Friday, May 20, 2011

റിൽക്കെ - കാലമെന്ന രുദ്രൻ






അങ്ങനെയൊരാളുണ്ടോ, കാലമെന്ന സംഹാരരുദ്രൻ?
മലമേൽ നിന്നവൻ കോട്ട തട്ടിയിടട്ടെ,
അവന്റെയൂറ്റത്തിനാവുമോ,
ദേവകൾക്കധീനമായ നമ്മുടെ ഹൃദയത്തെപ്പറിച്ചെടുക്കാൻ?


ഭീതികളാലത്രവേഗമുടയുന്നവയോ നാം,
വിധി നമ്മെ വിശ്വസിപ്പിക്കുമ്പോലെ?
വാഗ്ദാനങ്ങൾ വേരുകളാഴ്ത്തിയ ബാല്യത്തിൽ നി-
ന്നെങ്ങനെ നമ്മെ പിഴുതെടുക്കാൻ?


അനിത്യരാണു നാമെന്നു
നമ്മെ വേട്ടയാടുന്ന ബോധം തന്നെ
നമ്മുടെ നാളുകൾക്കവയുടെ പരിമളം പകരുന്നതും.


നിത്യരല്ല നാമെന്നു ജീവിതസമരത്തിനിടെ നാം മറക്കുമ്പോഴും
ദേവകൾക്കെങ്ങനെ നാമുപയോഗപ്പെടാൻ,
അനിത്യരല്ല നാമെങ്കിൽ? 


(ഓർഫ്യൂസ് ഗീതകങ്ങൾ - II, 27)

No comments: