Tuesday, June 21, 2011

യഹൂദാ അമിച്ചായി - എല്ലാം തികഞ്ഞ സ്ത്രീ



തന്റെ അഭിലാഷങ്ങൾ സകലതിൽ നിന്നും
എല്ലാം തികഞ്ഞൊരു സ്ത്രീയെ രൂപപ്പെടുത്തിയൊരാളെ
എനിക്കറിയാം:
മുടിയെടുത്തത് കടന്നുപോയ ബസ്സിൽക്കണ്ടൊരു സ്ത്രീയിൽ നിന്ന്,
ചെറുപ്പത്തിലേ മരിച്ച ഒരു കസിന്റെ നെറ്റിത്തടം,
കുട്ടിക്കാലത്തെ ഒരു റ്റീച്ചറുടെ കൈകൾ,
തന്റെ ബാല്യകാലകാമുകിയുടെ കവിളുകൾ,
ഒരു ടെലിഫോൺ ബൂത്തിൽ കണ്ട സ്ത്രീയുടെ ചുണ്ടുകൾ,
ബീച്ചിൽ മലർന്നുകിടക്കുന്ന ഒരു ചെറുപ്പക്കാരിയുടെ തുടകൾ,
ഇവളുടെ വശ്യമായ നോട്ടം,
അവളുടെ കണ്ണുകൾ,
ജഘനം ഒരു പത്രപ്പരസ്യത്തിൽ നിന്നും;
താൻ ശരിക്കും പ്രണയിക്കുന്നൊരുവളെ
ഇവയിൽ നിന്നൊക്കെ അയാൾ തൂത്തുകൂട്ടി.
അയാൾ മരിച്ചപ്പോൾ അവർ, ആ സ്ത്രീകളെല്ലാം വന്നു -
അരിഞ്ഞെറിഞ്ഞ കാലുകൾ,
തുരന്നെടുത്ത കണ്ണുകൾ,
പാതി കീറിയ മുഖങ്ങൾ,
മുറിച്ചെടുത്ത കൈകൾ,
പിഴുതെടുത്ത മുടിയിഴകൾ,
ചുണ്ടുകളുണ്ടായിരുന്നിടത്തെ ആഴമേറിയ മുറിവും-
തങ്ങളുടേത്, തങ്ങളുടേത്, തങ്ങളുടേതു ചോദിച്ചും കൊണ്ടവരെത്തി,
അയാളുടെ ഉടലവര്‍ വലിച്ചുകീറി,
മാംസം ചീന്തിയെടുത്തു,
ശേഷിച്ചതൊരാത്മാവു മാത്രം,
അതു പണ്ടേ തുലഞ്ഞുപോയതുമായിരുന്നു.



No comments: