Wednesday, May 4, 2011

ഫെർണാണ്ടോ പെസ് വാ - പരിത്യാഗം




നിത്യരാത്രീ, എന്നെ മകനേയെന്നെന്നെ വിളിയ്ക്കൂ,
നിന്റെ കൈകളിലെന്നെ വാരിയെടുക്കൂ.
സ്വപ്നത്തിന്റെയുമാലസ്യത്തിന്റെയും സിംഹാസനം
സ്വമനസ്സാലെ ത്യജിച്ച ചക്രവർത്തി ഞാൻ.


എന്റെ കൈകളിൽ ഭാരം തൂങ്ങിയ ഉടവാൾ
ബലത്തുറച്ച കൈകൾക്കു ഞാനടിയറ വച്ചു;
തകർന്ന ചെങ്കോലും കിരീടവും
പൂമുഖത്തു ഞാൻ വലിച്ചെറിഞ്ഞു.

കാര്യമില്ലാതെ കിലുങ്ങിയ കുതിമുള്ളും
ഫലമില്ലാത്ത മാർച്ചട്ടയും
തണുത്ത കൽപ്പടവുകളിൽ ഞാനുപേക്ഷിച്ചു.

രാജത്വമപ്പാടെ ഞാനഴിച്ചുവച്ചു,
പ്രശാന്തമായ ചിരന്തനരാത്രിയിലേക്കു ഞാൻ മടങ്ങുന്നു,
അസ്തമയനേരത്തെ ഭൂദൃശ്യം പോലെ.







No comments: