ആൾക്കൂട്ടങ്ങൾക്കുള്ളതല്ല രാത്രികൾ.
അയൽക്കാരനിൽ നിന്നു നിങ്ങളെ വിച്ഛേദിക്കുന്നു രാത്രി;
അയാളെക്കണ്ടെടുക്കാനൊരുമ്പെടുകയുമരുതു നിങ്ങൾ.
ഇരുണ്ട മുറിയിൽ വിളക്കു കൊളുത്തിവയ്ക്കുന്നു നിങ്ങളെങ്കിൽ,
അന്യന്റെ മുഖത്തു നോക്കാനാണതെങ്കിൽ,
തന്നോടു തന്നെയൊന്നു ചോദിക്കൂ: ആരുടെ?
മുഖത്തൊലിച്ചിറങ്ങുന്ന വെളിച്ചത്തിൽ വക്രിച്ചിരിക്കുന്നു മനുഷ്യർ;
രാത്രിയിലവർ തൂന്നുകൂടുമ്പോൾ നിങ്ങൾ കാണുന്നതു
വാരിക്കൂട്ടിയിട്ടൊരു ലോകത്തെ.
അവരുടെ നെറ്റിയിലുണ്ടൊരു മഞ്ഞത്തിളക്കം,
സകലചിന്തകളെയുമതാട്ടിയോടിച്ചിരിക്കുന്നു;
അവരുടെ കണ്ണുകളിലിളകുന്നതു മദിരയുടെ നാളങ്ങൾ,
അവരുടെ കൈകളിൽ കനം തൂങ്ങുന്നതു
ഭാരം വച്ച ചേഷ്ടകളുടെ പ്രത്യുത്തരങ്ങൾ.
‘ഞാൻ’ ‘ഞാനെ’ന്നവർ പറയുന്നു,
ആരെന്നവർക്കൊട്ടറിയുകയുമില്ല.
ചിത്രം - വാൻ ഗോഗ് - ഉരുളക്കിഴങ്ങു തിന്നുന്നവർ (1865)
No comments:
Post a Comment