Monday, May 23, 2011

ഫെർണാണ്ടോ പെസ് വാ - എഴുത്തുകാരന്റെ ദുരന്തം






ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിലൊന്നാണ്‌, ഒരു വേല തുടങ്ങിവച്ച്, അതു മുഴുമിച്ചു കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താനെടുത്തുകഴിഞ്ഞുവെന്നു കൂടി ബോധ്യപ്പെടുമ്പോൾ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌. എന്നാൽ ഒരു കൃതിയെഴുതുക, അതു പിഴയ്ക്കുകയേയുള്ളു, വികലമാവുകയേയുള്ളു എന്നു മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെ; അതു പിഴച്ചതും വികലവുമാണെന്ന് എഴുതുമ്പോൾത്തന്നെ ബോധ്യമാവുക- ആത്മാവനുഭവിക്കുന്ന പീഡനത്തിന്റെയും അവമാനത്തിന്റെയും പരകോടിയാണത്. ഞാൻ അസംതൃപ്തനാണെങ്കിൽ അതു ഞാൻ ഇപ്പോഴെഴുതുന്ന കവിതകളുടെ പേരിൽ മാത്രമല്ല; ഭാവിയിൽ എഴുതാനിരിക്കുന്ന കവിതകളെച്ചൊല്ലിയും ഞാൻ അസംതൃപ്തനായിരിക്കുമെന്ന് എനിക്കറിയാം. ഉള്ളിലുമുടലിലും ഞാനതറിയുന്നുണ്ട്, അസ്പഷ്ടമായൊരു പൂർവജ്ഞാനമായി.


എങ്കില്പ്പിന്നെ ഞാൻ എഴുത്തു നിർത്താത്തതെന്തുകൊണ്ട്? എന്തെന്നാൽ ഞാൻ പ്രസംഗിച്ചുനടക്കുന്ന പരിത്യാഗം അതേപടി ശീലിക്കാൻ ഇനിയും ഞാൻ പഠിച്ചിട്ടില്ല എന്നതുകൊണ്ടു  തന്നെ. പദ്യവും ഗദ്യവും ചമയ്ക്കാനുള്ള താല്പര്യമുപേക്ഷിക്കാൻ എനിക്കിനിയും കഴിഞ്ഞിട്ടില്ല. എനിക്കെഴുതിത്തന്നെയാവണം, ഒരു ശിക്ഷ അനുഭവിച്ചുതീർക്കുന്നപോലെ. ഏറ്റവും കഠിനമായ ശിക്ഷയാകട്ടെ, ഞാനെഴുതുന്നതെന്തും വ്യർത്ഥവും, വികലവും, സന്ദിഗ്ധവുമായിരിക്കുമെന്നറിയുകയും.


കുട്ടിയായിരിക്കുമ്പോഴേ ഞാൻ കവിതയെഴുതിത്തുടങ്ങിയിരിക്കുന്നു. അത്ര മോശമായിരുന്നു അവയെങ്കില്ക്കൂടി പൂർണ്ണത തികഞ്ഞതാണവയെന്ന് എനിക്കു തോന്നിയിരുന്നു. പിഴവറ്റതൊന്നു ഞാനെഴുതി എന്ന മിഥ്യാനന്ദം ഞാനിനി അനുഭവിക്കുകയേയില്ല. അവയെക്കാൾ ഭേദപ്പെട്ടവയാണ്‌ ഞാനിന്നെഴുതുന്നവ. മികച്ച ചില എഴുത്തുകാരെഴുതുന്നവയെക്കാൾ ഭേദപ്പെട്ടവയുമാണവ. എന്നാൽ എനിക്കെഴുതാൻ കഴിയുമായിരുന്നവയെക്കാൾ, അല്ലെങ്കിൽ ഞാനെഴുതേണ്ടിയിരുന്നവയെക്കാൾ എത്രയോ തരം താണവയാണവ. ഞാൻ ആദ്യമെഴുതിയ മോശം കവിതകളെയോർത്തു വിലപിക്കുകയാണു ഞാൻ, മരിച്ചുപോയ മകനെയോർത്തിട്ടെന്നപോലെ, കണ്മുന്നിൽ നിന്നു മറഞ്ഞുപോയ അവസാനപ്രതീക്ഷയെ ഓർത്തിട്ടെന്നപോലെ.


(അശാന്തിയുടെ പുസ്തകം-231) 






No comments: