ഇരുളുന്ന മഴക്കാലസന്ധ്യയിലതു നില്ക്കുന്നതു നോക്കൂ,
തരുണമായി, നിർമ്മലമായി,
ഉദാരമായ വല്ലികളെങ്ങും പടർത്തിയും,
എന്നാലതിന്റെ പനിനീർപ്പൂത്തനിമയിലാമഗ്നമായും;
മലർന്ന പൂക്കളതിൽ വിടർന്നുമിരിയ്ക്കുന്നു,
ആരുമാവശ്യപ്പെടാതെയു,മാരും പരിപാലിക്കാതെയും.
അങ്ങനെ,യതിരറ്റു സ്വയം കവിഞ്ഞും,
അവാച്യമായവിധം സ്വയമുറന്നും
അതു വിളിച്ചുനിർത്തുന്നു സഞ്ചാരിയെ,
സായാഹ്നധ്യാനത്തിലാണ്ടു വഴിപോകുന്നവനെ:
ഈ നില്ക്കുന്നയെന്നെയുമൊന്നു നോക്കിയിട്ടുപോകൂ,
എത്ര സുരക്ഷിതയാണാരും കാക്കാത്ത ഞാനെന്നു കാണൂ,
എനിക്കു വേണ്ടതൊക്കെയെനിക്കുണ്ടെന്നും.
(1924 ജൂൺ 1)
No comments:
Post a Comment