എനിയ്ക്കു മോഹം,
കാട്ടുകുതിരകൾക്കു മേൽ
രാത്രിയിൽ ചവിട്ടിക്കുതിച്ചുപോകുന്നവരിലൊരാളാവാൻ;
അവരുടെയനുധാവനത്തിന്റെ പ്രചണ്ഡവാതത്തിൽ
അഴിച്ചിട്ട മുടി പോലെ പന്തങ്ങൾ പിന്നിലേക്കു പായും.
എനിയ്ക്കു മോഹം,
ഒരു നൗകയ്ക്കണിയത്തു നെട്ടനെ നില്ക്കാൻ,
വിപുലമായൊരു പതാക പോലെ ചുരുളഴിഞ്ഞുപാറാൻ.
നിറമിരുണ്ടവനായിരിക്കും ഞാനെന്നാ-
ലെന്റെ ശിരസ്സു മൂടുമൊരു പൊൻകവചം.
എനിക്കു പിന്നിലണിയിട്ടുനിൽക്കും പത്തുപേർ,
എന്നെപ്പോലെതന്നെയിരുണ്ടവർ;
കവചങ്ങൾ തിളങ്ങുമവരിൽ,
ചിലനേരം സ്ഫടികം പോലെ,
ചിലനേരമിരുണ്ടും, പഴകിയും.
എന്റെ തൊട്ടൊരാൾ കാഹളമെടുത്തൂതുമ്പോൾ
ഞങ്ങൾക്കു മുന്നിൽ തുറസ്സുകൾ തെളിയും,
ഇരുണ്ടൊരേകാന്തതയിൽ
ഒരു നിമിഷസ്വപ്നം പോലെ ഞങ്ങൾ കുതിച്ചുപായും.
ഞങ്ങൾക്കു പിന്നിൽ വീടുകൾ മുട്ടുകാലിൽ വിഴും,
തെരുവുകളിഴഞ്ഞു പിന്മാറും,
കവലകൾ കുതറിമാറാൻ നോക്കും:
വിടില്ല ഞങ്ങളവയെ;
മഴ പോലിരച്ചിറങ്ങും ഞങ്ങളുടെ കുതിരകൾ.
No comments:
Post a Comment