Saturday, May 28, 2011

റിൽക്കെ - കവിതകൾ പഠിച്ച ഭൂമി






വീണ്ടും വന്നു വസന്തം.
കവിതകൾ മനപ്പാഠമാക്കിയ കുട്ടിയെപ്പോലെയാണു ഭൂമി.
എത്ര,യെത്രയവളോർത്തുവച്ചു!
ആ ദീർഘപഠനത്തിനവൾക്കു കിട്ടുന്നു സമ്മാനവും.


കടുപ്പക്കാരനായിരുന്നു അവൾക്കു ഗുരു.
ആ കിഴവന്റെ* താടിവെളുപ്പു നമുക്കു ഹിതവുമായിരുന്നു.
ഏതു പച്ച,യേതു നീലയെന്നവളോടു ചോദിക്കുമ്പോൾ
അവൾക്കതൊക്കെയത്ര തിട്ടവുമാണെന്നേ!


ഭൂമീ, സുകൃതം ചെയ്തവളേ,
ഈ വിടുതിവേളയിൽ കുട്ടികളോടിറങ്ങിക്കളിയ്ക്കു നീ.
ഭാഗ്യവാനു കിട്ടട്ടെ കുതികൊണ്ട പന്തുപോലെ നിന്നെ.


എന്തൊക്കെയവളെപ്പഠിപ്പിച്ചു ഗുരു!
വേരുകളിൽ, ദീർഘമായ കുടിലകാണ്ഡങ്ങളിൽ പതിഞ്ഞതൊക്കെയും
പാടുകയാണു, പാടുകയുമാണവൾ!





ഓർഫ്യൂസ് ഗീതകങ്ങൾ 1,21


* ഹേമന്തം

No comments: