Wednesday, June 1, 2011

ഷിരോ മുരാനോ - കവിതകൾ


ഉടൽ


ആത്മാവിന്റെ കൊഴുത്തു തടിച്ച വേലക്കാരീ,
ദൈവത്തിന്റെ തുപ്പൽക്കോളാമ്പി നീ;
നിറഞ്ഞിറ്റുകയാണല്ലോ നിന്റെ മൃദുലാധരങ്ങൾ.

കാലികൾ കൂടിക്കിടക്കുന്ന
കാമത്തൊഴുത്തു നീ.

പൂജാരിയില്ലാത്ത ക്ഷേത്രമാണു നീയിപ്പോൾ.
ആയ മാത്രം ശേഷിച്ച വീടുമാണു പിന്നെ നീ.

കമ്പികളയഞ്ഞ വീണയുടെ
വെറും ചട്ടവും.

മുറിപ്പാടുകളടയാളപ്പെടുത്തിയ സ്ഥലരാശിയിലൂടെ
ഒഴുകിയകലുന്ന
ഭൂദൃശ്യം നീ.



പാലം

നഗരത്തിൽ രാത്രികാലമാവുമ്പോൾ
ഒരായിരം മുറിവുകളിൽ നിന്ന്
രക്തം പൊട്ടിയൊഴുകുന്നു.

തളം കെട്ടിയ കെട്ട കനാലിലേക്കതൊഴുകുന്നു,
അതിനു മേൽ പാലം;
പാലം ഭാവിയിലേക്കു പോകുന്നില്ല,
ഭൂതകാലത്തിൽ നിന്നു വരുന്നുമില്ല.
അക്കരയിൽ നിന്നിക്കരയിലേക്കതു
വെറുതേ തൂങ്ങിനിൽക്കുന്നു
ചത്തൊരൊഴുക്കിൻ മീതെ,
രണ്ടു രാവുകളെ കൂട്ടിയിണക്കി.

പിന്നെ, രാത്രിയേറെച്ചെല്ലുമ്പോൾ
പാലത്തിനു മേൽ രണ്ടു പേർ:
പ്രായമായൊരാൾ, ഒരു ചെറുപ്പക്കാരി;
അത്രയ്ക്കു വിശ്വാസം പോരാതെ
അവരൊന്നു പുണരുകയും ചെയ്യുന്നു.



പോൾ വാൾട്ട്

കുത്താനായുന്ന കടന്നലിനെപ്പോലെ
കൈയിൽ കഴയുമായി അയാളോടിയടുക്കുന്നു.
പിന്നെയതിൽ വിശേഷിച്ചൊന്നുമില്ലെന്നപോലെ
ചക്രവാളത്തിലേക്കയാളുയരുന്നു,
തന്റെ താങ്ങെറ്റിക്കളഞ്ഞതിൽപ്പിന്നെ
അയാളതിരും കടക്കുന്നു.
ശേഷിച്ചതവരോഹണം.
നിരാലംബനായി
അയാൾ താഴേക്കു വീഴുന്നു.
ചേലുകെട്ടയാൾ നിലത്തു ചടഞ്ഞുവീഴുമ്പോൾ
കൂടെപ്പതിക്കുന്ന ചക്രവാളവും
അയാളുടെ ചുമലിനൊന്നു പ്രഹരിക്കുന്നു.


ഷിരോ മുരാനോ (1901-1975) – ജാപ്പനീസ്‌ കവിയും വിമര്‍ശകനും.


No comments: