവുള്ളു. തർക്കങ്ങൾക്കും ചർച്ചകൾക്കും അവതാരികകൾക്കുമല്ല, നിങ്ങളുടെ അന്തരാത്മാവിനും നിങ്ങളുടെ അനുഭൂതികൾക്കുമാണ്‌ നിങ്ങൾ കാതു കൊടുക്കേണ്ടത്. ഇനിയഥവാ ഒരിക്കൽ നിങ്ങൾക്കു പിശകിയാലും, നിങ്ങളുടെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ നിങ്ങളെ മറ്റുൾക്കാഴ്ചകളിലേക്കു നയിച്ചുകൊള്ളും. നിങ്ങളുടെ തീർപ്പുകൾക്ക് അവയുടേതായ നിശ്ശബ്ദവും അകലുഷിതവുമായ ഒരു വികാസം അനുവദിച്ചുകൊടുക്കുക;   എല്ലാ വികാസങ്ങളെയും പോലെ അവയും ഉള്ളിന്റെയുള്ളിൽ നിന്നാണു വരേണ്ടത്; അവയെ തിടുക്കപ്പെടുത്തരുത്. കാലം തികഞ്ഞേ പിറവിയുണ്ടാവൂ. നിങ്ങളുടെ മനസ്സിൽ പതിയുന്നതേതൊന്നും, അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളിൽ, ഇരുട്ടിൽ, വാക്കുകൾക്കുമപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തിൽ സാഫല്യത്തിലെത്തട്ടെ; നിങ്ങൾ എളിമയോടെ, ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുക , പുതിയൊരു തെളിച്ചം പിറവിയെടുക്കുന്ന മുഹൂർത്തത്തിനായി; കലാകാരനായി ജീവിക്കുകയെന്നാൽ ഇങ്ങനെ ഒരർത്ഥമേയുള്ളു: സൃഷ്ടിയിലായാലും ഗ്രഹണത്തിലായാലും.

ഇതിൽ കാലം ഒരളവുകോലാവുന്നുമില്ല. ഒരു കൊല്ലം ഒരു കാര്യമല്ല. പത്തു കൊല്ലം ഒന്നുമല്ല. കലാകാരനാവുക എന്നാൽ കണക്കെടുക്കുകയും കണക്കു കൂട്ടുകയുമല്ല; ഒരു മരം പോലെ വിളയുക എന്നാണ്‌; അതു തന്റെ ജീവദ്രവത്തെ തിടുക്കപ്പെടുത്തുന്നില്ല; വസന്തത്തിലെ കൊടുങ്കാറ്റുകളിൽ അടി പറിയാതെ നില്ക്കുകയാണത്, പിന്നെ വേനൽ വരാതിരിക്കുമോ എന്ന ശങ്കയൊന്നുമില്ലാതെ. വേനൽ വന്നുതന്നെയാവണം. അതു പക്ഷേ തങ്ങൾക്കു മുന്നിൽ നിത്യത നീണ്ടുകിടക്കുകയാണ്‌, അതിരറ്റതും നിശ്ശബ്ദവുമായി എന്ന അറിവോടെ ജീവിതം ജീവിക്കുന്നവരിലേക്കേ വന്നുചേരുകയുമുള്ളു. എന്റെ ജീവിതത്തിലെ ഒരു നിത്യപാഠമാണ്‌, പലപല വേദനകളെടുത്തു ഞാൻ പഠിക്കുന്നതാണ്‌, ഞാൻ കടപ്പെട്ട ഒരു പാഠവുമാണ്‌: ക്ഷമയാണെല്ലാം!

***

*റിച്ചാർഡ് ദെഹ് മലിന്റെ പുസ്തകങ്ങളെക്കുറിച്ച് എനിക്കുള്ള അഭിപ്രായം - എനിക്കു ചെറിയൊരു പരിചയമുള്ള ആ വ്യക്തിയെക്കുറിച്ചും- ഇതാണ്‌: മനോഹരമായ ഒരു പുറം വായിച്ചുകഴിയുമ്പോൾ എനിക്കു പേടിയാവുകയാണ്‌, തുടർന്നുള്ളവ അതേ വരെയുള്ള സർവതും നശിപ്പിച്ചു കളയുമെന്നും, സ്നേഹാർഹമായിരുന്നതൊന്നിനെ വിലകെട്ടതാക്കുമെന്നും. ‘ജീവിതത്തിലും എഴുത്തിലും അതികാമി’ എന്നു നിങ്ങൾ അയാളെ നന്നായി ചിത്രീകരിച്ചിരിക്കുന്നു. സത്യത്തിൽ കലാകാരന്റെ സർഗ്ഗാനുഭൂതി ലൈംഗികതയുമായും അതിന്റെ സുഖവും വേദനയുമായും അവിശ്വസനീയമാം വിധം അത്ര സമീപസ്ഥമായിരിക്കുന്നു; ഒരേ തൃഷ്ണയുടെയും നിർവൃതിയുടെയും വിഭിന്നരൂപങ്ങളാണ്‌ രണ്ടു പ്രതിഭാസങ്ങളെന്നും പറയാം. ‘കാമ’ത്തിനു പകരം ‘ലൈംഗികത’ എന്നു പറയുകയാണെങ്കിൽ - ആ വാക്കിന്റെ വിപുലവും ആദിമവുമായ അർത്ഥത്തിലാണ്‌ ഞാൻ ‘ലൈംഗികത’ എന്നുപയോഗിക്കുന്നത്, അല്ലാതെ പള്ളിയുടെ പാപക്കറ പുരണ്ട അർത്ഥത്തിലല്ല- അയാളുടെ കല മഹത്തും അതിപ്രധാനവും തന്നെ. ഒരാദിമചോദന പോലെ ഊറ്റം നിറഞ്ഞതാണ്‌ അയാളുടെ കവിത്വം. പാറക്കെട്ടുകളിൽ നിന്നിരച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ തിമിർത്ത താളമുണ്ടതിന്‌.

പക്ഷേ എപ്പോഴും തികച്ചും സ്വാഭാവികമല്ല, നാട്യം കലരാത്തതല്ല അയാളുടെ കവിത്വമെന്ന് തോന്നിപ്പോവുന്നു. ( ഇതു തന്നെയല്ലേ ഒരു യഥാർത്ഥകലാകാരനു കടന്നുകൂടേണ്ട കടുത്ത പരീക്ഷകളിലൊന്നും: തന്റെ മേന്മകളെന്നു പറയുന്നവയെക്കുറിച്ച് ഒരുകാലത്തും ബോധമുള്ളവനായിരിക്കരുതയാൾ, അവയുടെ സ്വാച്ഛന്ദ്യവും ആർജ്ജവവും അപഹൃതമാവരുതെന്നയാൾക്കു വിചാരമുണ്ടെങ്കിൽ.} അയാളുടെ കവിത്വം അയാളുടെ സത്തയിലൂടെ ഇരച്ചിറങ്ങി ലൈംഗികതയിലെത്തുമ്പോൾ കണ്ടുമുട്ടുന്നത് വേണ്ടത്ര പരിശുദ്ധിയില്ലാത്ത ഒരു വ്യക്തിയെയാണ്‌. ലൈംഗികതയുടെ പരിപക്വവും പരിശുദ്ധവുമായ ലോകമല്ല അയാളുടേത്; മനുഷ്യന്റേതല്ല, പുരുഷന്റേതാണത്. കാമാന്ധവും ഉന്മത്തവും പ്രക്ഷുബ്ധവുമാണത്; പുരുഷൻ എന്നുമെന്നും പ്രണയത്തെ വിരൂപപ്പെടുത്താനും ഭരിക്കാനുമുപയോഗപ്പെടുത്തിയ മുൻവിധികളും ധാർഷ്ട്യവും പേറുന്നതാണത്. വെറുമൊരു മനുഷജീവിയായിട്ടല്ല, പുരുഷനെന്ന നിലയ്ക്കാണ്‌ അയാളുടെ പ്രണയം. അതിൻ ഫലമായിത്തന്നെ അയാളുടെ ലൈംഗികാനുഭൂതിയിൽ സങ്കുചിതവും ഗർഹണീയവുമായതെന്തോ ഉണ്ട്, പ്രാകൃതവും കാലബദ്ധവും അനിത്യവുമായതെന്തോ. അതയാളുടെ കലയ്ക്കു കുറവു വരുത്തുകയാണ്‌, അതിനെ സന്ദിഗ്ധവും സംശയാസ്പദവുമാക്കുകയാണ്‌. കറ പുരളാത്തതല്ല  അയാളുടെ കല; ആസക്തിയും ക്ഷണികതയും അതിൽ മുദ്ര വച്ചിരിക്കുന്നു. അതിൽ അധികമൊന്നും കാലത്തെ അതിജീവിക്കുകയില്ല. ( കലാസൃഷ്ടികളിൽ മിക്കതിന്റെയും ഗതിയുമാണല്ലോ അത്!) 

എന്നാല്ക്കൂടി മഹത്വത്തിന്റെ അംശമുള്ള ഭാഗത്തെ ആസ്വദിക്കാവുന്നതേയുള്ളു. നാമതിൽ വ്യാമുഗ്ധരായിപ്പോവരുതെന്നേയുള്ളു, ദെഹ് മലിന്റെ ലോകത്തെ കുടികിടപ്പുകാരനാവരുതെന്നേയുള്ളു. ഭീതികളും വ്യഭിചാരവും ആശയക്കുഴപ്പങ്ങളും കൊണ്ടു നിറഞ്ഞ, മനുഷ്യന്റെ യഥാർത്ഥഭാഗധേയങ്ങളിൽ നിന്നകന്ന ഒരു ലോകമാണത്. അയാളുടെ ക്ഷണികശോകങ്ങളെക്കാൾ നമ്മെ യാതനപ്പെടുത്തിയേക്കാം അതെങ്കിലും, മഹത്വത്തിനുള്ള ഒരവസരം കൂടി അതു നല്കുന്നുണ്ട്, നിത്യതയെ നേരെ നോക്കാനുള്ള ധൈര്യവും.

അവസാനമായി എന്റെ പുസ്തകങ്ങളുടെ കാര്യം പറയുമ്പോൾ, അവയിൽ നിങ്ങൾക്കു സന്തോഷം നല്കുന്നവ അയച്ചുതരണമെന്ന് എനിക്കു മോഹമുണ്ട്. പക്ഷേ, ഞാൻ വളരെ ദരിദ്രനാണ്‌; എന്റെ പുസ്തകങ്ങളാവട്ടെ, പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ എന്റെ സ്വന്തമല്ലാതെയുമാവുന്നു. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുള്ള പോലെ അവയെ ഇഷ്ടപ്പെടുന്ന ഒരാൾക്കു വാങ്ങി സമ്മാനിക്കാൻ എന്നെക്കൊണ്ടു കഴിഞ്ഞിട്ടില്ല. 

അതുകൊണ്ട് മറ്റൊരു കടലാസുതുണ്ടിൽ അടുത്തകാലത്തിറങ്ങിയ പുസ്തകങ്ങളുടെ പേരും പ്രസാധകരുടെ വിവരവും ഞാനെഴുതാം. (ഏറ്റവും പുതിയവ പന്ത്രണ്ടോ പതിമൂന്നോ കാണും.) സൗകര്യം പോലെ അവയിൽ ചിലതു വരുത്താൻ നോക്കുക.

എന്റെ പുസ്തകങ്ങൾ നിങ്ങളുടെ കൈകളിലുണ്ടെന്നറിഞ്ഞാൽ എനിക്കതു വലിയ സന്തോഷമായിരിക്കും.

ആശംസകളോടെ,

താങ്കളുടെ,
റെയിനർ മരിയ റില്ക്കെ


*നീൽസ് ലൈൺ - Niels Lyhne (1880)- ജേക്കബ്സന്റെ നോവല്‍
*മേരീ ഗ്രബ്ബേ - Fru Marie Grubbe (1876) - ജേക്കബ്സന്റെ നോവല്‍
*‘റോസാപ്പൂക്കൾ വേണ്ടിയിരുന്നു’- Mogens എന്ന ജേക്കബ്സന്റെ സമാഹാരത്തില്‍ നിന്നുള്ള കഥ
*റിച്ചാർഡ് ദെഹ് മൽ - Richard Dehmel (1863-1920) - ജര്‍മ്മന്‍ കവി 




No comments: