Monday, June 13, 2011

കാഫ്ക - ഫെലിസിന്


 

1912 നവംബർ 8
പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌,
നിങ്ങൾ ഒടുവിലയച്ച രണ്ടു കത്തുകൾക്കു മുമ്പുള്ള ഒന്ന് (നിങ്ങൾ പറയുമ്പോലെ നിങ്ങളുടെ 'ഒടുവിലത്തെ കത്തുക'ളല്ല) എന്നെ ആശയക്കുഴപ്പത്തിലാക്കി; ശരിയ്ക്കും; നിങ്ങളുടെ ഒടുവിലത്തെ കത്ത്‌ എന്നെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നപോലെ അത്ര മോശമാണതെന്ന് എനിക്കറിയില്ലായിരുന്നു. അത്രയ്ക്കും എന്നെക്കുറിച്ചൊരു തീർച്ചയില്ലാത്തവനായിപ്പോയോ ഞാൻ? എന്നിലൊളിഞ്ഞുകിടക്കുന്ന അക്ഷമ, പ്രതിവിധിയില്ലാത്ത അസംതൃപ്തി ഇതൊക്കെ എന്റെ പേനത്തുമ്പിൽ കണ്ണിൽപ്പെടാവുന്നവിധം നിന്നു വിറയ്ക്കുന്നുവോ? ഞാനെന്താണർത്ഥമാക്കുന്നതെന്ന് എന്റെ കത്തുകൾ പറഞ്ഞിട്ടു വേണമോ ഞാനറിയാൻ? എത്ര വിഷണ്ണമാണ്‌ എന്റെ ചുറ്റുപാടുകൾ! എന്നിട്ട്‌ ഉള്ള ശക്തിയൊക്കെയെടുത്ത്‌ നിങ്ങളെക്കൂടി ഞാനതിലേക്കു വലിച്ചിഴയ്ക്കുകയും!
എന്റെ ജീവിതത്തെക്കുറിച്ച്‌ ശരിയ്ക്കൊരു ചിത്രം നിങ്ങൾക്കു കിട്ടിയിട്ടുണ്ടോയെന്ന് എനിക്കറിയില്ല; ഉണ്ടെങ്കിൽ എന്റെ വികാരശീലത്തെ, തൊട്ടാൽ പിടഞ്ഞെഴുന്നേൽക്കാൻ തയാറായിക്കിടക്കുന്ന ആ പൊറുതികേടിനെ ( അതെന്നിൽ നിന്നു പുറത്തു ചാടിയാൽപ്പിന്നെ ചലനമറ്റ കല്ലു പോലെ കിടപ്പുമാണു ഞാൻ) മനസ്സിലാക്കാൻ നിങ്ങൾക്കതു സഹായകമാകുമായിരുന്നു. ഒരിരുപതു തവണ ഞാൻ നിങ്ങളുടെ കത്തു വായിച്ചിരിക്കുന്നു, കൈയിൽക്കിട്ടിയ ഉടനേതന്നെ പലതവണ; ടൈപ്പുറൈറ്ററിന്റെ മുന്നിലിരുന്ന് പലതവണ; അതും കഴിഞ്ഞ്‌ ഒരിടപാടുകാരൻ മേശയ്ക്കു മുന്നിലിരിയ്ക്കുമ്പോൾ അപ്പോൾ കിട്ടിയിട്ടേയുള്ളുവെന്ന മാതിരി ഒരു തവണ ഞാനതു വായിച്ചു; തെരുവിൽ വച്ചു ഞാനതു വായിച്ചു; ഇപ്പോഴിതാ വീട്ടിൽ വച്ചും. പക്ഷേ എന്തു ചെയ്യണമെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല, ബലം കെട്ടുപോയൊരു തോന്നൽ. നിങ്ങളുടെ അരികത്തായിരുന്നുവെങ്കിൽ മിണ്ടാതിരുന്നേനെ ഞാൻ; പക്ഷേ നമ്മളിത്ര അകന്നിരിയ്ക്കെ എനിയ്ക്കെഴുതാതെ വയ്യ, അല്ലെങ്കിൽ ദുഃഖിച്ചു മരിക്കും ഞാൻ. ആ കരസ്പർശം നിങ്ങളെക്കാളേറെ എനിക്കാണു വേണ്ടിയിരുന്നതെന്നുണ്ടാവുമോ? സാന്ത്വനിപ്പിക്കുന്ന കരസ്പർശമല്ല, കരുത്തു പകരുന്ന കരസ്പർശം. ഇന്നലെ ക്ഷീണം കൂടിക്കൂടി മരിക്കാൻ തയാറായിരുന്നു ഞാൻ; ഒടുവിൽ പലേ ചാഞ്ചാട്ടങ്ങൾക്കും ശേഷം രാത്രിയിലിരുന്നുള്ള എഴുത്തുപേക്ഷിക്കാമെന്നു ഞാൻ തീരുമാനിച്ചു. പകരം രണ്ടു മണിക്കൂർ തെരുവുകളിലൂടെ ഞാൻ അലഞ്ഞുനടന്നു; കീശയിൽ കിടന്ന കൈകൾ തണുപ്പു കൊണ്ടു മരവിക്കുമെന്നായാപ്പോഴാണ്‌ ഞാൻ വീട്ടിലേക്കു മടങ്ങിയത്‌. പിന്നെ ആറു മണിക്കൂർ ഞാൻ ബോധം കെട്ടുറങ്ങി; നിങ്ങളും അസുഖകരമായ ഏതോ സംഭവവുമടങ്ങിയ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഒരോർമ്മയുമുണ്ട്‌. ഇതാദ്യമായിട്ടാണ്‌ ഞാൻ നിങ്ങളെ സ്വപ്നം കാണുന്നതും, അതെനിക്കോർമ്മയിൽ നിൽക്കുന്നതും- ഇതു പറയുമ്പോൾ എനിക്കോർമ്മ വരികയാണ്‌: രാത്രിയിൽ ആകെ എന്റെ ഉറക്കം ഞെട്ടിയത്‌, അതും ഒരു നിമിഷത്തേക്കു മാത്രം, ഈ സ്വപ്നം കണ്ടിട്ടായിരുന്നു. രാവിലെ പതിവിലും നേരത്തേ ഞാനുണർന്നു; ഞങ്ങളുടെ വേലക്കാരി വീട്ടിലേക്കു ചവിട്ടിക്കുതിച്ചുവന്നിട്ട്‌ ഒരു നിലവിളിയോടെ, പാതിമയക്കത്തിൽ ഞാനതു കേട്റ്റത്‌ ശരിക്കും പേറ്റുനോവിന്റെ നിലവിളി പോലെയായിരുന്നു, പ്രഖ്യാപിക്കുകയാണ്‌, എന്റെ പെങ്ങൾ അർദ്ധരാത്രി കഴിഞ്ഞപ്പോൾ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചുവെന്ന്. അൽപനേരം കൂടി ഞാൻ കട്ടിലിൽത്തന്നെ കിടന്നു- എന്തടിയന്തിരമായാലും അത്ര പെട്ടെന്ന് എന്നെ എഴുന്നേൽപ്പിക്കുക എളുപ്പമല്ല, എല്ലാ വാതിലുകൾക്കു പിന്നിലും ഒച്ച കേട്ടുതുടങ്ങുമ്പോഴാണ്‌ ഞാനുണരുക- ഈ പ്രസവത്തിൽ ഞങ്ങളുടെ വേലക്കാരി ഇത്ര താൽപര്യമെടുക്കാൻ എന്തു പറ്റി എന്നാലോചിക്കുകയായിരുന്നു ഞാൻ; അതും ആങ്ങളയും അമ്മാവനുമായ എനിക്ക്‌ ഒരു തരി പോലും താൽത്പര്യം തോന്നുന്നില്ലെന്നിരിക്കെ - തോന്നുന്നത്‌ അസൂയ മാത്രം, എന്റെ പെങ്ങളോട്‌, അതിലുമുപരി അവളുടെ ഭർത്താവിനോട്‌, ഉത്കടമായ ഒരസൂയ; കാരണം, എനിക്കൊരു കുട്ടിയുണ്ടാവുക എന്നതില്ല; മറ്റതിലും സുനിശ്ചിതമാണിത്‌- (ആ വലിയ ദൗർഭാഗ്യത്തെ ആവശ്യമില്ലാതെ ഞാൻ പരാമർശിക്കുന്നില്ല.)
അങ്ങനെ, നല്ലൊരുറക്കത്തിനു ശേഷം, കാര്യമില്ലാത്ത കരുതലിന്റെ പേരിൽ തുലച്ച ഒരു രാത്രിയ്ക്കു ശേഷം ഇത്രയ്ക്കാണെന്റെ ഉന്മേഷം. എത്രയും പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്‌!


നിങ്ങളുടെ, ഫ്രാൻസ്‌ കെ.


 

1912 നവംബർ 21
പ്രിയപ്പെട്ടവളേ, രണ്ടു മണിക്കൂർ മുമ്പേ നിനക്കെഴുതാതിരുന്നതു ഭാഗ്യമായി; അല്ലെങ്കിൽ എന്റെ അമ്മയെക്കുറിച്ചു ഞാനെഴുതുന്നതു വായിച്ച് നീയെന്നെ വെറുത്തേനെ. എന്റെ മനസ്സ് ഇപ്പോൾ കുറച്ചൊന്നടങ്ങിയിരിക്കുന്നു; കുറച്ചുകൂടി ആത്മവിശ്വാസത്തോടെ എനിക്കെഴുതാമെന്നായിരിക്കുന്നു. എന്റെ ഉൾക്കലക്കം മാറിയെന്നല്ല; എന്നാലും അതു ക്രമേണ മാറിക്കോളും, സ്വന്തനിലയ്ക്കല്ലെങ്കിൽ നിന്നോടുള്ള സ്നേഹം കൊണ്ടെങ്കിലും. നിന്റെയൊരു കത്ത് എന്റെ അമ്മ വായിക്കാനിടയായെങ്കിൽ അതിന്റെ പൂർണ്ണമായ ഉത്തരവാദിത്തം എനിക്കു തന്നെയാണ്‌; മാപ്പർഹിക്കാത്ത അപരാധമാണത്. നിന്റെ കത്തുകൾ ഒപ്പം കൊണ്ടുനടക്കുകയെന്നത് എന്റെ ശീലമാണെന്ന് ഞാൻ മുമ്പു പറഞ്ഞിട്ടിട്ടുണ്ടല്ലോ; എനിക്കൊരു ദൈനന്ദിനബലമാണത്. അവ ഒപ്പമുണ്ടെങ്കിൽ കുറച്ചുകൂടി നന്നായി, യോഗ്യമായി കാര്യങ്ങൾ നടത്താമെന്നുണ്ടെനിക്ക്. എന്തിനു പറയുന്നു, അന്നത്തെ ആ ദുരിതം പിടിച്ച നാളുകളിലെപ്പോലെ ഞാനിപ്പോൾ നിന്റെ കത്തുകളെല്ലാം കൈയിൽ വയ്ക്കാറില്ല, ഏറ്റവും ഒടുവിലത്തെ ഒന്നോ രണ്ടോ ഒഴികെ. ഈ അനർത്ഥമുണ്ടാകാൻ കാരണവുമതാണ്‌. വീട്ടിലെത്തിയാൽ ഞാൻ സാധാരണയായി ഷർട്ടു മാറ്റാറുണ്ട്; ഇട്ടിരുന്നത് എന്റെ മുറിയിലെ ഹാങ്ങറിൽ തൂക്കിയിടും. അമ്മ ഞാനില്ലാത്ത നേരത്ത് എന്റെ മുറിയിലൂടെ കടന്നുപോകുമ്പോൾ (സ്വീകരണമുറിയ്ക്കും അച്ഛന്റെയും അമ്മയുടെയും കിടപ്പുമുറിയ്ക്കുമിടയിലെ ഇടനാഴിയാണ്‌, അഥവാ പൊതുവഴിയാണ്‌ എന്റെ മുറി) പോക്കറ്റിൽ നിന്നു തള്ളിനില്ക്കുന്ന കത്തു കാണുകയും, സ്നേഹത്തിന്റെ ഭാഗമായ അതിജിജ്ഞാസ കാരണം അതെടുത്തു വായിക്കുകയും, എന്നിട്ടു നിനക്കെഴുതുകയുമായിരുന്നു. അമ്മ്യ്ക്കെന്നെ എത്ര സ്നേഹമാണോ, അതേ അളവിൽത്തന്നെ അവർക്കെന്നെ മനസ്സിലാവുകയുമില്ല. ഈ മനസ്സിലാകായ്ക കാരണം അനവധാനത അവരുടെ സ്നേഹത്തിന്റെ ഭാഗമാവുകയാണ്‌. ചിലനേരം അവരുടെ സ്നേഹം എനിക്കു പിടികിട്ടാതെയുമാകുന്നു.
ഇന്നത്തെ കത്തുകളെല്ലാം ഒന്നായിട്ടെടുത്തു മറുപടി പറയുകയാണു ഞാൻ. ആഹാരത്തെയും ഉറക്കത്തെയും സംബന്ധിച്ചുള്ള നിന്റെ ഉപദേശങ്ങൾ അത്രയ്ക്കെന്റെ മനസ്സമാധാനം കെടുത്താൻ പോകുന്നില്ല, എനിക്കൊരുമിച്ചു ജീവിക്കേണ്ടിവരുന്ന വൈരുദ്ധ്യങ്ങൾക്ക് മിതമായിട്ടെങ്കിലും പര്യാപ്തമായൊരു പരിഹാരമായി ഇന്നത്തെ എന്റെ ജീവിതരീതി കണ്ടെത്താനായതിൽ സന്തുഷ്ടനാണു ഞാനെന്നു മുമ്പു ഞാൻ നിന്നോടു പറഞ്ഞിട്ടുള്ളതോർക്കുമ്പോൾ. പക്ഷേ ഇന്ന്, കത്തുകൾ സൂക്ഷിച്ചുവയ്ക്കുന്നതിനെക്കുറിച്ചും, തന്റേതായിട്ടൊന്നും അച്ഛനമ്മാരുടെ കണ്ണിൽപ്പെടാതെ പോകാത്തതിനെക്കുറിച്ചും മാക്സ് ചില സൂചനകൾ നല്കിയപ്പോൾ ( അവന്റെ അച്ഛന്റെ തുരന്നുനോട്ടം എനിക്കനുഭവമാണ്‌) അവൻ പറഞ്ഞുവരുന്നത് ആ വിഷയത്തെക്കുറിച്ച് നിന്റെ കത്തുകളിലുള്ളതുമായി ( ഞാൻ സംസാരിച്ചുനില്ക്കുന്ന ഒരാളുടെ മുഖം പോലെ പ്രത്യക്ഷമാണ്‌ നിന്റെ കത്തുകളെനിക്ക് ഇന്നും എന്നും) ഒത്തുപോകുന്നതു ഞാൻ കണ്ടു. വൈകാതെ എല്ലാമല്ലെങ്കിലും, സകലതും തുറന്നുപറയാൻ മാക്സിനെ നിർബ്ബന്ധിക്കാനാവശ്യമായതെങ്കിലും ഞാൻ കണ്ടുപിടിക്കുകയും ചെയ്തു.
എന്നോടു പൊറുക്കണമെന്നു നിന്നോടാവശ്യപ്പെടാൻ എനിക്കു കഴിയുകയില്ല; അത്ര കാരുണ്യവതിയായ നീ പോലും എന്നോടെങ്ങനെ പൊറുക്കാൻ? ഈ അപരാധം ഞാൻ സഹിച്ചുതന്നെയാവണം; അതെന്നെ പിരിയാനും പോകുന്നില്ല. ഒക്കെ ഭംഗിയായി വരികയായിരുന്നു. നീയെനിക്കു നല്കാൻ പോകുന്ന സന്തോഷം മനസ്സമാധാനത്തോടെ അനുഭവിക്കുന്നതും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാൻ. ക്രിസ്തുമസ്സവധിയെക്കുറിച്ചുള്ള നിന്റെ പരാമർശം അളവറ്റൊരു പ്രത്യാശ എന്നിൽ നിറയ്ക്കുകയും ചെയ്തിരുന്നു. ഇന്നു കാലത്ത് നികൃഷ്ടമായ എന്റെ ഓഫീസിലിരുന്നു നിനക്കെഴുതിയ കത്തിൽ അതു വെളിപ്പെടുത്താൻ ഞാൻ ധൈര്യപ്പെട്ടില്ലെന്നേയുള്ളു - അപ്പോഴാണ്‌ എന്റെ അമ്മ കയറിവരുന്നതും സകലതും തട്ടിത്തകർക്കുന്നതും. അച്ഛനമ്മമാർ എന്റെ കണ്ണിൽ എന്നും പീഡകരായിരുന്നു; ഏതാണ്ടൊരു കൊല്ലം മുമ്പു വരെയും ഞാനവരെ, ഒരു പരിധി വരെ ലോകത്തെയും, ഉദാസീനതയോടെയേ കണ്ടിരുന്നുമുള്ളു, ജീവനില്ലാത്ത എന്തോ ഒന്നു പോലെ. ഇന്നെനിക്കു മനസ്സിലാവുന്നു അതു വെറും ഉൾഭയവും ആധിയും അസന്തുഷ്ടിയുമായിരുന്നുവെന്ന്. അച്ഛനമ്മമാർക്ക് നിങ്ങളെ തങ്ങളിലേക്ക്, നിങ്ങളോടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ആ പഴയ നാളുകളിലേക്കു വലിച്ചു താഴ്ത്തണമെന്നേയുള്ളു. സ്നേഹം കൊണ്ടു തന്നെയാണവർ അതു ചെയ്യുന്നത്; അതു തന്നെയാണതിനെ അത്ര ഭയാനകമാക്കുന്നതും. ഇനി ഞാൻ നിർത്തണം; ഇതു കൈവിട്ടുപോയേക്കുമെന്ന മുന്നറിയിപ്പായി കടലാസിന്റെ അറ്റമെത്തുകയും ചെയ്തിരിക്കുന്നു.


 

1912 നവംബർ 21
എനിക്കഞ്ചു വയസ്സോ മറ്റോ ആയിരുന്നപ്പോളെടുത്ത ഒരു ഫോട്ടോ അയക്കുന്നു; മുഖത്തെ കോപഭാവം അന്നൊരു തമാശയ്ക്കെടുത്തുവച്ചതാണ്‌; അതു മനഃപൂർവ്വമായിരുന്നോ എന്ന് ഇന്നെനിക്കു സംശയം തോന്നുന്നു. എന്തായാലും നീയതു തിരിച്ചയയ്ക്കണം, കാരണം അതെന്റെ അച്ഛനമ്മമാരുടെ വകയാണ്‌, എല്ലാം അവരുടെ വകയാണ്‌, എല്ലാറ്റിലും അവർക്കൊരു ഭാഗം വേണമെന്നുമുണ്ട്‌.( ഇന്നുതന്നെ വേണമായിരുന്നു ഞാൻ നിന്റെ അമ്മയെക്കുറിച്ചെഴുതാൻ!) അതു തിരിച്ചയച്ചാൽ മറ്റുള്ളവ ഞാൻ അയച്ചുതരാം, അടുത്തകാലത്തെടുത്ത മോശപ്പെട്ട, കഥയില്ലാത്ത ഒന്നുൾപ്പെടെ; അതു വേണമെങ്കിൽ നിനക്കു കൈയിൽ വയ്ക്കാം. ഈ ഫോട്ടോയിൽ എനിക്കഞ്ചു വയസ്സാവാൻ വഴിയില്ല; രണ്ടാകാനാണു സാദ്ധ്യത; അതിനൊരു തീരുമാനമെടുക്കാൻ കുട്ടികളെ സ്നേഹിക്കുന്ന നീ തന്നെ കൂടുതൽ യോഗ്യ. ചുറ്റും കുട്ടികളുള്ളപ്പോൾ കണ്ണടയ്ക്കാനാണ്‌ എനിക്കിഷ്ടം.

ഫ്രാൻസ്‌