Saturday, May 14, 2011

ഫെർണാണ്ടോ പെസ് വാ - എളിയ ഒരാത്മപരിത്യാഗം





എത്ര ചെറിയൊരു വസ്തു പോലും എത്ര എളുപ്പത്തിലാണ്‌ എന്നെ പീഡിപ്പിക്കുന്നതെന്നറിഞ്ഞിരിക്കെ മനഃപൂർവമായിത്തന്നെ അവയുമായി ഒരു സമ്പർക്കത്തിനും ഞാൻ ശ്രമിക്കാറില്ല. സൂര്യനു മുന്നിലൂടെ കടന്നുപോകുന്ന ഒരു മേഘം തന്നെ എന്നെ മനോവേദനയിലാഴ്ത്താൻ മതിയാകുമെങ്കിൽ ഒരുനാളും കാറൊഴിയാത്ത എന്റെ ജീവിതാകാശത്തിലെ ഇരുളുമൂടൽ കൊണ്ട് എന്തുമാത്രം വേദന തിന്നില്ല ഞാൻ?


എന്റെ ഒറ്റപ്പെടൽ ആനന്ദത്തിനായുള്ള അന്വേഷണമായിരുന്നില്ല (ആനന്ദമെന്ന അനുഭൂതി എന്റെ ആത്മാവിനന്യമായിരുന്നുവല്ലോ); മനശ്ശാന്തിക്കുള്ള അന്വേഷണവുമായിരുന്നില്ല (പിന്നെ കൈവിട്ടുപോകില്ലെന്നുറപ്പുണ്ടെങ്കിലേ മനശ്ശാന്തി നിങ്ങൾക്കു കിട്ടൂ); ഞാൻ തേടിയത് നിദ്രയായിരുന്നു, നിർമൂലനമായിരുന്നു, ഒരെളിയ ആത്മപരിത്യാഗമായിരുന്നു.


എന്റെ ദരിദ്രം പിടിച്ച മുറിയുടെ നാലു ചുമരുകൾ ഒരേ സമയം എനിയ്ക്കു തടവറയും വിദൂരചക്രവാളവുമായിരുന്നു, കിടക്കയും ശവപ്പെട്ടിയുമായിരുന്നു. ഒരു ചിന്തയുമില്ലാത്ത, ഒരാഗ്രഹവുമില്ലാത്ത, ഒരു സ്വപ്നവുമില്ലാത്ത നിമിഷങ്ങളായിരുന്നു ഞാൻ ഏറ്റവുമധികം ആഹ്ളാദമനുഭവിച്ച മുഹൂർത്തങ്ങൾ: ഏതോ സസ്യജന്മത്തിന്റെ ജഡബുദ്ധിയായിരുന്നു ഞാനപ്പോൾ, ജീവിതത്തിന്റെ പ്രതലത്തിൽ പറ്റിപ്പിടിച്ചു വളരുന്ന പായലായിരുന്നു ഞാൻ. മനസ്സുകടുപ്പത്തിന്റെ ലാഞ്ഛന പോലുമില്ലാതെ ഞാനാസ്വദിക്കുകയാണ്‌, ഒന്നുമല്ല എന്ന അവബോധത്തിന്റെ അയുക്തികത, മരണത്തിന്റെയും ഉന്മൂലനത്തിന്റെയും രുചിയറിയൽ.


‘ഗുരു’ എന്നു വിളിയ്ക്കാൻ ഒരാളെയും ഇതേവരെ എനിക്കു കിട്ടിയിട്ടില്ല. ഒരു ക്രിസ്തുവും എനിക്കു വേണ്ടി മരിച്ചിട്ടില്ല. ഒരു ബുദ്ധനും എനിക്കു നേർവഴി കാട്ടിയിട്ടില്ല. എന്റെ ആത്മാവിനു വെളിപാടു നല്കാനായി ഒരപ്പോളോയോ, ഒരഥീനയോ എന്റെ സ്വപ്നങ്ങളുടെ അധിത്യകകളിൽ പ്രത്യക്ഷരായിട്ടുമില്ല.


(അശാന്തിയുടെ പുസ്തകം-461)









No comments: