Monday, May 9, 2011

ഫെർണാണ്ടോ പെസ് വാ - കലാകാരന്മാരായ കവികളുമുണ്ട്...


കലാകാരന്മാരായ കവികളുമുണ്ട്...

കലാകാരന്മാരായ കവികളുമുണ്ട്,
ആശാരി മരത്തിൽ പണിയും പോലെ
സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...

എന്തു കഷ്ടം, സ്വയം വിടരാനറിയാതിരിക്കുക!
ചുമരു പടുക്കും പോലെ വരിയ്ക്കു മേൽ വരിയടുക്കേണ്ടിവരിക,
ചേരുന്നുണ്ടോയെന്നു ചാഞ്ഞും ചരിഞ്ഞും നോക്കേണ്ടിവരിക,
ഇല്ലെങ്കിൽ മാറ്റി മറ്റൊന്നു വയ്ക്കുക!...
ശരിക്കുമൊരു വീടെന്നു പറയാൻ ഭൂമിയൊന്നല്ലേയുള്ളൂ,
എന്നും മാറുന്നതും എന്നും നല്ലതും
എന്നുമൊന്നായതുമതൊന്നല്ലേയുള്ളൂ?

ഞാനിതേക്കുറിച്ചു ചിന്തിക്കുന്നത്
ചിന്തിക്കുന്നൊരാളെപ്പോലെയല്ല,
ശ്വസിക്കുന്നൊരാളെപ്പോലെ;
പൂക്കളെ നോക്കി ഞാൻ നില്ക്കുന്നു,
ഒരു പുഞ്ചിരിയോടെ ഞാൻ നില്ക്കുന്നു...
അവയ്ക്കെന്നെ മനസ്സിലാവുന്നുണ്ടോയെന്നെനിയ്ക്കറിയില്ല,
എനിയ്ക്കവയെ മനസ്സിലാവുന്നുണ്ടോയെന്നുമറിയില്ല;
എന്നാലെനിക്കറിയാം,
നേരിരിക്കുന്നതവയിലെന്ന്, എന്നിലെന്ന്,
ഭൂമിയ്ക്കു മേൽ ജീവിതത്തിനു സ്വയം വിധേയരായും
തൃപ്തരായ ഋതുക്കൾക്കു മാറിൽ പേറാൻ നമ്മെ വിട്ടുകൊടുത്തും
കാതിൽ മന്ത്രിച്ചു നമ്മെയുറക്കാൻ കാറ്റിനു കിടന്നുകൊടുത്തും
ഒരു സ്വപ്നവുമില്ലാത്ത മയക്കത്തിലാഴ്ന്നും
നമ്മൾ പങ്കാളികളാവുന്ന ആ ദിവ്യത്വത്തിലെന്ന്.


എന്തും ഞാൻ നല്കിയേനേ...

എന്തും ഞാൻ നല്കിയേനേ
എന്റെ ജീവിതമൊരു കാളവണ്ടിയായിരുന്നുവെങ്കിൽ,
അതികാലത്തു നിരത്തിലൂടെ ഞരങ്ങിനീങ്ങുക,
പിന്നെ സന്ധ്യയടുക്കുമ്പോൾ അതേ വഴിയിലൂടെ
പുറപ്പെട്ടേടമെത്തുക...

എങ്കിലെനിയ്ക്കു മോഹങ്ങൾ വേണ്ടായിരുന്നു,
ചക്രങ്ങൾ മതിയായിരുന്നെനിയ്ക്ക്...
പ്രായമേറുമ്പോൾ ജരയും നരയും ബാധിക്കുമായിരുന്നി
ല്ലെനിയ്ക്ക്...
എന്നെക്കൊണ്ടുപയോഗം തീരുമ്പോൾ
ആളുകളെന്റെ ചക്രങ്ങളൂരിയെടുക്കും,
ഒരു പടുകുഴിയ്ക്കടിയിൽ
ഞാൻ കിടക്കും തകർന്നും തട്ടിമറിഞ്ഞും.

No comments: