Tuesday, May 17, 2011

ചെറുപ്പക്കാരനായ ഒരു കവിയ്ക്ക് റില്ക്കെ എഴുതിയ കത്തുകൾ - 1




പാരീസ്, 1903 ഫെബ്രുവരി 7

പ്രിയപ്പെട്ട സർ,

നിങ്ങളുടെ കത്ത് കുറച്ചു നാളുകൾക്കു മുമ്പാണ്‌ എനിക്കു കിട്ടിയത്. അതിൽ പ്രകടമാവുന്ന അഗാധമായ സ്നേഹത്തിനും വിശ്വാസത്തിനും ഞാൻ നന്ദി പറഞ്ഞുകൊള്ളട്ടെ. അതിലധികമൊന്നും എനിക്കു ചെയ്യാനില്ല. നിങ്ങളുടെ കവിതയുടെ ശൈലിയെക്കുറിച്ച് അഭിപ്രായം പറയാൻ ഞാനാളല്ല. വിമർശിക്കാനുള്ള ഒരുമ്പാടുകൾ എന്റെ പ്രകൃതത്തിന്‌ അത്രയ്ക്കന്യവുമാണ്‌. ഒരു കലാസൃഷ്ടിയെ സ്വാധീനിയ്ക്കാൻ എന്തിനെങ്കിലുമാവുമെങ്കിൽ അതു വിമർശകന്റെ വാക്കുകൾക്കല്ലെന്നതു സുനിശ്ചയം. ദൗർഭാഗ്യകരമെന്നു പറയാവുന്ന തെറ്റിദ്ധാരണകളേ അതു ജനിപ്പിക്കൂ. അത്രയെളുപ്പം മനസ്സിലാവുന്നവയല്ല, വാക്കുകൾക്കു വഴങ്ങുന്നവയുമല്ല കാര്യങ്ങൾ, അങ്ങനെയല്ലെന്ന് ആളുകൾ നമ്മെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും; പറഞ്ഞു ഫലിപ്പിക്കാനാവാത്തവയാണ്‌ അനുഭവങ്ങളധികവും; ഒരു വാക്കും ഇതേവരെ കടന്നുചെല്ലാത്തൊരിടത്താണ്‌ അവ നടക്കുന്നത്. കലാസൃഷ്ടികളാവട്ടെ, മറ്റേതിനെക്കാളും അവാച്യമായതും. ദുരൂഹസത്തകളാണവ, നമ്മുടെ ക്ഷണികജീവിതങ്ങളെ അതിജീവിക്കുന്ന ജന്മങ്ങൾ.

ഇങ്ങനെയൊരു തുടക്കത്തിനു ശേഷം ഇത്രമാത്രം ഞാൻ പറഞ്ഞുകൊള്ളട്ടെ: നിങ്ങളുടെ കവിതകൾക്ക് തനതായൊരു ശൈലി ഇനിയും കൈവന്നിട്ടില്ല. എന്നാല്ക്കൂടി വ്യക്തിപരമായ എന്തോ ഒന്നിന്റെ നിശ്ശബ്ദവും അദൃശ്യവുമായ തുടക്കങ്ങൾ അവയിൽ കാണാനുമുണ്ട്. ‘എന്റെ ആത്മാവ്’ എന്ന ഒടുവിലത്തെ കവിതയിൽ ഞാനതു പ്രത്യേകം ശ്രദ്ധിച്ചു. അതിൽ നിങ്ങളുടെ അന്തരാത്മാവിന്റേതായ എന്തോ ഒന്ന് പ്രകാശനത്തിലേക്കുയരാൻ ശ്രമിക്കുന്നുണ്ട്. ‘ലെപാർദിക്ക്’* എന്ന മനോഹരമായ കവിതയിലാവട്ടെ, മഹാനായ ആ ഏകാകിയുമായി ഏതോ വിധത്തിലുള്ള ചാർച്ച തെളിഞ്ഞുകാണുന്നുണ്ടെന്നു പറയുകയുമാവാം. എന്നാല്ക്കൂടി നിങ്ങളുടെ കവിതകൾക്ക് സ്വന്തം മേന്മകളുടെ ബലത്തിൽ പിടിച്ചുനില്ക്കാറായിട്ടില്ല, അത്രയ്ക്കു സ്വതന്ത്രമായിട്ടില്ലവ, ലെപാർദിയ്ക്കെഴുതിയ അവസാനത്തെ കവിത പോലും. കവിതകൾക്കൊപ്പം വച്ചിരുന്ന കത്തിൽ അവയുടെ ചില കുറവുകൾ സമ്മതിയ്ക്കാനും അവയെ വിശകലനം ചെയ്യാനും നിങ്ങൾ ശ്രമിച്ചിട്ടുമുണ്ട്; വായിച്ചുപോകുമ്പോൾ എനിക്കും അവ മനസ്സിൽ വന്നതാണെങ്കിലും ഇന്നതാണവയെന്നു പറയാൻ എനിക്കു കഴിഞ്ഞില്ലെന്നേയുള്ളു.

നിങ്ങളുടെ കവിതകളിൽ കാര്യമെന്തെങ്കിലുമുണ്ടോയെന്നു നിങ്ങൾ ചോദിക്കുന്നു. നിങ്ങളവ പ്രസാധകർക്കയച്ചുകൊടുക്കുന്നു. മറ്റു കവിതകളുമായി നിങ്ങൾ അവയെ താരതമ്യം ചെയ്യുന്നു. ചില പ്രസാധകർ നിങ്ങളുടെ പരിശ്രമങ്ങളെ തിരസ്കരിക്കുമ്പോൾ നിങ്ങൾക്കു മനസ്സു വിഷമിക്കുന്നു. നിങ്ങളെ ഉപദേശിക്കാൻ എനിക്കനുമതി തന്നതു കൊണ്ടു പറയുകയാണ്‌, ആ വകയൊക്കെ ദൂരെക്കളയുക. നിങ്ങൾ പുറത്തേക്കാണു നോക്കുന്നത്; നിങ്ങൾ ചെയ്യരുതാത്തതും അതു തന്നെ. ആർക്കും, ആർക്കുമാവില്ല നിങ്ങളെ ഉപദേശിക്കാൻ, സഹായിക്കാനും. 

ഒരു വഴിയേയുള്ളു: ഉള്ളിലേക്കിറങ്ങുക. എഴുതാൻ നിങ്ങളെ അനുശാസിക്കുന്ന പ്രചോദനമേതെന്ന് കണ്ടെത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക. എഴുതരുതെന്നൊരു വിലക്കു വന്നാൽ മരിക്കുക തന്നെ തനിക്കു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക. അതിനൊക്കെയുപരി രാത്രിയുടെ ഏറ്റവും നിശ്ശബ്ദമായ മുഹൂർത്തത്തിൽ ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക: എഴുതണോ ഞാൻ? സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ, ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘എഴുതണം’ എന്ന ലളിതമായ മറുപടി കൊണ്ട് ആത്മവിശ്വാസത്തോടെ നേരിടാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, എങ്കില്പ്പിന്നെ നിങ്ങൾക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിങ്ങളുടെ ജീവിതാവശ്യമായി മാറിയിരിക്കുന്നു. എത്ര നിസ്സാരവും അഗണ്യവുമായ മുഹൂർത്തത്തിലുമാവട്ടെ, ആ ഒരു ത്വരയുടെ ചിഹ്നമായിരിക്കണം, പ്രമാണപത്രമായിരിക്കണം നിങ്ങളുടെ ജീവിതം.

എന്നിട്ടുപിന്നെ നിങ്ങൾ പ്രകൃതിയിലേക്കടുക്കുക. താൻ തന്നെ ആദിമനുഷ്യൻ എന്ന നാട്യത്തോടെ കാണുന്നതും അനുഭവിക്കുന്നതും സ്നേഹിക്കുന്നതും നഷ്ടപ്പെടുന്നതുമൊക്കെ എഴുതിവയ്ക്കുക. പ്രണയകവിതകൾ എഴുതാൻ പോകരുത്, തുടക്കത്തിലെങ്കിലും; ഏറ്റവും കടുത്ത വെല്ലുവിളികളാണവ. മികച്ചതും, ചിലനേരം ഗംഭീരവുമായ പാരമ്പര്യങ്ങൾ ആ വകയിൽ സമൃദ്ധമായിരിക്കെ വ്യക്തിപരവും അന്യാദൃശവുമായതൊന്നു സൃഷ്ടിക്കാൻ ഉന്നതവും പാകമെത്തിയതുമായ ശേഷികൾ തന്നെ വേണം. പൊതുവിഷയങ്ങളെ കരുതിയിരിക്കുക. നിത്യജീവിതം വച്ചുകാട്ടുന്ന വിഷയങ്ങളെ കൈയെത്തിപ്പിടിക്കുക. നിങ്ങളുടെ സന്താപങ്ങളെയും അഭിലാഷങ്ങളെയും കുറിച്ചെഴുതുക; നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും, സുന്ദരമായതേതിലുമുള്ള വിശ്വാസത്തെയും കുറിച്ചെഴുതുക. അതൊക്കെയും വർണ്ണിക്കുക, അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട ആത്മാർത്ഥതയോടെ. ചുറ്റും കാണുന്ന വസ്തുക്കളെ, നിങ്ങളുടെ സ്വപ്നരംഗങ്ങളെ, നിങ്ങളുടെ ഓർമ്മയ്ക്കു വിഷയമാവുന്നവയെ ആത്മാവിഷ്കാരത്തിനുപയോഗപ്പെടുത്തുക. 

നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുത്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചുവരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല- യാതൊന്നും അപ്രധാനമല്ലയാൾക്ക്, അഗണ്യവുമല്ല. ഇനിയഥവാ, നിങ്ങളൊരു തടവറയിലാണെന്നും, പുറംലോകത്തിന്റെ ശബ്ദങ്ങളിൽ നിന്നു നിങ്ങളെ കൊട്ടിയടയ്ക്കുകയാണ്‌ അതിന്റെ ചുമരുകളെന്നുമിരിക്കട്ടെ, അപ്പോഴും നിങ്ങൾക്കു സ്വന്തമായിട്ടുണ്ടല്ലോ നിങ്ങളുടെ ബാല്യകാലം, വിലമതിയ്ക്കാനാവാത്ത ആ രത്നം, ഓർമ്മകളുടെ ആ ഭണ്ഡാഗാരം. അതിലേക്കു നിങ്ങൾ ശ്രദ്ധ തിരിയ്ക്കുക. വിദൂരമായ ഒരു ഭൂതകാലത്തിന്റെ മണ്ണമർന്ന അനുഭൂതികളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുക. ആത്മവിശ്വാസം നിങ്ങൾക്കു കൈവരും. നിങ്ങളുടെ ഏകാന്തത വികസ്വരമാവുകയും, സാന്ധ്യവെളിച്ചത്തിൽ നിങ്ങൾക്കു കുടിയേറാനൊരിടമാവുകയും ചെയ്യും. പുറംലോകത്തിന്റെ ആരവങ്ങൾ അകലെയകലെക്കൂടി കടന്നുപൊയ്ക്കൊള്ളും. 

ആത്മാരാമനായിരിക്കുന്ന ഈ അവസ്ഥയിൽ നിന്ന്, ഈ സമാധിയിൽ നിന്ന് കവിത പുറപ്പെട്ടാലാവട്ടെ, അതു നല്ല കവിതയാണോയെന്നു നിങ്ങൾ ചോദിച്ചുനടക്കുകയുമില്ല. അവയിലേക്കു പ്രസാധകരെ ആകർഷിച്ചുവരുത്താൻ നിങ്ങൾ ശ്രമിക്കുകയുമില്ല . കാരണം അവയിൽ നിങ്ങൾ കേൾക്കുക നിങ്ങളുടെ തന്നെ ശബ്ദമായിരിക്കും. അവയിൽ നിങ്ങൾ കാണുക നിങ്ങളുടെ ജീവിതാംശമായിരിക്കും. നിങ്ങളുടെ ജന്മസ്വത്തായിരിക്കുമത്. ഒരു കലാസൃഷ്ടി ഉന്നതമായിരിക്കും, ഒരനിവാര്യതയിൽ നിന്നാണ്‌ അതു ജന്മമെടുത്തതെങ്കിൽ. ഇതല്ലാതെ മറ്റൊരു മാനദണ്ഡവുമില്ല. 

അതിനാൽ, എന്റെ പ്രിയസുഹൃത്തേ, എനിക്കു തരാൻ ഈയൊരുപദേശമേയുള്ളു: ഉള്ളിലേക്കിറങ്ങി സ്വന്തം ജീവിതം ഉറവെടുക്കുന്നത് എത്രയാഴത്തിലാണെന്നു കണ്ടെത്തുക; ആ സ്രോതസ്സിലുണ്ടാവും താനെഴുതണോയെന്ന ചോദ്യത്തിനുള്ള ഉത്തരം. ആ ഉത്തരം കൈയേല്ക്കുക, അതേപടി, വിശകലനത്തിനൊന്നും നില്ക്കാതെ. എഴുത്തുകാരനാവുക എന്നതാണു തന്റെ നിയോഗമെന്ന് നിങ്ങൾക്കൊരുപക്ഷേ തെളിഞ്ഞുകിട്ടിയെന്നുവരാം. എങ്കിൽ ആ വിധി ഏറ്റെടുക്കുക. അതിന്റെ ഭാരവും അതിന്റെ പ്രതാപവും പേറുക. പുറമേ നിന്ന് എന്തു പ്രതിഫലമാണതിനു ലഭിക്കുക എന്നു ചോദിക്കുകയുമരുത്. എന്തെന്നാൽ കലാകാരൻ തന്നിലടങ്ങിയ ഒരു ലോകമായിരിക്കണം; തനിയ്ക്കു വേണ്ടതൊക്കെ അയാൾ തന്നിൽ നിന്നു തന്നെ കണ്ടെത്തണം, പിന്നെ, താൻ പരിണയിച്ച പ്രകൃതിയിൽ നിന്നും.

തന്നിലേക്കും, തന്റെ ഏകാന്തതയിലേക്കുമുള്ള ഈ അവരോഹണത്തിനു ശേഷവും കാവ്യജീവിതം നിങ്ങൾക്കു ത്യജിക്കേണ്ടിവന്നുവെന്നു വരാം. ഞാൻ പറഞ്ഞപോലെ, എഴുതാതെ ജീവിക്കാമെന്നൊരു തോന്നലു വന്നുകഴിഞ്ഞാൽ എഴുത്തു നിർത്താൻ അതുമതി. അപ്പോൾക്കൂടി ഞാൻ പറയുന്ന ഈ ആത്മാന്വേഷണം ഫലമില്ലാത്തതാവുന്നില്ല. അതില്പ്പിന്നെ നിങ്ങളുടെ ജീവിതം അതിന്റെ വഴി തെളിച്ചുപൊയ്ക്കൊള്ളും. നന്മ നിറഞ്ഞതായിരിക്കും ആ വഴികൾ, സമൃദ്ധവും വിശാലവുമായിരിക്കുമവ. 

വേറെന്തു ഞാൻ നിങ്ങളോടു പറയാൻ? വേണ്ടതൊക്കെ മതിയായ ഊന്നലുകളോടെ പറഞ്ഞുകഴിഞ്ഞുവെന്ന് എനിക്കു തോന്നുന്നു. സ്വന്തം വികാസത്തിലൂടെ നിങ്ങൾ കടന്നുപോകുന്നത് അടക്കത്തോടെയും ഭവ്യതയോടെയുമാവണമെന്നും ഞാൻ ഉപദേശിക്കട്ടെ. ആ പ്രക്രിയയിൽ വല്ലാത്ത തടസ്സമാവും, നിങ്ങൾ പുറത്തേക്കു നോക്കുകയാണെങ്കിൽ, നിങ്ങൾ എത്രയും മൗനിയായിരിക്കുന്ന മുഹൂർത്തത്തിൽ സ്വന്തം ആന്തരാനുഭൂതികളിൽ നിന്നു പുറപ്പെട്ടുവെന്നു വന്നേക്കാവുന്ന ഉത്തരങ്ങൾ പുറത്തു നിന്നെത്തുമെന്നാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ.

നിങ്ങളുടെ കത്തിൽ പ്രൊഫസർ ഹൊറേചെക്കിന്റെ പേരു കണ്ടപ്പോൾ സന്തോഷം തോന്നി. ദയാലുവും പണ്ഡിതനുമായ അദ്ദേഹത്തിന്റെ പേരിൽ വലുതായ ആദരവുണ്ടെനിക്ക്, തീരാത്ത കടപ്പാടും. എന്റെ മനസ്സിലുള്ളത് അദ്ദേഹത്തെ ഒന്നറിയിക്കുമല്ലോ? അദ്ദേഹം എന്നെ ഓർമ്മ വയ്ക്കുന്നുവെന്നത് ആ വലിയ മനസ്സിനെയാണു കാണിക്കുന്നത്; ഞാനതിനെ മതിപ്പോടെ കാണുകയും ചെയ്യുന്നു.

നിങ്ങൾ എന്നെ ഏല്പ്പിച്ച കവിതകൾ തിരിച്ചയക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കും ആത്മാർത്ഥമായ വിശ്വാസത്തിനും ഒരിക്കല്ക്കൂടി നന്ദി പറയട്ടെ; ആ ചോദ്യങ്ങൾക്ക് എന്റെ കഴിവിനൊത്ത വിധം മറുപടി പറയുന്നതിലൂടെ നിങ്ങൾക്കറിവില്ലാത്ത എന്നെ ഒരല്പം കൂടി വിലകൂട്ടിക്കാണാൻ ശ്രമിക്കുകയുമായിരുന്നു ഞാൻ.

എത്രയും ആത്മാർത്ഥതയോടെ,

റെയ്നർ മരിയ റില്ക്കെ.

*ലെപാര്ദി - Giacomo Leopardi (1798-1937)- ഇറ്റാലിയന്‍ കവിയും ചിന്തകനും ഭാഷാശാസ്ത്രജ്ഞനും.

3 comments:

ദിലീപ് കുമാര്‍ കെ ജി said...

നിങ്ങൾ പുറത്തേക്കാണു നോക്കുന്നത്; നിങ്ങൾ ചെയ്യരുതാത്തതും അതു തന്നെ. ആർക്കും, ആർക്കുമാവില്ല നിങ്ങളെ ഉപദേശിക്കാൻ, സഹായിക്കാനും.....


നന്ദി സര്‍ ഈ പോസ്റ്റുകള്‍ക്ക്‌ , നല്ല പരിഭാഷക്കും

T.A.Sasi said...

മറ്റു കത്തുകളുടെ പരിഭാഷയും
പ്രതീക്ഷിക്കുന്നു. ആകാംക്ഷയോടെ
കാത്തിരിക്കുന്നു അവയ്ക്കായ്...

Ranjith Chemmad / ചെമ്മാടന്‍ said...

നല്ല പരിഭാഷയ്ക്കും കാമ്പുറ്റ കത്തിനും നന്ദി...