വിയാറെഗിയോ, 1903 ഏപ്രിൽ 5
ഫെബ്രുവരി 24 ന് നിങ്ങളയച്ച കത്തിനെ നന്ദിപൂർവമോർക്കാൻ ഇന്നേ എനിക്കു കഴിഞ്ഞുള്ളുവെങ്കിൽ നിങ്ങളതു പൊറുക്കണം, പ്രിയപ്പെട്ട സർ. ഇത്രനാളായി സുഖമില്ലാതിരിക്കുകയായിരുന്നു ഞാൻ. എന്തെങ്കിലും രോഗമായിരുന്നുവെന്നു പറയാനില്ല. പക്ഷേ പകർച്ചപ്പനി പോലൊന്നു പിടിച്ചു തളർന്നുകിടക്കുകയായിരുന്നു ഞാൻ. ഒന്നിനുമുള്ള കെല്പ്പെനിക്കുണ്ടായിരുന്നില്ല. ഒടുവിൽ ഒരു ഭേദവുമില്ലാതെ വന്നപ്പോൾ ഈ തെക്കൻകടലോരത്തേക്കു പോരുകയായിരുന്നു ഞാൻ. മുമ്പൊരിക്കൽ ഇതിന്റെ ദാക്ഷിണ്യം കൊണ്ട് ഞാൻ സ്വാസ്ഥ്യം വീണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഇപ്പോഴും നല്ല സുഖമായെന്നു പറയാനായിട്ടില്ല. എഴുതുക ദുഷ്കരം; അതിനാൽ ഈ ചില വരികളെ ഞാൻ എഴുതുമായിരുന്ന വിപുലമായൊരു കത്തിനു പകരമായിട്ടെടുക്കുക തന്നെ വേണം.
നിങ്ങളുടെ ഓരോ കത്തും എന്തുമാത്രം ആഹ്ളാദമാണ് എനിക്കെത്തിക്കുന്നതെന്ന കാര്യം ഞാൻ പറയേണ്ടല്ലോ. പക്ഷേ മറുപടികളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമ കാണിക്കാതെയും പറ്റില്ല. പലപ്പോഴും വെറുംകൈയുമായി മടങ്ങേണ്ടി വന്നുവെന്നും വരാം. എന്തെന്നാൽ നമ്മോടത്രയുമടുത്ത, നമുക്കത്രയും പ്രധാനപ്പെട്ട സംഗതികളുടെ കാര്യം വരുമ്പോൾ പറയരുതാത്ത വിധം എകാകികളായിപ്പോവുകയാണു നമ്മൾ. ഒരാൾക്കു മറ്റൊരാളെ ഉപദേശിക്കാൻ, ഒന്നു സഹായിക്കാൻ തന്നെയും, എത്രയൊക്കെ സംഭവിക്കേണ്ടിയിരിക്കുന്നു: വ്യത്യസ്തമായ ഘടകങ്ങളെത്ര ഒന്നുചേരേണ്ടിയിരിക്കുന്നു; അങ്ങനെയൊന്ന് ഒരിക്കലെങ്കിലും സംഭവിക്കണമെങ്കിൽ കാര്യങ്ങളുടെ ഒരു നക്ഷത്രമണ്ഡലം തന്നെ നിരക്കേണ്ടിയിരിക്കുന്നു.
രണ്ടു സംഗതികളെക്കുറിച്ചു മാത്രമേ ഞാനിന്നു പറയുന്നുള്ളു:
വിരുദ്ധോക്തിയാണൊന്ന്. അതു നിങ്ങളെ നിയന്ത്രിക്കാൻ നിന്നുകൊടുക്കരുത്, നിങ്ങളുടെ സർഗ്ഗശേഷി പ്രകടമാവാത്ത സന്ദർഭങ്ങളിൽ പ്രത്യേകിച്ചും. നിങ്ങളുടെ സർഗ്ഗാത്മകമുഹൂർത്തങ്ങളിൽ ജിവിതത്തെ കൂടുതൽ നന്നായി മനസ്സിലാക്കാനുള്ള സാമഗ്രികളിലൊന്നായി അതിനെയും ഉപയോഗപ്പെടുത്തിക്കോളൂ. ശുദ്ധമായ ഉദ്ദേശ്യത്തോടെയാണ് നിങ്ങളതിനെ ഉപയോഗപ്പെടുത്തുന്നതെങ്കിൽ അതും ശുദ്ധം തന്നെ. നിങ്ങൾക്കതിൽ നാണക്കേടു തോന്നേണ്ട കാര്യം വരുന്നില്ല. അതേസമയം വിരുദ്ധോക്തിയുടെ പിടി വിടാത്ത ഒരു വീക്ഷണത്തെ കരുതിയിരിക്കുകയും വേണം; പകരം, ഉന്നതവും ഗൗരവപൂർണ്ണവുമായ വിഷയങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയട്ടെ. അവയുടെ സാന്നിദ്ധ്യത്തിൽ വിരുദ്ധോക്തി നിറം കെട്ടു വിളറുകയും നിസ്സഹായമാവുകയും ചെയ്യുന്നതു കാണാം. വസ്തുക്കളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക; വിരുദ്ധോക്തി അത്രയുമാഴത്തിലേക്കിറങ്ങിവരാൻ പോകുന്നില്ല. നിങ്ങളുടെ ആ പര്യവേക്ഷണത്തിനിടെ മഹത്വത്തിന്റെ വക്കിലേക്കു നിങ്ങളെത്തിപ്പെടുകയാണെന്നിരിക്കട്ടെ, നിങ്ങൾ സ്വയമൊന്നു വിചാരണ ചെയ്യുക, നിങ്ങളുടെ ആത്മവത്തയുടെ ഏതെങ്കിലുമൊരനിവാര്യതയിൽ നിന്നാണോ വിരുദ്ധോക്തിപരമായ ഈ ഒരു വീക്ഷണം ഉറവെടുക്കുന്നതെന്ന്. എന്തെന്നാൽ ഗൗരവപൂർണ്ണമായ വസ്തുക്കളുമായുള്ള ആഘാതത്തിൽ ഒന്നുകിലത് നിങ്ങളിൽ നിന്നു കൊഴിഞ്ഞുപോകും, വെറും ആകസ്മികമായിരുന്നു അതെങ്കിൽ; ഇനിയല്ല, നിങ്ങൾക്കു നിസർഗ്ഗജമായ ഒന്നാണതെങ്കിൽ ഗണനീയമായ ഒരുപകരണമായി അതു കരുത്തു നേടുകയും ചെയ്യും; നിങ്ങളുടെ കലാകർമ്മത്തിനു വേണ്ടിവരുന്ന മറ്റെല്ലാ ഉപകരണങ്ങൾക്കുമിടയിൽ അതു തന്റെ സ്ഥാനവും കണ്ടെത്തും.
രണ്ടാമതൊന്നു പറയാനുള്ളതിതാണ്:
എന്റെ പുസ്തകങ്ങളിൽ അനുപേക്ഷണീയമെന്ന് എനിക്കു തോന്നിയിട്ടുള്ളത് വളരെ ചുരുക്കമേയുള്ളു. അവയിൽ രണ്ടെണ്ണം സദാസമയവും എന്റെ വിരൽത്തുമ്പുകളിലുണ്ട്, ഞാനെവിടെയായിരുന്നാലും. ഇപ്പോഴും അവ എന്നോടൊപ്പമുണ്ട്: ബൈബിളും, മഹാനായ ഡാനിഷ് എഴുത്തുകാരൻ ജെൻസ് പീറ്റർ ജേക്കബ്സൺന്റെ* പുസ്തകങ്ങളും. നിങ്ങൾ അവയെക്കുറിച്ചു കേട്ടിട്ടുണ്ടോയെന്ന് എനിക്കു സംശയമാണ്. സുലഭമാണവ; അവയിൽ ചിലത് ഒന്നാന്തരം വിവർത്തനങ്ങളായി കിട്ടാനുണ്ട്. ഡി. പി. ജേക്കബ്സൺന്റെ ആറു കഥകൾ എന്ന ചെറുപുസ്തകവും നീൽസ് ലൈൺ എന്ന നോവലും തേടിപ്പിടിക്കുക; ആദ്യം പറഞ്ഞതിലെ മോഗൻസ് എന്ന കഥ വച്ചു തുടങ്ങുക. ഒരു ലോകമങ്ങനെ തന്നെ വന്ന് നിങ്ങളെ ആശ്ളേഷിക്കും- ഒരു ലോകത്തിന്റെ ആനന്ദങ്ങൾ, സമൃദ്ധികൾ, ഗ്രഹണാതീതമായ വൈപുല്യവും! ആ പുസ്തകങ്ങളിൽ ഒരല്പനേരം ജീവിതം കഴിക്കുക. പഠിക്കാനെന്തെങ്കിലുമുള്ളതായി തോന്നുന്നുവെങ്കിൽ അവയിൽ നിന്നതു പഠിക്കുക; അതിലുമുപരി അവയെ സ്നേഹിക്കുക. നിങ്ങളുടെ ജീവിതം ഏതു വഴിക്കും തിരിഞ്ഞോട്ടെ, ആ സ്നേഹം ആയിരമായിരം ഇരട്ടിയായി നിങ്ങൾക്കു മടക്കിക്കിട്ടും. നിങ്ങളുടെ സത്തയുടെ ചുരുൾ നിവരുന്ന ചിത്രകംബളത്തിൽ ആ സ്നേഹവും ഒരിഴയിടും, നിങ്ങളുടെ അനുഭവങ്ങളുടെ, നൈരാശ്യങ്ങളുടെ, ആഹ്ളാദങ്ങളുടെ ഇഴയടുപ്പത്തിൽ പ്രാധാന്യമുള്ള മറ്റൊരിഴയായി.
സർഗ്ഗാത്മകതയുടെ സാരം ഇന്നതാണെന്ന അനുഭവം, അതിന്റെ ആഴങ്ങൾ, അതിന്റെ ചിരസ്ഥായിത്വം ഇതൊക്കെ എന്നെ പഠിപ്പിച്ചവരാരെന്ന് എന്നോടു നിർബന്ധിച്ചു ചോദിച്ചാൽ എനിക്കു പേരെടുത്തു പറയാൻ രണ്ടാളുകളേയുള്ളു: എഴുത്തുകാരിൽ അത്യുന്നതനായ ആ ജേക്കബ്സൺ, പിന്നെ ആഗസ്റ്റ് റോഡാങ്ങ്* എന്ന ശില്പിയും. ഇന്നു ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ ഇവർക്കു സമാനരായി മറ്റൊരാളില്ല.
നിങ്ങളുടെ വഴികൾ വിജയം നിറഞ്ഞതാവട്ടെ!
സ്വന്തം,
റെയിനർ മറിയ റിൽക്കെ
* ജെൻസ് പീറ്റർ ജേക്കബ്സൺ -Jens Peter Jacobsen (1847-1885) -ഡാനിഷ് കവിയും നോവലിസ്റ്റും.
*ആഗസ്റ്റ് റോഡാങ്ങ് - Auguste Rodin (1840-1917) - ആധുനികശില്പകലയുടെ പിതാവെന്നറിയപ്പെടുന്ന ഫ്രഞ്ച് ശില്പി; അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധമെഴുതാന്‍ പാരീസിലെത്തിയ റില്‍ക്കെ കുറച്ചു കാലം അദ്ദേഹത്തിന്റെ സെക്രട്ടറിയാവുകയും ചെയ്തു.
No comments:
Post a Comment