Wednesday, June 29, 2011

നിസ്സാര്‍ ഖബ്ബാനി - ഇതുവരെയെഴുതാത്ത വാക്കുകളിൽ...


ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,
നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,
നിന്റെയുടലിന്റെ അളവിനൊത്തത്,
എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.

*
താളുകളേറെ മറിച്ച നിഘണ്ടുവിൽ നിന്നെനിക്കു യാത്ര പോകണം,
എന്റെ ചുണ്ടുകളെ വിട്ടെനിക്കു പോകണം.
ഈ നാവു കൊണ്ടെനിക്കു മതിയായി,
മറ്റൊരു നാവെനിക്കു വേണം,
തോന്നുമ്പോളൊരു ചെറിമരമാകുന്നത്,
ഒരു തീപ്പെട്ടിക്കൂടാവുന്നത്.
പുതിയൊരു നാവെനിക്കു വേണം,
അതിൽ നിന്നു വാക്കുകൾ പുറത്തുവരട്ടെ,
കടല്പ്പരപ്പിൽ നിന്നു മത്സ്യകന്യകമാരെപ്പോലെ,
ഇന്ദ്രജാലക്കാരന്റെ തൊപ്പിയിൽ നിന്നു
വെളുവെളുത്ത കോഴിക്കുഞ്ഞുങ്ങളെപ്പോലെ.

*
ബാല്യത്തിൽ ഞാൻ വായിച്ച പുസ്തകളെല്ലാമെടുത്തോളൂ,
പള്ളിക്കൂടത്തിലെ നോട്ടുബുക്കുകൾ,
ചോക്കുകൾ, പേനകൾ,
ബ്ളാക്കുബോർഡുകളൊക്കെയുമെടുത്തോളൂ, 

എന്നാല്‍  പുതിയൊരു വാക്കെന്നെപ്പഠിപ്പിക്കൂ,
ഒരു ലോലാക്കു പോലെന്റെ കാമുകിയുടെ കാതിലിടാൻ‍.

*
മറ്റൊരു വിധം വിരലുകളെനിക്കു വേണം
മറ്റൊരു വിധത്തിലെനിക്കെഴുതാൻ,
പാമരങ്ങൾ പോലെ നെടിയത്,
ജിറാഫിന്റെ കഴുത്തു പോലെ നീണ്ടത്,
കവിത കൊണ്ടൊരുടയാട
എന്റെ കാമുകിക്കു തുന്നിക്കൊടുക്കാൻ.

*
മറ്റൊരുവിധമക്ഷരമാലയെനിക്കു വേണം, 
നിനക്കെഴുതാന്‍;
അതിലുണ്ടാവും മഴയുടെ താളം,
നിലാവിന്റെ പരാഗം,
ധൂസരമേഘങ്ങളുടെ വിഷാദം,
ശരല്ക്കാലത്തിന്റെ തേര്‍ചക്രത്തിനടിയിൽ 
വില്ലോമരത്തിന്റെ പഴുക്കിലകളുടെ വേദനയും.



(ഒരുനൂറു പ്രണയലേഖനങ്ങൾ)



No comments: