Sunday, May 15, 2011

ലീ ബോ (699-762)





വെറും പൂഴി


ജീവനോടിരിക്കുന്നവൻ വഴി നടക്കുന്ന യാത്രികൻ,
മരിച്ചവനോ, വീടെത്തിയവനും.
ഭൂമിക്കുമാകാശത്തിനുമിടയിലല്പനേരത്തെ സഞ്ചാരം;
അതില്പിന്നെ, കഷ്ടം 
യുഗങ്ങൾ പഴകിയ പൊടിമണ്ണു തന്നെ നാമൊക്കെ.
ചന്ദ്രനിലൊരു മുയലിരുന്നു
മരുന്നിടിയ്ക്കുന്നതു വെറുതേ;
ചിരായുസ്സിന്റെ മരം വീണടുപ്പിലെ വിറകുമായി.
പച്ചപ്പൈനുകളാസന്നവസന്തമറിയുമ്പോൾ
നാവു പൊന്താതെ കിടക്കും മനുഷ്യന്റെ വെള്ളെലുമ്പുകൾ.
തിരിഞ്ഞുനോക്കി നെടുവീർപ്പിടുന്നു ഞാൻ,
മുന്നിലേക്കു നോക്കി നെടുവീർപ്പിടുന്നു ഞാൻ.
ക്ഷണികജീവിതത്തിലെ കീർത്തികൾക്കിനിയും മോഹിക്കണോ ഞാൻ?




മലഞ്ചരിവിലൊരാനന്ദം


യുഗങ്ങൾ പഴകിയ ശോകങ്ങ-
ളാത്മാക്കളിൽ നിന്നു കഴുകിക്കളയാൻ
ഒരുനൂറു കള്ളുകുടങ്ങൾ നാം ചരിച്ചു.
എത്ര മോഹനമായിരുന്നു രാത്രി!...
നിലാവങ്ങനെ തെളിഞ്ഞുനില്ക്കെ
ഉറങ്ങാൻ മടിയായിരുന്നു നമുക്ക്.
പിന്നെയൊടുവിൽ തല നീരില്ലെന്നായപ്പോൾ
മലഞ്ചരിവിൽ നാം നമ്മെക്കിടത്തി:
മണ്ണു നമുക്കു തലയിണ തന്നു,
ആകാശം നല്ലൊരു പുതപ്പും.




ഇരുവർ


കിളികളൊക്കെപ്പറന്നകന്നു,
അലസസഞ്ചാരമാണൊരേകാന്തമേഘം;
അന്യോന്യം നോക്കിനോക്കി മടുക്കുന്നില്ല ഞങ്ങൾക്ക്-
ആ മലയ്ക്കും എനിക്കും.




ഗുരുപ്രണാമം


ഉള്ളു തുറന്നങ്ങയെ സ്നേഹിക്കുന്നു, ഞാൻ ഗുരോ,
ലോകത്താരറിയാതുള്ളൂ
ഊർജ്ജിതാശയനാമങ്ങയെ?...
ചെറുപ്പം കവിളു തുടുപ്പിച്ച കാലത്തു
പടയും പട്ടവും വേണ്ടെന്നങ്ങു വച്ചു;
അങ്ങു വരിച്ചതു പൈന്മരങ്ങളെ, മേഘങ്ങളെ.
തല വെളുത്ത ഈ കാലത്തും
നിലാവുപാനത്താലവിടുന്നുന്മത്തൻ,
തപസ്വിയായ സ്വപ്നാടകൻ.
പൂക്കൾക്കടിമപ്പണി ചെയ്യുന്നോനേ,
രാജാവിന്റെ വിളി നീ കേൾക്കുന്നില്ലല്ലോ.
എന്റെ കാലുകൾ കയറാത്ത മഹാചലം നീ,
ദൂരെ നിന്നു നിന്റെ ഗന്ധമുൾക്കൊള്ളുകെന്നതേ
എനിയ്ക്കു വയ്ക്കൂ.


 (തന്റെസമകാലികനും കവിയും രാജ സേവയിൽ ആഭിമുഖ്യമില്ലാത്തയാളുമായ മെങ്ങ് ഹാവോ റാനെ സംബോധന ചെയ്തുകൊണ്ടെഴുതിയത്)



No comments: