Saturday, May 21, 2011

ടാഗോർ - കുത്തിക്കുറിച്ചവ






വഴിയോരപ്പൂക്കളാണെന്റെ കുറിപ്പുകൾ;
വഴിനടക്കുന്നവർ ചിലരവയെ കാണും,
പിന്നെ മറന്നും പോകും.
*


നിശാശലഭത്തിനു കാലക്കണക്കു
കൊല്ലം കൊല്ലമായല്ല,
നിമിഷം നിമിഷമായിട്ടത്രേ.
അതിനാലതിനുണ്ടതിനു മതിയായ കാലവും.
*


നാം പറഞ്ഞുകൂട്ടിയ പകലുകളുടെ
പൊട്ടും പൊടിയും കൊത്തിയെടുത്തു
നിദ്രയുടെയിരുണ്ടയിടനാഴികളിൽ
കിളികൾ കൂട്ടിയ കൂടുകൾ,
കിനാവുകൾ.
*


വസന്തത്തിലെ തെമ്മാടിക്കാറ്റു തല്ലിക്കൊഴിക്കുന്നു
ഇനിയും വിടരാത്ത മൊട്ടുകൾ;
ഒരു നിമിഷത്തിന്റെ രസത്തിൽ
അവനോർമ്മയിലില്ല ഭാവിക്കനികൾ.
*


മരം കുനിഞ്ഞുനോക്കുന്നു
തന്റെയരുമത്തണലിനെ;
സ്വന്തമെങ്കിലുമതിനാവി-
ല്ലതിനെക്കൈയിലൊതുക്കാൻ. 
*


ഉറങ്ങുന്ന മണ്ണിൽ നിന്നൊരു
പുളകോദ്ഗമം;
ഇലകൾക്കിടയിലൊരു
തെന്നലിന്റെ മർമ്മരം.
*


ഇരുണ്ടും മറുകര കാണാതെയുമൊരാഴക്കടൽ,
രാത്രി;
അതിനുമേലൊഴുകുന്ന ചിത്രക്കുമിള,
പകൽ.
*


ആരതിക്കാരാധകരിരച്ചെത്തുമ്പോൾ
അമ്പലമുറ്റത്തു കളിക്കുന്ന കുട്ടികൾക്കിടയിലേക്കു
ദേവന്റെ മനസ്സിറങ്ങിപ്പോകുന്നു.
*


നിന്റെ അരളിപ്പൂക്കൾക്കു നിറം വെള്ള,
എന്റേതിനു ചെമലയും;
വസന്തകാലപ്രണയികളുടെ നിശ്ശബ്ദനേത്രങ്ങൾ-
ഒരുമിച്ചു നടക്കുന്നവ,
അന്യോന്യമറിഞ്ഞും.
*


പരിധിയറ്റ തമസ്സേ,
താരാവലികൾ കൊളുത്തിവയ്ക്കൂ;
ഈ വിളക്കിന്റെ കാതരനാളത്തി-
നതിന്റെ ഭീതികളില്ലാതവട്ടെ!
*


നക്ഷത്രങ്ങൾ കൊളുത്തിവച്ചവൻ
നോക്കിനില്ക്കുന്നു,
മണ്ണിലൊന്നൊന്നായിത്തെളിയുന്ന
വിളക്കുകളെ.
*


കാട്ടുപച്ച നോക്കിനില്ക്കുന്നു
വാനനീലിമയെ;
അവയ്ക്കിടയിൽ നെടുവീർപ്പിടുന്നു
തെന്നലിന്റെ വിധുരത.
*


പൊടിമണ്ണിൽ വീണുകിടക്കുന്നു
കൊഴിഞ്ഞുപോയ തൂവലുകൾ;
അവ മറന്നുപോയിരിക്കുന്നു
മാനത്തു പറന്ന നാളുകൾ.
*


പൂഴിമണ്ണരിച്ചുപെറുക്കുകയാണു
മിന്നാമിന്നി;
അവൻ കാണുന്നതേയില്ല
നക്ഷത്രങ്ങളെ.
*


ദൈവം നമ്മുടെ പടിക്കൽ
ഭിക്ഷ യാചിച്ചെത്തുമ്പോൾ
നാമെത്ര സമ്പന്നരാണെന്നറിയും നാം.
*


എന്റെ നെഞ്ചിൽ ചിറകടിക്കുന്ന
പറവപ്പറ്റമാണെന്റെ പാട്ടുകൾ;
അവയുഴന്നുപറന്നുനടക്കുന്നതു
നിന്റെ ശബ്ദത്തിലൊരു കൂടു കൂട്ടാൻ.
*


അതാ പോകുന്നു!
ഒഴുകിയകലുന്നു!
അലസവേളകളിൽ 
കടലാസ്സുവഞ്ചികളിൽ
ഞാൻ കേറ്റിവച്ച ഭാരങ്ങൾ.
*


മണ്ണിന്റെ യാഗാഗ്നിയിൽ നി-
ന്നുയരുന്ന നാളങ്ങൾ, 
വൃക്ഷങ്ങൾ;
ചിതറുന്ന സ്ഫുലിംഗങ്ങൾ,
പുഷ്പങ്ങൾ.
*


പകൽവെളിച്ചം മായുമ്പോൾ
മാനത്തിന്നൂഴമാവുന്നു,
നക്ഷത്രരുദ്രാക്ഷമെണ്ണി
സൂര്യനെ ധ്യാനിക്കാൻ.
*


നമ്മുടെ ചിന്തകളെന്തേ,
ഭാവിക്കനികളിൽ പിടിച്ചുതൂങ്ങാൻ?
ചില്ലകളിൽ പൂക്കൾ പോരേ,
ഹൃദയങ്ങൾക്കാഹ്ളാദിക്കാൻ?
*


വാക്കുകൾ പൂക്കൾ,
ചുറ്റിനുമിലകൾ
മൗനത്തിന്നടരുകൾ.
*


പകലിന്റെ പാപങ്ങളെപ്പൊറുത്തു
സന്ധ്യയെങ്കിൽ
ശാന്തിയാവഴി വന്നുവെന്നുമാകും.
*


ഒടുവിൽ ചെന്നെത്തുമിടമല്ല
എന്റെ തീർത്ഥയാത്രയ്ക്കുന്നം;
വഴിവക്കിലെ കോവിലുകളിലാ-
ണെന്റെ ചിന്തകൾക്കു നോട്ടം.
*


എത്ര ചുറ്റി നൃത്തം വച്ചിട്ടും
വൃത്തത്തിനു കാണാനാവുന്നില്ല
സ്വന്തം നിശ്ചലമദ്ധ്യം.
*


രാത്രിയിലെ നക്ഷത്രങ്ങൾക്ക്
എന്റെ സന്ധ്യാദീപത്തിന്റെ
നമസ്കാരങ്ങൾ.
*


നിന്റെ ജനാലയ്ക്കൽക്കണ്ടു ഞാൻ
നിന്റെ വിളക്കിന്റെ നിശ്ചലനാളം;
ദീർഘരാവിന്റെ വീണയിൽ
അതു മീട്ടുന്നതേതു രാഗം?
*
(1927)







No comments: