Thursday, May 12, 2011

ദു ഫു (712-770) - മടക്കയാത്ര




മടക്കയാത്ര


ഓർമ്മ വരുന്നുണ്ടെനിക്കീയമ്പലം,
പണ്ടേ നടന്ന വഴികളും, വീണ്ടും കടക്കുന്ന പാലവും.
എന്നെയും കാത്തിരിയ്ക്കുകയായിരുന്നെവെന്നോ പുഴകളും കുന്നുകളും?
എന്നെ മാടിവിളിയ്ക്കുകയാണരളികളും പൂക്കളും.
പൂത്ത പാടത്തു നേർത്ത മഞ്ഞിന്റെ തിളക്കം,
മിനുസമായ പൂഴിയിൽ അന്തിവെയിലിന്റെ മിനുക്കം.
പഥികന്റെ വ്യഥകളൊക്കെയുമലിഞ്ഞുപോകുന്നു,
വിശ്രമിക്കാനിതിലും ഭേദമൊരിടമയാൾക്കെവിടെക്കിട്ടാൻ?
*


അത്രയും താഴ്ന്ന കൂര


അത്രയും കൂര താഴ്ന്നതാണെന്റെ പുൽക്കുടിൽ,
അതിനാലത്രേ കുരുവികളവിടെക്കുടിയേറുന്നു;
അവരുടെ കാൽച്ചേറു പറ്റുന്നുണ്ടെന്റെ ഗ്രന്ഥങ്ങളിൽ,
പ്രാണിവേട്ടയ്ക്കിടയിൽ ചിലനേരമെന്നെ വന്നിടിയ്ക്കുന്നുമുണ്ടവർ.
*


പൂക്കൾ പാകിയ വഴിത്താരയിൽ


പൂക്കൾ പാകിയ വഴിത്താരയിൽ മുളയരിയുടെ വെൺവിരി,
പച്ചനാണയങ്ങളടുക്കിയ പോലെ താമരയിലകളുടെ ചിറ്റരുവി.
ഇളംമുളകളുടെ വേരുകൾക്കിടയിൽ ആരും കാണാത്ത കൂമ്പുകൾ;
പൂഴിയിലമ്മയുടെയരികുപറ്റി മയങ്ങുകയാണൊരു കുഞ്ഞുതാറാവും.
*


link to du fu

No comments: